മൃഗാധിപത്യമല്ല, ജനാധിപത്യം
Wednesday, May 24, 2023 11:41 PM IST
നാട്ടിൽ വേണ്ട കാട്ടുനീതി - 5 / റെജി ജോസഫ്
ആദിവാസികളെ വന്യമൃഗങ്ങൾ കൊലപ്പെടുത്തിയാൽ നഷ്ടപരിഹാരം നൽകേണ്ടിവരാറില്ല. ഇവർക്ക് വിവാഹം രജിസ്റ്റർ ചെയ്യുന്ന പതിവില്ലാത്തതിനാൽ അവകാശി പങ്കാളിയാണെന്നതിന് തെളിവില്ല. ചിലരാകട്ടെ ഗോത്ര ആചാരമനുസരിച്ച് ഒരുമിച്ചു പാർക്കുന്നവരാകാം. ഒന്നിലേറെ പങ്കാളികളുമുണ്ടാകാം. ഇക്കാരണങ്ങളാൽ അട്ടപ്പാടിയിലും വയനാട്ടിലും അൻപതിലേറെ ഇരകൾക്ക് നയാപൈസ നൽകേണ്ടിവന്നില്ല. അട്ടപ്പാടിയിൽ പലപ്പോഴായി ആറുപേരെ ആന കൊന്നത് അവരുടെ വീടുകൾകൂടി തകർത്തശേഷമാണ്. ഉടമസ്ഥതാവകാശ രേഖകളില്ലെന്ന പേരിൽ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടു.
സംസ്ഥാനത്ത് ഇന്നേവരെ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരേറെയും പുരുഷൻമാരാണ്. ഒപ്പം കർഷകരുമാണ്. അത്താണിയെ നഷ്ടമാകുന്പോൾ അവശേഷിക്കുക ഒരു വിധവയും ഏതാനും കുട്ടികളുമാണ്. ജീവനമാർഗം ഇല്ലാതായി കുടുംബം അന്യാധീനപ്പെടുന്ന ദയനീയ സാഹചര്യമാണുണ്ടാകുക.
കൃഷിനാശമുണ്ടായാൽ കൈവശത്തിലുള്ളതും കരം അടച്ചതുമായ സ്ഥലത്തെ കൃഷിക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. പാട്ടക്കൃഷിയും സംഘക്കൃഷിയും നടത്തുന്നവരുടെ അപേക്ഷകൾ തള്ളുകയാണ് പതിവ്.
പഞ്ചായത്തിന്റെ അധികാരം
കാട്ടുപന്നി ശല്യത്തിനെതിരേ വനം ഓഫീസിൽ പരാതിപ്പെട്ടാൽ പഞ്ചായത്തിനാണ് ഇപ്പോൾ ദൗത്യം എന്നതാണ് ഇപ്പോഴുള്ള നിർദേശം. കാട്ടുപന്നിയെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം നൽകിയിട്ടുണ്ടെങ്കിലും പരിമിതികൾ പലതാണ്. ഒന്ന് തോക്ക് ലൈസൻസുള്ളവർ പല പഞ്ചായത്തുകളിലും ഒരാൾപോലുമില്ല. ലൈസൻസുള്ളവർക്ക് തോക്ക് കൈവശം കാണണമെന്നില്ല. പന്നിയെ കൊന്ന് മറവു ചെയ്യുന്നയാൾക്ക് ആയിരം രൂപ പ്രതിഫലം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള ഉത്തരവ് ഇതേവരെ വന്നിട്ടില്ല. ഒരു പഞ്ചായത്തും ബജറ്റിൽ പന്നിവേട്ടയ്ക്ക് തുക വകയിരുത്തിയിട്ടില്ല. ആഴത്തിൽ കുഴിയെടുത്ത് മണ്ണെണ്ണയൊഴിച്ച് മറവു ചെയ്യുന്നതിനും ഫണ്ടില്ല. സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ മൂവായിരം പന്നികളെ കൊന്നതിൽ പ്രതിഫലം കൊടുത്തത് നൂറിൽതാഴെ പേർക്കാണ്. അതാവട്ടെ കർഷകർ പിരിവെടുത്തും.
പന്നിക്കൂട്ടം പാടങ്ങളിൽ വിളവായ നെല്ല് തിന്നുന്നത് ആലത്തൂർ, ചിറ്റൂർ, കൊല്ലങ്കോട് പ്രദേശങ്ങളിൽ പതിവായിരിക്കുന്നു. പാടങ്ങൾ വെളുപ്പിക്കുന്ന സ്ഥിതി വന്നതോടെ കർഷകർ പഞ്ചായത്തുകളെ സമീപിച്ചപ്പോൾ വെടിക്കാരനെ കിട്ടാനില്ലെന്നും പ്രതിഫലം കൊടുക്കാൻ ഫണ്ടില്ലെന്നും അറിയിച്ചതോടെ കർഷകർ പരിഹാരം കണ്ടെത്തി. പാടശേഖരസമിതി ഇതിനായി ഇരുപതിനായിരം രൂപ സ്വരൂപിച്ച വെടിക്കാരെ എത്തിച്ച് പന്നികളെ വകവരുത്തുകയാണിപ്പോൾ. പന്നിക്കൂട്ടത്തിനുനേരേ വെടിവയ്ക്കുന്നത് ഏറെ സാഹസികമാണ്. ഉന്നം പിഴയ്ക്കുകയോ അക്രമാസക്തമാവുകയോ ചെയ്താൽ ആക്രമണം ഉറപ്പാണ്. സംസ്ഥാനത്ത് നിലവിൽ തോക്ക് സ്വന്തമായുള്ളവരേറെയും 70 വയസിനു മുകളിലുള്ളവരാണ്. കാഴ്ചക്കുറവും ആരോഗ്യപ്രശ്നങ്ങളുമുള്ളവർക്ക് ഉന്നം തെറ്റാതെ വെടിവയ്ക്കുക ദുഷ്കരമാണ്. ഇവരുടെ തോക്കും ലൈസൻസും മക്കളുടെ പേരിലേക്ക് മാറ്റാൻ നൽകിയ അപേക്ഷകളെല്ലാം നിരസിക്കപ്പെട്ടു. വയനാട്ടിൽ മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ ലൈസൻസ് നൽകുന്നില്ല. വന്യമൃഗഭീഷണിയിൽ സ്വയരക്ഷയ്ക്ക് തോക്ക് ലൈസൻസ് നൽകുന്നതിൽ എന്തിനു തടസം നിൽക്കണം.
വഴിമുട്ടുന്ന ജീവിതം
വന്യമൃഗങ്ങളുടെ കൊലയും കൊള്ളയും ഇത്തരത്തിൽ തുടർന്നാൽ കേരളത്തിന്റെയും കർഷകരുടെയും ഭാവി എന്താകും? ആസന്നഭാവിയിൽ പുതിയ തലമുറ കൃഷി അപ്പാടെ ഉപേക്ഷിക്കും. വനമേഖലയിലുള്ളവർ കൃഷിയിടം തരിശിടുന്പോൾ അവിടം കുട്ടിവനമായി മൃഗങ്ങൾ സ്ഥിരവാസം തുടങ്ങും. മനുഷ്യനും വളർത്തുമൃഗങ്ങൾക്കും നേരേ കാട്ടുമൃഗങ്ങളുടെ ആക്രമണം കൂടും. ഇവയെ ചെറുക്കാൻ നിയമവും നടപടിയും ഇല്ലാത്തിടത്തോളം കാലം ഒട്ടേറെ ഹതഭാഗ്യരുടെ ജീവനും ജീവിതവും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഏറെപ്പേരും കൃഷിയിടം കൈമാറിയോ ഉപേക്ഷിച്ചോ വാസം മാറും. ഉപേക്ഷിക്കപ്പെടുന്ന വൻകിട തോട്ടങ്ങളിൽ മൃഗങ്ങൾ നിറയും. ഇവ ജനവാസമേഖലകളിലേക്ക് കടന്നുവരും. കാട്ടിൽ ഇര തേടാൻ പറ്റാതെ പ്രായാധിക്യം ചെല്ലുന്ന വന്യമൃഗങ്ങളാണ് നാട്ടിലേക്കിറങ്ങുന്നതെന്ന ന്യായീകരണം തെറ്റാണ്. വയനാട്ടിൽ കെണിയിലായ കടുവകളെല്ലാം അഞ്ചു വയസിൽ താഴെയുള്ളവയായിരുന്നു. കുട്ടികൾ ഉൾപ്പെടുന്ന കാട്ടാനസംഘമാണ് കൃഷിയിടങ്ങളിൽ നാശംവിതയ്ക്കുന്നത്. നാട്ടിലെ കായ്കനികൾ ശീലമാക്കുന്ന കുരങ്ങുകൾ കാട്ടിലേക്കു മടങ്ങില്ല. കൃഷിനാശം മാത്രമല്ല വീടുകൾക്കും സ്വത്തുവകകൾക്കും നാശം വരുത്തും. കാട്ടുമൃഗഭീഷണി നേരിടുന്ന വനയോരമേഖലകളിൽ ഇക്കാലത്ത് വിവാഹം പോലും മുടങ്ങുന്ന സാഹചര്യമുണ്ട്. കെട്ടാനും കെട്ടിക്കാനും വയ്യാത്ത ദുരവസ്ഥയിലാണ് കുടുംബങ്ങൾ. പലയിടങ്ങളിലും വീടുകളും സ്ഥാപനങ്ങളും വാങ്ങാനും വിൽക്കാനും സാധിക്കില്ല. അർഹമായ വിലയും ലഭിക്കുകയില്ല.
പരിസ്ഥിതിവാദികളെയും മൃഗസ്നേഹികളെയും കൊണ്ടു തോറ്റതേറെയും കർഷകരാണ്. ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊന്പനെ പിടിക്കുന്നതിലും കുങ്കിയാനയാക്കുന്നതിലും ഇക്കൂട്ടർ കോടതി കയറി. മുൻപ് നിരവധി പേരെ കൊലചെയ്തിട്ടുള്ള പിടി സെവൻ, വടക്കനാട് കൊന്പൻ, കല്ലൂർ കൊന്പൻ തുടങ്ങിയവയൊക്കെ മുത്തങ്ങ ആനപ്പന്തിയിൽ ഇപ്പോൾ കുങ്കിയാനകളാണ്. ആക്രമണകാരികളായ മൃഗങ്ങളെ പിടികൂടാനും പായിക്കാനുമുള്ള പരിശീലനം ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്.
കാട്ടാനകളെ വിൽക്കണം
കാട്ടാനകളുടെ എണ്ണം നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങൾക്കോ രാജ്യങ്ങൾക്കോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാൻ നടപടിയുണ്ടാകണം. ചീറ്റകളെ ആഫ്രിക്കയിൽനിന്നെത്തിച്ചതുപോലെ ഇന്ത്യൻ ആനകളോടു താത്പര്യമുള്ള രാജ്യങ്ങൾ പലതുണ്ടാകും. ഇതിനൊന്നും സാധ്യതയില്ലെങ്കിൽ എണ്ണം കുറയ്ക്കുകയേ വഴിയുള്ളൂ. ഏത് ആന ചെരിഞ്ഞാലും കൊന്പിനുള്ള അവകാശം വനംവകുപ്പിനുള്ളതാണ്. കാട്ടാനകളുടെയും നാട്ടാനകളുടേതുമായി പന്ത്രണ്ട് ടണ് ആനക്കൊന്പ് വനംവകുപ്പിന്റെ കരുതൽശേഖരത്തിലുണ്ട്. നാൽപതു വർഷമായി ആനക്കൊന്പ് സൂക്ഷിക്കുന്നതിലെ ജാഗ്രത കാട്ടാനകളെ വരുതിയിൽ നിറുത്തുന്നതിൽ ഈ വകുപ്പിനില്ല.
ഏറെ സാന്പത്തിക ചെലവുള്ളതും കായികാധ്വാനം വേണ്ടതുമായ നിക്ഷേപമാണ് കൃഷി. റബറും തെങ്ങും കവുങ്ങും നട്ടാൽ എട്ടും പത്തും വർഷങ്ങൾക്കുശേഷമാണ് വരുമാനം ലഭിക്കുക. ഒറ്റ കാടിറക്കത്തിൽ ഇവ ചവിട്ടിമെതിക്കുകയും വിളവു നശിപ്പിക്കുകയും ചെയ്യുന്പോൾ തലമുറയുടെ അധ്വാനവും പ്രതീക്ഷയുമാണ് മണ്ണടിയുന്നത്. തോട്ടങ്ങളിലെ തൈമരങ്ങളിൽ കുറേയെണ്ണം നശിപ്പിക്കപ്പെട്ടാൽ പകരം തൈകൾ ഒരേ തരത്തിൽ വളർത്തിയെടുക്കാനാവില്ല. അത്രയും സ്ഥലത്ത് മറ്റൊരു കൃഷിക്കു സാധ്യതയുമില്ല. പതിവായി കൃഷിനാശം വരുത്തുന്ന ജന്തുക്കളാണ് കുരങ്ങും മയിലും മലയണ്ണാനും. ഇവ കൃഷി നശിപ്പിച്ചാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കില്ല. മരംചാടിയും പറുന്നുംവരുന്ന ജീവികളുണ്ടാക്കുന്ന നാശത്തിന് ഒരു വകുപ്പിനും ഉത്തരവാദിത്വമില്ല.
അതേസമയം അവയെ കൈചൂണ്ടാൻപോലും കർഷകന് അധികാരമില്ല. പലയിടങ്ങളിലും കൊക്കൊ, കവുങ്ങ് കൃഷി നിലയ്ക്കാൻ കാരണം അണ്ണാനും കുരങ്ങുമാണ്. രാവും പകലും ക്ഷുദ്രജീവികളെയും വന്യമൃഗങ്ങളെയും തുരത്താൻ ജീവൻ പണയപ്പെടുത്തി കൃഷിയിടങ്ങളിൽ കാവലിരിക്കുന്ന ഒട്ടേറെ കർഷകരുണ്ട്. കൃഷിനാശം മൂലം കടബാധ്യതയിൽ നാടുവിട്ടവരും ജീവനൊടുക്കിയവരുമായി പലരുണ്ട്.
സമീപകാലത്ത് നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പാർപ്പുതുടങ്ങിയ കുറുനരിയും കുറുക്കനും വലിയ ഭീഷണി ഉയർത്തുകയാണ്. ഇവയിൽ നിന്നാണ് പേ വിഷബാധ വളർത്തുനായകൾക്കും ആടുമാടുകൾക്കും വ്യാപകമായിരിക്കുന്നത്. നരിയും കുറുക്കനും കടിച്ചാൽ സർക്കാർ ആശുപത്രികളിൽ പ്രതിരോധമരുന്നില്ല. പതിനായിരം രൂപയുടെ മരുന്ന് വാങ്ങി നൽകി വേണം കുത്തിവയ്പ്പെടുക്കാൻ. കുരങ്ങും പന്നിയും ആക്രമിച്ചാലും ഇതുതന്നെ സാഹചര്യം. കാടിറങ്ങുന്ന ക്ഷുദ്രജീവികളിൽ ഏറെയും പേ വിഷബാധയുള്ളവയാണെന്നിരിക്കെ പ്രതിരോധനടപടിയും ബോധവത്കരണവും സർക്കാരിൽനിന്നുണ്ടാകുന്നില്ല. ആന്ത്രാക്സ് പോലുള്ള രോഗങ്ങൾ നാട്ടിൽ പടരുന്നതിലും കാടിറക്കം കാരണമാകുന്നുണ്ട്.
വന്യജീവി വജ്രായുധം
കൃഷിയിടം വനമാക്കി മാറ്റാൻ വനംവകുപ്പിന്റെ വജ്രായുധമാണ് വന്യജീവികൾ. കേരളത്തിന്റെ വനവിസ്തൃതി 29. 65 ശതമാനത്തിൽനിന്ന് 33 ശതമാനമാക്കുകയെന്നത് വനംവകുപ്പിന്റെ പ്രഖ്യാപിതനയമാണ്. ഇത്രയും വർധന വരുത്താൻ നാലു ലക്ഷം എക്കർകൂടി കൈവശപ്പെടുത്തണം. നയാ പൈസ നൽകാതെ കൃഷിയിടം ഏറ്റെടുക്കാനുള്ള കൊടുംചെയ്തിയാണ് കാട്ടുമൃഗങ്ങളെ തുറന്നുവിട്ടുള്ള നരനായാട്ട്. ഒപ്പം വനമേഖലയിലുള്ളവരെ കള്ളക്കേസുകൾ ചുമത്തി മർദിക്കുകയും കോടതി കയറ്റുകയും ചെയ്യുന്ന കാടൻനയവും.
വനം തുറന്നുവച്ച് ആനകളെയും കടുവകളെയും കാട്ടുജീവികളെയും ജനവാസമേഖയിലേക്കും കൃഷിടങ്ങളിലേക്കും ഇറക്കിവിടുന്ന ക്രൂരത. വന്യമൃഗം ജനവാസമേഖലയിലിറങ്ങി സൃഷ്ടിക്കുന്ന ഭീകരതയെ മനുഷ്യ-വന്യമൃഗസംഘട്ടനം എന്നു വിശേഷിപ്പിക്കുന്നത് തെറ്റാണ്. വന്യമൃഗം കാട്ടിൽതന്നെയാണ് ജീവിക്കേണ്ടത്. മനുഷ്യർ അനുമതിയില്ലാതെ വനത്തിനുള്ളിൽ കയറിയാൽ വനപാലകർ കസ്റ്റഡിയിലെടുക്കും. ഒരു പിടി വിറകെടുത്താലും വനസന്പത്ത് മോഷ്ടിച്ചു എന്ന പേരിൽ കേസെടുക്കാൻ വകുപ്പുണ്ട്. കാടുവാഴുന്ന വന്യമൃഗത്തിനു നേരെ പടക്കം എറിയുന്നതുപോലും കുറ്റകരമാണ്.
മനുഷ്യജീവൻ നഷ്ടപ്പെട്ടാൽ പരമാവധി പത്തു ലക്ഷം രൂപ കൊടുത്ത് ബാധ്യത ഒഴിയാം. വനം സംരക്ഷിക്കുക മാത്രമല്ല വന്യമൃഗങ്ങളെ വനത്തിനുള്ളിൽ നിറുത്താനും നാടിറക്കം തടയാനുമുള്ള ചുമതല വനംവകുപ്പിനുണ്ട്. അവ മനുഷ്യജീവനും സ്വത്തും നശിപ്പിച്ചാൽ ആശ്രിതർക്ക് സർക്കാർ ജോലിയും അർഹമായ പെൻഷനും നൽകാൻ നടപടിയുണ്ടാകണം.
ആർക്കാണ് കൂടുതൽ വില
കണമലയിൽ ഇറങ്ങിയ കാട്ടുപോത്ത് രണ്ടുപേരെ അരുംകൊല ചെയ്തിട്ടും വെടിവയ്ക്കാൻ മടിക്കുന്നത് കൈവിറയ്ക്കുന്നതുകൊണ്ടല്ല മറിച്ച് അതിനുള്ള വകുപ്പില്ലെന്ന വാദത്തിലാണ്. ഇതേ കാട്ടുപോത്ത് നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മന്ത്രിമന്ദിരത്തിലേക്കോ ആണ് ഓടിക്കയറിയതെങ്കിൽ ആ നിമിഷം വെടിവച്ചുകൊന്നേനെ. കാരണം കർഷകനേക്കാൾ വില ജനപ്രതിനിധിക്കുണ്ട്. ഈ സഭകളിൽ ഇരിപ്പിടം കിട്ടാൻ കർഷകരുടെയും വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് എംഎൽഎമാരും എംപിമാരും മന്ത്രിമാരും മറന്നുകൂടാ.
പെരുകി നിറയുന്ന കാട്ടുമൃഗങ്ങളെ കൊന്നോ വേട്ടയാടിയോ വന്ധ്യംകരിച്ചോ എണ്ണം കുറയ്ക്കാനും വനത്തിനുള്ളിൽതന്നെ നിറുത്താനും ഒപ്പം കർഷകരെ അവരുടെ മണ്ണിലും പാർപ്പിടത്തിലും സുരക്ഷിതരാക്കാനുമുള്ള നിയമമാണുണ്ടാക്കേണ്ടത്. വന്യമൃഗം അരുംകൊല ചെയ്യുന്നവരുടെ വീടുകളിൽ അനുശോചനം അറിയിച്ചതുകൊണ്ടോ ജനകീയ പ്രതിഷേധസമരങ്ങളിൽ പൊള്ളവാഗ്ദാനങ്ങൾ നിരത്തിയതുകൊണ്ടോ കാര്യമില്ല.
മാതൃകയായി ഷാനും സംഘവും
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തോക്ക് ലൈസൻസില്ലാതെ വലയുന്നവർക്ക് ആശ്വാസമായി മാറുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി കെ.പി. ഷാനും സംഘവും. കൃഷിടങ്ങളിൽ നാശംവിതയ്ക്കുന്ന കാട്ടുപന്നികളെ വകവരുത്തുകയാണ് ഷാനും പത്തു സൃഹൃത്തുക്കളും ഉൾപ്പെടുന്ന ഷൂട്ടർസംഘം.
പരിശീലനം നേടിയ വിദേയിനം നായകളും ഇവർക്കൊപ്പമുണ്ട്. നായകൾ കൃഷിയിടങ്ങളും ഇതിനോടു ചേർന്ന കുറ്റിക്കാടുകളും ഇളക്കി പന്നികളെ ഓടിക്കും. ചിതറിയോടുന്ന പന്നികൾ ഷൂട്ടർമാരുടെ വെടിയുണ്ടയ്ക്ക് ഇരയാകും. കർഷകരുടെ ദുരിതത്തിൽ മനംനൊന്ത് വടക്കൻ ജില്ലകളിലെല്ലാം ഇവർ കാട്ടുപന്നികളെ വെടിവയ്ക്കാൻ പോകാറുണ്ട്.
(അവസാനിച്ചു)