കേരള സർക്കാരേ, ദയവായി ഭരിക്കൂ
Monday, May 29, 2023 1:35 AM IST
സാധാരണ, ഒരു സർക്കാർ അതിന്റെ പ്രധാന ഉത്തരവാദിത്വം അധികാരവും ആധിപത്യവും സംരക്ഷിക്കുന്നതിലേക്കു മാറ്റുമ്പോൾ, ഭരണം ദുർബലമാവുകയോ കുറഞ്ഞപക്ഷം അതിന്റെ ഫോക്കസ് കുറയുകയോ ചെയ്യുന്നു. സാധാരണക്കാർ സാധാരണയായി ഭരണത്തിലേക്കും നിയമവാഴ്ചയിലൂടെ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്ന നേട്ടങ്ങളിലേക്കുമാണ് നോക്കുന്നത്.
താഴേത്തട്ടിലുള്ള സർക്കാർ ഓഫീസുകളിൽനിന്ന് ന്യായവും നീതിയുക്തവുമായ സേവനം ലഭിക്കുന്നതും അവർ കാര്യമായെടുക്കുന്നു. കൂടാതെ, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവരുടെ അവകാശങ്ങളുടെ സംരക്ഷണവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പുനൽകുന്ന വിവിധ ക്ഷേമപദ്ധതികളിൽനിന്ന് തങ്ങൾക്ക് അർഹതപ്പെട്ടതും അവർ പ്രതീക്ഷിക്കുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തീരുമാനമെടുക്കുന്നതിൽ വിവേചനമോ അന്യായമായ നടപടികളോ ഉണ്ടാകാതിരിക്കാൻ വ്യവസ്ഥാപിത നടപടിക്രമങ്ങളും ന്യായമായ മര്യാദകളും അധികാരികൾ കർശനമായി പാലിക്കണം. അത്തരം തീരുമാനങ്ങളിൽ, ഭരിക്കുന്നവർ ആകസ്മികമായോ ഗൂഢമായോ അല്ലെങ്കിൽ അന്യായമായ മാർഗങ്ങളിലൂടെയോ തങ്ങളുടെ അനുയായികൾക്ക് പ്രയോജനം കിട്ടുന്നതിനു ശ്രമിക്കുന്ന ചില അവസരങ്ങളിൽ ഭരണം അനീതിയും അന്യായവുമാകുന്നു. അത് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ നീതിക്കായി കോടതിയെ സമീപിക്കുക മാത്രമാണ് സാധാരണക്കാർക്ക് അവശേഷിക്കുന്ന ഏക മാർഗം. പല കാരണങ്ങളാൽ അവിടെയും തീരുമാനം വൈകാനിടയുണ്ട്. പ്രിയപ്പെട്ട കേരള സർക്കാരേ, ദയവായി ഭരിക്കൂ.
ഓരോ ഫയലും ഓരോ ജീവിതം
കേരളത്തിൽ മുഖ്യമന്ത്രിയായപ്പോൾ പിണറായി വിജയൻ തന്റെ ആദ്യ പ്രസംഗങ്ങളിലൊന്നിൽ, ഓരോ ഫയലും ഓരോ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥവൃന്ദത്തെ ഓർമിപ്പിച്ചു. അന്യായമായ കൂലിയീടാക്കുന്ന ചുമട്ടുതൊഴിലാളികളുടെ പെരുമാറ്റവും അദ്ദേഹം ആദ്യടേമിലെ ആദ്യമാസങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ന്യായമായ ഉപദേശം സംസ്ഥാന സർക്കാരും അതിന്റെ നിയന്ത്രണത്തിലുള്ള ഓഫീസുകളും പൂർണമായും പാലിക്കുന്നില്ല. ഇത് അന്യായമായ നടപടികളുടെയും വിവേചനപരമായ നടപടിക്രമങ്ങളുടെയും അഴിമതിയുടെയും പേരിൽ ന്യായമായ പരിഗണന നിഷേധിക്കപ്പെട്ട പലരിലും ഭരണത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്താൻ ഇടയാക്കുന്നുണ്ട്. അതെ, സർക്കാർ ഓഫീസുകളിൽ ശക്തമായ ചുവപ്പുനാടയിൽ കുരുങ്ങിയ ഫയലുകളിൽ ചുവന്ന വിപ്ലവകാരികളെപ്പോലും തളച്ചിടുകയാണ്! രാജ്യത്തെ നിയമത്തിന്റെയും നയങ്ങളുടെയും നടത്തിപ്പുകാർക്ക് ഭരണത്തെ ദുർബലമാക്കുന്ന ഇത്തരം പ്രതിബന്ധങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. പ്രിയപ്പെട്ട കേരള സർക്കാരേ, ദയവായി ഭരിക്കൂ.
ടൂറിസ്റ്റ് ബോട്ടുകളിൽ ഇടപെടലുകളില്ല
സ്ഥലപരിമിതി കണക്കിലെടുത്ത്, ഭരണത്തെ മാത്രമല്ല ജനങ്ങളുടെ ജീവിതത്തെയും സർക്കാരിന്റെ വരുമാനത്തെയും നിയമങ്ങളെയും നിയമനിർമാതാക്കളെയുംവരെ പരിഹസിക്കുന്ന തരത്തിൽ സുഗമവും ലാഭകരവുമായി വർത്തിക്കുന്നവരുടെ ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടാം. ഇക്കഴിഞ്ഞ താനൂർ ബോട്ട് ദുരന്തംതന്നെ എടുക്കുക. ടൂറിസ്റ്റ് ബോട്ടുകളുടെപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും അവഗണിച്ചതുകൊണ്ടാണ് ദുരന്തമുണ്ടായത്. ഭരണ അഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. 15 കുട്ടികളുൾപ്പെടെ 22 പേരുടെ ജീവൻ നഷ്ടപ്പെടുന്നതിനും സർക്കാരിന്റെ വരുമാനം നഷ്ടപ്പെടുന്നതിനും ഇത് എങ്ങനെ ഇടയാക്കുന്നു എന്നത് ഇതിലൂടെ സുവ്യക്തമായിരിക്കുന്നു. ഒരു മത്സ്യബന്ധന ബോട്ട് രണ്ടുനില ടൂറിസ്റ്റ് ബോട്ടാക്കി മാറ്റി. ഇതിന് 17 പേരെ കൊണ്ടുപോകാനുള്ള ശേഷിമാത്രമുള്ളപ്പോൾ 37 പേരെ കയറ്റി.
ബോട്ടിനോ ഓടിക്കുന്നവർക്കോ ലൈസൻസ് ഇല്ലായിരുന്നു! കുറെനാളായി ഓവർലോഡ്! പരാതികൾ ഉണ്ടായെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നാണ് വാർത്തകൾ പറയുന്നത്. വേണ്ടത്ര ബന്ധങ്ങളുള്ളവർ കാര്യങ്ങൾ സുഗമമാക്കാൻ സഹായിച്ചിരിക്കാം. നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ദുരന്തത്തെത്തുടർന്ന് സർക്കാർ ഉടൻ ജുഡീഷൽ അന്വേഷണത്തിന് ഉത്തരവിടുകയും ദുരിതാശ്വാസം അനുവദിക്കുകയും ചെയ്തു. റിപ്പോർട്ടുകൾക്കായുള്ള എല്ലാ വിശദാംശങ്ങളും ലഭിക്കാൻ ഇനിയും കാത്തിരിക്കണം. ജുഡീഷൽ അന്വേഷണം ഉള്ളതിനാൽ മന്ത്രിമാരുൾപ്പെടെ അധികാരമുള്ളവർ അതിനെക്കുറിച്ചുള്ള എല്ലാ സംസാരവും നിർത്തി, അതിനെക്കുറിച്ചു സംസാരിക്കുന്നത് ന്യായവുമല്ല.
സംസ്ഥാനത്തിന്റെ ദുഷ്കരമായ സാമ്പത്തികസ്ഥിതി കൈകാര്യം ചെയ്യാൻ പാടുപെടുന്ന കേരള ധനമന്ത്രി, സംസ്ഥാനത്തിന് നഷ്ടമാകുന്ന വരുമാനമെങ്കിലും കണ്ടെത്തണം. ആരോപിക്കപ്പെടുന്ന റിപ്പോർട്ട് പ്രകാരം ഇതുവരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും ഒരു പരിശോധനയില്ലാതെയാണ്! ഇത് ഒരു ചെറിയ തുകയല്ല, 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നതു ചിന്തിക്കുക. 1924 ജനുവരിയിൽ മഹാകവി കുമാരനാശാൻ അടക്കം 34 പേരുടെ മരണം മുതൽ 2009ൽ ഇടുക്കിയിൽ 45 പേരെ കൊന്നൊടുക്കിയ അപകടം വരെയുള്ള ജലദുരന്തങ്ങൾ ഭയാനകമായി നടന്നിരിക്കുന്നു.
ഇതിൽനിന്നെല്ലാം ആളുകൾക്ക് ന്യായമായ രീതിയിൽ കഠിനമായിത്തന്നെ തോന്നുന്നത് നിർവികാരത, നിസംഗത, അത്യാഗ്രഹം, അനുകമ്പയില്ലായ്മ എന്നിവയുടെ ഒരു മാരകമായ മിശ്രിതമാണ് കാരണമെന്നാണ്. ഇനിയും എത്രയെണ്ണം കാണണം?- ജസ്റ്റീസ് ദേവൻ രാമചന്ദ്രനും ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. കൊലപാതകമെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഓ! സംസ്ഥാനത്തിന് എന്തൊരു പരിതാപകരമായ അവസ്ഥയാണ്. പ്രിയപ്പെട്ട കേരള സർക്കാരേ, ദയവായി ഭരിക്കൂ.
എന്താണ് കൂടുതൽ? 400 ബോട്ടുകൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചിലർ ഇപ്പോൾ ലൈസൻസിനായി തിരക്കു കൂട്ടിയിട്ടുണ്ട്. ഒരു ജില്ലയിൽ നൂറുകണക്കിന് ബോട്ടുകൾ ലൈസൻസില്ലാതെ ഓടുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനം നിരവധി ബോട്ട് ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതാണ് സങ്കടകരമായ കാര്യം. എന്നാൽ ഇപ്പോൾ പോലും ഈ ബിസിനസ് നടത്തിപ്പിൽ ശരിയായ ഇടപെടൽ ഇല്ല. ആരും ഗൗരവത്തിലെടുക്കുന്നുമില്ല. കേരളത്തിന്റെ ധനമന്ത്രീ, ഭരണം കുറ്റമറ്റതാണെങ്കിൽ സംസ്ഥാനത്തിന്റെ വരുമാനം കൂടുതൽ മെച്ചപ്പെടും. കേരളീയരോട് മുഴുവൻ സത്യവും പറയുമോ? പ്രിയപ്പെട്ട കേരള സർക്കാരേ, ദയവായി ഭരിക്കൂ.
സ്ത്രീസുരക്ഷ
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എണ്ണമറ്റതാണ്. വന്ദന ദാസ് എന്ന യുവ ഹൗസ് സർജനെ, ചികിത്സയ്ക്കെത്തിച്ച ഒരു രോഗി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാണ് ഏറ്റവും സങ്കടകരമായത്. 42 വയസുള്ള എസ്. സന്ദീപിനെ സംഘർഷത്തിൽ പരിക്കേറ്റതിനെത്തുടർന്ന് പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ പോലീസുകാരുണ്ടായിരുന്നെങ്കിലും യുവഡോക്ടറെ രക്ഷിക്കാൻ അവർ ജാഗ്രത കാട്ടിയില്ല. ഒരുപക്ഷേ ഡോക്ടറായ പെൺകുട്ടിയെ കൂടുതൽ മികച്ച ആശുപത്രിയിൽ ചികിത്സിക്കണമായിരുന്നുവെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ പോലീസിന്റെ നിഷ്ക്രിയത്വം ശ്രദ്ധിക്കപ്പെട്ടു. മഹത്തായ കഥകൾ നിരവധി വിവരിക്കാനുള്ളപ്പോഴും കുറ്റകൃത്യങ്ങളെക്കുറിച്ച് അത്ര നല്ലതു പറയാനില്ല. നിരവധി അഭിപ്രായങ്ങൾ ഉണ്ടെങ്കിലും സേവന നിയമങ്ങളും അന്വേഷണ നടപടിക്രമങ്ങളും ഉചിതമായ രീതിയിൽ പരിഷ്കരിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തതിനു ശേഷം മാത്രമേ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയൂ. എന്നാൽ, പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ബസുകളിലും ട്രെയിനുകളിലും പെൺകുട്ടികൾ ആക്രമിക്കപ്പെടുന്ന കഥകൾ നിരവധിയാണ്. കുറ്റവാളികൾക്കെതിരേ ഫലപ്രദമായി നടപടിയെടുക്കുകയും ശിക്ഷിക്കുകയും ചെയ്താലേ ഈ സംഭവങ്ങൾ തടയാനാകൂ. ശിക്ഷ വേഗത്തിലല്ലെങ്കിൽ, ഭയാനകമായ ഇത്തരം പ്രവൃത്തികളിലേക്കു തിരിയാൻ പലർക്കും പ്രേരണയാകും. പ്രിയപ്പെട്ട കേരള സർക്കാരേ, ദയവായി ഭരിക്കൂ.
അധികൃതരുടെ ഇത്തരം നിഷ്ക്രിയത്വം താഴേത്തട്ടിലേക്കു വ്യാപിക്കുന്നു. തത്ഫലമായി അഴിമതിയും വ്യാപിക്കുന്നു എന്നതാണ് ഞെട്ടിക്കുന്നത്. അതെ, സമീപകാല റിപ്പോർട്ടുകൾ പരിശോധിച്ചാൽ നൂറുകണക്കിന്, ആയിരക്കണക്കിന് മുതൽ ലക്ഷങ്ങൾ വരെ രൂപയ്ക്കൊപ്പം തേൻ, പുളി, വസ്ത്രങ്ങൾ, പടക്കങ്ങൾ എന്നിവയും കൈക്കൂലി മുതലായി പിടിക്കപ്പെടുന്നു. ആർക്കെതിരേ മുന്നോട്ടു പോകണം എന്നത് എളുപ്പമുള്ള കാര്യമല്ല. മുതിർന്ന പ്രതിപക്ഷ നേതാക്കൾ വൻതുകയുടെ അഴിമതി ആരോപിക്കുന്ന എഐ കാമറയുടെ ഉത്തരവുകൾ പോലും ഉന്നതസ്ഥാനങ്ങളിലെ അഴിമതിയുടെ സൂചനയാണ് നൽകുന്നത്. ഓർഡർ എടുത്ത കെൽട്രോൺ മൂന്ന് പേർക്കും, ആ മൂന്നുപേർ മറ്റു മൂന്നുപേർക്കും കരാർ നൽകി. വിചിത്രമായ ഒരു നടപടിക്രമം.
ചില ഉത്തരവുകളിലാകട്ടെ ധനകാര്യ വകുപ്പിന്റെ ചട്ടങ്ങൾ പോലും പാലിക്കപ്പെട്ടില്ല. ഒരു കേസ് മന്ത്രിസഭാ യോഗം തീർപ്പാക്കി. സത്യം പുറത്തുകൊണ്ടുവരാനും ഉന്നതരുടെ നിരപരാധിത്വം ഉയർത്തിപ്പിടിക്കാനും ഹൈക്കോടതി ജഡ്ജിമാരുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണങ്ങൾ ആവശ്യമാണ്. ഗംഗോത്രി മലിനമായാൽ ഗംഗ മുഴുവൻ മലിനമാകും എന്നൊരു ചൊല്ലുണ്ട് ഉത്തരേന്ത്യയിൽ! ഒരു പ്രശ്നമുണ്ടെങ്കിൽ, ഒരു ശുചീകരണം ആവശ്യമാണ്. വീണ്ടും അപേക്ഷിക്കാം: പ്രിയപ്പെട്ട കേരള സർക്കാരേ, ദയവായി ഭരിക്കൂ.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ