അജൻഡകൾ നിശ്ചയിച്ച് വനിതകൾ
Friday, June 2, 2023 10:42 PM IST
മണിപ്പൂർ എങ്ങോട്ട്? -2 / ആന്റോ അക്കര
മെയ്തേയ്, കുക്കി വിഭാഗങ്ങളിലെ വനിതകളാണ് തങ്ങളുടെ വംശത്തിന്റെ രാഷ്ട്രീയ അജണ്ടകൾ നിശ്ചയിക്കുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. കഴിഞ്ഞ 21ന് മണിപ്പുരി ജനതയുടെ ദുരിതക്കാഴ്ചകൾ തേടിയിറങ്ങിയപ്പോൾ ഒരു പ്രാദേശിക പത്രത്തിൽ കണ്ട തലക്കെട്ട് ഇപ്രകാരമായിരുന്നു. ‘മണിപ്പുരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഗവർണറുടെ ഇടപെടൽ തേടി വിമൻ മാർക്കറ്റ് പ്രതിനിധികൾ.’ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ വനിതാപ്രതിനിധികൾ പ്രശ്നപരിഹാരത്തിന് പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചെന്നും ഇത് ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരാണെന്നു വ്യക്തമാക്കിയെന്നും വാർത്തയിലുണ്ട്. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് എൻആർസി നടപ്പാക്കണമെന്നും ഇംഫാൽ-ദിമാപുർ ദേശീയപാതയിലെ ഉപരോധം നീക്കി അവശ്യസാധനങ്ങളുടെ നീക്കം സുഗമമാക്കണമെന്നും വനിതാപ്രതിനിധികൾ ആവശ്യപ്പെട്ടെന്നും വാർത്തയിലുണ്ട്.
ഇതിന് തൊട്ടടുത്ത ദിവസം ഇംഫാലിൽനിന്ന് വടക്ക് ഒരു മണിക്കൂർ യാത്രാദൈർഘ്യമുള്ള ഗോത്രവിഭാഗ ശക്തികേന്ദ്രമായ കാംഗ്പൊപ്കിയിൽ സ്ത്രീകളുടെ ഒരു ധർണ കാണാനിടയായി. ഇൻഡിജനസ് വിമൻസ് ഫോറം എന്ന സംഘടനയുടെ ബാനറിൻകീഴിൽ കുക്കി വനിതകളായിരുന്നു ധർണ നടത്തിയത്. ഞങ്ങളുടെ ആളുകൾ കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാകുകയും ഞങ്ങളുടെ വീടുകളും ദേവാലയങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്യുന്പോൾ എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ നിശബ്ദരായിരിക്കുന്നതെന്ന ചോദ്യവും ബാനറിൽ എഴുതിയിരുന്നു. പോലീസ് സേനയ്ക്കായി സർക്കാർ അനുവദിച്ച നിരവധി ആയുധങ്ങൾ ആരംഭായ് ടെൻഗൊൽ, മെയ്തേയ് ലീപുൻ എന്നീ മെയ്തേയ് സായുധ സംഘടനാപ്രവർത്തകരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും എന്നിട്ടുമെന്തേ ഈ സംഘടനകളെ നിരോധിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെന്നും ധർണയിൽ പങ്കെടുത്ത സ്ത്രീകൾ ചോദിക്കുന്നുണ്ടായിരുന്നു. ഈ ധർണയെ സംബന്ധിച്ചു പ്രാദേശികപത്രമായ പീപ്പിൾസ് ക്രോണിക്കിൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കുക്കി വിഭാഗം സ്ത്രീകൾ തങ്ങൾക്കുമുന്നിലെ വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഈ സർക്കാരിലും അയൽക്കാരായ മെയ്തേയ് സമുദായത്തിലുമുള്ള വിശ്വാസം തങ്ങൾക്കു നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ താഴ്വരയിലെ ആളുകളിൽനിന്നു തങ്ങളെ വേർതിരിച്ചില്ലെങ്കിൽ ഒരിക്കലും സമാധാനവും സൗഹാർദവും പുനഃസ്ഥാപിക്കപ്പെടുകയില്ലെന്നും ഈ സ്ത്രീകളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
കാംഗ്പൊപ്കി ജില്ലയിലേക്ക് യാത്രചെയ്യവേ അവിടെ ജില്ലാ അതിർത്തിയിൽ അതിശയിപ്പിക്കുന്ന ഒരാ കാഴ്ച കാണാനിടയായി. സൈനിക ചെക്പോസ്റ്റിൽനിന്നു കേവലം നൂറു മീറ്റർ മാത്രം അപ്പുറത്തായി ഡസൻകണക്കിന് കുക്കി സ്ത്രീകൾ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരുടെ വിവരം ശേഖരിക്കുകയാണ്. ബാഗേജുകളെല്ലാം പരിശോധിച്ചു യാത്രക്കാരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയശേഷമേ വാഹനങ്ങൾ കുക്കി മേഖലകളിലേക്കു കടത്തിവിടുന്നുള്ളൂ. മടക്കയാത്രയിലും കുക്കി സ്ത്രീകളുടെ പരിശോധനയുണ്ട്. തൊട്ടടുത്ത് നിസഹായരായി നിൽക്കുന്ന സൈനികരെയും കാണാം.
വംശീയവേർതിരിവ് പ്രകടം
മണിപ്പുരിൽ വംശീയമായി ജനം രണ്ടു ചേരിയിലായിക്കഴിഞ്ഞെന്നും ഈ വേർതിരിവ് സർക്കാർ ഉദ്യോഗസ്ഥർ, പോലീസ് സേനാംഗങ്ങൾ, മെഡിക്കൽ ജീവനക്കാർ എന്നു തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രകടമാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. ഉദ്യോഗസ്ഥരെല്ലാംതന്നെ സുരക്ഷിതത്വം തേടി എതിർവിഭാഗത്തിന്റെ സ്വാധീനമേഖലകളിൽനിന്നു വിട്ടുപോകുകയും ചെയ്തിരിക്കുകയാണ്. ഈ വേർതിരിവ് തിരിച്ചറിഞ്ഞ സർക്കാർ, എതിർവിഭാഗത്തിനെതിരേ അവർ തങ്ങളുടെ അധികാരം പ്രയോഗിച്ചേക്കാമെന്ന സംശയത്തിൽ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കലാപം രൂക്ഷമായതോടെ സൈന്യമാണ് ഇരു വിഭാഗത്തിൽപ്പെട്ട ആളുകളെ പ്രത്യേക സുരക്ഷയിൽ അവരവരുടെ സ്വാധീനകേന്ദ്രങ്ങളിലേക്കു മാറ്റിയത്.
കുക്കി അധീന മലന്പ്രദേശങ്ങളിൽനിന്ന് ഇംഫാൽ താഴ്വരയിലെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റിയ മെയ്തേയ് അഭയാർത്ഥികളുടെ അടുത്തേക്കുപോകാൻ പരിചയക്കാരായ മെയ്തേയ് വിഭാഗത്തിൽപ്പെട്ട ഏതാനും ഉദ്യോഗസ്ഥരുടെ സഹായം തേടിയപ്പോൾ അവർ ഒഴിഞ്ഞുമാറി. നിസഹായത പരസ്യമായി പ്രകടിപ്പിച്ച അവർ പറഞ്ഞത് മെയ്തേയ് ദുരിതാശ്വാസ ക്യാന്പ് സന്ദർശിച്ചാൽ അതു തങ്ങൾക്കും ക്രൈസ്തവനെന്നനിലയിൽ നിങ്ങൾക്കും അപകടമുണ്ടാകുമെന്നാണ്.
മണിപ്പുരിൽ നിലനിൽക്കുന്നത് സ്ഫോടനാത്മകമായ സാഹചര്യമാണെന്നു ചൂണ്ടിക്കാട്ടി പ്രാദേശിക പത്രമായ ‘ദ സാംഗായ് എക്സ്പ്രസ്’കഴിഞ്ഞ 24ന് മുഖപ്രസംഗത്തിൽ ഇപ്രകാരമെഴുതി. “നിലവിലെ സാഹചര്യം തുടരാൻ അനുവദിച്ചാൽ ഉള്ളിലടക്കിയിരിക്കുന്ന അമർഷം ഏതുസമയവും പൊട്ടിത്തെറിക്കാം. ഇതിലും ദൗർഭാഗ്യകരമായ അവസ്ഥ വരാനില്ല.’’
അക്രമികൾക്കെതിരേ നടപടിയില്ല
മണിപ്പുരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപം അരങ്ങുവാഴുന്പോഴും ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി പത്രങ്ങളിലൊന്നും കാണാനില്ല. മെയ്തേയ് സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ആദ്യംമുതൽ മുഖ്യമന്ത്രി കൈക്കൊണ്ടുവരുന്നത്. അതിനാൽത്തന്നെ സാഹചര്യം അനുനിമിഷം വഷളാകുകയായിരുന്നു.
തങ്ങളുടെ ഭാവി ആശങ്കയിലാണെന്നും കലാപം തുടരുന്ന സാഹചര്യത്തിൽ ഇനി എന്നു ജോലിയിൽ തിരികെ പ്രവേശിക്കാനാകുമെന്ന് അറിയില്ലെന്നും ആസാമിലേക്കു രക്ഷപ്പെട്ട് അവിടെ ഒരു ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന ഇംഫാൽ താഴ്വരയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. കലാപത്തെത്തുടർന്ന് ഇംഫാലിൽനിന്നു കുടുംബത്തെയും കൂട്ടി ആസാം തലസ്ഥാനമായ ഗോഹട്ടിയിലെത്തി അവിടെ മേഘാലയ അതിർത്തിയിലുള്ള ഒരു ദുരിതാശ്വാസ ക്യാന്പിൽ കഴിയുകയാണ് ഇദ്ദേഹത്തെപോലുള്ള നിരവധി പേർ. മുഖ്യമന്ത്രിയുടെ വീടിനു സമീപത്തുവരെ അക്രമികൾ അഴിഞ്ഞാടുന്ന കാഴ്ചയാണു കാണാനായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള കുക്കി ഗോത്ര ഗ്രാമത്തിലെ ക്രൈസ്തവരെ സായുധരായ മെയ്തേയ് അക്രമിസംഘം ആക്രമിച്ചപ്പോൾ ജീവനുംകൊണ്ട് രക്ഷപ്പെട്ടോടിയ ജനങ്ങൾ തൊട്ടടുത്ത ദുരിതാശ്വാസക്യാന്പിലേക്കാണു പോയത്. എന്നാൽ, ഈ ക്യാന്പിൽ നിങ്ങളെ പ്രവേശിപ്പിക്കാൻ ഞങ്ങൾക്ക് അനുമതിയില്ലെന്നാണു സുരക്ഷാചുമതലയിലുണ്ടായിരുന്ന സൈനികർ പറഞ്ഞത്. ചുരുക്കത്തിൽ മുഖ്യമന്ത്രിയുടെ കൺമുന്നിൽപ്പോലും ഭൂരിപക്ഷവിഭാഗം അക്രമികൾ ന്യൂനപക്ഷങ്ങളുടെ മേൽ തേർവാഴ്ച നടത്തുന്ന ഭയാനകമായ അവസ്ഥയാണുണ്ടായത്.
സായുധരായ മെയ്തേയ് അക്രമിസംഘം ആർത്തട്ടഹസിച്ചു വരുന്നതു കണ്ടു ഭയന്ന് പ്രദേശത്തെ കുക്കി വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ ചേർന്ന് തൊട്ടടുത്ത സൈനിക ക്യാന്പിന്റെ മുള്ളുവേലി തകർത്താണു തങ്ങളുടെ 60 കുടുംബങ്ങളെ ഉള്ളിൽ പ്രവേശിപ്പിച്ചു സൈനികരുടെ കാവലിലാക്കിയത്. തങ്ങൾ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ വീടുകൾ അഗ്നിഗോളങ്ങളായി മാറുന്നത് തൊട്ടടുത്ത സൈനിക ക്യാന്പിലിരുന്ന് അവർ കാണുന്നുണ്ടായിരുന്നു. കലാപത്തെത്തുടർന്ന് 10,000 കുക്കി വിഭാഗക്കാർ സംസ്ഥാനം വിട്ടുപോയെന്നാണു കണക്ക്. ഇതുകൂടാതെ കുക്കി മേഖലയിലെ മെയ്തേയ് വിഭാഗക്കാരുൾപ്പെടെ 40,000ത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തു. ഇവരെല്ലാവരും നാഗാലാൻഡിലെ ദിമാപുർ വഴി ഗോഹട്ടിക്കടുത്ത് ഒരു ക്രൈസ്തവ ജീവകാരുണ്യ സംഘടന നടത്തുന്ന അഭയാർഥിക്യാന്പിലാണുള്ളത്. ഇംഫാലിലെ മണിപ്പുർ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളായ രണ്ടു കുക്കി വിഭാഗം പെൺകുട്ടികൾ തങ്ങളുടെ ഹോസ്റ്റലിലെത്തിയ അക്രമികളെ ഭയന്ന് കട്ടിലിന്റെ അടിയിൽ ഒളിക്കുകയും എന്നാൽ ഇരുവരും ക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെടുകയും ചെയ്ത സംഭവം ഇതേ യൂണിവേഴ്സിറ്റിയിൽനിന്ന് രക്ഷപ്പെട്ട് ഗോഹട്ടിയിലെത്തിയ ഒരു പിജി വിദ്യാർഥി വിവരിക്കുകയുണ്ടായി.
ഹിന്ദുത്വ അജൻഡ
മണിപ്പുരിൽ നടക്കുന്ന കലാപം ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണെന്നു പറഞ്ഞ് ആർഎസ്എസിന്റെ മുഖപത്രമായ ദ ഓർഗനൈസർ കഴിഞ്ഞ 16ന് മുഖപ്രസംഗം എഴുതി. ഈ ആരോപണം തെളിയിക്കാനായി ഒരു വസ്തുതയും നിരത്തിയതുമില്ല. ആരോപണം അസംബന്ധമാണെന്നു പിന്നീട് തെളിഞ്ഞു. സഭ അക്രമം നടത്തുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഇംഫാൽ ആർച്ച്ബിഷപ് ഡോ. ഡൊമിനിക് ലുമോൻ അസന്ദിഗ്ധമായി വ്യക്തമാക്കി. കലാപത്തിൽ സംസ്ഥാനത്തെ മുന്നൂറോളം ദേവാലയങ്ങൾ അഗ്നിക്കിരയാക്കുകയോ തകർക്കപ്പെടുകയോ ചെയ്തതിന്റെ ജാള്യത മറയ്ക്കാനായിരുന്നു സംഘപരിവാറിന്റെ സഭയ്ക്കെതിരേയുള്ള ഈ വ്യാജ ആരോപണം. കലാപത്തിൽ സഭയെ വില്ലനായി ചിത്രീകരിക്കുന്ന സംഘപരിവാർ അനുകൂല മാധ്യമങ്ങൾ മെയ്തേയ് വിഭാഗം സായുധസംഘടനകളായ ആരംഭായ് ടെൻഗൊലും മെയ്തേയ് ലീപുനും നടത്തിയ ക്രൂരതകൾ മനഃപൂർവം മറച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു.
(തുടരും)