നെൽകർഷകരും നെല്ലുവിലയും
Tuesday, June 6, 2023 10:30 PM IST
എ.എം.എ. ചമ്പക്കുളം
ചാതുർവർണ്യ വ്യവസ്ഥിതി നിലനിന്ന കാലത്ത് അധ്വാനിക്കാൻ, വേല ചെയ്യാൻ ഒരു വിഭാഗം നിലനിന്നിരുന്നു. ഏറ്റവും താഴേക്കിടയിലുള്ള കീഴാളന്മാർ. ജോലിക്ക് മേലാളൻ കൂലി കൊടുത്താൽ വാങ്ങാം. ഇല്ലെങ്കിൽ ഒന്നും മിണ്ടാതെ പോകേണ്ടിയിരുന്ന ഒരു കാലം. ഒരു നൂറ്റാണ്ടിനപ്പുറം നിലനിന്നിരുന്ന അതുപോലെയുള്ള ഒരവസ്ഥയിലാണ് ഇന്ന് കേരളത്തിലെ നെൽകർഷകർ.
കടം വാങ്ങിയും പണയം വച്ചും കൃഷിയിറക്കും. കൊയ്ത്തുകാലത്തെ എല്ലാ ദുരിതവും പേറി തങ്ങളുടെ വിളവ് ഏറ്റവും കഷ്ടനഷ്ടങ്ങളോടെയും നെല്ല് സംഭരണ ഏജൻസിക്ക് നല്കും. തുടർന്ന് കാത്തിരിപ്പിന്റെ കാലം, ബാങ്കുകളിൽനിന്ന് ബാങ്കുകളിലേക്കും, പാഡി ഓഫീസുകളിലേക്കുമുള്ള ഓട്ടത്തിലാണ് പിന്നീട് കർഷകർ. ചിലപ്പോൾ മാസങ്ങളും വർഷങ്ങളും എടുക്കും ഈ ഓട്ടം അവസാനിക്കാൻ. അപ്പോൾ അടുത്ത കൃഷിയുടെ നെല്ല് നൽകിയതിന്റെ ഓട്ടം തുടങ്ങും. അങ്ങനെ ഒരിക്കലും അവസാനിക്കാത്ത നെട്ടോട്ടത്തിലാണ് ഇന്ന് നെൽക്കർഷകർ.
മറ്റ് എല്ലാ മേഖലകളിലും ആഴ്ചയുടെ അവസാനമോ മാസാവസാനമോ ജോലിക്ക് കൂലി ലഭിക്കും. എന്നാൽ, പാടത്ത് പണിയും വരമ്പത്ത് കൂലിയും എന്ന ചൊല്ല് പ്രാവർത്തികമാകാത്തത് കേരളത്തിലെ കാർഷിക മേഖലയിൽ മാത്രം. നെൽകർഷകൻ ആറും ഏഴും മാസം കഷ്ടപ്പെട്ട് ഉത്പാദിപ്പിക്കുന്ന നെല്ലിന് വീണ്ടും അത്രയും കാലം അല്ലെങ്കിൽ അതിൽ കൂടുതൽ കാലം വിലയ്ക്കായി കാത്തിരിക്കേണ്ടിവരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല, എല്ലാ വർഷവും തുടർന്നു വരുന്ന സാധാരണ സംഭവമായി മാറിയിരിക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലുമായി നെൽകർഷകർക്ക് നെല്ല് സംഭരിച്ച വകയിൽ 1,800 കോടിയിലധികം രൂപയാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ മാർച്ച് വരെ 700 കോടിക്ക് അല്പം മുകളിലായി മാത്രമാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇനിയും 1100 കോടിയോളം രൂപ നെൽകൃഷി ചെയ്ത സാധാരണക്കാരായ കൃഷിക്കാർക്ക് വിതരണം ചെയ്യാൻ ബാക്കി നില്ക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയുന്നു. അടുത്ത ദിവസങ്ങളിൽ 250 കോടിയോളം രൂപ കൊടുക്കുമെന്നു പറഞ്ഞിരുന്നു. അന്നുമുതൽ പാവം കർഷകർ ഓട്ടം തുടങ്ങി. പിആർഎസ് കൊടുത്തിരുന്ന ബാങ്കുകളിൽനിന്ന് അതു തിരിച്ചുവാങ്ങി നിർദേശിക്കപ്പെട്ടിരിക്കുന്ന ബാങ്കുകളിലേക്ക് എത്തിയപ്പോൾ വീണ്ടും അക്കൗണ്ട് എടുക്കാൻ നിർദേശം. ഇതൊന്നും ചോദിക്കാൻ ഇവിടെ ആരുമില്ലാത്ത അവസ്ഥ.
കർഷകന്റെ ദയനീയത
നെൽകർഷകൻ വിത്തും വളവും കീടനാശിനിയും മുൻകൂർ വില കൊടുത്ത് വാങ്ങേണ്ടിവരുന്നു. നിലമൊരുക്കുന്നതിനും തൊഴിലാളിക്കും കൊയ്ത്തു യന്ത്രത്തിനും മുൻകൂറായി കൂലിയും വാടകയും നല്കേണ്ടിവരുന്നു. അന്യായമായ നെല്ല് ചുമട്ടുകൂലി പാടവരമ്പിൽ തന്നെ നല്കാൻ നിർബന്ധിതനാവുമ്പോൾ, കർഷകന്റെ നെല്ലിന്റെ വിലയ്ക്ക് മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടുന്നതുപോലും ബാങ്കുകളുടെ നിഗൂഢപലിശയും മറ്റ് കിഴിവുകളും കഴിച്ച്. ഉത്പാദിപ്പിച്ച് വിറ്റഴിച്ച ഉത്പന്നത്തിന്റെ വില വായ്പയായി കിട്ടുന്നതും അതിന് പലിശ നല്കേണ്ടി വരുന്നതുമായ ലോകത്തിലെ ഏക സമൂഹം കർഷകർ മാത്രമാണ്. ഇങ്ങനെ കർഷകനെ ദുരിതക്കയത്തിൽപ്പെടുത്തി ആരൊക്കെയോ നേട്ടം കൊയ്യുന്നു.
നെൽകൃഷി സംരക്ഷിക്കാൻ നെൽവില വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ കൃഷിക്കാരനും കൃഷിയിട വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ കൃഷി ആരംഭിക്കുന്നതിനു മുൻപായി നിശ്ചിത തുക മുൻകൂറായി പലിശരഹിതമായി ലഭ്യമാക്കണം എന്നത് ദീർഘനാളായുള്ള കർഷകന്റെ ആവശ്യമാണ്. ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിലും മറ്റ് പല രാജ്യങ്ങളിലും ഈ രീതി വിജയകരമായി നടപ്പിൽ വരുത്തിയിട്ടുണ്ട്. മനുഷ്യന്റെ ഏറ്റവും അടിയന്തര ആവശ്യമായ ഭക്ഷ്യസുരക്ഷയ്ക്കായി അധ്വാനിക്കുന്ന കർഷകർക്ക് മറ്റെല്ലാ മേഖലകളെക്കാളും പ്രാധാന്യം നല്കേണ്ടത് ആവശ്യമാണെന്ന് ആധുനിക സമ്പദ് വ്യവസ്ഥകൾ മനസിലാക്കിയിരിക്കുന്നു. എന്നാൽ അതു മനസിലാക്കാൻ ഇനിയും നാം മുന്നോട്ട് പോകേണ്ട അവസ്ഥയാണ്.
അരിക്കുവേണ്ടി ആന്ധ്രയിലെയും പഞ്ചാബിലെയും നെൽപാടങ്ങളിലേക്കു നോക്കി കാത്തിരിക്കുന്നതിനു പകരം നമ്മുടെ നാട്ടിൽ ഇപ്പോൾ നിലവിലുള്ള കൃഷിയിടങ്ങളെങ്കിലും ന്യായമായ രീതിയിൽ കൃഷി ചെയ്യപ്പെടുന്നതിനുള്ള സൗകര്യം ഒരുക്കി നല്കണം. അങ്ങനെ സൗകര്യം നല്കിയാൽ അന്തസായി നെൽക്കൃഷി ചെയ്യാൻ കർഷകർ തയാറാകും. പുതിയ തലമുറ താത്പര്യത്തോടെ കൃഷിയിലേക്കു കടന്നുവരും.
കാർഷികമേഖലയിൽ കുത്തിത്തിരിപ്പിനും വർഗീയ ധ്രുവീകരണത്തിനും ഒട്ടും സാധ്യതയില്ല എന്നു മനസിലാക്കണം. ഏതെങ്കിലും സമുദായ നേതാക്കൾ കർഷകർക്കുവേണ്ടി ശബ്ദിച്ചാൽ അവരെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അളമുട്ടിയാൽ ചേരയും കടിക്കും. കർഷകൻ എന്നും ദുരിതക്കൊയ്ത്ത് മാത്രം നടത്തിയാൽ മതിയോ? നിലനില്പാണ് കർഷകൻ നേരിടുന്ന പ്രശ്നം. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ജീവിച്ചിരിക്കുക എന്നതു മാത്രമാണ് കർഷകന്റെ ആഗ്രഹം.
കർഷകന്റെ ആവശ്യങ്ങൾ?
അസംഘടിതനായ കർഷകന്റെ ആവശ്യങ്ങൾ യഥാസമയും എത്തേണ്ടിടത്ത് എത്താതിരിക്കുന്നതും, ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിക്കാതെ പോകുന്നു എന്നതുമാണ് യാഥാർഥ്യം. കർഷകന്റെ കഷ്ടപ്പാടിനും ചെലവിനും ആനുപാതികമായ വരുമാനം കൃഷിയിൽനിന്ന് ഉണ്ടാവണം. തന്റെ മുതൽമുടക്കിനെയും മൂലധനച്ചെലവിനെയും അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനവും അതുവഴി മാന്യതയും ഉണ്ടാവും എന്ന തോന്നൽ പുതുതലമുറയ്ക്കു നല്കാൻ സാധിക്കാത്തതുകൊണ്ടാണ് അവർ കൃഷിയിലേക്ക് എത്താത്തത്.
സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷ്യധാന്യം എന്റെ അയൽവാസിക്കും നാട്ടുകാർക്കും അടിസ്ഥാന ആവശ്യമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു എന്ന ആവേശമായിരുന്നു ഒരുകാലത്ത് കർഷകരെ കൃഷിയിൽ പിടിച്ചുനിർത്തിയത്. ഈ അവബോധം ഉത്തരവാദപ്പെട്ടവരിലും പൊതുസമൂഹത്തിലും ഉണ്ടാവേണ്ടിയിരിക്കുന്നു. നെൽകർഷകരുടെ ഏറ്റവും അടിയന്തരമായ ആവശ്യങ്ങൾ അംഗീകരിച്ചാൽ നെൽക്കൃഷി ഈ നാട്ടിൽ നിലനില്ക്കും.
► നെൽകർഷകർക്ക് ചെലവിന്റെ അടിസ്ഥാനപ്പെടുത്തി കിലോയ്ക്ക് 40 രൂപ എങ്കിലും നെൽവില നിശ്ചയിക്കുകയും കാലാകാലങ്ങളിൽ വർധനവരുത്തുകയും ചെയ്യുക.
► ഏക്കർ ഒന്നിന് മുൻകൂറായി പലിശരഹിത വായ്പയായി 25,000 രൂപ അനുവദിക്കുക.
►യഥാസമയം കൊയ്ത്തുയന്ത്രങ്ങൾ ലഭ്യമാക്കുകയും നെല്ല് സംഭരണം വേഗത്തിലാക്കുകയും, ‘കിഴിവ്’ എന്ന കിരാത സമ്പ്രദായം ഇല്ലാതാക്കുകയും ചെയ്യുക.
► നെല്ല് സംഭരണത്തിലെയും യന്ത്രവാടകയിലെയും അന്യായ ചൂഷണം അവസാനിപ്പിക്കുക.
► നെല്ല് സംഭരിച്ച് ഏഴ് ദിവസങ്ങൾക്കകം കർഷകന്റെ അക്കൗണ്ടിൽ നെൽവില വായ്പ അല്ലാതെ ലഭ്യമാക്കുക.
► മറ്റു മേഖലകളിൽനിന്നു വ്യത്യസ്തമായ ചുമട്ടുകൂലിയിൽ കുറവ് വരുത്തുകയും ചുമട്ടുകൂലി പൂർണമായും സംഭരിക്കുന്ന ഏജൻസി നല്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുക.
► നഷ്ടത്തിന് ആനുപാതികമായ ഇൻഷ്വറൻസ് പരിരക്ഷ കാലതാമസം കൂടാതെ അനുവദിക്കുക.
► കൃഷിവകുപ്പിന്റെയും പാഡി ഓഫീസുകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കർഷക സൗഹൃദമാക്കുക.