ചരിത്രത്തെ മാറ്റിമറിച്ച ഗാന്ധിജിയുടെ ആഫ്രിക്കൻ ജീവിതം
Tuesday, June 6, 2023 10:34 PM IST
ഡോ. ജോസ് മാത്യു
വക്കീൽ പഠനം കഴിഞ്ഞ് ലണ്ടനിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ഗാന്ധിജിക്ക് ആ മേഖലയിൽ കാര്യമായി ശോഭിക്കാൻ കഴിഞ്ഞില്ല. തന്റെ ജ്യേഷ്ഠന്റെ താത്പര്യപ്രകാരം, ലണ്ടനിലെ പഠനകാലത്ത് പരിചയമുണ്ടായിരുന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥന്റെ പക്കൽ ശിപാർശയ്ക്കു പോയപ്പോൾ ഉണ്ടായ ദുരനുഭവം ഗാന്ധിജിയെ നാടുവിടുന്നതിനെക്കുറിച്ചുള്ള ചിന്തയിൽ എത്തിച്ചു. ജ്യേഷ്ഠന് അടുപ്പമുള്ള ദക്ഷിണാഫ്രിക്കയിൽ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർക്ക് ബാരിസ്റ്റർ പരീക്ഷ പാസായ ഒരാളെ ആവശ്യമുണ്ടെന്ന് ജ്യേഷ്ഠനെ അറിയിച്ചു. തങ്ങളേക്കാൾ മെച്ചമായി വക്കീലന്മാരോട് വിവരങ്ങൾ ധരിപ്പിക്കാൻ ഒരു ബാരിസ്റ്റർക്ക് കഴിയുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. ജ്യേഷ്ഠൻ ഇക്കാര്യം ഗാന്ധിജിയോട് പറയുകയുണ്ടായി. ജ്യേഷ്ഠന്റെ നിർദേശം സ്വീകരിക്കുകയും ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തു. ഏകദേശം ഒരു വർഷംകൊണ്ട് അവിടെനിന്ന് തിരിച്ചുവരാൻ കഴിയുമെന്നാണ് ജ്യേഷ്ഠൻ ഗാന്ധിജിയോടു പറഞ്ഞിരുന്നത്. 1897 ഏപ്രിലിലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്കു കപ്പൽ കയറിയത്.
വർണവിവേചനം
ദക്ഷിണാഫ്രിക്കയിൽ ചെന്നതിന്റെ രണ്ടാം ദിവസം മുതൽ അവിടെ നിലനിൽക്കുന്ന വർണവിവേചനത്തിന്റെ രൂക്ഷത അദ്ദേഹത്തിന് നേരിട്ടു ബോധ്യപ്പെടാൻ തുടങ്ങി. കോടതിയിൽ പ്രവേശിച്ച ഗാന്ധിജിയോട് മജിസ്ട്രേറ്റ് തന്റെ തലപ്പാവ് ഊരിമാറ്റാൻ ആവശ്യപ്പെട്ടു. ചില ഇന്ത്യക്കാരോട് തലപ്പാവ് എടുത്തുമാറ്റാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ആദ്യം ഗാന്ധിജിക്കു മനസിലായില്ല. ഇന്ത്യക്കാരെ അവിടെ പല ഗ്രൂപ്പുകളായി തിരിച്ചിരിക്കുകയാണെന്ന് ഏറെ താമസിയാതെ ഗാന്ധിജിക്ക് മനസിലായി. അവിടെയുണ്ടായിരുന്ന ഏറ്റവും വലിയ ഇന്ത്യൻ വിഭാഗം കരാർ ജോലിക്കാരായിരുന്നു. ഇംഗ്ലീഷുകാർ അവരെ കൂലികൾ എന്നാണ് വിളിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഗാന്ധിജിയെ ഒരു കൂലി ബാരിസ്റ്ററായിട്ടാണ് ഇംഗ്ലീഷുകാർ പരിഗണിച്ചത്. ഇന്ത്യൻ കച്ചവടക്കാരെ കൂലി കച്ചവടക്കാരായും.
ട്രെയിനിലെ ദുരനുഭവം
ഡർബനിൽനിന്ന് കേസുമായി ബന്ധപ്പെട്ട് ജോഹനാസ് ബർഗിലേക്ക് ഗാന്ധിജിക്ക് യാത്രചെയ്യേണ്ടിവന്നു. യാത്രയ്ക്കുള്ള ഒന്നാം ക്ലാസ് ടിക്കറ്റും മറ്റ് അനുബന്ധ കാര്യങ്ങളും അദ്ദേഹത്തെ അവിടെ വിളിച്ചുവരുത്തിയവർ ചെയ്തിരുന്നു. ഡർബനിൽനിന്ന് ഒന്നാം ക്ലാസ് കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ഗാന്ധിജിയോട് പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് മൂന്നാം ക്ലാസ് കംപാർട്ട്മെന്റിലേക്ക് മാറണമെന്ന് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. തനിക്ക് ഒന്നാം ക്ലാസ് ടിക്കറ്റുണ്ടല്ലോ എന്ന് ഗാന്ധിജി പറഞ്ഞു. അതിൽ കാര്യമില്ല. നിങ്ങൾ തീർച്ചയായും ഇതിന്റെ മുന്നിലെ കംപാർട്ട്മെന്റിലേക്ക് പോകണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ഡർബനിൽ വച്ച് ഈ കംപാർട്ട്മെന്റിൽ യാത്ര ചെയ്യാൻ തന്നെ അനുവദിച്ചതാണെന്നും ഇതിൽതന്നെ തനിക്ക് പോകണമെന്നും ഗാന്ധിജി മറുപടിയായി അവരോടു പറഞ്ഞു. സാധ്യമല്ല നിങ്ങൾക്ക് അതിൽ പോകുവാൻ ആവില്ല. നിങ്ങൾ ഈ കംപാർട്ട്മെന്റിൽനിന്ന് മാറണം. അല്ലാത്തപക്ഷം നിങ്ങളെ പുറത്തേക്കെറിയാൻ എനിക്ക് പോലീസ് കോണ്‍സ്റ്റബിളിനെ വിളിക്കേണ്ടിവരും എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ശരി, നിങ്ങൾക്കങ്ങനെ ചെയ്യാം. ഞാൻ സ്വമേധയാ പുറത്തുപോകുവാൻ വിസമ്മതിക്കുന്നു എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. പോലീസുകാർ വന്ന് കൈക്കുപിടിച്ച് ഗാന്ധിജിയെ പുറത്തേക്കു തള്ളി. അദ്ദേഹത്തിന്റെ സാധനങ്ങളും പുറത്തേക്കെറിഞ്ഞു. കൈസഞ്ചിയുമായി വെയിറ്റിംഗ് റൂമിൽ ചെന്നിരുന്ന ഗാന്ധിജിയുടെ മറ്റു സാധനങ്ങൾ എറിയപ്പെട്ടിടത്തുതന്നെ കിടന്നു. റെയിൽവേ അധികാരികൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 1893 ജൂണ്‍ ഏഴിനു നടന്ന ഈ സംഭവത്തിന്റെ 130-ാം വാർഷികമാണിന്ന്.
അനീതിക്കെതിരേ പോരാടാൻ ഉറച്ച്
അപ്പോൾ അവിടെ മഞ്ഞുകാലമായിരുന്നു. അത്യധികമായ തണുപ്പുണ്ടായിരുന്നു. തണുപ്പ് അതികഠിനമായിരുന്നു. അതുകൊണ്ട് ഗാന്ധിജി അവിടെയിരുന്ന് വിറച്ചു. ആ മുറിയിൽ വെളിച്ചമുണ്ടായിരുന്നില്ല. തന്റെ കർത്തവ്യത്തെപ്പറ്റി അവിടെയിരുന്ന് ആലോചിച്ചുതുങ്ങി. എന്റെ അവകാശങ്ങൾക്കു വേണ്ടി ഞാൻ പടവെട്ടണമോ, അതോ ഇന്ത്യയിലേക്ക് മടങ്ങണമോ? അതോ ഈ അപമാനം അവഗണിച്ചുകൊണ്ട് പ്രിട്ടോറിയയിലേക്ക് പോവുകയും കേസ് തീർത്തിട്ട് ഇന്ത്യയിലേക്കു മടങ്ങുകയും ചെയ്യണോ? എന്റെ കടമ പൂർത്തീകരിക്കാതെ ഇന്ത്യയിലേക്ക് മടങ്ങുന്നത് ഭീരുത്വമായിരിക്കും. എനിക്ക് അനുഭവപ്പെട്ട കഷ്ടപ്പാടുകൾ കേവലം ഉപരിപ്ലവമാണ്; വർണവിദ്വേഷം എന്ന ആഴമേറിയ രോഗത്തിന്റെ ബാഹ്യലക്ഷണങ്ങൾ മാത്രം. കഴിയുമെങ്കിൽ ഈ രോഗത്തിന് ഉന്മൂലനാശം വരുത്താനും ആ പ്രക്രിയയിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ സഹിക്കാനും ഞാൻ ശ്രമിക്കണം. അതുകൊണ്ട് അടുത്ത കിട്ടുന്ന തീവണ്ടിയിൽ പ്രിട്ടോറിയയിലേക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.
എന്നാൽ, പിന്നീടുള്ള ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതം ഏറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു. കേസ് നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്ന ഗാന്ധിജി ഇരുപത്തിരണ്ട് വർഷത്തോളം ദക്ഷിണാഫ്രിക്കയിൽ താമസിക്കുകയുണ്ടായി.
ആദ്യ രാഷ്ട്രീയ പരീക്ഷണശാല
തന്റെ ജീവിതത്തെയും നാടിന്റെ ചരിത്രത്തെയും മറ്റിമറിച്ച നിരവധി സംഭവങ്ങളുടെയും ആദ്യ പരീക്ഷണശാലയായിരുന്നു അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കൻ ജീവിതം. 1906ൽ ഏഷ്യക്കാർക്ക് എതിരേയുള്ള കരിനിയമത്തിനെതിരേയാണ് അദ്ദേഹം സത്യഗ്രഹസമരമെന്ന കർമപരിപാടി ആദ്യം തുടങ്ങിവച്ചത്. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച റസ്ക്കിന്റെ ‘അണ് ടു ദ ലാസ്റ്റ്’ അടക്കമുള്ള പ്രധാന പുസ്തകങ്ങൾ വായിച്ചതും ആഫ്രിക്കൻ വാസക്കാലത്താണ്. ടോൾസ്റ്റോയി ഫാമിന്റെ ആരംഭവും ഫീനിക്സ് ആശ്രമത്തിന്റെ സ്ഥാപിക്കലും ഹിന്ദു സ്വരാജ് എന്ന ഗാന്ധിജിയുടെ പ്രഥമ പുസ്തകത്തിന്റെ രചനയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വഴിത്തിരിവുകളാണ്.
യാദൃച്ഛിക സംഭവങ്ങൾ ചരിത്രമാകുന്നു
യാദൃച്ഛിക സംഭവങ്ങളാണ് പലപ്പോഴും ചരിത്രം സൃഷ്ടിക്കുന്നത്. ആപ്പിൾ പഴം താഴേക്ക് പതിക്കുന്നതിനു പകരം എന്തുകൊണ്ട് മുകളിലേക്ക് പോകുന്നില്ലെന്നുള്ള ഐസക് ന്യൂട്ടന്റെ പഠനവും നിരീക്ഷണവും ശാസ്ത്രലോകത്ത് വലിയ കുതിപ്പിന് ഇടയാക്കി. അമേരിക്ക കണ്ടുപിടിക്കാൻ പുറപ്പെട്ട വാസ്കോഡി ഗാമ വഴി തെറ്റി കോഴിക്കോട് കാപ്പാട് തുറമുഖത്ത് 1498ൽ ഇറങ്ങിയത് കോളനി വാഴ്ചയ്ക്ക് ഇന്ത്യയിൽ തുടക്കംകുറിച്ചു. 1893 ജൂണ്‍ ഏഴിന് ഗാന്ധിജിക്ക് ട്രെയിനിലുണ്ടായ ദുരനുഭവം കോളനിവാഴ്ചയുടെ അവസാനത്തിന് ആരംഭം കുറിച്ചു.
ഒന്നാംക്ലാസിൽ സഞ്ചരിക്കാനുള്ള ടിക്കറ്റുമായി ട്രെയിനിൽ കയറിയ ഗാന്ധിജിയെ അവിടെ ഇരിക്കുന്നതിനെ കംപാർട്ടുമെന്റിലുള്ള വെള്ളക്കാർ എതിർത്തിരുന്നു. ഒന്നാം ക്ലാസിൽ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം വെള്ളക്കാർക്കു മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. ആ സംഭവം ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അസ്തിവാരം ഇളക്കുന്നതിനും ലോകത്തൊട്ടാകെ ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും ഇടയാക്കി. പീറ്റർമാരിറ്റസ്ബർഗ് സംഭവം ചരിത്രഗതിയെ മാറ്റിമറിച്ചു. തനിക്ക് സാധ്യമായിരുന്ന വിജയകരമായ അഭിഭാഷകജീവിതം ഗാന്ധിജി വേണ്ടെന്നു വച്ചു. നിയമലോകത്തുനിന്ന് അദ്ദേഹം മഹത്വത്തിലേക്കും അനശ്വരതയിലേക്കുമാണ് ഈ സംഭവത്തെത്തുടർന്ന് നടന്നുകയറിയത്. തന്റെതന്നെ ലക്ഷ്യങ്ങളെക്കുറിച്ചും തന്റെ ചുറ്റിലുമുള്ള ലോകത്തെക്കുറിച്ചും പുതിയ ചോദ്യങ്ങൾ ചോദിക്കാനുള്ള അന്തഃപ്രേരണയും അദ്ദേഹത്തിലുളവായി.
ഗാന്ധിജിയുടെ മറ്റുചില അനുഭവങ്ങളും തീരുമാനങ്ങളും ചരിത്രഗതിയെ കാര്യമായി സ്വാധീനിച്ചവയാണ്. ഉപ്പുസത്യഗ്രഹത്തിനുവേണ്ടി നടത്തിയ ദണ്ഡിമാർച്ചും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും സമാധാനപരമായ പ്രതിരോധം അഥവാ അഹിംസാത്മകമായ സമരമാർഗവും അവയിൽ ചിലതു മാത്രമാണ്. പുതിയ ഒരു രാജ്യത്തിന്റെ പിറവിക്കും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതിനും അവ കളമൊരുക്കി.
ലോകത്തിന്റെ വിമോചകൻ
ഗാന്ധിജിയുടെ സ്വാധീനവും ശക്തിയും ലോകത്ത് എവിടെയും ദർശിക്കാമെന്ന് നെൽസണ്‍ മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരവധി ലോകനേതാക്കളെയും സാമൂഹ്യ-ഭൗതിക ശാസ്ത്രജ്ഞരെയും ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാർട്ടിൻ ലൂഥർ കിംഗ്, നെൽസണ്‍ മണ്ടേല, ഷൂ മാക്കർ, ഐൻസ്റ്റീൻ ഉൾപ്പെടെയുള്ള ആ നിര വളരെ നീണ്ടതാണ്. കമ്യൂണിസ്റ്റ് ചൈന ഗാന്ധിജി പഠനകേന്ദ്രം സ്ഥാപിക്കുവാൻ തീരുമാനിച്ചതും ഗാന്ധിജിയുടെ ആശയങ്ങൾ സർവതലസ്പർശിയും സാർവദേശീയവുമാണെന്നുള്ളതിന്റെ തെളിവാകുന്നു. നെൽസണ്‍ മണ്ടേലയുടെ പ്രത്യേക താത്പര്യപ്രകാരം പീറ്റർമാരിറ്റ്സ്ബർഗ് സംഭവത്തിന്റെ നൂറാം വാർഷികം, ഗാന്ധിജിയെ വെള്ളക്കാർ തള്ളിയിട്ട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചാണ് 1997 ജൂണ്‍ ഏഴിന് നടത്തിയത്.
ചരിത്രഗതിയെ നിർണയിച്ച നിർവചനനിമിഷങ്ങളെ പലപ്പോഴും നമ്മൾ ഓർക്കാറില്ല. മഹാന്മാരുടെ ജന്മദിനം കൊണ്ടാടുന്ന നമ്മൾ അവർ ഉയർത്തിപ്പിടിച്ച ആശയങ്ങളും സിദ്ധാന്തങ്ങളും വിസ്മരിക്കുകയും ചെയ്യുന്നു. എന്താണ് ആഘോഷിക്കേണ്ടത് എന്നത് നാം പലപ്പോഴും മറക്കുകയും ചെയ്യുന്നു. ജന്മദിനങ്ങളിൽ ലഭിക്കുന്ന അവധിയിൽ മാത്രമാണ് നമുക്കു താത്പര്യമുള്ളത്. ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകുന്ന നിർണായക സംഭവങ്ങളും അനുഭവങ്ങളും വ്യക്തികളെ കരുത്തരാക്കുകയും പുതിയ നേട്ടങ്ങൾ കൈവരിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യും. ദേശീയതലത്തിൽ ശരിയായിട്ടുള്ളത് വ്യക്തിതലത്തിലും ശരിയാകാം. നിർവചനനിമിഷങ്ങളെക്കുറിച്ചുള്ള ഓർമകൾ വ്യക്തികളെ പ്രചോദിപ്പിക്കുകയും പുതിയ കാര്യങ്ങൾ ചെയ്യാൻ ശക്തീകരിക്കുകയും ചെയ്യും. ഓരോ വ്യക്തിയും രാഷ്ട്രങ്ങളും നിർണായക ചരിത്രസംഭവങ്ങളെ എന്നും ഓർക്കുകയും അത്തരം സംഭവങ്ങളുടെ ചൈതന്യം ഓരോ ദിവസവും പുതുക്കുകയും ഉൾക്കൊള്ളുകയും ചെയ്തുകൊണ്ട് ആഘോഷിച്ചാൽ അതൊരു രാഷ്ട്രത്തിന്റെ ജീവിതത്തെ കൂടുതൽ അർഥപൂർണമാക്കുകയും വലിയ തോതിൽ മാറ്റിമറിക്കുകയും ചെയ്യും. അസാധാരണ വ്യക്തിത്വങ്ങൾ മികവുറ്റ രാഷ്ട്രങ്ങളുടെ നിർമിതിക്ക് കാരണമാകും. ഓരോ ദിവസവും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവരെ സ്മരിക്കുകയും ജൂണ്‍ ഏഴിന്റെ ചരിത്രപ്രാധാന്യം എന്നും ഓർത്തുകൊണ്ട് രാജ്യത്തിന്റെ പുനർനിർമാണ പ്രക്രിയയ്ക്ക് നമുക്ക് പുതിയ മാനം നൽകാം. ഓഗസ്റ്റ് 15 പോലെയും ഒക്ടോബർ രണ്ട് പോലെയും പ്രാധാന്യമുള്ള ദിനമാകട്ടെ എല്ലാ ഭാരതീയർക്കും ജൂണ്‍ ഏഴ്.
നൂറ്റിമുപ്പതാം വാർഷികം
പീറ്റർമാരിറ്റ്സ്ബർഗ് സംഭവത്തിന്റെ നൂറ്റിമുപ്പതാം വാർഷികം പ്രമാണിച്ച് ഗാന്ധിജി-മാർട്ടിൻ ലൂഥർ കിംഗ്-നെൽസണ്‍ മണ്ടേല ഫൗണ്ടേഷൻ, ഭാരത സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയം, ആഫ്രിക്കൻ യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായി ഇന്നലെ മുതൽ ഒമ്പതുവരെ പീറ്റർമാരിറ്റസ്ബർഗിൽ ‘ഗാന്ധിജി ലോകത്തിന്റെ വിമോചകൻ’ എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളോടൊപ്പം ഇന്ത്യയിൽനിന്ന് ലേഖകനടക്കം 40 പേർ ഈ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.