അപായമണികൾ മുഴങ്ങുമ്പോൾ
Thursday, June 8, 2023 12:46 AM IST
ഡോ. സാബു ഡി. മാത്യു
കേരളം ഒരിക്കൽകൂടി വിദ്യാർഥികളെയും കലാലയ സാഹചര്യങ്ങളെയും കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സമയമാണിത്. കൗമാരത്തിൽതന്നെ വീട്ടിൽനിന്നു പറിച്ചുനടപ്പെടുന്നവർ മറ്റൊട്ടേറെ സമ്മർദങ്ങൾക്കുകൂടി അടിപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്. നമ്മുടെ കാമ്പസുകൾ ഇപ്പോൾ എത്രമാത്രം സുരക്ഷിതമാണ്? നമ്മുടെ ഭവനാന്തരീക്ഷം വിദ്യാർഥികൾ എത്രകണ്ട് ഇഷ്ടപ്പെടുന്നു? എവിടെയാണ് നമുക്കു പിഴച്ചത്? എവിടെയാണ് മാറ്റങ്ങൾ വരേണ്ടത്? സമീപനങ്ങൾ മാറേണ്ടത്? ഇനിയും ഇത്തരം ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കുന്നില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് നേരിടുന്നത് ഭാവി തലമുറയാകും.
അർഥശങ്കയില്ലാതെതന്നെ പറയട്ടെ, ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാക്കാലത്തും പ്രശസ്തമായിരിക്കുന്നത് അവ ഉയർത്തിപ്പിടിക്കുന്ന മികച്ച വിദ്യാഭ്യാസം, അച്ചടക്കം, തുല്യത എന്നിവയുടെ പേരിലാണ്. ഉന്നതവിജയം നേടുന്ന വിദ്യാകേന്ദ്രങ്ങളിൽ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിന്റേതു തന്നെയെന്ന സത്യവും നിലനിൽക്കുന്നു.അതുകൊണ്ടുതന്നെ അവിടെയുണ്ടാകുന്ന എല്ലാ സംഭവങ്ങളും പൊതുസമൂഹം സ്വാഭാവികമായും ചർച്ച ചെയ്യും. എന്നാൽ, ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളെ ക്രൂശിക്കാനുള്ള കുത്സിത ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനുമാവുകയില്ലല്ലോ.
നമ്മുടെ വിദ്യാർഥികൾ മുമ്പെന്നത്തേക്കാളും മനോസംഘർഷത്തിലാണ്. കോവിഡ് മഹാമാരിക്കാലത്ത് വീടിനുള്ളിൽ നവമാധ്യമങ്ങളുടെ ‘തടവറ’യിൽ കുടുങ്ങിക്കിടന്നവർ മോചിതരായപ്പോൾ അനുഭവിച്ച സ്വാതന്ത്ര്യത്തെ അവർ എങ്ങനെ കണ്ടുവെന്ന് ആരും ഒരിക്കലും അന്വേഷിച്ചില്ല. ഒരു തലമുറയെ രൂപകല്പന ചെയ്തുകൊണ്ടിരുന്ന അധ്യാപകരുടെ സമ്മർദങ്ങളെക്കുറിച്ച് നമ്മുടെ സമൂഹം ഇതുവരെ മനസിലാക്കിയിട്ടില്ല. കോവിഡ് കാലത്ത് കട്ടിലിൽ പുതപ്പിനടിയിൽ കിടന്ന് ഹാജർ പറഞ്ഞ മക്കളെ തിരുത്തുവാനോ മേശയും കസേരയും നൽകി കൃത്യമായ പഠനാന്തരീക്ഷം ഒരുക്കാനോ നാം തയാറായതുമില്ല. പരീക്ഷകളിൽ മുഴുവൻ മാർക്കും ലഭിക്കുവാൻ വേണ്ടി പുസ്തകങ്ങൾ തുറന്ന് മക്കൾ പരീക്ഷയെഴുതിയപ്പോൾ ഇത് ശരിയല്ല എന്നുപദേശിച്ചവരുടെ എണ്ണം എത്രയുണ്ട്? സർവതന്ത്ര സ്വതന്ത്രരായി മക്കളെ വളർത്തിയ വർഷങ്ങളുടെ തിരിച്ചടികളായി ഏതു സംഭവത്തെയും കാണാൻ നമുക്കു കഴിയുന്നില്ലെങ്കിൽ ഇത്തരം അപകടങ്ങളുടെ ആവർത്തനങ്ങളെ ഇനിയും നമുക്കു നേരിടേണ്ടിവരും.
നമ്മുടെ ജനസംഖ്യയുടെ 53.7 ശതമാനം 25 വയസിൽ താഴെയുള്ളവരാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ 2020ൽ പുറത്തുവിട്ട കണക്കനുസരിച്ച് ഓരോ 42 മിനിട്ടിലും ഓരോ കുട്ടി സ്വയം ജീവനൊടുക്കുന്നുണ്ട്. എൻസിആർബിയുടെ കണക്കനുസരിച്ച് 2020ൽ 12,526 വിദ്യാർഥികൾ ജീവനൊടുക്കിയപ്പോൾ 2021ൽ അത് 13,089 ആയി ഉയർന്നു. കുട്ടികളുടെ മാനസികാരോഗ്യം, സാമ്പത്തിക, സാമൂഹിക-സാംസ്കാരിക, ജീവശാസ്ത്ര പ്രശ്നങ്ങൾ എന്നിവ സ്വയംഹത്യയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി കർഷക ആത്മഹത്യകളെക്കുറിച്ചും നാം നിരന്തരം കേൾക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വിദർഭ ഇതിനു പേരുകേട്ട സ്ഥലമാണ്, കേരളത്തിൽ വയനാടും. കർഷക ആത്മഹത്യക്ക് നിയതമായ കാരണങ്ങൾ കണ്ടെത്തുവാനാവുമെന്നത് വിദ്യാർഥികളുടെ ആത്മഹത്യയിൽനിന്ന് അതിനെ വേറിട്ടതാക്കുന്നു. സാമൂഹികശാസ്ത്ര പഠിതാക്കൾ വിദ്യാർഥി പ്രശ്നങ്ങളെ ഇനിയും ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. ആത്മഹത്യയുടെ കണക്കുകളിൽ കർഷകരുടെ ആത്മഹത്യ ഏഴു ശതമാനം മാത്രമായിരിക്കുമ്പോൾ വിദ്യാർഥികളുടേത് അതിനേക്കാൾ അധികമാണെന്ന് നമ്മൾ ഇനിയും തിരിച്ചറിയണം.
മാതാപിതാക്കളുടെ സ്വപ്നങ്ങൾ പൂവണിയിക്കാനുള്ള അവസരങ്ങളായി സ്വന്തം മക്കളെ മാറ്റാൻ ശ്രമിക്കരുതെന്ന് അവരെയും ഓർമിപ്പിക്കട്ടെ. കഠിനമായ അധ്വാനവും ഉയർന്ന മേധാശക്തിയും പൂർണമായ അർപ്പണബോധവും ആവശ്യമുള്ളവയാണ് പ്രഫഷണൽ വിദ്യാഭ്യാസരംഗം. പ്രത്യേകിച്ച് മെഡിക്കൽ, എൻജിനിയറിംഗ് മേഖലകൾ. അവിടെ അടിതെറ്റുന്ന വിദ്യാർഥികളെ മനസിലാക്കാനും വേണ്ടിവന്നാൽ തിരികെ നടക്കാനും അവരെ പ്രേരിപ്പിക്കാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും കഴിയണം. കർശനമായ ഒരു മൊബൈൽ സാക്ഷരത ഉണ്ടാക്കിയെടുക്കാൻ പൊതുസമൂഹവും മുൻകൈയെടുക്കണം. വളരുന്ന തലമുറയെ അവരുടെ താത്പര്യങ്ങൾക്കനുസൃതമായി മാത്രം വളരാൻ അനുവദിച്ചു കൂടാ. അതിൽ കലാലയ മേലധികാരികൾ സ്വീകരിക്കുന്ന നിലപാടുകൾക്കൊപ്പം നിൽക്കാൻ വിവേകമതികൾക്കു കഴിയണം.
ലഹരിയും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നതും നിഷേധിച്ചുകൂടാ. ആസൂത്രിതമായ ഒരു വിപണനശൃംഖലയുടെ സാന്നിധ്യവും സമ്മർദവും നമുക്കു ചുറ്റുമുണ്ട്. സ്കൂളുകളിലെ ജന്മദിനാഘോഷങ്ങളിൽ ചോക്ലേറ്റ് വിതരണം ചെയ്യുന്നതു പോലും നിരോധിച്ചതിന് സ്കൂൾ അധികാരികളെ നാം നമിക്കേണ്ടതുണ്ട്. ചുറ്റിനുമുള്ള ചതിക്കുഴികളെ തിരിച്ചറിയാൻ മക്കളെ നാം അഭ്യസിപ്പിച്ചേ മതിയാവൂ. പഠനത്തിന്റെ പിരിമുറുക്കങ്ങളെ അതിവർത്തിക്കാൻ കുട്ടികളെയും നാം പരിശീലിപ്പിക്കേണ്ടതുണ്ട്.
പ്രഫഷണൽ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ജീവിതത്തെ മനസിലാക്കാനുള്ള പാഠങ്ങൾ എത്രമാത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും പരിശോധനാവിഷയമാക്കണം. എൻജിനിയറിംഗ്, മെഡിക്കൽ വിദ്യാർഥികൾക്കും ജീവിതഗന്ധിയായ വിഷയങ്ങളുൾപ്പെടുത്തിയുള്ള പാഠ്യപദ്ധതി പരിഷ്കാരങ്ങൾ അടിയന്തരമായി ഉണ്ടാകണം. ഹൈദരാബാദ് സർവകലാശാലയിൽ നടന്ന ഒരു പഠനത്തിൽ, ആർട്സ് വിഷയങ്ങളിൽ ആവിഷ്കാര സാധ്യതയുള്ള കലാരൂപങ്ങൾ (Performing arts) പഠിക്കുന്ന വിദ്യാർഥികൾ ഏറെ മാനസികോല്ലാസം അനുഭവിക്കുന്നതായി കണ്ടെത്തുകയുണ്ടായല്ലോ.
പ്രഫഷണൽ വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളെ വേർതിരിച്ച് സമൂഹത്തിന്റെ ഉന്നതസോപാനങ്ങളിൽ പ്രതിഷ്ഠിക്കുന്ന പതിവിൽനിന്ന് പൊതുസമൂഹവും പിന്തിരിയണം. മികച്ച പരിശീലനകേന്ദ്രത്തിൽ പ്രവേശനം ലഭിക്കുമ്പോൾ മുതൽ ഇത്തരം ഉയർന്ന മാനസികാവസ്ഥയിൽ എത്തിച്ചേരുന്ന വിദ്യാർഥികളുണ്ട്. യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഇത്തരക്കാരായിരിക്കും ആദ്യം നിലവിട്ട് നിലംപതിക്കുന്നത്.
നമ്മുടെ ശിക്ഷാരീതികൾ എല്ലാംതന്നെ പരിഷ്കരണത്തിന് വിധേയമായി കുട്ടികളെ ശിക്ഷിക്കുന്നത് ശരിയായ സമീപനമല്ലെന്ന് ആരൊക്കയോ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചെറിയ ശാസനയുടെ മുമ്പിൽ പോലും യുവതലമുറ പതറിപ്പോവുകയാണ്. നേർവഴിക്കു നടക്കാൻ നൽകുന്ന നിർദേശങ്ങൾപോലും ഇവർ തെറ്റായി വ്യാഖ്യാനിക്കുന്നു. ഫലമോ ജീവിത നൈരാശ്യം! തീയിൽ കുരുത്ത ജീവിതങ്ങൾക്ക് വെയിലത്തു വാടാനാവില്ല എന്നത് പഴയ പ്രമാണമല്ല, ഇന്നും സംഗതമായ തത്വം തന്നെ.
ടീനേജിലെ വിദ്യാർഥികൾക്ക് അതീവശ്രദ്ധ കൊടുക്കാൻ അടിയന്തരമായിത്തന്നെ നാം പഠിക്കേണ്ടിയിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അവർ എന്നന്നേക്കുമായി നഷ്ടപ്പെട്ടവർ തന്നെ. ഇതിനെല്ലാം മുൻകൈയെടുക്കേണ്ടതും നേതൃത്വപരമായ നടപടികൾ സ്വീകരിക്കേണ്ടതും സർക്കാരാണ്. വിശ്വഭാരതിയിലെ പ്രശസ്ത വിദ്യാർഥിയായിരുന്ന മഹാശ്വേതാ ദേവി പറഞ്ഞ “ഒരു പ്രവർത്തനവും നിരർഥകമല്ല’’ എന്ന വാക്കുകൾ നമ്മെ നിരന്തരം പ്രചോദിപ്പിക്കേണ്ടതാണ്.
കേരളീയസമൂഹം വിദ്യാർഥികളുടെ ആത്മഹത്യയെ ഗൗരവമായി കാണണം. തെക്കൻ സംസ്ഥാനങ്ങളിലെ ആത്മഹത്യാനിരക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലാണ്. ഏറെ പ്രതീക്ഷകളോടെ വളർത്തിക്കൊണ്ടുവരുന്ന സ്വന്തം മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയോളം വലിയ മറ്റൊരു വേദനയില്ല. അതേ വേദനതന്നെയാണ് അകാരണമായി ആക്രമിക്കപ്പെടുന്ന ഏതു വിദ്യാഭ്യാസസ്ഥാപനവും അനുഭവിക്കുന്നതെന്നുള്ള തിരിച്ചറിവിലെത്താൻ നാം ഇനിയും എത്ര കാതം നടക്കണം? നമുക്കുചുറ്റും മുഴങ്ങുന്നത് അപായമണികളാണ്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നാമിനിയും വൈകുന്നുവെങ്കിൽ നമുക്ക് വലിയ വില കൊടുക്കേണ്ടിവരും.
(പാലാ സെന്റ് തോമസ് കോളജിലെ മുൻ അധ്യാപകനാണ് ലേഖകൻ)