നീതിയുടെ ഗോദയിൽ കാലിടറുന്പോൾ..!
Thursday, June 8, 2023 10:47 PM IST
രാഹുൽ ഗോപിനാഥ്
ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഇടംപിടിച്ച കർഷകസമരവും പൗരത്വ നിയമത്തിനെതിരേ നടന്ന പ്രക്ഷോഭവും പോലെ ഗുസ്തിതാരങ്ങളുടെ സമരമേൽപ്പിച്ച പ്രഹരവും മോദിസർക്കാരിന്റെ ഉള്ളുലച്ചുവെന്നു വ്യക്തം. കഴിഞ്ഞദിവസങ്ങളിൽ ഗുസ്തിതാരങ്ങളെ രണ്ടു തവണയാണ് മോദി സർക്കാർ ചർച്ചയ്ക്കു വിളിച്ചത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പിന്നാലെ കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും താരങ്ങളുമായി ചർച്ച നടത്തി. കർഷകസമരം അവസാനിപ്പിച്ച അതേ മാതൃകയിലാണ് മോദിസർക്കാർ ഗുസ്തിതാരങ്ങളുടെ സമരവും അവസാനിപ്പിച്ചത്. കാർഷികവിളകളുടെ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുടെ പട്ടികയിൽ ലഖിംപുർ ഖേരി കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കർഷകസമരം അവസാനിച്ചിട്ടും അജയ് മിശ്ര ഇന്നും ബിജെപിയുടെ കേന്ദ്രമന്ത്രിയായി തുടരുന്നു.
ബ്രിജ് ഭൂഷണിനെതിരായ കേസിലെ അന്വേഷണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നതാണ് താരങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുള്ള ഉറപ്പ്. പക്ഷേ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പാർലമെന്റ് വളയൽ സമരത്തിനു ശ്രമിച്ച ഗുസ്തിതാരങ്ങൾക്കെതിരേ ഡൽഹി പോലീസ് ചുമത്തിയിട്ടുള്ള കേസുകൾ പിൻവലിക്കും, ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 30നുള്ളിൽ പൂർത്തിയാക്കും, ബ്രിജ് ഭൂഷണും അനുയായികളും ഫെഡറേഷന്റെ കമ്മിറ്റികളിൽ അംഗമാകില്ല, ഫെഡറേഷന്റെ പരാതിപരിഹാര സമിതിയുടെ അധ്യക്ഷയായി വനിതാ ഉദ്യോഗസ്ഥയെ നിയമിക്കും തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് കായികമന്ത്രി രേഖാമൂലം ഉറപ്പു നൽകി. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെങ്കിൽ ആദ്യം അന്വേഷണം പൂർത്തിയാകട്ടെ എന്നതാണ് കായികമന്ത്രിയുടെ ലൈൻ. ബുധനാഴ്ച ആറു മണിക്കൂർ നീണ്ട യോഗം പിരിഞ്ഞ് ഗുസ്തിതാരങ്ങളെ ഒരുവിധത്തിൽ ആശ്വസിപ്പിച്ചു പറഞ്ഞയച്ച രാത്രിതന്നെ മറ്റൊരു വാർത്തകൂടി പുറത്തായി - ബ്രിജ് ഭൂഷണിനെതിരേ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തിതാരം മൊഴിമാറ്റി. ലൈംഗികാതിക്രമം നടന്ന സമയത്ത് പെണ്കുട്ടി പ്രായപൂർത്തിയായിരുന്നു എന്നായി പുതിയ മൊഴി.
കൈ നനയാതെ ബിജെപി
ഏതായാലും നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി ഗുസ്തിതാരങ്ങളുടെ സമരത്തിന് പരിഹാരം കണ്ടെത്താനുള്ള ബിജെപിയുടെ ശ്രമം വിജയിച്ചു. ഗുസ്തിതാരങ്ങൾ സമരം താത്കാലികമായി പിൻവലിച്ചു. താരങ്ങളുടെ പരാതിയിൽ 15നകം നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പു നൽകി. നിയമം എല്ലാവർക്കും ഒരേ പോലെയാണെന്ന് അമിത് ഷായും അനുരാഗ് ഠാക്കൂറും ആവർത്തിച്ചതിന്റെ അർഥമെന്തെന്ന് ബിജെപിക്കാർക്കു പോലും മനസിലായി വരുന്നതേയുള്ളൂ. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം പാർലമെന്റ് വളയൽ മാർച്ചിന് ഇറങ്ങിയ താരങ്ങളെ പോലീസ് കൈകാര്യം ചെയ്തത് ദേശത്തും വിദേശത്തും ചർച്ചയായിരുന്നു. ഇനിയും അപമാനം ഏറ്റുവാങ്ങാനില്ലെന്നു പ്രഖ്യാപിച്ച് രാജ്യത്തിനായി നേടിയ മെഡലുകൾ കണ്ണീരിൽ മുക്കി ഗംഗയിൽ ഒഴുക്കാൻ താരങ്ങൾ ഒരുന്പെട്ടതും ചരിത്രമായി.
ജന്തർമന്തറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമരവേദി പോലീസ് ഒഴിപ്പിച്ചു. ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുമതിയില്ല. ബ്രിജ് ഭൂഷണിനെ പൂട്ടിയാലും ഇല്ലെങ്കിലും താരങ്ങളെ വീണ്ടും സമരത്തിന് വിടാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ല.
സഹികെട്ടപ്പോൾ സമരം
വർഷങ്ങളായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷസ്ഥാനത്തിരുന്ന ബ്രിജ് ഭൂഷൺ സിംഗിന്റെ ചെയ്തികളിൽ സഹികെട്ടാണു താരങ്ങൾ തെരുവിലിറങ്ങിയത്. ജന്തർമന്തറിൽ ഉയർത്തിക്കെട്ടിയ ഫ്ളെക്സ് ബോർഡുകളായിരുന്നു സമരപ്പന്തലിന്റെ മുഖ്യ ആകർഷണം. ഫ്ളെക്സിന്റെ ഒരു ഭാഗത്ത് ബ്രിജ് ഭൂഷൺ നാളിതുവരെ പ്രതിയായ ക്രിമിനൽ കേസുകളും മറുഭാഗത്ത് ഒളിന്പിക്സ് മെഡലുകൾ ഉൾപ്പെടെ ഗുസ്തിതാരങ്ങൾ ദേശത്തും വിദേശത്തും നേടിയ മെഡലുകളുടെ നീണ്ട പട്ടികയും. ഞങ്ങളിനി കൂടുതലൊന്നും പറയേണ്ടല്ലോ എന്ന മട്ടിൽ സ്ഥാപിച്ച ഫ്ളെക്സുകൾ. വാസ്തവത്തിൽ ആ ഫ്ളെക്സുകൾ അവിടെ സ്ഥാപിച്ചു താരങ്ങൾ ഒരക്ഷരം ഉരിയാടാതെ സമരപ്പന്തലിൽ ഇരുന്നാലും സമരം വിജയിക്കുമായിരുന്നു. പ്രായപൂർത്തിയാകാത്ത വനിതാതാരം ഉൾപ്പെടെ ഏഴ് ഗുസ്തിതാരങ്ങൾ ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിലെത്തി പരാതി സമർപ്പിച്ചു. പരാതി കണ്ട പോലീസ് ഞെട്ടിയില്ല. പകരം പോലീസിന്റെ തണുപ്പൻ പ്രതികരണത്തിൽ ഞെട്ടിയതു താരങ്ങളാണ്.
പിന്തുണപ്രവാഹം
പരാതി ലഭിച്ചു ദിവസം രണ്ടു കഴിഞ്ഞിട്ടും ബ്രിജ് ഭൂഷണിനെതിരേ ഒരു ചെറുവിരൽ പോലും അനക്കാൻ പോലീസിന് ഉദ്ദേശ്യമില്ലെന്നു മനസിലാക്കിയ താരങ്ങൾ മുഴുവൻ രാഷ്ട്രീയപാർട്ടികളുടെയും പിന്തുണ തേടി. ജന്തർമന്ദറിൽ രാപകൽ സമരം ആരംഭിക്കുന്നതിനു മുന്പ് രാഷ്ട്രീയക്കാരെ അടുപ്പിക്കേണ്ടെന്നു തീരുമാനിച്ചിരുന്ന ഗുസ്തിതാരങ്ങൾ ഇക്കുറി എല്ലാവരെയും സ്വാഗതം ചെയ്തു. ഇൻസാഫ് കേ സിപാഹി (നീതിയുടെ പോരാളി) എന്നപേരിൽ പുതിയ പാർട്ടി ആരംഭിച്ച മുൻ കോണ്ഗ്രസ് നേതാവ് കപിൽ സിബൽ താരങ്ങളുടെ പരാതിയുമായി സുപ്രീംകോടതിയിൽ എത്തി. ബ്രിജ് ഭൂഷണിനെതിരായ താരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ പോക്സോ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ. സുപ്രീംകോടതി ഡൽഹി പോലീസിനോട് മറുപടി തേടി.
ഗുസ്തിതാരങ്ങളുടെ സമരം ഒരാഴ്ച പിന്നിട്ടു. കേസെടുക്കാമെന്ന് കോടതി ചോദിക്കുന്നതിനു മുന്പേ ഡൽഹി പോലീസ് സമ്മതിച്ചു. പരാതിക്കാരായ ഗുസ്തിതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്താകരുതെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒട്ടും വൈകാതെ ഗുസ്തിതാരങ്ങളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹർജിക്കാരുടെ ആവശ്യം നടന്നുവെന്നു പറഞ്ഞ് പിന്നെ സുപ്രീംകോടതിയും ഒട്ടും വൈകിച്ചില്ല. കേസ് തീർപ്പാക്കി. ഇനി വല്ല പരാതിയുമുണ്ടെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാനും താരങ്ങളോട് പറഞ്ഞു. സുപ്രീംകോടതി ആ പറഞ്ഞതിൽ താരങ്ങൾ ഒന്ന് അന്പരന്നെങ്കിലും കോടതിയെ മറുത്ത് ഒരക്ഷരം പറയരുതെന്ന് അവർ തീരുമാനിച്ചിരുന്നു. പിന്നെയും ഒരാഴ്ച കടന്നുപോയി. കേസിൽ എഫ്ഐആർ ഇട്ടിട്ടും താരങ്ങളുടെ മൊഴിയെടുക്കാൻ പോലീസ് തയാറായില്ല. ദേഷ്യംപൂണ്ട താരങ്ങൾ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലെത്തി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രഹസ്യമൊഴിയെടുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
നിലപാടില്ലാതെ പോലീസ്
സുപ്രീംകോടതി ഇടപെട്ട കേസാണ്. രാജ്യത്ത് കത്തിനിൽക്കുന്ന വിഷയം. മജിസ്ട്രേറ്റ് കോടതിയും അതേ ഗൗരവത്തോടെ കേസ് പരിഗണിച്ചു. ഗത്യന്തരമില്ലാത്ത പോലീസ് പലപ്പോഴായി താരങ്ങളുടെ മൊഴിയെടുത്തു. മൊഴിയെടുത്ത് ബോധിച്ച പോലീസിന് ബ്രിജ് ഭൂഷൺ കുറ്റക്കാരനാണെന്നു മാത്രം ബോധിച്ചില്ല. തെളിവില്ലത്രേ. താരങ്ങളുടെ പരാതി ഗൗരവമേറിയതെന്ന് കോടതിയിൽ പറഞ്ഞ പോലീസ് പിന്നീട് അത് അബദ്ധത്തിൽ പറഞ്ഞതാണെന്നു പറയാനും മടിച്ചില്ല. ഇട്ട ട്വീറ്റും പിൻവലിച്ച് ഡൽഹി പോലീസ് പറന്നു. പോലീസിന്റെ നടപടിയിൽ മനം മടുത്ത താരങ്ങൾ സമരം കടുപ്പിക്കാൻതന്നെ തീരുമാനിച്ചു. പിന്നാലെ സമരത്തിന് ജനപിന്തുണ നേടി ഗുസ്തിതാരങ്ങൾ ഡൽഹിയുടെ വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസിൽ എത്തി. പോലീസ് സുരക്ഷ നൽകി. ജനങ്ങൾ പിന്തുണച്ചു. മനോവീര്യം വീണ്ടെടുത്ത താരങ്ങൾ തൊട്ടടുത്ത ദിവസം രാജ്ഘട്ടിലെത്തി. ഗാന്ധിസമാധിയിൽ തൊഴുതു വണങ്ങി. തൊട്ടടുത്ത ദിവസമാണ് താരങ്ങൾ ശരിക്കും ഞെട്ടിച്ചത്. പ്രതിഷേധ മാർച്ചുമായി ഇന്ത്യാ ഗേറ്റിലേക്ക്. കൈകളിൽ കത്തിച്ച മെഴുകുതിരിയുമേന്തി താരങ്ങളും താരങ്ങൾക്ക് പിന്തുണയുമായി എത്തിയവരും. സമരം ഇന്ത്യാ ഗേറ്റ് വരെയെത്തിച്ച ഗുസ്തിതാരങ്ങളെ കണ്ട് ഡൽഹി അന്പരന്നു.
പത്തി മടക്കി ബ്രിജ് ഭൂഷൺ
ഗുസ്തിക്കാരുടെ സമരത്തിൽ കർഷകരും ഖാപ് നേതാക്കളും ഇടപെടുന്നത് കാണാൻ മോദി സർക്കാർ ആഗ്രഹിക്കുന്നില്ല. ഗുസ്തിതാരങ്ങളുടെ ആവശ്യത്തിനു വഴങ്ങി ബ്രിജ് ഭൂഷണിനെ വിലങ്ങണിയിക്കാനും മോദി സർക്കാരിന് തിടുക്കമില്ല. ഖാപ് നേതാക്കളുടെ ഇടപെടലിനു പിന്നാലെ ഹരിയാനയിൽ ഒറ്റ ബിജെപി മന്ത്രിക്കുപോലും പൊതുപരിപാടികളിൽ പങ്കെടുക്കാനാകുന്നില്ലെന്നാണു പരാതി. മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിന് ഗുസ്തിതാരങ്ങൾ ഹരിദ്വാറിൽ എത്തിയ കാഴ്ച മനസ് വേദനിപ്പിക്കുന്നുവെന്ന് ഹിസാറിൽനിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിംഗും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജും പറഞ്ഞത് സംസ്ഥാന ബിജെപി നേതൃത്വത്തിന് പകൽവെളിച്ചത്തിൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന സത്യം പറയാതെ പറയുന്നുണ്ട്.
ഒന്നു ഞെരിച്ചാൽ ചാവുന്ന പ്രാണിയല്ല ബിജെപിക്ക് ബ്രിജ് ഭൂഷൺ. അയോധ്യ ഉൾപ്പെടുന്ന യുപിയുടെ അവധ് മേഖലയിൽ ഗണ്യമായ സ്വാധീനമുള്ള നേതാവായ ബ്രിജ് ഭൂഷണിന്റെ ചൊൽപ്പടിക്കു നിൽക്കാൻ ആവശ്യത്തിന് എംഎൽഎമാരുണ്ട്. സമരം കടുത്തപ്പോൾ അയോധ്യയിലെ സന്യാസിമാരെ സംഘടിപ്പിച്ചു പോക്സോ നിയമത്തിനെതിരേ ജൻചേതന റാലി നടത്താനും ബ്രിജ് ഭൂഷൺ ഒരുന്പെട്ടു. എന്നാൽ മുസാഫർനഗറിൽ ഖാപ് നേതാക്കളുടെ മഹാപഞ്ചായത്ത് നടന്നതിനു പിന്നാലെ അയോധ്യയിൽ ശക്തിപ്രകടനം നടത്തുന്നതിന് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി യോഗി സർക്കാർ അനുമതി നിഷേധിച്ചു. പിന്നാലെ ബ്രിജ് ഭൂഷണിനെതിരേയുള്ള താരങ്ങളുടെ പരാതിയിൽ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രം ചോർന്നു. ബ്രിജ് ഭൂഷണിനെ പ്രതിരോധിക്കാൻ ബിജെപി വക്താക്കൾക്ക് ഉൾപ്പെടെയുള്ള ശുഷ്കാന്തി കുറഞ്ഞു. ഇനി ബിജെപിക്ക് ഏറ്റവും അനുയോജ്യമായ മുഹൂർത്തത്തിൽ ബ്രിജ് ഭൂഷൺ അറസ്റ്റിലാകുമോയെന്നു മാത്രമേ അറിയേണ്ടതുള്ളൂ; ഇതോടെ നീതിക്കായുള്ള ഗുസ്തിക്ക് തിരശീല വീഴുമോയെന്നും!