അച്ചടക്കവും സദാചാരവും ഇല്ലാതെ വിദ്യാഭ്യാസം സാധ്യമോ?
Thursday, June 8, 2023 10:51 PM IST
പ്രഫ. ജോസ് ജോൺ മല്ലികശേരി
ഭാരതീയ സംസ്കൃതി പോലെ, സ്വാഭാവിക മനുഷ്യജീവിതത്തെ ആഴത്തിൽ അപഗ്രഥിച്ചിട്ടുള്ള വേറെയൊരു മാനവ സംസ്കൃതി ലോകത്തിലുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ ഈ സംസ്കൃതി അനുസരിച്ച്, മനുഷ്യന്റെ ആയുഷ്കാലത്തെ നാല് ഘട്ടങ്ങളായി തിരിക്കാറുണ്ട്. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെയാണത്. ഗൃഹസ്ഥം- വിവാഹം കഴിച്ച് കുടുംബത്തിൽ ജീവിക്കുന്നതിനെയും, വാനപ്രസ്ഥം- താൻ ജീവിതത്തിൽ നേടിയവ ഒന്നൊന്നായി തന്റെ പിന്മുറക്കാർക്ക് കൈമാറി ജീവിത വ്യാപാരങ്ങളിൽനിന്ന് സ്വതന്ത്രമാവുന്നതിനെയും സൂചിപ്പിക്കുന്നു. സന്യാസം എന്നത് ദൈവാന്വേഷണമാണ്: തന്റെ ഭൂമിയിലെ വാസകാലം അവസാനിക്കുന്നു എന്നു തിരിച്ചറിഞ്ഞ്, ഇവിടത്തെ കെട്ടുപാടുകളിൽനിന്ന് മനസിനെ മോചിപ്പിച്ച്, പരമാത്മാവിൽ അതിനെ ലയിപ്പിക്കാൻ ശ്രമിക്കേണ്ട കാലഘട്ടമാണിത്.
ഒന്നാമത്തെ ജീവിതഘട്ടമായ ബ്രഹ്മചര്യമാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യവിഷയം. ബ്രഹ്മചര്യമെന്നാൽ ബ്രഹ്മാവിൽ ചരിക്കുക എന്നാണ്. ഭാരതീയ ചിന്തയിൽ ജ്ഞാനം എന്നത് ദൈവികമായ ഒന്നായി കരുതപ്പെടുന്നു: അതിന്റെ ദേവതയായി സരസ്വതിയെയും സങ്കൽപ്പിക്കുന്നു. അതായത്, ബ്രഹ്മചര്യം എന്നത് വിശുദ്ധമായ ജീവിതത്തിന്റെ കാലഘട്ടം എന്നതിനൊപ്പം, ജ്ഞാനസമ്പാദനത്തിന്റെ കാലഘട്ടംകൂടിയാണ് എന്നു മനസിലാക്കണം. മനുഷ്യായുസിൽ, തുടർന്നുവരുന്ന ഘട്ടങ്ങളെയൊക്കെ ശരിയാംവണ്ണം നേരിടാനുള്ള ഒരുക്കൂട്ടാണ് ബ്രഹ്മചര്യ കാലഘട്ടത്തിൽ നിർവഹിക്കുന്നത്. ഈ കാലഘട്ടത്തിൽ, അറിവും ജ്ഞാനവും സ്വായത്തമാക്കിയ ഗുരുക്കന്മാർക്ക് ശിഷ്യപ്പെട്ട്, തികഞ്ഞ അനുസരണയോടും എളിമയോടും കൂടെ ചരിച്ചാൽ മാത്രമേ ലക്ഷ്യം പ്രാപിക്കാനാവൂ.
കാലവും ലോകവും മാറിയെങ്കിലും മനുഷ്യൻ മനുഷ്യൻ തന്നെയാണ്; വിശപ്പും ദാഹവും വികാരവിചാരങ്ങളും ചേർന്ന ആദിമുതലേയുള്ള അതേ മനുഷ്യൻ! ജനനവും മരണവുമുള്ള മനുഷ്യൻ; ജീവിതം ജീവിച്ചുതന്നെ തീർക്കേണ്ട മനുഷ്യൻ. അതുകൊണ്ടുതന്നെ, ജീവിതത്തിന്റെ ഈ നാലു ഘട്ടങ്ങൾ, മനുഷ്യനുള്ളിടത്തോളം കാലം തികച്ചും പ്രസക്തമാണ്. ആധുനികമനുഷ്യനെ സംബന്ധിച്ച്, കഴിയുന്നത്ര അറിവ് സംഭരിക്കുക എന്നത് ജീവസന്ധാരണത്തിന് ഏറ്റവും ആവശ്യമായിത്തീർന്നിരിക്കുന്നു. ഈ അറിവ്, അവനെ തൊഴിൽ നേടുന്നതിന് പ്രാപ്തനാക്കുന്നതിനു പുറമെ ജ്ഞാനം ആർജിക്കുന്നതിലേക്കുകൂടി നയിച്ചാലേ സമാധാനപൂർണമായ ജീവിതം സാധ്യമാവൂ. നേടുന്ന അറിവ് ജീവിതാനുഭവങ്ങളോടും പ്രപഞ്ചസത്യങ്ങളോടും സനാതന മൂല്യങ്ങളോടും ചേർത്തുവച്ച് ധ്യാനിക്കുന്നതിലൂടെയാണ് ജ്ഞാനം സിദ്ധിക്കുക.
വിദ്യാലയങ്ങളെ സരസ്വതീ ക്ഷേത്രങ്ങൾ എന്നാണ് നമ്മുടെ സംസ്കൃതി വിളിക്കുന്നത്. ജ്ഞാനം എന്ന ദൈവിക ദാനത്തിലേക്ക് എത്തിപ്പെടാനുള്ള അറിവ് സമ്പാദനത്തിന്റെ ഇരിപ്പിടമായ ദേവാലയം എന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്. അതായത് വിദ്യാലയങ്ങൾ പരിശുദ്ധമായ സ്ഥലമാണ്. അവിടത്തെ അന്തരീക്ഷവും പെരുമാറ്റ രീതികളും അതിന് ചേർന്നതായിരിക്കണം. അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ട്, സ്വാശ്രയ കോളജുകളിൽ വിദ്യാർഥികൾ അച്ചടക്കത്തിന്റെയും സദാചാരത്തിന്റെയും പേരിൽ കടുത്ത മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട് എന്ന, മുൻ അധ്യാപിക കൂടിയായ വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയാണ് ഈ കുറിപ്പ് എഴുതാൻ പ്രേരണയായത്.
നല്ല സ്കൂളും കോളജും എവിടെ?
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ഇവിടത്തെ പൊതുവിദ്യാഭ്യാസ മേഖലയെ, കാലാകാലമുണ്ടായ ഭരണ-പ്രതിപക്ഷ കക്ഷികളുടെ പൂർണ ആശീർവാദത്തോടെ അഴിഞ്ഞാടിയ അധ്യാപക-വിദ്യാർഥി രാഷ്ട്രീയം തകർത്തു തരിപ്പണമാക്കിയതിന്റെ കഥ അറിയാൻ ഞാൻ പറഞ്ഞിട്ടു വേണ്ടല്ലോ! എത്രയോ നല്ല നല്ല സ്കൂളുകൾ നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഉണ്ടായിരുന്നു! കണ്ണിലെണ്ണയൊഴിച്ച് കാവൽ നിന്ന, അപൂർവം മാനേജ്മെന്റുകളുടെ സ്കൂളുകളല്ലാതെ ബാക്കിയൊക്കെയും നശിപ്പിച്ചു കളഞ്ഞില്ലേ? ഇന്ന്, വലിയ ഫീസുമുടക്കുള്ള, സ്വാശ്രയ-പ്രൈവറ്റ് സ്കൂളുകളല്ലാതെ, മക്കളെ വിശ്വസിച്ച് അയയ്ക്കാൻ പറ്റിയ പൊതുവിദ്യാഭ്യാസ മേഖലയിലുള്ള എത്ര സ്കൂളുകൾ ഉണ്ടിവിടെ? ദിവസക്കൂലിക്ക് ജോലിചെയ്യുന്നവർക്കുപോലും പ്രൈവറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടാക്കിയില്ലേ?
ഇതിനേക്കാൾ കഷ്ടമല്ലേ കോളജുകളുടെ സ്ഥിതി. സമരം എന്ന പേരിട്ട്, എന്തെന്നോ എന്തിനെന്നോ അറിയാത്ത കുറെ മുദ്രാവാക്യങ്ങളും വിളിച്ച്, ലക്ഷ്യബോധമില്ലാത്ത കുറേ അരക്ഷിതവാദികൾ, എന്തൊക്കെയോ നിറമുള്ള കൊടികളും പിടിച്ച്, പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എല്ലാ സാധ്യതകളും അടച്ചുകളയുന്ന കാഴ്ചയല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്? നമ്മുടെ നാട്ടിലെ തലമുറകളെത്തന്നെ മുടിച്ചുകളഞ്ഞതല്ലേ ഈ അധ്യാപക-വിദ്യാർഥി രാഷ്ട്രീയം? അധ്യാപകന് ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും; സമരം ചെയ്യുന്ന വിദ്യാർഥി, തന്റെ തന്നെ കഞ്ഞിയിലാണ് മണ്ണുവാരിയിടുന്നത് എന്നോർക്കാറുണ്ടോ? പഠനത്തിലൂടെ ഒരു ജീവിതമാർഗം കണ്ടെത്താമെന്നു മോഹിച്ചിറങ്ങിയ, ബഹുഭൂരിഭാഗം വരുന്ന നിസഹായരായ യഥാർഥ വിദ്യാർഥികളെ ആര് ഗൗനിക്കാൻ! അവരുടെ നിരാശയും ആത്മനിന്ദയും ഒരിടത്തും ചർച്ചാവിഷയമേയല്ല.
മഹനീയമായ സ്ഥാനത്തിന്റെ നിലയും വിലയും മറന്ന കുറേ അധ്യാപരും (അങ്ങനെ വിളിക്കാമോ?), പുറത്തെ ‘തലതൊട്ടപ്പന്മാരോടു’ ചേർന്ന്, വിദ്യാലയമുറ്റത്ത് കാലുകുത്താൻ പോലും യോഗ്യത ഇല്ലെങ്കിലും ‘വിദ്യാർഥികൾ’ എന്നു വിളിക്കപ്പെടുന്ന ഈ വിവരദോഷികളുടെ തെമ്മാടിത്തത്തിന് പിന്തുണ കൊടുക്കുന്ന കാഴ്ചയും കാണേണ്ടിവന്നു എന്നതാണ് ഏറെ സങ്കടകരം. സമരം നടന്നാൽ ജോലിചെയ്യേണ്ടല്ല എന്നു വിചാരിക്കുന്നവരും വിദ്യാർഥികളെ പിഴപ്പിച്ച് കലക്കവെള്ളത്തിൽ മീൻപിടിക്കാനിറങ്ങിയവരും രാഷ്ട്രീയക്കാരുടെ ഏജന്റുമാരും ഒക്കെയാണ് ഈ പിന്തുണക്കാരായ അധ്യാപകക്കൂട്ടം. ഈസമീപകാലത്ത്, റിട്ടയർമെന്റ് ദിനത്തിൽ, പ്രിൻസിപ്പലിന് ശവക്കുഴി ഒരുക്കിയതും വേറൊരിടത്ത് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും ഒക്കെ ഇത്തരം അധ്യാപകർ ഇളക്കിവിട്ട വിദ്യാർഥിവേഷക്കാരായിരുന്നു.
കലാലയ രാഷ്്ട്രീയം
നാശത്തിന്റെ പടുകുഴിയിൽ പതിച്ച വിദ്യാഭ്യാസമേഖലയെ രക്ഷിച്ച്, നമ്മുടെ വിദ്യാർഥികളുടെ ഭാവിയെ കരിച്ചുകളയാനായി രാഷ്ട്രീയക്കാർ വളർത്തിയെടുത്ത ഈ അവസ്ഥയിൽനിന്ന് കരകയറ്റാനായി, കൃത്യമായ ലക്ഷ്യബോധത്തോടെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കുറച്ച് സ്ഥാപനങ്ങൾ, കോടതിയിൽ വീറോടെ പൊരുതി നേടിയതാണ് കാമ്പസുകളെ രാഷ്ട്രീയ മുക്തമാക്കാനുള്ള വിധി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ വിധി. ഈയൊരു കോടതിവിധിയുടെ തണലിലാണ് ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണർവോടെ പ്രവർത്തിച്ച് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിക്ക് വെളിച്ചം പകരുന്നത്. അതിനെ തകർക്കാൻ പൊതു-അധ്യാപക-വിദ്യാർഥി രാഷ്ട്രീയക്കാർ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും; വിദ്യാഭ്യാസം മാത്രമേ എല്ലാത്തരം അടിമത്തത്തിൽനിന്നും മനുഷ്യനെ മുക്തനാക്കുകയുള്ളൂ എന്ന ഉറച്ച ബോധ്യത്തിൽ വിദ്യാഭ്യാസ പ്രവർത്തനം ജീവിതവ്രതമാക്കിയ, ഇച്ഛാശക്തിയുള്ള സത്ചരിതരുടെ മുൻപിൽ വിജയിക്കാനായിട്ടില്ല.
ഈയൊരു പശ്ചാത്തിൽ നിന്നുകൊണ്ടു വേണം അമൽജ്യോതിയിലെ സംഭവങ്ങളെ കാണാൻ. അവിടെയുണ്ടായ, തീർത്തും നിർഭാഗ്യകരമായ, ഒരവസരത്തെ മുതലാക്കാൻ കേരളത്തിലെ സർവ പ്രതിലോമ ശക്തികളും ഒത്തുചേരുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ലഭ്യമായ എല്ലാ നല്ല സാഹചര്യങ്ങളും വിഭവങ്ങളും സംയോജിപ്പിച്ച്, തങ്ങളുടെ കുട്ടികളെ ഏറ്റവും ഉയരത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന ഒരു സ്ഥാപനത്തെ തകർക്കാൻ, അവിടെ ഓടിക്കൂടിയവർ തന്നെയാണ് ഈ നാടിന്റെ എക്കാലത്തെയും ശത്രുക്കൾ എന്ന് ഉത്പതിഷ്ണുക്കൾക്ക് തിരിച്ചറിയാനാവണം.
ആത്മഹത്യകൾ അടക്കം സമാനമായ സംഭവങ്ങൾ, ഈയടുത്ത ദിവസങ്ങളിൽ, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിരവധി സ്ഥാപനങ്ങളിൽ ഉണ്ടായെങ്കിലും; അവിടെയൊന്നും ആരും തകർക്കാനെത്തിയില്ല: കാരണം, ഒന്നേയുള്ളൂ, അവിടെ തകർക്കാൻ ഒന്നുമില്ല; അത്ര തന്നെ! ഇവയിൽ മിക്കതും യാതൊരു നിലവാരവുമില്ലാത്ത, ചേരുന്നവനെ പെടുത്തിക്കളയുന്ന, ‘അഭ്യാസവിദ്യ’ സ്ഥാപനങ്ങൾ ആണെന്നതാണ് വസ്തുത. പ്രകാശഗോപുരമായി നിൽക്കുന്ന സ്ഥാപനങ്ങളെ ഊതിക്കെടുത്തിയാലല്ലേ ഇരുട്ട് സൃഷ്ടിക്കാനാവൂ. ഇരുട്ടിലല്ലേ നാരകീയശക്തികൾക്ക് വിജയിക്കാനാവൂ!!
കൊള്ളാവുന്ന എല്ലാ സ്ഥാപനങ്ങൾക്കും അതിന്റേതായ നിയമങ്ങളുണ്ട്: രാജ്യത്തിന് നിയമങ്ങളോട് ചേർന്നു നിൽക്കുന്നവതന്നെ. അച്ചടക്ക, സദാചാര നിയമങ്ങളൊക്കെ ഇതിൽപ്പെടും. അവ വായിച്ച് ബോധ്യപ്പെട്ടിട്ടാണ് ഓരോ വിദ്യാർഥിയും അത്തരം സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കുന്നത്. ഒരു വിദ്യാർഥിയെയും ക്ഷണിച്ചു വരുത്തുന്നതല്ല; അവർ അപേക്ഷകൊടുത്ത്, കോളജ് ആവശ്യപ്പെടുന്ന എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് പ്രവേശനം നേടുന്നവരാണ്. കോളജിന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ.
തങ്ങൾക്ക് ചേരുന്ന അച്ചടക്ക-സദാചാര നിയമങ്ങളല്ല സ്ഥാപനത്തിലേതെങ്കിൽ അങ്ങോട്ട് പോകേണ്ടന്നു വയ്ക്കണം. ഫീസും കൊടുത്ത്, തനിക്ക് പറ്റാത്തിടത്ത് എന്തിനു ചേരണം? ഒരു ഫീസും കൊടുക്കാതെ, ഒരുതരത്തിലുള്ള അച്ചടക്ക-സദാചാര മര്യാദകളും പാലിക്കാതെ, പരീക്ഷ പോലും എഴുതാതെ പാസാക്കുന്ന ‘പ്രശസ്ത’ സ്ഥാപനങ്ങൾ വേണ്ടുവോളമുണ്ടല്ലോ; നമ്മുടെ സർക്കാരിന്റെ തന്നെ ഉടമസ്ഥതയിൽ. പക്ഷേ, നിറഭേദമെന്യേ, എല്ലാ രാഷ്ട്രീയ നേതാക്കൾക്കും അച്ചടക്കവും സദാചാരവുമുള്ള സ്ഥാപങ്ങൾ തന്നെ വേണം; തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ! കാരണം, ഇതില്ലാതെ പഠനം അസാധ്യമാണെന്ന് അവർക്ക് നല്ലതുപോലെ അറിയാം.
അച്ചടക്കവും സദാചാരവുമില്ലാതെ വിദ്യ അഭ്യസിക്കാനാവില്ല. കുറച്ചൊക്കെ ബലംപിടിച്ചാലേ ചിലരെ നല്ലനിലയ്ക്കു മുന്നോട്ടു കൊണ്ടുപോകാനാവൂ. ദീർഘവീക്ഷണമുള്ള സ്ഥാപനങ്ങൾ, അതുകൊണ്ടുതന്നെ, കണിശമായ നിയന്ത്രണങ്ങൾ തങ്ങളുടെ കാമ്പസുകളിൽ നടപ്പാക്കും. ഗുണഭോക്താക്കൾ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും പൊതുസമൂഹവുമാണ്. ഇതു തകർക്കാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടതുണ്ട്.