മോദി-രാഹുൽ കുതിപ്പും കിതപ്പും
Friday, June 9, 2023 10:15 PM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“രാജ്യത്തിന്റെ മഹത്വം അവളുടെ ജനതയുടെ സ്വഭാവത്തിലാണു പ്രതിഫലിക്കുക. സ്വാർഥതയാൽ അതു മലിനമായാൽ, അത്തരം ആളുകൾക്ക് അഭിവൃദ്ധി പ്രാപിക്കാനോ മഹത്തായ നേട്ടങ്ങൾ കൈവരിക്കാനോ കഴിയില്ല. സ്വാർഥതയ്ക്ക് ജീവിതത്തിൽ അതിന്റേതായ സ്ഥാനമുണ്ട്. കാരണം ഓരോരുത്തർക്കും അവരവരുടെയും കുടുംബത്തിന്റെയും ആവശ്യങ്ങളാണു നോക്കേണ്ടിയിരുന്നത്. പക്ഷേ ജീവിതത്തിന്റെ എല്ലാറ്റിലും സ്വാർഥത അവസാനമാക്കാനാകില്ല’’- സർദാർ വല്ലഭായ് പട്ടേലിന്റെ ഈ വാക്കുകൾ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രസക്തമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏപ്രിൽ, മേയ് മാസങ്ങളിലാണു നടക്കേണ്ടത്. നിലവിലെ പതിനേഴാം ലോക്സഭയുടെ കാലാവധി അടുത്ത വർഷം ജൂണ്‍ 16ന് അവസാനിക്കും. അതിനാൽത്തന്നെ ഒരു വർഷത്തിൽ താഴെ മാത്രമാണ് ഇനി പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ദൂരം. ആകെ 543 ലോക്സഭാ സീറ്റുണ്ടായിരുന്നതിൽ ആംഗ്ലോ ഇന്ത്യൻ വംശജകർക്കായി സംവരണം ചെയ്തിരുന്ന രണ്ടെണ്ണം ഭരണഘടനയുടെ 104-ാം ഭേദഗതിയിലൂടെ ബിജെപി സർക്കാർ ഇല്ലാതാക്കി. 2026ലെ മണ്ഡല പുനർനിർണയം വരുന്നതോടെ പാർലമെന്റിന്റെയും നിയമസഭകളുടെയും സീറ്റുകളുടെ എണ്ണത്തിലും രാഷ്ട്രീയത്തിലും കാര്യമായ മാറ്റമുണ്ടാകും.
കർണാടകയുടെ കാഹളം
അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വലിയ കാഹളമായിരുന്നു കർണാടകയിലെ തെരഞ്ഞെടുപ്പ്. ഈ വർഷം അവസാനത്തോടെ നടക്കാനുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകൾ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലാകും. കർണാടകയിലെ ജയവും അഞ്ചു സംസ്ഥാനങ്ങളിലെ കടുത്ത മത്സരവും 2014ലെ പോരാട്ടം കടുപ്പിക്കും.
പൊതുതെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്. രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിനെത്തുടർന്ന് വയനാട്ടിൽ നടക്കുന്ന തയാറെടുപ്പുകൾ തുടക്കം മാത്രമാണെന്നാണു കമ്മീഷന്റെ അവകാശവാദം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റ് മെഷീനുകളുടെയും ആദ്യഘട്ട പരിശോധനയാണു നടക്കുന്നത്.
പോളിംഗ് സംവിധാനം പരിശോധിക്കുന്ന ആദ്യഘട്ടത്തിലുള്ള ‘മോക്ക് പോൾ’ ഫസ്റ്റ് ലെവൽ ചെക്ക് പ്രക്രിയയാണു വയനാട്ടിൽ നടന്നത്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം ഘട്ടംഘട്ടമായി ഇതു നടക്കും. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാർ പാലിക്കേണ്ട സ്റ്റാൻഡിംഗ് നിർദേശങ്ങളും ഉടനെത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പു നടക്കേണ്ട അഞ്ചു സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുള്ള നിയമസഭാ, പാർലമെന്റ് സീറ്റുകളിലും പരിശോധനകൾ നടത്തും. വയനാടിനു പുറമെ പൂന, ചന്ദ്രപുർ (മഹാരാഷ്ട്ര), ഗാസിപുർ (ഉത്തർപ്രദേശ്), അംബാല (ഹരിയാന) എന്നീ ലോക്സഭാസീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതിപക്ഷ ഐക്യം അടുത്ത്
പൊതുതെരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങൾ എങ്ങും തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാകും ബിജെപിയുടെ നായകനും പ്രതീക്ഷയും. ഭാരത് ജോഡോ യാത്രയ്ക്കുശേഷം രാഹുൽ ഗാന്ധി കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷയേകുന്നു. പ്രതിപക്ഷത്തു പല നേതാക്കളും ശക്തരാണെങ്കിലും രാഹുലും മോദിയും 2014ലെ തെരഞ്ഞെടുപ്പിൽ നേർക്കുനേർ കൊന്പുകോർക്കുകയാണ്.
മോദിക്കും ബിജെപിക്കുമെതിരേ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടുവരുന്നത് ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു. ബിഹാറിലെ പാറ്റ്നയിൽ 23നു നടക്കുന്ന പ്രതിപക്ഷനേതാക്കളുടെ യോഗം ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള വലിയ കാൽവയ്പാകും. ഡൽഹിയിൽ നാളെ നടക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ഭരണകക്ഷിക്കും നിർണായകമാകും.
ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന, തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെയും മകൻ കുമാരസ്വാമിയുടെയും ജെഡി-എസ്, പഞ്ചാബിലെ അകാലിദൾ അടക്കമുള്ളവരെ കൂട്ടി പഴയ എൻഡിഎ വീണ്ടും തട്ടിക്കൂട്ടാനും ബിജെപി ചർച്ചകൾ തുടങ്ങി. ബിജെപിയോടു ചായ്വുള്ള യുപിയിലെ ബിഎസ്പി, ഒഡീഷയിലെ ബിജു ജനതാദൾ, ആന്ധ്രപ്രദേശിലെ വൈഎസ്ആർ കോണ്‍ഗ്രസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ തെരഞ്ഞെടുപ്പിലും പിന്നീടും സ്വന്തമാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പ്രാദേശിക നേതാക്കൾ ഉൾപ്പെടെ സ്വന്തം കാര്യം നോക്കുന്നവർ ഏറെയുള്ള പ്രതിപക്ഷത്തെ അനൈക്യവും ബിജെപിക്കു സഹായകമാകും.
എളുപ്പമല്ല, പൊതുസ്ഥാനാർഥി
പ്രധാനമന്ത്രി മോദിയും ബിജെപിയും 2014നു പിന്നാലെ 2019ലും നേടിയ വൻവിജയവും ഇഡി, സിബിഐ റെയ്ഡുകളും രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ തിടുക്കവുമാണ് പ്രതിപക്ഷത്ത് ഐക്യകാഹളത്തിനു വേഗത കൂട്ടിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 450 മണ്ഡലങ്ങളിലെങ്കിലും പൊതുസ്ഥാനാർഥിയെ നിർത്താനുള്ള പ്രതിപക്ഷ ശ്രമം ഒരു പരിധി വരെയെങ്കിലും വിജയിച്ചാൽ മോദിയും ബിജെപിയും വിയർക്കും. വലുതും ചെറുതുമായ പാർട്ടികൾ എത്ര ത്യാഗത്തിനു തയാറാകുമെന്നത് കണ്ടറിയണം. വലിയ സംസ്ഥാനമായ യുപിയിൽ പ്രധാനമായും ഒറ്റയ്ക്കു പോരാടാനാണ് എസ്പിയുടെ ആലോചന.
ചുരുങ്ങിയത് 350 ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ മോഹം വെട്ടിച്ചുരുക്കേണ്ടിവരും. 250 സീറ്റുകൾ പോലും കോണ്‍ഗ്രസിനു മാത്രമായി നൽകാൻ പ്രതിപക്ഷത്തെ മറ്റു പ്രബല പാർട്ടികൾ തയാറല്ല. യുപി, ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങി തമിഴ്നാട്ടിൽ വരെ കോണ്‍ഗ്രസിനു ചെറുതാകേണ്ടിവരും. ഡൽഹി, കേരളം, തെലുങ്കാന, ആന്ധ്ര തുടങ്ങി ചില സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കാതെ മാർഗവുമില്ല. വരാനിരിക്കുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതര പ്രതിപക്ഷ പാർട്ടികൾക്കു കാര്യമായ സീറ്റ് നൽകാൻ കോണ്‍ഗ്രസ് തയാറാകില്ലെങ്കിലും അതു വലിയ തർക്കമാകില്ല. മുന്നണിവികസനവും അനുഭാവ പാർട്ടികളുമായുള്ള സീറ്റ് അഡ്ജസ്റ്റുമെന്റുകളും ബിജെപിക്കും തലവേദനയാകും. ഒഡീഷയിൽ ബിജെഡിയും കർണാടകയിൽ ജെഡി-എസും ഉൾപ്പെടെ പല പാർട്ടികളും വിട്ടുവീഴ്ചയ്ക്കു മടിക്കും. ആന്ധ്രയിൽ ടിഡിപിയുമായി സഖ്യമുണ്ടാക്കിയാൽ വൈഎസ്ആർ കോണ്‍ഗ്രസ് ബിജെപിക്കെതിരാകും. പരമാവധി സീറ്റുകളിൽ മത്സരിച്ചു വില പേശാനാകും ഭരണ-പ്രതിപക്ഷ നിരയിലെ പാർട്ടികളുടെ ശ്രമം.
തന്ത്രങ്ങളുടെ പെരുന്തച്ചന്മാർ
പ്രതിപക്ഷ പാർട്ടികൾ ഏറെ പ്രതീക്ഷയോടെയാണ് 23ന് പാറ്റ്നയിൽ യോഗം ചേരുന്നത്. ബിജെപിക്കും മോദിക്കുമെതിരേ സംയുക്ത പ്രതിരോധമാണു ലക്ഷ്യം. പൊതുസ്ഥാനാർഥി സാധ്യത, സീറ്റുവിഭജനം, ധാരണ, രാഷ്ട്രീയ നിലപാടുകൾ തുടങ്ങിയ തന്ത്രങ്ങളെല്ലാം പാറ്റ്നയിൽ ചർച്ചയാകും. തിങ്കളാഴ്ച ചേരാൻ നേരത്തേനിശ്ചയിച്ചിരുന്ന യോഗമാണു കൂടുതൽ നേതാക്കളുടെ സൗകര്യം കണക്കിലെടുത്ത് 23ലേക്കു മാറ്റിയത്. മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും പുറമെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തിങ്കളാഴ്ച പാറ്റ്നയിലെത്താൻ അസൗകര്യം അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അമേരിക്കൻ പര്യടനത്തിലായിരുന്ന മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാറ്റ്നയിലെ യോഗത്തിൽ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചതോടെ രാഷ്ട്രീയ പ്രാധാന്യം കൂടി. സംഘാടകനായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി കുലപതി ശരദ് പവാർ, ശിവസേനാ തലവൻ ഉദ്ധവ് താക്കറെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ജമ്മു കാഷ്മീരിലെ നേതാക്കളായ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരും പാറ്റ്നയിലെ യോഗത്തിനെത്തുമെന്ന് ബിഹാർ മഹാസഖ്യം നേതാക്കൾ അറിയിച്ചു.
തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജിയും ആം ആദ്മി പാർട്ടി നേതാവ് കേജരിവാളും കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികളുമായുള്ള ഭിന്നത മറന്നു പാറ്റ്നയിലെ പ്രതിപക്ഷ മഹായോഗത്തിനെത്തുന്നത് പ്രധാനമാണ്. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങി സിപിഐ-എംഎൽ (ലിബറേഷൻ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ വരെയുള്ളവരും പാറ്റ്നയിലെത്തും.
അകലെയല്ല, അദ്ഭുതങ്ങൾ
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷവും അദ്ഭുതം പ്രതീക്ഷിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, സാന്പത്തിക ഞെരുക്കം, കാർഷിക പ്രതിസന്ധി തുടങ്ങിയവയും മോദിയുടെ മങ്ങുന്ന പ്രതിച്ഛായയും നടക്കാതെപോയ വാഗ്ദാനങ്ങളും ബിജെപിക്കു പ്രശ്നമാണ്. ഇതിനുപുറമെ 2014, 2019 തെരഞ്ഞെടുപ്പുകളിലേതിൽനിന്നു വ്യത്യസ്തമായി യുപി, ബിഹാർ, ബംഗാൾ അടക്കം പല സംസ്ഥാനങ്ങളിലും സീറ്റ് കുറയുമെന്ന സൂചനകൾ ബിജെപിയെ അലട്ടുന്നു.
കർണാടക ജയം, പ്രതിപക്ഷത്തെ അപ്രതീക്ഷിത സഹകരണം, ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി നേടിയ മെച്ചപ്പെട്ട സ്വീകാര്യത, ബിജെപി സർക്കാരിന്റെ ഏകപക്ഷീയ നടപടികൾ, ഭരണവിരുദ്ധ വികാരം തുടങ്ങി പലതുകൊണ്ടും മോദിയെ താഴെയിറക്കാമെന്ന മോഹത്തിലാണ് പ്രതിപക്ഷം. അട്ടിമറികൾ, അദ്ഭുതങ്ങൾ, പുതിയ സഖ്യങ്ങൾ തുടങ്ങി പലതും 2024നെ പ്രവചനാതീതമാക്കും. മത്സരം കടുക്കുമെന്നതിനാൽ ദേശീയ രാഷ്ട്രീയം ഉണരും.