കാലാവസ്ഥാ വ്യതിയാനത്തിനെതിരേ സജ്ജരാകാം
Wednesday, August 30, 2023 11:46 PM IST
കരിയുന്ന നാടും കരയുന്ന കർഷകരും - 2 / ഡോ.വി. സുഭാഷ് ചന്ദ്രബോസ്
മണ്ണിര മണ്ണിലില്ലേ?
പ്രളയത്തിനുശേഷം മണ്ണിരയുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. സാധാരണ മണ്ണിനെ വിളയോഗ്യമായ മണ്ണാക്കി മാറ്റുന്നത് മണ്ണിരകളാണ്. ഒരു തരി മണ്ണിൽ 25 ശതമാനം വെള്ളവും 25 ശതമാനം വായുവും 10 ശതമാനം ജൈവാംശവുമാണ്. ബാക്കി ധാതുക്കളും കാണും. വായുവും വെള്ളവും എല്ലാം മണ്ണിൽ കരുതിവയ്ക്കാൻ മണ്ണിനെ സാധ്യമാക്കുന്നത് മണ്ണിരകളാണ്.
കോടിക്കണക്കിനു ടണ്‍ കാർബണ്‍ഡയോക്സൈഡ് ഭൂമിയിൽ സൂക്ഷിച്ചുവച്ച് അന്തരീക്ഷതാപനില കുറയ്ക്കുന്ന കാർബണ്‍ നിക്ഷേപ ബാങ്ക് കൂടിയാണ് മണ്ണ്. വരൾച്ച കൂടുന്പോൾ മണ്ണ് വരണ്ടു പോകാനും കൂടുതൽ കാർബൺ അന്തരീക്ഷത്തിൽ എത്താനും സാധ്യതയുണ്ട്. അങ്ങനെ കാർബണ്‍ അന്തരീക്ഷത്തിൽ എത്താതിരിക്കാനും ഇനി എത്തിയാൽതന്നെ അവ ഉപയോഗിക്കുവാനും ധാരാളം മരങ്ങളാവശ്യമാണ്. വരൾച്ച അധികരിക്കുന്പോൾ മണ്ണിലെ ഇരുന്പിന്റെ അംശം ധാരാളമായി വിഘടിച്ച് മേൽ മണ്ണിലേക്കു വരികയും അവ ജലസ്രോതസുകളിലെ ഇരുന്പിന്റെ അംശം വർധിപ്പിക്കുകയും ചെയ്യും. മണ്ണിൽ ധാരാളമായി ഹ്യൂമസും (ക്ലേദം) ജൈവാംശവും ഉണ്ടെങ്കിൽ മാത്രമേ ഉത്പാദനവർധനവ് ലഭിക്കുകയുള്ളൂ. പ്രളയത്തിനുശേഷം കേരളത്തിലെ മണ്ണിലെ മരവിപ്പ് കൂടിവരികയാണ്.
നീരൊഴുക്ക് കുറയും
മഴക്കാലങ്ങളിൽ കാടുകളിൽ ഉൾപ്പെടെ മണ്ണിൽ ഇറങ്ങുന്ന മഴവെള്ളമാണ് വേനലുകളിലും വരൾച്ചാ സമയങ്ങളിലും നീരുറവകളായി വരേണ്ടത്. കേരളത്തിലെ എല്ലാ നദികളും ഉദ്ഭവിക്കുന്നത് വനങ്ങളിൽ നിന്നാണ്. മഴയിൽ കുറവുണ്ടാകുന്നതനുസരിച്ച് നാട്ടിലെ നീരൊഴുക്കും കുറയുന്ന സ്ഥിതിയാണുള്ളത്. നദികളിലെ നീരൊഴുക്ക് കുറയുന്പോൾ ഉപ്പുവെള്ളം നദികളിലേക്ക് വ്യാപിക്കുന്നതും സാധാരണയാണ്. 1901 മുതൽ 2013 വരെയുള്ള കണക്ക് വിലയിരുത്തുന്പോൾ കുട്ടനാട്ടിലെ താപനിലയിൽ 1.03 ഡിഗ്രി സെന്റിഗ്രേഡ് ചൂട് കൂടിയതായി കാണാം. തീരം മുതൽ കാട് വരെ ചൂടു വർധിക്കുന്നത് ഒരു പ്രവണതയായി മാറിക്കഴിഞ്ഞു. സംസ്ഥാനമാകെ നാളികേരത്തിന്റെ ഉത്പാദനത്തിലും വലുപ്പത്തിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ആലപ്പുഴ, പാലക്കാട്, വയനാട്, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ തെങ്ങു കൃഷി വലിയ പ്രതിസന്ധി നേരിടുന്നതിന്റെ പ്രധാന കാരണം വരൾച്ചയാണ്.
രാജ്യത്ത് റബർ കൃഷിയുടെ 75 ശതമാനവും കേരളത്തിലാണ്. ഏകദേശം 10 ലക്ഷത്തിൽപരം കർഷകരിലൂടെ രാജ്യത്തെ ആകെ ഉത്പാദനത്തിന്റെ 78 ശതമാനവും നമ്മുടെ നാട്ടിൽ നിന്നാണ്. റബർപാലിന്റെ അളവ് അന്തരീക്ഷത്തിലെ ഊഷ്മാവിനെക്കൂടി ആശ്രയിച്ചാണ് നിർണയിക്കപ്പെടുന്നത്. ചൂടുകാലത്ത് പാൽ കുറയുന്നതും തണുപ്പു കാലത്ത് കൂടുന്നതും സാധാരണയായി കണ്ടുവരുന്നു. സംസ്ഥാനത്തെ ഏലമലക്കാടുകളിൽ 1978 മുതൽ ഓരോ ദശകത്തിലും അന്തരീക്ഷ ഊഷ്മാവ് ഏകദേശം 0.3 ഡിഗ്രി സെന്റിഗ്രേഡ് വച്ച് കൂടുകയാണ്. നൈട്രജൻ അടങ്ങിയ വളങ്ങൾ ധാരാളമായി ചെയ്യുന്പോൾ പിഎച്ച് കുറയും പിഎച്ച് കൂട്ടാൻ കുമ്മായം നൽകിത്തുടങ്ങി. അങ്ങനെ മണ്ണിന്റെ സ്വാഭാവിക രീതികളൊക്കെ മാറിത്തുടങ്ങി. ഏലക്കായകൾ ഉണക്കുന്നതിന് ധാരാളം വിറക് ആവശ്യമാണ്. ഒരു വർഷം ശരാശരി ഒന്നരലക്ഷം ടണ്‍ വിറക് എങ്കിലും വേണ്ടിവരുന്നു. കാടുകളിലെ മരങ്ങൾക്ക് കുറവുണ്ടാകുന്നു എന്നു മാത്രമല്ല വിറകു കത്തിക്കുന്പോൾ ധാരാളം കാർബണ്ഡഓക്സൈഡും അന്തരീക്ഷത്തിൽ എത്തുന്നു.
വനശോഷണവും വിറകിനായി മരങ്ങൾ എടുക്കുന്നതു കാരണവും ആഗോളതാപനവും കൂടിയായപ്പോൾ കഥയാകെ മാറുന്നു. വരൾച്ചയും പ്രളയവും ഒരു ചാക്രികവ്യവസ്ഥ പോലെ വരുന്നതുകൊണ്ട് ഊഷ്മാവിലെ മാതൃകയിൽ മാറ്റം ഉണ്ടാകുന്നു. തത്ഫലമായി പുതിയ രോഗങ്ങളും കീടങ്ങളും ധാരാളമായി വർധിക്കുന്ന സ്ഥിതിയാണുള്ളത്. ഇതൊക്കെ പ്രതിരോധിക്കാൻ കീടകുമിൾനാശിനികൾ ഉപയോഗിച്ചു തുടങ്ങി.
ചൂടുകാലത്ത് ഉയർന്ന പ്രദേശങ്ങളെ അപേക്ഷിച്ച് താഴ്ന്ന ഇടങ്ങളിലെ വെള്ളം പെട്ടെന്ന് കൂടുതൽ നീരാവിയായി ബാഷ്പീകരിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ മഴ കുറയുന്പോൾ താഴ്ന്ന പ്രദേശങ്ങൾക്ക് കൂടുതൽ ജലസേചനവും വേണ്ടിവരുന്നു.
മൃഗസംരക്ഷണ മേഖലയും പ്രതിസന്ധിയിലാണ്. നാം വളർത്തുന്ന സങ്കരയിനം പശുക്കളായ ജേഴ്സി, ബ്രൗണ്‍സ്വിസ്, ഹോൾസ്റ്റീൻഫ്രീഷ്യൽ എന്നിവയെല്ലാം വിദേശ ഇനം പശുക്കളിൽനിന്നും ഉരുത്തിരിഞ്ഞവയാണ്. തണുപ്പുള്ള കാലാവസ്ഥയ്ക്ക് പറ്റിയ ഇത്തരം പശുക്കളിൽ ചൂടുകാലത്ത് പാലുത്പാദനം കുറയും.
ശക്തമായ ചൂടിനെയും അന്തരീക്ഷ ആർദ്രതയെയും താങ്ങാനുള്ള കഴിവ് ഇവയ്ക്ക് തീരെ കുറവാണ്. പശുക്കളിൽ അണപ്പ്, വായിൽനിന്നു പത വരുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ അധികരിച്ച ചൂട് താങ്ങാൻ കഴിയുന്നില്ല എന്നു മനസിലാക്കാവുന്നതാണ്. ചൂടുകാലത്ത് ഹൃദയമിടിപ്പ് കൂടുക, ദഹനം കുറയുക എന്നിവയും സാധാരണമാണ്. ശരീര താപനില നിലനിർത്താൻ ധാരാളം വെള്ളം ആവശ്യമാണ്. വെള്ളവും ഭക്ഷണവും കുറഞ്ഞാൽ നിർജലീകരണവും തുടർന്ന് പാലുത്പാദനത്തിൽ കുറവുമുണ്ടാകും.
കേരളത്തിലെ പ്രധാന വിളകളായ നെല്ല്, വാഴ, ഇഞ്ചി, റബർ, ഏലം, കുരുമുളക് തുടങ്ങിയ എല്ലാ വിളകളെയും വരൾച്ച പ്രതിസന്ധിയിലാക്കുന്നതാണ്. അതുപോലെ പക്ഷിമൃഗാദികളുടെ കാര്യത്തിലും വലിയ പ്രതിസന്ധിയാണ് മുന്നിലുള്ളത്.
എന്തു ചെയ്യാനുണ്ട്
കേവലം ഇൻഷ്വറൻസ് ഏർപ്പെടുത്തിയതുകൊണ്ടോ താങ്ങുവില നൽകിയതു കൊണ്ടോ കാർഷിക വിളകൾ സംഭരിച്ചതുകൊണ്ടോ മാത്രം തീരുന്ന പ്രശ്നങ്ങളല്ല ഇവയൊന്നും. മാറിവരുന്ന കാലാവസ്ഥയെ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. നിലവിൽ തുള്ളിനന, തിരിനന, കണിക ജലസേചനം തുടങ്ങിയ ചില രീതികൾ ജലസേചനത്തിനായുണ്ട്. ഓരോ വിളകൾക്കുമുള്ള വെള്ളം ഓരോ കാലഘട്ടത്തിലും എത്രയെന്ന് കണക്കാക്കി അതിനുള്ള മുൻകരുതലുകൾ എടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
നൂറ്റാണ്ടിലൊരിക്കലോ മറ്റോ വരുന്ന പ്രതിഭാസമായി വരൾച്ചയെയും പ്രളയത്തെയും കാണുന്ന രീതി ശരിയല്ല. ആഗോള അടിസ്ഥാനത്തിൽ വലിയ കാലാവസ്ഥാ മാറ്റമാണ് ഉണ്ടാകുന്നത്. ആഗോളതാപനം എന്നതിൽനിന്ന് ആഗോള തിളപ്പിലേക്ക് ഭൂമി മാറിയിരിക്കുന്നതായി നിരീക്ഷണമുണ്ട്. കേരളത്തിലെ സൂക്ഷ്മ കാലാവസ്ഥയിൽ വലിയ മാറ്റമാണ് ഇക്കഴിഞ്ഞ ദശകത്തിൽ അനുഭവപ്പെട്ടത്. നിശ്ചിത ഇടവേളകളിൽ വരൾച്ചയും പ്രളയവും എന്ന രീതിയിൽ കാര്യങ്ങൾ നീങ്ങുകയാണ്. അതിനനുസരിച്ചുള്ള നയപരമായ തീരുമാനങ്ങളും സംഘടനാ സംവിധാനങ്ങളും ആവശ്യമാണ്. സംസ്ഥാനത്തെ സമഗ്രമായ കാർഷിക നയരേഖ അടിയന്തരമായി രൂപപ്പെടുത്തണം. കാർഷികമേഖലയിലുള്ള വ്യാപകമായ ജനകീയ ചർച്ചകൾ നടത്തി നയരേഖ ഉണ്ടാക്കണം.
കൃഷിഭവനങ്ങളെ കാർഷിക കാലാവസ്ഥ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചെയ്യണം. ഓരോ മേഖലയ്ക്കുമനുയോജ്യമായ ഫാംപ്ലാനുകൾ വികസിപ്പിക്കണം. പുതിയ വിത്തിനങ്ങളും ജലസേചന രീതികളും വികസിപ്പിക്കണം. കൃഷിഭവനുകളെ കാർഷിക വിജ്ഞാനകേന്ദ്രങ്ങളാക്കി മാറ്റേണ്ടതുണ്ട്. എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചുള്ള സംസ്ഥാന ജില്ലാതല കൃഷി വിജ്ഞാനകേന്ദ്രങ്ങൾ ആരംഭിക്കണം. കൃഷിഭവനുകളുടെ നേതൃത്വത്തിൽ അടുത്ത ഒരു വർഷം കൃഷിയിട സന്ദർശന പരിപാടികൾ സംഘടിപ്പിക്കണം.
മഴവെള്ള സംഭരണം, കൃത്രിമ ഭൂജലപരിപോഷണം, ജലസ്രോതസുകളുടെ സന്ദർശനം എന്നിവയും പ്രധാനമാണ്. വരൾച്ചക്കാലമായതിനാൽ ലഭ്യമായിട്ടുള്ള ജലം പരമാവധി സൂക്ഷിച്ച് ഉപയോഗിക്കണം. സമഗ്രവും ശാസ്ത്രീയവുമായ മണ്ണ്, ജല, ജൈവസംരക്ഷണ പരിപാടികൾ ആവശ്യമാണ്. കേരളത്തിൽ ഇടമഴകൾ പലപ്പോഴും കിട്ടാറുണ്ട്. പരമാവധി മഴയെ വീഴുന്നിടത്ത് താഴട്ടെ എന്ന കാഴ്ചപ്പാടിൽ അതാതിടങ്ങളിൽ മണ്ണിൽ കരുതണം. തൽസ്ഥല മണ്ണ് - ജലപരിപാലനമാണ് വേണ്ടത്. കൃത്രിമ ടാങ്കുകളിലും കുളങ്ങളിലും മഴവെള്ളം ലഭിക്കുന്ന മുറയ്ക്ക് സംഭരിച്ചു വയ്ക്കണം.
പുതയിടൽ
ആഗോള അടിസ്ഥാനത്തിൽ തന്നെ ചൂടിനെ പ്രതിരോധിച്ച് കൃഷിയിടങ്ങൾ സംരക്ഷിക്കാനും മഴയെ കൂടുതൽ കരുതാനുമായി മണ്ണൊരുക്കുവാനുമുള്ള നല്ല മാർഗമാണ് പുതയിടൽ. ചെന്പരത്തി, ശീമക്കൊന്ന, സുബാബുൾ, രാമച്ചം, പയർചെടികൾ, മറ്റുവേലിച്ചെടികൾ എന്നിവ വ്യാപകമായി നടേണ്ടതാണ്. ചൂട് അധികരിക്കുന്നതിനു മുൻപ് ഇവയുടെ ഇലകളും പ്ലാസ്റ്റിക് ഒഴികെയുള്ള ചപ്പു ചവറുകളും ചേർത്ത് പുതയിടാവുന്നതാണ്. അതിലൂടെ ബാഷ്പീകരണത്തോത് കുറയ്ക്കാവാനാകും. മാത്രമല്ല, മണ്ണിൽ ചെടികൾക്ക് ആവശ്യമായ വെള്ളവുമുണ്ടാകും. പുതയിടുന്ന പറന്പുകളിൽ നല്ല ചൂടു വന്നാൽ വസ്തുക്കൾ കരിഞ്ഞു പൊടിഞ്ഞുമാറും. ആ സ്ഥലങ്ങളിലേക്ക് ചെറുമഴകൾ വീഴുന്പോൾ പൊടിഞ്ഞ വസ്തുക്കളും മണ്ണും മഴവെള്ളവും ചേർന്ന് ചെറിയ ബോളുകളുടെ രൂപത്തിലുള്ള മണ്‍കട്ടകൾ രൂപപ്പെടും. തുടർന്ന് വരുന്ന മഴവെള്ളത്തെ മണ്കട്ടകളിലെ സൂക്ഷ്മസുഷിരങ്ങൾക്കിടയിലും മണ്കട്ടകൾക്കിടയിലെ വലിയ ഇടകളിലും മണ്ണ് കരുതിവയ്ക്കും. മഴ കുറഞ്ഞ് മണ്ണു ചൂടാകുന്പോൾ മണ്കട്ടകൾക്കിടയിലെ വെള്ളം പല രൂപത്തിൽ കുറയും. എന്നാൽ ഓരോ മണ്‍കട്ടയിലെയും സൂക്ഷ്മയിടങ്ങളിൽ സൂക്ഷിച്ചു വച്ച വെള്ളം അവിടെ കാണും. ചൂടുള്ള വായു വരുന്പോൾ മണ്‍കട്ടകൾ പൊടിഞ്ഞ് അതിനുള്ളിലെ മഴവെള്ളം മണ്ണിനും വിളകൾക്കും ലഭിക്കും. കാട്ടിൽ ഉൾപ്പെടെ മുൻകാലങ്ങളിൽ ഇത് ഒരു സ്വാഭാവിക പ്രക്രിയയായിരുന്നു. ചപ്പുചവറുകൾ തീയിട്ടു നശിപ്പിക്കുന്നതുമൂലം പുതയിടലിനുള്ള സസ്യങ്ങൾ കുറയുന്നു. അതിനാൽ കൃത്രിമമായി പുതയിടൽ വ്യാപകമാക്കേണ്ടതുണ്ട്. തെങ്ങോല, കവുങ്ങിന്റെ ഓല, പാള, വിവിധ ചെടികൾ എന്നിവ പുതയിടലിന് ഉപയോഗിക്കാം.
മണ്ണിനെ പുതപ്പിച്ചും മഴയെ കരുതിയും വേനലിന്റെ വറുതികളെ താത്കാലികമായി കുറയ്ക്കാം. എന്നാൽ, ദീർഘകാലയളവിൽ ബഹുമുഖമായ പരിപാടികളാവശ്യമാണ്. ആദ്യം വേണ്ടത് കർഷകരും കൃഷിയുമാണ് നാടിന്റെ നട്ടെല്ല് എന്ന അംഗീകരിക്കലാണ്. പ്രഫഷണലിസവും യന്ത്രവത്കരണവും ആധുനിക രീതികളുടെ പ്രയോഗവും പ്രധാനമാണ്. ഓരോ കൃഷിഭവനുകളും കേന്ദ്രീകരിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഉണ്ടാകണം. സമഗ്രമായ ഭൂവിനിയോഗനയവും രീതികളും പ്രധാനമാണ്. ശാസ്ത്രസാങ്കേതികരംഗം വല്ലാതെ വളർന്നു കഴിഞ്ഞു. എന്തെല്ലാം നേടിയാലും മണ്ണും വെള്ളവും വായുവും തരാൻ തത്കാലം പ്രകൃതിക്കേ കഴിയൂ. അതറിഞ്ഞുള്ള പരിപാടികളിലൂടെ വരൾച്ചയെയും വസന്തമാക്കാം.
(അവസാനിച്ചു)
(ഭൗമശാസ്ത്രജ്ഞനായ ലേഖകൻ ജലവിഭവവകുപ്പ് മുൻ ഡയറക്ടറാണ്)