ലഹരിവിരുദ്ധ വേലിക്കെട്ടുകൾ
Thursday, August 31, 2023 10:30 PM IST
ഡോ. മാത്യു ഇല്ലത്തുപറന്പിൽ
മയക്കുമരുന്ന് ഉപയോഗം കേരളത്തിൽ ഇന്നൊരു ചൂടുള്ള വാർത്താവിഷയം അല്ലാതായിക്കൊണ്ടിരിക്കുന്നു. നിത്യസംഭവങ്ങൾക്കു വാർത്താപ്രാധാന്യമില്ല. ദാരുണമായ റോഡപകടമോ ഭീകരമായ കുറ്റകൃത്യമോ കാണുന്പോൾ നാം പറയാൻ പഠിച്ചിരിക്കുന്നു, വല്ല കള്ളോ കഞ്ചാവോ ആയിരിക്കും കാരണം. ഈ പൊതുബോധത്തെ ഉറപ്പിക്കുന്നതാണ് പിടിക്കപ്പെട്ട ലഹരിക്കേസുകളുടെ എണ്ണം. 2022-ൽ 26,486 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. പിടിക്കപ്പെടാത്ത കേസുകളുടെ എണ്ണംകൂടി നാം ഇതോടൊപ്പം പരിഗണിക്കണം.
അതായത്, ആയിരക്കണക്കിനു വ്യക്തികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ, ഓരോ വർഷവും ഈ കൊച്ചുസംസ്ഥാനത്ത് രോഗികളും മനോരോഗികളുമായി മാറിക്കൊണ്ടിരിക്കുന്നു. അത്രയും കുടുംബങ്ങൾ തകർന്നുപോകുന്നു. പലരുടെയും ജീവിതം ഒഴിച്ചുകളഞ്ഞ വെള്ളംപോലെ കൈമോശം വന്നുപോകുന്നു. ആണ്-പെണ് ഭേദം കൂടാതെ, ഗ്രാമ-നഗര വ്യത്യാസമില്ലാതെ, സ്കൂൾ കുട്ടികളടക്കം മയക്കുമരുന്നിന്റെ ദൂഷിതവലയത്തിലാണിന്ന്. കേരളസമൂഹത്തെയാകെ ആധി പിടിപ്പിക്കേണ്ട വിഷയമാണിത്. കൊറോണ വൈറസിനെ നേരിട്ടതിനേക്കാൾ സൂക്ഷ്മബുദ്ധിയോടെയും നിശ്ചയദാർഢ്യത്തോടെയും സമൂഹമൊന്നാകെ നേരിടേണ്ട കൊടിയ വിപത്താണിത്.
നശിക്കാൻ തീരുമാനിച്ചുറച്ച ചിലരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ സ്വകാര്യവിഷയമല്ല പെരുകുന്ന മയക്കുമരുന്ന് ഉപയോഗം. മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുന്നയാൾ ഏതുസമയത്തും പൊട്ടിത്തെറിക്കാവുന്ന സ്ഫോടകവസ്തു പോലെയാണ്. ഒരുനാൾ അയാൾ പൊട്ടിത്തകരും; അതോടൊപ്പം നിരപരാധികളായ പലരും ചിതറിത്തെറിക്കും. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നയാൾ സ്വയം അപകടത്തിൽപ്പെടുക മാത്രമല്ല, തെരുവിലൂടെ പോകുന്ന പലരുടെയും ജീവൻ കവരുകയും ചെയ്യും. നിരപരാധികളെ കൊന്ന് സ്വയം ചാകുന്നവരാണ് മയക്കുമരുന്നിന്റെ അടിമകൾ. മയക്കുമരുന്ന് ഉപയോഗിക്കുന്ന അപ്പന്റെ മക്കൾ വാൾമുനയിൽ ഭയം ഭക്ഷിച്ചു ജീവിക്കുന്നവരാണ്.
ലഹരി മൂത്താൽ അയാൾ ഏതു നിമിഷവും അവരെ കൊല്ലാം. അത്തരക്കാരന്റെ ഭാര്യ ഭീകരഭയത്തിന്റെ ഇരയായി ജീവിക്കാൻ വിധിക്കപ്പെട്ടവളാണ്. ഇതൊന്നും അവർ അർഹിക്കുന്നില്ല. തലയ്ക്ക് വെളിവുള്ള സമൂഹം അത് അനുവദിച്ചുകൂടാ. വിവിധയിനം തൊഴിൽമേഖലകളിൽപ്പെട്ടവർ മയക്കുമരുന്ന് ഉപയോഗിച്ച് തൊഴിൽ ചെയ്താലോ? അതിപ്പോൾ ബസോടിക്കുന്ന ഡ്രൈവറാണെങ്കിലും മുടി വെട്ടുന്ന ബാർബറാണെങ്കിലും ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടറാണെങ്കിലും നാം ഭയപ്പെടണം.
മയക്കുമരുന്നിന്റെ ഇരകൾ പുതിയ ഇരകളെ സൃഷ്ടിക്കും. ക്രിമിനൽ കേസിനെത്തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട മകനെ ഒരു പാവം അമ്മ ജാമ്യത്തിലിറക്കുന്നു. ആ സാധുസ്ത്രീയെ ആ മകൻ വെട്ടിക്കൊന്നത് ഈ കേരളത്തിലാണ്. ലഹരി തലയ്ക്കു പിടിച്ചവർക്ക് യുക്തിബോധമില്ല; സത്വികാരങ്ങളില്ല. മാനുഷികനന്മകളില്ല. നശിച്ചുപോകാൻ യാതൊരു ഉദ്ദേശ്യവുമില്ലാത്തവരെ അവർ മയക്കുസംഘങ്ങളിലേക്ക് സൗഹൃദത്തിന്റെ പേരിൽ വലിച്ചിടും. ചങ്ങാത്തത്തിന്റെ എല്ലാ പ്രലോഭനങ്ങളെയും സംഘബോധത്തിന്റെ എല്ലാ പ്രീണനങ്ങളെയും ചെറുത്തുതോൽപ്പിക്കാനുള്ള കഴിവ് മിക്കവർക്കുമില്ല; പ്രത്യേകിച്ച് കൗമാരക്കാർക്കും യുവജനങ്ങൾക്കും. ലഹരി ഉപയോഗം കേവലം സ്വകാര്യ ഇഷ്ടത്തിന്റെ വിഷയമല്ല.
അടിപതറിയ പേരന്റിംഗ്
മക്കളെ വളർത്തി പക്വതയിൽ എത്തിക്കുന്നത് ചെറിയൊരു നിയോഗമല്ല. തലമുറകൾതോറും അതിനു വ്യത്യസ്തങ്ങളായ ഭാഷ്യങ്ങളുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണദോഷങ്ങളും ഉണ്ടാകും. എന്നാൽ, സമീപകാലത്ത് മക്കളെ വളർത്തൽ (പേരന്റിംഗ്) അടിപതറിയവരുടെ അഭ്യാസമായി മാറിക്കൊണ്ടിരിക്കുന്നു.
കൗമാരക്കാരായ മക്കളിൽ യാതൊരു സ്വാധീനവുമില്ലാത്ത നിസഹായരായ മാതാപിതാക്കൾ അനേകരുണ്ട്. മക്കളെപ്രതി കണ്ണീരൊഴുക്കാനും പ്രാർഥിക്കാനും മാത്രം അറിയാവുന്ന അമ്മമാർ വളരെയധികമുണ്ട്. മക്കളുടെ ചൊൽപ്പടിക്ക് പണം കൊടുക്കാൻമാത്രം അറിയാവുന്ന അച്ഛന്മാരുണ്ട്. മക്കളെ പേടിച്ച് അടങ്ങിയൊതുങ്ങിക്കഴിയുന്ന അഭ്യസ്തവിദ്യരായ അനേകം മാതാപിതാക്കളുണ്ട്. മക്കൾ എന്തെങ്കിലും കടുംകൈ ചെയ്താലോ എന്നാണ് അവരുടെ ആധി. കുട്ടികളോടുള്ള അമിത വാത്സല്യവും മക്കളെ വളർത്തുന്നതിലെ അറിവില്ലായ്മയും തെറ്റായ മാതൃകകളുമെല്ലാം ഈ ദുരവസ്ഥയുടെ പിന്നിലുണ്ട്.
മാതാപിതാക്കളുടെ സ്നേഹം ധൂർത്തടിക്കുന്ന മക്കളും കിട്ടാതെപോയ സ്നേഹം തേടി അലയുന്നവരും യുവജനങ്ങളുടെ ഇടയിലുണ്ട്. ചുരുക്കത്തിൽ, അതിവേഗം തകർന്നുകൊണ്ടിരിക്കുന്ന സന്പ്രദായമായി മാറിക്കൊണ്ടിരിക്കുന്നു പാേരന്റിംഗ്. ഇതിനിടയിൽ കുടുംബംപോലും ആവശ്യമില്ല എന്നു വാദിക്കുന്ന പച്ചപ്പരിഷ്കാരികളും രംഗത്തുണ്ട്. മക്കൾ ആവശ്യപ്പെടുന്നതെന്തും ഏതു വിധേനയും വാങ്ങിക്കൊടുക്കുകയും എന്നാൽ പ്രായാനുസൃതം അവരോട് ജീവിതം പറയാൻ പരാജയപ്പെടുകയും ചെയ്യുന്നവരാണ് ഇക്കാലത്തെ മാതാപിതാക്കളിൽ ഏറെപ്പേർ.
മൂല്യങ്ങളെക്കുറിച്ചും ശരി-തെറ്റുകളെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും വേണ്ടപോലെ മക്കളോട് സംസാരിക്കാത്ത മാതാപിതാക്കൾക്ക് മക്കളെ അരുതാത്തയിടങ്ങളിൽ കാണേണ്ടിവരും. സ്വാതന്ത്ര്യം-നിയന്ത്രണം, അവകാശങ്ങൾ-കടമകൾ, വിനോദം-പഠനം തുടങ്ങിയ ദ്വന്ദങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ മക്കളെ എങ്ങനെ ശീലിപ്പിക്കുന്നു എന്നത് പ്രധാനമാണ്. ഇവയിലൊക്കെ ഏകപക്ഷീയമായ ഊന്നൽ കൊടുത്താൽ മക്കൾ വിനാശകരമായ ഭ്രമലോകങ്ങളിലേക്ക് വഴുതിപ്പോകുന്നത് സങ്കടത്തോടെ നോക്കിനിൽക്കേണ്ടിവരും. മയക്കുമരുന്ന് ഉപയോഗത്തിന് ആദ്യഘട്ടങ്ങളിലെങ്കിലും ചികിത്സിക്കേണ്ട രോഗം എന്നൊരു തലമുണ്ട്. പക്ഷേ, ചികിത്സ കിട്ടേണ്ടത് മയക്കുമരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാർക്കു മാത്രമല്ല, അവരുടെ മാതാപിതാക്കൾക്കുമാണ്.
ഭരണകൂടത്തിന്റെ വ്യാജശൂരത്വം
വർധമാനമാകുന്ന ലഹരി ഉപയോഗം തടയേണ്ടത് പ്രധാനമായും സർക്കാരാണ്. പൊതുനന്മ ഉറപ്പിക്കാനുള്ള കടമ സർക്കാരുകൾക്കുണ്ട്. വ്യക്തികളുടെ സ്വാതന്ത്ര്യം നിയന്ത്രിച്ചുപോലും പൊതുനന്മ ഉറപ്പാക്കണം സർക്കാർ. വാഹനയാത്രക്കാർക്ക് ഹെൽമെറ്റും സീറ്റ്ബെൽറ്റും നിർബന്ധമാക്കുന്നതിന്റെ യുക്തി ഇതാണ്. എന്നാൽ, ലഹരിനിയന്ത്രണ രംഗത്ത് സർക്കാർ ഇരട്ടത്താപ്പാണ് പയറ്റുന്നത്.
ഒരേസമയം മദ്യവും പുകയില ഉത്പന്നങ്ങളും വിറ്റു കാശുണ്ടാക്കുകയും അതേസമയം മദ്യ-ലഹരിവിരുദ്ധ പ്രചാരണം നടത്തുകയും ചെയ്യുന്നതാണ് സർക്കാർ രീതി. മദ്യ ഉപയോഗം കൂടുകയും കൂടുതൽ മദ്യജന്യതിന്മകൾ സമൂഹത്തിൽ ഉണ്ടാകുകയും ചെയ്യുന്പോൾ സന്തോഷിക്കുന്ന ഖജനാവാണ് സർക്കാരിന്റേത്. കാരണം, തത്കാലത്തേക്ക് വരുമാനം കിട്ടും. എന്നാൽ ആത്യന്തികമായി മദ്യക്കച്ചവടവും മയക്കുമരുന്നു വ്യാപനവും സംസ്ഥാനത്തിനു നഷ്ടമായി മാറും. പൗരന്മാരുടെ ആരോഗ്യനഷ്ടം അവരുടെ ഉത്പാദനക്ഷമത കുറയ്ക്കും. ചികിത്സാരംഗത്ത് സർക്കാരും വൻ തുക മുടക്കേണ്ടി വരും. ഓരോ കുറ്റകൃത്യവും അപകടവും നടക്കുന്പോഴും സർക്കാരിനു സാന്പത്തികനഷ്ടം ഉണ്ടാകുന്നുണ്ട്.
ലഹരിവിരുദ്ധ പ്രചാരണങ്ങളും മുന്നേറ്റങ്ങളും സർക്കാർ നടത്തുന്നുണ്ടെങ്കിലും അതിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. എക്സൈസ് സംഘം പ്രതിയോടൊപ്പം ഫോട്ടോയെടുത്ത് പത്രത്തിൽ കൊടുക്കുന്നതിൽ മയക്കുമരുന്നുവേട്ട അവസാനിക്കുന്നു. എന്നാൽ, മയക്കുമരുന്നിന്റെ വിതരണശൃംഖല കണ്ടെത്തുന്നതിൽ താത്പര്യം കാണിക്കാറില്ല എന്നതാണു വസ്തുത. അസുഖകരമായ വന്പൻ കണ്ണികളിലേക്ക് എത്തിപ്പെടാൻ സർക്കാരിന് ഉദ്ദേശ്യമില്ല എന്നർഥം.
മയക്കുമരുന്ന് വിപണിയുടെ വിതരണക്കാരിൽനിന്ന് മൊത്തക്കച്ചവടക്കാരിലേക്കും ഉത്പാദകരിലേക്കും എത്താതെ ഈ വിപത്ത് തടയാനാകില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇത് അറിഞ്ഞുകൂടാത്തതല്ല. പക്ഷേ, ചെയ്യുകയില്ല. 12,000 കോടി രൂപ വിലയുള്ള 2500 കിലോ മയക്കുമരുന്നാണ് 2023 മേയ് മാസത്തിൽ ഇന്ത്യൻ തീരത്തുനിന്ന് പിടിച്ചെടുത്തത്. ഒപ്പം ഒരു പാക് പൗരനും പിടിയിലായി. നമ്മുടെ രാജ്യത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇറക്കുമതി ചെയ്തുവരുന്ന മയക്കുമരുന്നുകൾ എന്ന വാദമുണ്ട്. ഇത് അംഗീകരിച്ചാലും ഇല്ലെങ്കിലും കള്ളനോട്ടിനു സാധിക്കാത്തത് കഞ്ചാവിനു സാധിക്കും എന്ന തിരിച്ചറിവ് ഭരണാധികാരികൾക്കു വേണം.
മറ്റു പല രംഗത്തുമെന്നതുപോലെ മയക്കുമരുന്നു വേട്ടയിൽ പരാജയപ്പെട്ട സംവിധാനമാണ് സർക്കാർ. സർക്കാരുകൾ ഉള്ളതുകൊണ്ടല്ലേ ഇത്രയധികം അറസ്റ്റും കേസും ഉണ്ടായത് എന്നു വാദിക്കാം. എന്നാൽ ഒരു ചോദ്യം ബാക്കിയാകുന്നു, എന്നിട്ട് എന്തുണ്ടായി? മയക്കുമരുന്ന് ഉപയോഗം ക്രമേണ കുറയുകയാണോ കൂടുകയാണോ?
വേലികെട്ടാതെ കള പറിക്കാനൊരുന്പെടുന്നവർ
മയക്കുമരുന്ന് ഉപയോഗം ചർച്ച ചെയ്യപ്പെടേണ്ടത് കുറെ വ്യക്തികളുടെ അപരാധം എന്ന നിലയ്ക്കോ അവരുടെ പരാജയം എന്ന രീതിയിലോ മാത്രമല്ല. കേരളത്തിൽ ഇന്ന് വ്യാപകമാകുന്ന മയക്കുമരുന്നുപയോഗം ഇവിടത്തെ വ്യാപകമായ സംവിധാനത്തകർച്ചയുടെ നേരടയാളമാണ്. ഇത് അടിയന്തരമായി പരിഗണിക്കപ്പെടേണ്ട കാര്യമാണ്. ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരുടെ പെരുമാറ്റത്തെയും ജീവിതരീതിയെയും ഭാവുകത്വത്തെയും ധർമനിഷ്ഠയെയും ശക്തമായി സ്വാധീനിച്ചിരുന്ന സാമൂഹിക സംവിധാനങ്ങൾ നമുക്കുണ്ടായിരുന്നു. എല്ലാ നാടുകളിലും അവയുണ്ട്. ഒരു സംസ്കാരം ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണത്. എന്നാൽ, നമ്മുടെ നാട്ടിലെ അത്തരം സാമൂഹിക സംവിധാനങ്ങൾ പ്രായേണ ദുർബലവും ഫലശൂന്യവുമാകുന്ന കാഴ്ചയാണ് എങ്ങും.
നിർണായകമായ ചോദ്യമിതാണ്: നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെ അഭിസംബോധന ചെയ്യാൻ പ്രാപ്തിയുള്ള എത്ര സംവിധാനങ്ങൾ, സാംസ്കാരികമായ ജ്ഞാനപീഠങ്ങൾ നമുക്കുണ്ട്? നിർഭാഗ്യവശാൽ യുവജനങ്ങളെ പ്രബുദ്ധരാക്കുകയും വെല്ലുവിളിക്കുകയും പ്രചോദിപ്പിക്കുകയും കർമോജ്വലരാക്കുകയും ചെയ്യുന്ന സാമൂഹികസ്പർശനികൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇരുട്ടിലാണ്ടുപോയ വഴിവിളക്കുകളേ തെരുവുകളിൽ കാണാനുള്ളൂ. മൗനം വിഴുങ്ങിയ ഉച്ചഭാഷിണികളാണ് അവിടവിടെ ഉയർത്തിക്കെട്ടിവച്ചിരിക്കുന്നത്.
രണ്ടുതരം പ്രതികരണങ്ങൾ സമൂഹത്തിൽ ഇത് ഉണ്ടാക്കുന്നുണ്ട്. ഒന്ന്, ഏതെങ്കിലും രീതിയിൽ പ്രാപ്തിയുള്ളവർ ഈ നാടുവിട്ട് വിദേശരാജ്യങ്ങളിലേക്ക് ഓടി രക്ഷപ്പെടുന്നു. തൊഴിൽ തേടിയുള്ള കുടിയേറ്റം മാത്രമല്ല അത്. യാതൊരു തരത്തിലും പ്രതീക്ഷ ജനിപ്പിക്കാത്ത സാമൂഹിക വ്യവസ്ഥയിൽനിന്നുള്ള കൂട്ടപ്പലായനമാണത്. നിലവിലെ വിഷയപരിധിക്ക് പുറത്തായതുകൊണ്ട് അക്കാര്യം നമുക്ക് മാറ്റിവയ്ക്കാം.
രണ്ട്, സാമൂഹിക സംവിധാനങ്ങളുടെ വേലിക്കെട്ടുകൾ തകരുന്പോൾ ഒട്ടേറെപ്പേർ, പ്രത്യേകിച്ച് ചെറുപ്പക്കാർ, നിമിഷസുഖങ്ങളുടെ മേച്ചിൽപ്പുറങ്ങൾ തേടിയിറങ്ങുന്നു. അവർ ഏറ്റവും ആദ്യം എത്തിപ്പെടുന്നത് മയക്കുമരുന്നുകളുടെ സുഖോന്മാദങ്ങളിലേക്കാണ്. സാമൂഹിക അർബുദംപോലെ പടർന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്നുപയോഗം ഫലപ്രദമായി തടയണമെങ്കിൽ നമ്മുടെ നാട്ടിലെ സംവിധാനത്തകർച്ചകൾ പരിഹരിക്കപ്പെടണം. കേരളം ഒന്നാം നന്പർ, ദൈവത്തിന്റെ സ്വന്തം നാട് തുടങ്ങിയ സാംസ്കാരിക പൊങ്ങച്ചങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാമെന്നേയുള്ളൂ. ഒരു തലമുറയെ ഉണർവോടെ പിടിച്ചുനിർത്താൻ അതൊന്നും പോരാ.
കുറച്ചു പ്രതിഷേധം, അല്പം പ്രതിരോധം, കുറേ ബോധവത്കരണം, ഇടയ്ക്കിടെ കുറച്ചു ലഹരിവേട്ട ഇതൊക്കെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലഹരിവിരുദ്ധ നീക്കത്തിലെ സാധാരണ ചേരുവകൾ. ഇവയൊക്കെ നല്ലതാണ്; വേണ്ടതുമാണ്. പക്ഷ, ഇത്തരം നടപടികൾ മാത്രം പോരാ ലഹരിയെന്ന മഹാവിപത്തിനെ തടയാൻ. ബൈബിളിലെ, ക്രിസ്തുവിന് ഏതാണ്ട് പത്തു നൂറ്റാണ്ടുകൾക്കുമുന്പ് എഴുതപ്പെട്ട, സുഭാഷിതങ്ങൾ എന്ന പുസ്തകത്തിലെ ഒരു കല്പനാചിത്രം ഇങ്ങനെയാണ്: ബുദ്ധിശൂന്യന്റെ മുന്തിരിത്തോപ്പിൽ മുള്ളുകൾ നിറഞ്ഞിരിക്കുന്നു; കളകൾ പെരുകിയിരിക്കുന്നു. അതിന്റെ കല്ലുവേലി പൊളിഞ്ഞുകിടക്കുന്നു (24:30-31). വേലിക്കെട്ടുകൾ സംരക്ഷിക്കാത്ത മുന്തിരിത്തോട്ടത്തിൽ മൃഗശല്യം വർധിച്ചു എന്നല്ല, കളകൾ പെരുകി എന്നാണു സൂചന.
നമ്മുടെ നാട്ടിലെ ലഹരിവിരുദ്ധ നീക്കങ്ങൾ പലതും വേലികെട്ടാത്ത തോട്ടത്തിലെ കളപറിക്കൽ മാത്രമാണ്. അതായത്, പൊളിഞ്ഞുകിടക്കുന്ന സാമൂഹിക വേലിക്കെട്ടുകൾ പുതുക്കിപ്പണിയുവോളം ഇപ്പോഴത്തെ കളപറിക്കൽ താത്കാലികഫലം മാത്രമേ തരൂ. അടിയന്തര ശ്രദ്ധയോടെ പുതുക്കിപ്പണിയേണ്ട ഏതാനും സാമൂഹിക വേലിക്കെട്ടുകളാണ് നമ്മുടെ തുടർ ചിന്താവിഷയം.
(തുടരും)