നഷ്ടങ്ങൾ ബാക്കിയാക്കുന്ന ലഹരി
Friday, September 1, 2023 11:09 PM IST
ലഹരിവിരുദ്ധ വേലിക്കെട്ടുകൾ -2 / ഡോ. മാത്യു ഇല്ലത്തുപറന്പിൽ
യുവജനങ്ങളുടെയും കുട്ടികളുടെയും ജീവിതത്തെ അഭിസംബോധന ചെയ്യാത്ത ഒരു അഭ്യാസമായി നമ്മുടെ വിദ്യാഭ്യാസ സന്പ്രദായം മാറിക്കഴിഞ്ഞിരിക്കുന്നു. അക്ഷരവും അക്കവും കണക്കും ശാസ്ത്രവും മാത്രം അഭ്യസിപ്പിക്കുന്ന ഫാക്ടറികൾ മാത്രമാണിപ്പോൾ നമ്മുടെ വിദ്യാലയങ്ങൾ. നല്ല മാർക്ക് വാങ്ങി നല്ല ജോലി സ്വന്തമാക്കണം എന്നു മാത്രമേ നല്ല വിദ്യാലയങ്ങളിൽ ഉപദേശിക്കപ്പെടുന്നുള്ളൂ. നല്ല മനുഷ്യനാകാനും നല്ല പൗരനാകാനും വേണ്ട സ്വഭാവരൂപീകരണം നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിൽ ഇപ്പോഴില്ല. വിദ്യാഭ്യാസസന്പ്രദായത്തിലെ ഈ കുറവ് ഒരുകാലത്ത് അധ്യാപകർ നികത്തിയിരുന്നു. അവർ കുട്ടികളുടെ ജീവിതത്തെ അഭിസംബോധന ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അവർ ഗുരുക്കന്മാരോ അങ്ങനെ ആകാൻ ആഗ്രഹിച്ചവരോ ആയിരുന്നു. അത്തരക്കാരുടെ എണ്ണം കുറയുകയും അധ്യാപക തൊഴിലാളികളുടെ എണ്ണം കൂടുകയും ചെയ്തിരിക്കുന്നു.
രസികൻ മാധ്യമങ്ങൾ
ഇക്കാലത്ത് പ്രായഭേദമെന്യേ മനുഷ്യരോട് ഏറ്റവും കൂടുതൽ സംസാരിക്കുന്നത് വീട്ടുകാരോ കൂട്ടുകാരോ അല്ല, മാധ്യമങ്ങളാണ്. എന്നാൽ അത് മുഖ്യധാരാ മാധ്യമങ്ങളല്ല എന്നതാണ് വാസ്തവം. മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന് പുതുതലമുറ കാതങ്ങൾ അകലെയാണ്. അവരുടെ അഭിരുചികൾ വ്യത്യസ്തമായതാകാം ഒരു കാരണം. യുക്തിഭദ്രമായ ചർച്ചയോ വിജ്ഞാനപ്രദമായ പരിപാടിയോ ടെലിവിഷനിൽ കണ്ടിരിക്കാനും കാന്പുള്ള ഒരു ലേഖനം വായിക്കാനും സമയം മാറ്റിവയ്ക്കുന്നവരും കുറവാണ്. നൈമിഷികമായ വിനോദപരിപാടികൾക്കാണ് വിപണിമൂല്യമുള്ളത്. സമൂഹമാധ്യമങ്ങൾക്കുകിട്ടുന്ന അധികപ്രചാരം ഇതു വെളിവാക്കുന്നുണ്ട്.
മുഖ്യധാരാ മാധ്യമങ്ങളാണെങ്കിലും സമൂഹമാധ്യമങ്ങളാണെങ്കിലും മനുഷ്യരെ അടിസ്ഥാനപരമായ കാര്യങ്ങളിൽ എന്തുമാത്രം അഭിസംബോധന ചെയ്യുന്നുണ്ട് എന്നു സംശയമാണ്. രസിപ്പിക്കുന്നതും രമിപ്പിക്കുന്നതുമായ വിഷയങ്ങളാണ് മാധ്യമങ്ങൾക്ക് പഥ്യം. വിവിധ മാധ്യമങ്ങളുടെ വിശേഷാൽപ്പതിപ്പുകളിലെ ഒരു സ്ഥിരം ഉള്ളടക്കം സിനിമാസംബന്ധമായിരിക്കും. ആയിരക്കണക്കിനു പേരെ അപകടത്തിലാക്കുന്ന മയക്കുമരുന്ന് എന്ന സാമൂഹികവിപത്തിനെക്കുറിച്ച് മരുന്നിനുപോലും ചർച്ചയുണ്ടാകാനിടയില്ല. ആവശ്യക്കാർക്കു വേണ്ടത് വിളന്പുക എന്ന ശൈലിയിൽനിന്ന് ആവശ്യക്കാരുടെ അഭിരുചികൾ രൂപപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിക്കാറില്ല എന്നതാണു ശ്രദ്ധേയം. ലഹരിവ്യാപനത്തെക്കുറിച്ച് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന റിപ്പോർട്ടുകൾ മറക്കുന്നതുകൊണ്ടല്ല ഇതു പറയുന്നത്.
ബൈബിൾ വിവരണത്തിലെ നോഹയുടെ പെട്ടകത്തിൽനിന്ന് തുറന്നുവിട്ട മലങ്കാക്കയെപ്പോലെയാണ് പല മാധ്യമങ്ങളും. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നുനടന്നു. വെള്ളപ്പൊക്കം ബാക്കിവച്ച ജീർണപിണ്ഡങ്ങൾ അത് കൊത്തിപ്പെറുക്കി. എന്നാൽ നോഹ പറത്തിവിട്ട ഒരു പ്രാവ് കൊത്തിയെടുത്ത ഒലിവിലയുമായി പറന്നുവന്നു (ഉത്പ 8:6-11). വെള്ളപ്പൊക്കം കുറഞ്ഞുതുടങ്ങി എന്ന വാർത്തയായിരുന്നു അത്. മലങ്കാക്കകൾ മേഞ്ഞുനടക്കുന്ന ദുരന്തഭൂമിയിൽ മയക്കുമരുന്നിനെതിരേ സ്വരം ഉയരാനിടയില്ല.
ആത്മാവില്ലാത്ത മതങ്ങൾ
മതാത്മകമായ അന്തരീക്ഷം കേരളത്തിന്റെ മുഖമുദ്രയാണ്. സ്വതന്ത്രമായ ആത്മീയ പ്രസ്ഥാനങ്ങൾക്കും ഇന്നാട്ടിൽ കുറവില്ല. എന്നാൽ മതങ്ങളും വിവിധ ആത്മീയമുന്നേറ്റങ്ങളും യുവജനങ്ങളെ ഇക്കാലത്ത് എന്തുമാത്രം അഭിസംബോധന ചെയ്യുന്നുണ്ട് എന്നത് ഉന്നയിക്കപ്പെടേണ്ട ചോദ്യമാണ്. അവർക്ക് ഉന്നതമായ ലക്ഷ്യബോധം കൊടുക്കാനും അവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പടുത്താനും മൂല്യബോധം പകരാനും സാധിക്കാതെ പോകുന്നു. മതങ്ങൾ വേഷം മാറി രാഷ്ട്രീയത്തിലേക്കും അധികാരകേന്ദ്രങ്ങളിലേക്കും ഇഴഞ്ഞുകയറുന്ന കാലമാണിത്. പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള അന്തരം മതപ്രഭാഷണങ്ങളുടെ ആകർഷണമൂല്യം ഹരിച്ചുകളയുന്നുണ്ട്. മതാത്മകതയെ ആത്മീയതയായി പരിവർത്തനപ്പെടുത്തുന്നതിൽ മതങ്ങൾ പലപ്പോഴും ഏറ്റക്കുറച്ചിലുകളോടെ പരാജയപ്പെടുന്നു.
ഉത്കൃഷ്ടമായ ലഹരികളിലേക്ക് മനുഷ്യരെ നയിക്കാൻ പരാജയപ്പെട്ടാൽ മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും അപ്രസക്തമായി മാറും. ദൈവത്തെ ലഹരിയായി സ്വീകരിച്ചവർക്ക് മനുഷ്യരെ കൊല്ലുന്ന തരം ലഹരികൾ ആവശ്യമില്ല. അവർക്ക് അന്യരെ കശാപ്പു ചെയ്യുന്ന രാസലഹരികൾ വേണ്ട. ഇതിന്റെ അർഥം ലഹരികളെ മതമായി സ്വീകരിക്കുക എന്നല്ല. മറിച്ച്, ആത്മീയത അഗ്നിയായും പരവിചാരത്തിന്റെ ലഹരിയായും ഉൾക്കൊള്ളുക എന്നാണ്.
ഇങ്ങനെയൊക്കെ പറയാൻ തക്കവിധം കേരളത്തിലെ എല്ലാ സാമൂഹിക സംവിധാനങ്ങളും അത്രയധികം ജീർണിച്ചതാണോ എന്ന സംശയം ന്യായമാണ്. ഫലങ്ങളിൽനിന്നു വേണം സമൂഹിക വ്യവസ്ഥിതികളെ വിലയിരുത്താൻ. ഒറ്റപ്പെട്ട രജതരേഖകൾ എല്ലാ രംഗങ്ങളിലും പലതുണ്ട് നമ്മുടെ നാട്ടിൽ ചൂണ്ടിക്കാണിക്കാൻ. എന്നാൽ അവയൊന്നും സംവിധാനങ്ങളുടെ ഫലമല്ല, ചില വ്യക്തികളുടെ സവിശേഷ ഗുണങ്ങളുടെ ഫലം മാത്രമാണ്. ഒരു സമൂഹത്തിനു വളരാനും മയക്കുമരുന്നു വ്യാപനം പോലുള്ള മാരകസാധ്യതകളെ തടയാനും സംവിധാനങ്ങളുടെ പുനരുജ്ജീവനം ആവശ്യമാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ, ലഹരിക്കെതിരേയുള്ള സംവിധാനങ്ങൾ സജ്ജമാകുന്നതുവരെ നമുക്കു കാത്തിരിക്കാനാകില്ല. അപ്പോഴേക്കും എത്രയോ പേർ നശിച്ചിട്ടുണ്ടാകും. ലഹരിക്കെതിരേ പ്രതിരോധപ്രവർത്തനങ്ങൾ നടക്കണം. ലഹരിവിരുദ്ധ പ്രാദേശിക കൂട്ടായ്മകൾ വിദ്യാഭ്യാസസ്ഥാപന പരിസരത്തു രൂപപ്പെടേണ്ടതുണ്ട്. കർശനമായ ഇടപെടലുകൾ സർക്കാർ തലത്തിൽ ഉടനടി ആവശ്യമുണ്ട്. ലഹരി വ്യാപകമാകുന്ന നാട്ടിൽ സമാന്തര സന്പദ് വ്യവസ്ഥയുണ്ടാകും.
അതു തകർക്കാൻ സർക്കാരിനേ കഴിയൂ. ലഹരിവിരുദ്ധ പ്രചാരണങ്ങൾ നടക്കട്ടെ. അതോടൊപ്പം ലഹരിക്കെതിരേയുള്ള പോരാട്ടത്തെ ഫലപ്രദമാക്കാനുള്ള സംവിധാനവും അന്തരീക്ഷവും നമുക്കാവശ്യമാണ്. വേലികെട്ടാത്ത തോട്ടത്തിൽ കളപറിച്ച് തോൽക്കുന്ന പണിക്കാരാകരുത് ലഹരിവിരുദ്ധ പ്രവർത്തകർ. ഉന്മത്തരുടെ സ്വന്തം നാടെന്ന പേരുദോഷം നാം അർഹിക്കുന്നില്ല.
ജീവിതം തൊടാത്ത വിദ്യാലയങ്ങൾ
കുട്ടികൾക്ക് ലക്ഷ്യബോധം പ്രദാനം ചെയ്യാനും അവരെ പ്രചോദിപ്പിക്കാനും പ്രകാശിപ്പിക്കാനും കഴിയാത്ത സംവിധാനത്തിൽനിന്ന് ചെറുപ്പക്കാർ ലഹരിയുടെ മായാലോകത്തിലേക്ക് ഇറങ്ങിപ്പോകും. അവർക്ക് സ്വപ്നങ്ങൾ പകരാനോ സ്വപ്നം കാണാനുള്ള മോഹം ജനിപ്പിക്കാനോ അധ്യാപകർക്ക് കഴിയാതെ പോകുന്നു. അധ്യാപകർ അപ്പാടെ മോശക്കാരാണെന്ന് അർഥമില്ല. മൂല്യബോധനം ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായത്തിൽ വളരെ പരിമിതമാണ്; ആ മേഖലയിൽ അധ്യാപകരുടെ പങ്കും. വിദ്യാഭ്യാസ സന്പ്രദായത്തിന്റെ വേലിക്കെട്ടുകൾ പുതുക്കിപ്പണിയുവോളം നമ്മുടെ വിദ്യാലയങ്ങൾക്കു ചുറ്റും ലഹരിവില്പനയുടെ ഒളികേന്ദ്രങ്ങൾ നിലനില്ക്കും.
(അവസാനിച്ചു)