മുന്നറിയിപ്പുകളാകും ജനവിധി
Saturday, November 11, 2023 2:15 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“സംസാരം വില കുറഞ്ഞതാണ്. വോട്ടിംഗ് സൗജന്യമാണ്. വോട്ടെടുപ്പിലേക്കു കൊണ്ടുപോകൂ.’’ അമേരിക്കൻ നോവലിസ്റ്റായ നാനെറ്റ് എൽ. ഏവറിയുടെ വാക്കുകളുടെ കാലമാണിത്. ഇന്ത്യ തെരഞ്ഞെടുപ്പുകാലങ്ങളിലേക്കു കടന്നു. രാജ്യത്തിന്റെ ഗതി തിരിക്കുന്ന അതീവ നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് ആറു മാസത്തോളമേ ശേഷിക്കുന്നുള്ളൂ. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
ആറു മാസമായി കലാപം തുടരുന്ന മണിപ്പുരിന്റെ അയൽസംസ്ഥാനമായ മിസോറമിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് പൂർത്തിയായി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണിയുള്ള 20 സീറ്റുകളിലേക്കും അന്നുതന്നെ വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള 70 സീറ്റുകളിലേക്ക് അടുത്ത വെള്ളിയാഴ്ചയാണ് പോളിംഗ്. മധ്യപ്രദേശിലെ ആകെയുള്ള 230 മണ്ഡലങ്ങളിലേക്കും ഇതേ ദിവസമാണു വോട്ടെടുപ്പ്. രാജസ്ഥാനിലെ 200 സീറ്റുകളിലേക്ക് 25നും തെലുങ്കാനയിലെ 119 സീറ്റുകളിലേക്ക് 30നും വോട്ടെടുപ്പ് പൂർത്തിയാക്കും.
കണ്ണിലെ തടി കാണാതെ
മണിപ്പുർ കലാപവും പശ്ചിമേഷ്യയിലെ ഹമാസ്- ഇസ്രയേൽ യുദ്ധവും ഇന്ത്യൻ വോട്ടർമാരെ എത്രകണ്ട് സ്വാധീനിക്കുമെന്ന സംശയം രാഷ്ട്രീയ നേതാക്കളിലുണ്ട്. സ്വന്തം നാട്ടിലെ സഹോദരങ്ങളുടെ കൂട്ടക്കുരുതികളും കൊടിയ ദുരിതങ്ങളും കണ്ടില്ലെന്നു നടിക്കുന്ന ചില രാഷ്ട്രീയപാർട്ടികളും നേതാക്കളും പശ്ചിമേഷ്യയിലെയും വിദേശരാജ്യങ്ങളിലെയും വർഗീയ, വംശീയ നരഹത്യകളിലും യുദ്ധങ്ങളിലും കൂടുതൽ വേവലാതിപ്പെടുന്നതുതന്നെ വോട്ടർമാരെ കബളിപ്പിക്കാനാണ്. രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക- സാന്പത്തിക- വ്യാവസായിക- വ്യാപാര പ്രതിസന്ധി തുടങ്ങിയവയുടെ ആഘാതം ചെറുതല്ലെങ്കിലും ദേശീയ, അന്തർദേശീയ വിഷയങ്ങൾ വിസ്മരിക്കപ്പെടില്ല.
പക്ഷേ മണിപ്പുരിലെ വംശഹത്യയുടെ ആഘാതം ചെറുതല്ലെന്ന് മിസോറം ഭരിക്കുന്ന മിസോ നാഷണലിസ്റ്റ് ഫ്രണ്ടിനും (എംഎൻഎഫ്) മുഖ്യമന്ത്രി സോറംതംഗയ്ക്കും ഉറപ്പാണ്. മണിപ്പുർ കലാപം കൈകാര്യം ചെയ്ത കേന്ദ്രത്തിലെയും മണിപ്പുരിലെയും ബിജെപി സർക്കാരിനെതിരേ രൂക്ഷമായാണ് സോറംതംഗ പ്രതികരിച്ചത്. മേയ് മൂന്നിന് മണിപ്പുരിൽ കലാപം ആരംഭിച്ചശേഷം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന ആദ്യ ജനകീയ വിധിയെഴുത്തെന്ന പ്രത്യേകതയും മിസോറം തെരഞ്ഞടുപ്പിനുണ്ട്.
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എംഎൻഎഫ് ഒറ്റയ്ക്കാണു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രചാരണവേളയിൽ പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിടില്ലെന്നു മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതോടെ അവഹേളിതനായ മോദിക്ക്, മിസോറമിലെ നിശ്ചയിച്ച പര്യടനം റദ്ദാക്കേണ്ടിവന്നു. മണിപ്പുരിൽ പോകാതെ മിസോറമിൽ പ്രചാരണത്തിനു പോയാലുള്ള പ്രതിഷേധവും മോദിക്ക് മിസോറം യാത്രയ്ക്കു തടസമായിരിക്കാം.
വടക്കുകിഴക്കിന്റെ പാഠങ്ങൾ
ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ട മണിപ്പുർ കലാപത്തിൽ ഭവനരഹിതരായ 12,000 കുക്കികളാണ് മിസോറമിലേക്കെത്തിയത്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിച്ചുകയറിയ ബിജെപിയുടെ ഭാവിസാധ്യതകൾ മങ്ങാൻ മണിപ്പുർ കാരണമാകുമെന്ന് മിസോറമിലെ പല വോട്ടർമാരും പോളിംഗിനു ശേഷം വെളിപ്പെടുത്തി.
ക്രൈസ്തവവിരുദ്ധ പാർട്ടിയെന്ന പ്രതിച്ഛായയാണു മണിപ്പുർ സംഘർഷത്തിലൂടെ ബിജെപിക്ക് മിസോറമിലുള്ളതെന്ന് ഐസ്വാളിൽ നിന്നുള്ള 35കാരനായ ജോനാഥൻ പച്ചാവു പറഞ്ഞു.
മിസോറമിൽ ബിജെപി കാലുകുത്തിയതു മുതൽ അവരുടെ വലതുപക്ഷ ആശയങ്ങൾ മിസോ ജനതയെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. അതു കൂടുതൽ ശരിവയ്ക്കാൻ മണിപ്പുരിലെ ക്രൈസ്തവ വേട്ട കാരണമായി. ഭാവിയിൽ ബിജെപിയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ക്രൈസ്തവർ ചിന്തിക്കാനിടയാക്കുന്നതാണ് മണിപ്പുർ കലാപം കൈകാര്യം ചെയ്ത ബിജെപി സർക്കാരുകളുടെ നടപടിയെന്നതിൽ സംശയമില്ലെന്ന് ലാൽതൻപുയീ എന്ന 42കാരൻ ചൂണ്ടിക്കാട്ടി. ഗോവ, കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവരിലും ബിജെപിയെക്കുറിച്ച് ആശങ്ക സൃഷ്ടിക്കാൻ മണിപ്പുർ കാരണമായി.
നീറ്റലായി മണിപ്പുർ
വിയറ്റ്നാം യുദ്ധത്തിലെ നേപ്പാം ബോംബാക്രമണത്തിൽ നഗ്നയായ ഒരു പെണ്‍കുട്ടിയുടെ ദയനീയമായൊരു ഫോട്ടോ ആരും മറക്കാനിടയില്ല. യുദ്ധത്തിലെ അധാർമികതകളെക്കുറിച്ച് ലോകമനഃസാക്ഷിയെ ഉലച്ച ചിത്രമായിരുന്നു അത്. മണിപ്പുരിലെ രണ്ടു കുക്കി സ്ത്രീകളെ പൊതുസ്ഥലത്ത് നഗ്നരായി പരേഡ് ചെയ്യിക്കുകയും പുരുഷന്മാരായ മെയ്തെയ് യുവാക്കൾ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേല്പ്പി ക്കുകയും ബലാത്സംഗം ചെയ്യുകയും അവരിലൊരാളെ ക്രൂരമായി കൊല്ലുകയും ചെയ്ത സംഭവത്തിന്റെ വൈറലായ വീഡിയോയും ലോകമനഃസാക്ഷിയെ ഉണർത്തി.
എന്നാൽ, മണിപ്പുരിലെയും ഇന്ത്യയിലെയും ഭരണകർത്താക്കളെ മാത്രം ഇതൊന്നും ഞെട്ടിച്ചതായി തോന്നിയില്ല! സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വലിയ ആശങ്ക പ്രകടിപ്പിക്കുകയും നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഏതാനും പ്രതികളെ മാത്രം അറസ്റ്റ് ചെയ്തു ജനരോഷം തണുപ്പിച്ചെങ്കിലും മണിപ്പുരി ഗോത്രജനതയുടെ ഹൃദയത്തിൽ ഈ സംഭവം ആഴത്തിൽ മുറിവേൽപ്പിച്ചു.
മണിപ്പുർ കൂട്ടക്കൊലയും അക്രമങ്ങളും ന്യൂനപക്ഷങ്ങളെയാകെ ഉലച്ചു. പോലീസിന്റെ ഒത്താശയോടെയാണു പലയിടത്തും അക്രമങ്ങളുണ്ടായതെന്നതാണു കൂടുതൽ അസ്വസ്ഥത സൃഷ്ടിച്ചത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലും അടക്കം ഇതര സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ. ഭൂരിപക്ഷ വർഗീയതയുടെയും ജാതീയതയുടെയും പേരിൽ ഹതഭാഗ്യരായ ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ ഇന്ത്യയിലുടനീളം പീഡിപ്പിക്കുന്പോൾ നിയമപാലകരും ഭരണവർഗവും കൈയുംകെട്ടി നിൽക്കുന്നുവെന്നാണു പരാതി.
ഭയാശങ്കയിൽ ന്യൂനപക്ഷങ്ങൾ
സ്വന്തം ജനത പരസ്പരം വെട്ടിയും വെടിവച്ചും തീവച്ചും കൊല്ലുന്നത് ആറു മാസത്തിലേറെ തുടർന്നിട്ടും നിയന്ത്രിക്കാനാകാത്ത സർക്കാരിന്റെ വീഴ്ചയുടെ പ്രധാന ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും മണിപ്പുർ മുഖ്യമന്ത്രിക്കും തന്നെയാകും. മണിപ്പുർ കലാപം മിസോറമിലെയും മിസോ, സോ വംശീയ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തി. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രസമൂഹങ്ങൾക്കിടയിൽ ബിജെപിയെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചും ഉണ്ടായ പ്രതീക്ഷകൾക്കു വലിയ തോതിൽ ഇടിവുണ്ടായെന്നതിൽ സംശയിക്കേണ്ട.
യുപി, ബിഹാർ, തെലുങ്കാന, കേരളം, ജമ്മു-കാഷ്മീർ, മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ മുസ്ലിംകളിൽ ബിജെപിയിലുള്ള അവിശ്വാസവും ഭയവും കൂട്ടാനും മണിപ്പുരും ഹരിയാനയിലെ നൂഹും അടക്കമുള്ള കലാപങ്ങളും യുപി, ഡൽഹി തുടങ്ങിയ വർഗീയ കലാപങ്ങളും വഴിതെളിച്ചതായി മുസ്ലിം നേതാക്കളും അഭിപ്രായപ്പെട്ടു. പലസ്തീനോടുള്ള ഇന്ത്യയുടെ പരന്പരാഗത ഐക്യത്തിൽ വെള്ളം ചേർത്ത് മോദിസർക്കാർ ഏകപക്ഷീയമായി ഇസ്രയേലിനെ പിന്തുണച്ചതോടെ, ഉണ്ടായിരുന്ന വിശ്വാസം കൂടി മുസ്ലിംകൾക്കു നഷ്ടമായെന്നു മുസ്ലിം നേതാക്കൾ ആരോപിക്കുന്നു.
മണിപ്പുരിലെ അക്രമങ്ങളിലെ ഇരകൾ ക്രൈസ്തവരാണെങ്കിലും മുസ്ലിംകൾ ഉൾപ്പെടെയുള്ള ഇതര ന്യൂനപക്ഷങ്ങൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആറു മാസം നീണ്ടിട്ടും മണിപ്പുർ സന്ദർശിക്കാനോ ഫലപ്രദമായി അക്രമങ്ങൾ നിയന്ത്രിക്കുന്നതിനോ സർക്കാരുകൾക്കു കഴിയാത്തതിനെ ഗൗരവമായാണു ഭൂരിപക്ഷ സമുദായത്തിലെ ജനതയും കാണുന്നത്.
കോണ്‍ഗ്രസിനു പ്രതീക്ഷയേറെ
മധ്യപ്രദേശിൽ ബിജെപിക്കെതിരേയും രാജസ്ഥാനിൽ കോണ്‍ഗ്രസിനെതിരേയും ഭരണവിരുദ്ധ വികാരം പ്രകടമാണ്. ഭരണപാർട്ടികളിലെ ഗ്രൂപ്പുപോരുകളും തലവേദനയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും വ്യാപകമായ അഴിമതിയുമാണു സർക്കാരുകൾക്കെതിരായ പ്രധാന പരാതി. ജാതി സെൻസസ് മുതൽ ക്ഷേമപദ്ധതികളും സബ്സിഡികളും സൗജന്യങ്ങളും പ്രഖ്യാപിച്ച് ഭരണം സ്വന്തമാക്കാനാണു ബിജെപിയും കോണ്‍ഗ്രസും പെടാപ്പാടു പെടുന്നത്. സ്ത്രീകൾ, വിദ്യാർഥികൾ, കർഷകർ, ആദിവാസി സമൂഹങ്ങൾ എന്നിവർക്കായി നിരവധി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വ്യാപക പ്രചാരണമാണു നടത്തുന്നത്.
തെലുങ്കാനയിലും മിസോറമിലും കോണ്‍ഗ്രസ് കാര്യമായ തിരിച്ചുവരവ് നടത്തുമെന്നതിൽ ബിജെപിക്കുപോലും സംശയം ഉണ്ടാകില്ല. എന്നാൽ ഈ രണ്ടു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കോണ്‍ഗ്രസിനു കിട്ടുമോയെന്നറിയാൻ വോട്ടെണ്ണുന്ന ഡിസംബർ മൂന്നു വരെ കാത്തിരിക്കേണ്ടിവരും. തെലുങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് പാർട്ടിക്ക് സീറ്റുകൾ കുറയുമെങ്കിലും ഭരണത്തുടർച്ച നഷ്ടമാകുമോയെന്നതിൽ തീർച്ചയില്ല. ഛത്തീസ്ഗഡിൽ ബിജെപിയുടെ സംഘടനാപരമായ ദൗർബല്യങ്ങളും ഭൂപേഷ് ബാഗേൽ സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളുമാണ് കോണ്‍ഗ്രസിനു ഭരണത്തുടർച്ചയുടെ പ്രതീക്ഷ നൽകുന്നത്.
ജനങ്ങളെ മറന്നാൽ ജനം മറക്കും
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ മധ്യപ്രദേശിൽ മാത്രമാണ് ബിജെപി അധികാരത്തിലുള്ളത്. 2018ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കി കോണ്‍ഗ്രസിനെയാണു ജനം അധികാരത്തിലേറ്റിയതെന്നതും കാണാതെ പോകില്ല. അട്ടിമറികൾ കൊണ്ടു മാത്രം വീണ്ടും ജനവിധി അനുകൂലമാകണമെന്നില്ല. അഞ്ചിൽ രാജസ്ഥാനിലാണു ബിജെപിക്ക് കാര്യമായ പ്രതീക്ഷയുള്ളത്. രാജസ്ഥാനിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസ് മുന്നേറ്റം ഉണ്ടാകുമെന്നാണ് അഭിപ്രായ സർവേകളുടെ പ്രവചനം.
കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയവ സംസ്ഥാനങ്ങൾക്കു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി മോദിക്കുമുള്ള മുന്നറിയിപ്പാകും. ഹിന്ദു ദേശീയതയും ന്യൂനപക്ഷ വിരുദ്ധതയുമല്ല, വിലക്കയറ്റവും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും വർഗീയ, വംശീയ സംഘർഷങ്ങളും ദളിത്, ആദിവാസി, ന്യൂനപക്ഷ പീഡനങ്ങളും തടയുകയാണു പ്രധാനം. സമാധാനവും സുരക്ഷയും വികസനവും സാന്പത്തിക വളർച്ചയും ജനക്ഷേമവും രാജ്യപുരോഗതിയും ഉറപ്പാക്കുകയുമാണു ജനകീയ സർക്കാരുകളിൽനിന്നു വോട്ടർമാർ പ്രതീക്ഷിക്കുന്നത്.