ഗവർണർമാരുടെ തീക്കളിയും കോടതിയുടെ മുന്നറിയിപ്പും
Monday, November 13, 2023 12:24 AM IST
നമ്മുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 153 മുതൽ 161 വരെയുള്ള വകുപ്പുകളിലാണ് ഗവർണർമാരെപ്പറ്റി പ്രതിപാദിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണകാര്യ നിർവഹണാധികാരങ്ങൾ ഗവർണറിൽ നിക്ഷിപ്തമായിരിക്കുമെന്ന് 154-ാം വകുപ്പ് പ്രസ്താവിക്കുന്നുണ്ട്. ഭരണഘടനയനുസരിച്ച് ഓരോ ഘടകസംസ്ഥാനത്തിലും രൂപീകരിക്കപ്പെട്ട സർക്കാരുകൾ കേന്ദ്ര സർക്കാരിനോട് സാദൃശ്യമുള്ളവയാണ്. എല്ലാവിധ അധികാരങ്ങളോടുംകൂടി ഓരോ സംസ്ഥാനത്തിലും ഗവർണർ ഭരണത്തലവനാണ്. ഗവർണറെ അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും നടപ്പാക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ ഉപദേശിക്കാനും സഹായിക്കാനും മുഖ്യമന്ത്രി തലവനായുള്ള മന്ത്രിമാരുടെ ഒരു സമിതി ഓരോ സംസ്ഥാനത്തും നിലവിലുണ്ട്.
ഭരണഘടനയുടെ 164(2)ാം വകുപ്പ് മന്ത്രിസഭയ്ക്ക് സംസ്ഥാന നിയമസഭയോട് കൂട്ടുത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിലുള്ള സർക്കാരിൽ യഥാർഥ കാര്യനിർവഹണ അധികാരങ്ങൾ മന്ത്രിസഭയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. നാമമാത്ര എക്സിക്യൂട്ടീവിന് യഥാർഥ അധികാരങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിലുള്ള സർക്കാരിന് ഏറ്റവും നല്ല ഉദാഹരണം ബ്രിട്ടനാണ്. അവിടെ രാജാവിന് താക്കീത് നൽകാനും പ്രോത്സാഹിപ്പിക്കാനും ചർച്ച ചെയ്യാനുമുള്ള അധികാരങ്ങളേയുള്ളൂ. യഥാർഥ അധികാരങ്ങളെല്ലാം നിക്ഷിപ്തമായിരിക്കുന്നത് കാബിനറ്റിലാണ്. പാർലമെന്റിന്റെ ഇരുസഭകളും ഐകകണ്ഠ്യേന പാസാക്കി അയയ്ക്കുകയാണെങ്കിൽ തന്റെ മരണവാറണ്ടുതന്നെ രാജാവിന് ഒപ്പിടേണ്ടിവരുമെന്ന് പറയാറുണ്ട്.
ഗവർണർ ഭരണത്തലവന് മാത്രം!
പൊതുവേ പറഞ്ഞാൽ കേന്ദ്രസർക്കാരിന്റെ മാതൃകയിൽ തന്നെയാണ് സംസ്ഥാന സർക്കാരുകളും രൂപീകൃതമായിട്ടുള്ളത്. സംസ്ഥാന നിയമസഭയോട് ഉത്തരവാദിത്വമുള്ള മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കുന്ന ഭരണത്തലവനാണു ഗവർണർ. ഗവർണറുടെ നിലയെ പരാമർശിച്ചുകൊണ്ട് ഡോ. അംബേദ്കർ ഇപ്രകാരം പ്രസ്താവിച്ചു: “തന്റെ സ്വന്തം വിവേചനത്താലോ, വ്യക്തിപരമായ അഭിപ്രായത്താലോ നിർവഹിക്കപ്പെടേണ്ട യാതൊരു ചുമതലകളും ഗവർണർക്കില്ല. ഭരണഘടനാ തത്വങ്ങളനുസരിച്ച് അദ്ദേഹത്തിന് എല്ലാ കാര്യങ്ങളിലും മന്ത്രിമാരുടെ ഉപദേശാനുസരണം പ്രവർത്തിക്കണം.”
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞിട്ടുള്ളത് രാഷ്ട്രപതിയുടെ ഭരണപരവും രാഷ്ട്രീയവുമായ നില ബ്രിട്ടീഷ് രാജാവിന്റേതിനു സാദൃശ്യമുള്ളതാണെന്നാണ്. ഗവർണർമാർക്ക് യാതൊരു എക്സിക്യൂട്ടീവ് അധികാരവും ഇല്ല. അവർ നാമമാത്ര ഭരണത്തലവന്മാരാണ്. ഗവർണറുടെ സ്ഥാനത്തെപ്പറ്റി വിവിധ വീക്ഷണങ്ങളുണ്ട്. ഗവർണർമാർ വ്യവസ്ഥാപിത ഭരണത്തലവന്മാരായിരുന്നാൽ മതിയെന്ന് ഭരണഘടനാ നിർമാതാക്കൾ ചിന്തിച്ചിട്ടുണ്ടായിരിക്കണം. സഹായവും ഉപദേശവും എന്ന പ്രയോഗം കൃത്യമായും ബ്രിട്ടനിൽനിന്നു കിട്ടിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉപയോഗിച്ചതായിരിക്കണം. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശം അനുസരിക്കണമെന്ന് വിവക്ഷിച്ചിരുന്നു. ഇതിന് ഏതൊരു വ്യാഖ്യാനവും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. മന്ത്രിസഭ നൽകുന്ന ഉപദേശങ്ങൾക്കു വിരുദ്ധമായി ഗവർണർമാർ പ്രവർത്തിക്കുകയാണെങ്കിൽ ജനാധിപത്യവ്യവസ്ഥയിലുള്ള ഗവണ്മെന്റിന്റെ നിലനില്പുതന്നെ അസാധ്യമായിത്തീരും.
ഗവർണർ ഒരു വ്യവസ്ഥാപിത ഭരണത്തലവൻ മാത്രമാണെന്ന് പ്രമുഖ ഭരണഘടനാ വിദഗ്ധർ പലപ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഗവർണറെപ്പോലെ അധികാരമുള്ള ഒരാൾ ഒരു കാര്യം മുഖ്യമന്ത്രിയുമായോ മറ്റു മന്ത്രിമാരുമായോ കൂടിയാലോചിക്കുന്പോൾ അഭിപ്രായഭിന്നത ഉണ്ടാകാം. എന്നാൽ, ഗവണ്മെന്റിന് ആവശ്യമെന്നു തോന്നുന്ന കാര്യങ്ങൾ അവഗണിക്കാൻ ഗവർണമാർക്ക് ഒരിക്കലും കഴിയുകയില്ല.
ഔപചാരികത നിർവഹിക്കാൻ ഒരു ചിഹ്നം എന്നതിലുപരി മറ്റൊന്നുമല്ല ഗവർണറുടെ ഭരണപരമായ സ്ഥാനം. സുനിൽകുമാർ ബോസും പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയുമായുള്ള കേസിൽ കൽക്കട്ട ഹൈക്കോടതി ഇപ്രകാരം വിധിച്ചു: “ഇന്നത്തെ ഭരണഘടനയനുസരിച്ച് ഗവർണർമാർക്ക് മന്ത്രിമാരുടെ ഉപദേശമനുസരിച്ചല്ലാതെ പ്രവർത്തിക്കാൻ കഴിയുകയില്ല. തന്റെ വിവേചനമനുസരിച്ചോ, വ്യക്തിപരമായ അഭിപ്രായമനുസരിച്ചോ പ്രവർത്തിക്കാൻ അധികാരമില്ലാത്തതിനാൽ ഗവർണർമാർ മന്ത്രിമാരുടെ ഉപദേശം അനുസരിച്ചുതന്നെ പ്രവർത്തിക്കണം.’’
ഭരണഘടനയിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ സുപ്രീംകോടതി ഐകകണ്ഠ്യേനയുള്ള വിധിനിർണയത്തിൽ വ്യാഖ്യാനിക്കുകയുണ്ടായി. അന്നത്തെ ഇന്ത്യൻ ചീഫ് ജസ്റ്റീസ് വി.കെ. മുഖർജി ഒരു സംസ്ഥാന ഗവർണർ വ്യവസ്ഥാപിത ഭരണത്തലവനല്ലാതെ മറ്റൊന്നുമല്ലെന്ന് ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന് വിവേചനമനുസരിച്ച് പ്രയോഗിക്കാവുന്ന അധികാരങ്ങളൊന്നും സ്വായത്തമാക്കാൻ കഴിയുകയില്ല.
ഗവർണർക്ക് എക്സിക്യൂട്ടീവ് അധികാരങ്ങളില്ല
ഭരണഘടനാപരമായി ഗവർണർക്ക് എക്സിക്യൂട്ടീവ് അധികാരങ്ങളൊന്നുമില്ല. എന്നാൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാത്പര്യങ്ങൾക്കുവേണ്ടി ഗവർണമാരെ ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്ത് ഒരു തുടർക്കഥയാകുകയാണ്. രാജ്യത്ത് അധികാരത്തിലിരുന്ന വിവിധ പാർട്ടികൾ ഈ നിലയിൽ ഗവർണർമാരെ സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് പ്രതിപക്ഷസംസ്ഥാന സർക്കാരുകളെ ഞെക്കിക്കൊല്ലുന്നതിനായി കേന്ദ്രം ഗവർണർമാരെ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനെതിരായ നിയമപരമായ ശക്തമായ പോരാട്ടമാണ് ഇപ്പോൾ സുപ്രീംകോടതിൽ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ നൽകിയ ഹർജികളിൽകൂടി നടന്നുകൊണ്ടിരിക്കുന്നത്.
മോദിസർക്കാരിന്റെ കീഴിലെ ഗവർണർരാജിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി തന്നെ രംഗത്തുവന്നിരിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുന്നതിൽ പരമോന്നത കോടതിയിൽ കേസുകൾ എത്തുന്നതുവരെ കാത്തിരിക്കാതെ ഗവർണർമാർ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗവർണർമാർ ആത്മപരിശോധന നടത്തണം.
തങ്ങൾ ജനപ്രതിനിധികളല്ലെന്ന് തിരിച്ചറിയുകയും വേണമെന്ന് കോടതി പറഞ്ഞു. ഗവർണർസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടതല്ല; അതു നാമനിർദേശം ചെയ്യുന്ന സ്ഥാനം മാത്രമാണ്. അങ്ങനെയുള്ള ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകളുടെ മേൽ അടയിരിക്കുന്നതിന് യാതൊരു നീതീകരണവുമില്ല.
നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ അടയിരുന്ന് ഭരണസ്തംഭനം ഉണ്ടാക്കുന്ന ഗവർണർമാർ തീകൊണ്ടാണു കളിക്കുന്നതെന്ന് സുപ്രീംകോടതി താക്കീത് നൽകി. പഞ്ചാബ്, തമിഴ്നാട് ഗവർണർമാരെ നിശിതമായി വിമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ബില്ലുകൾ വച്ചുതാമസിപ്പിക്കരുതെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. ബില്ലുകളിൽ ഗവർണർമാരുടെ ഭരണഘടനാവിരുദ്ധമായ നിഷ്ക്രിയത്വം ഭരണസ്തംഭനം ഉണ്ടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇരുസംസ്ഥാനങ്ങളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശത്തിൽ
പഞ്ചാബിൽ പിടിച്ചുവച്ചിരിക്കുന്ന ഏഴു ബില്ലുകളിൽ ഗവർണർ ബെൽവരിലാൽ പുരോഹിത് ഉടൻ തീരുമാനമെടുക്കണം. മാർച്ചിലെ ബജറ്റ് സമ്മേളനത്തിലെ തുടർച്ചയായാണു ജൂണിലെ പ്രത്യേക സമ്മേളനം ബില്ലുകൾ പാസാക്കിയത്. ആ സമ്മേളനം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് ബില്ലുകളിൽ അടയിരിക്കുന്ന ഗവർണർ തീകൊണ്ടാണു കളിക്കുന്നത്. ഗവർണറായ വ്യക്തിക്ക് യാതൊരു വിവേചനാധികാരവുമില്ല. മന്ത്രിസഭയുടെ ഉപദേശത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. പ്രശ്നപരിഹാരത്തിന് ഒരാഴ്ച വേണമെന്നു കേന്ദ്രത്തിന്റെ ആവശ്യം തള്ളിയ കോടതി ബില്ലുകളിൽ ഗവർണർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കു നിർദേശം നൽകി.
തമിഴ്നാട്ടിൽ 12 സുപ്രധാന ബില്ലുകളിലും ഫയലുകളിലും ഗവർണർ ആർ.എൻ. രവി അകാരണമായി തീരുമാനമെടുക്കാത്തത് ഭരണഘടനാസ്തംഭനം ഉണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ദൈനംദിന ഭരണം പോലും തടസപ്പെടുന്നു. ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടനയുടെ അനുഛേദം 200 നിഷ്കർഷിക്കുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. ഈമാസം 20ന് അടുത്ത വാദം കേൾക്കുന്പോൾ അറ്റോർണി ജനറലോ സോളിസിറ്റർ ജനറലോ കോടതിയിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ്, തമിഴ്നാട് സർക്കാരുകൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. കേരളം, തെലുങ്കാന സംസ്ഥാനങ്ങളും ഈ വിഷയത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾ ഗവർണർ ഒപ്പിടാതെ വൈകിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ഹർജി നൽകിയിരിക്കുന്നത്. കേരളത്തിന്റെ ഈ ഹർജി വരുന്ന 20ന് കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.
കേരളം സുപ്രീംകോടതിയിൽ
കേരള സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ഹാജരായത് മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ്. പഞ്ചാബിന്റെ ഹർജി പരിഗണിച്ചപ്പോൾ കേരളത്തിന്റെ ഹർജി പരാമർശിക്കുകയായിരുന്നു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വർഷത്തോളം ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതായി കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു. ഹർജി സമർപ്പിച്ചതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് “സുപ്രീംകോടതിയിൽ നേരിടാം’’ എന്ന് ഗവർണർ പ്രതികരിച്ചിരുന്നതായും വേണുഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ചതാണെന്നും വരുന്ന വെള്ളിയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ ഒപ്പുവയ്ക്കുന്പോൾ മാത്രമാണു നിയമമായി മാറുന്നത്. എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിന് തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിനു കൈമാറാം. ഇക്കാര്യങ്ങൾ എത്രയും വേഗത്തിലാകണമെന്നാണു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിനു സമയക്രമം നിശ്ചയിച്ചിട്ടില്ല. ഈ പഴുതാണ് സംസ്ഥാന സർക്കാരുകൾക്ക് വിനയാകുന്നത്. എന്നാൽ ഈ ബില്ലുകളിൽ നടപടികളൊന്നും സ്വീകരിക്കാതെ അനന്തമായി വൈകിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസമുണ്ടായത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിനാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നു. ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കുന്നതു സംബന്ധിച്ച കാര്യം അനുച്ഛേദത്തിൽ നിർവചിച്ചിട്ടില്ലെന്നും കേരളത്തിന്റെ ഹർജിയിൽ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഈ പഴുതും ഗവർണർ മുതലെടുക്കുകയാണ്.
നമ്മുടെ രാജ്യം ഒരു ഫെഡറൽ സ്റ്റേറ്റാണ്. ഫെഡറലിസം അംഗീകരിക്കപ്പെട്ടിട്ടുള്ള അമേരിക്ക അടക്കമുള്ള ഡസൻകണക്കിന് രാജ്യങ്ങളിൽ സംസ്ഥാനങ്ങൾക്കാണ് പ്രാമുഖ്യമുള്ളത്. ഗവർണർമാർ അതത് സംസ്ഥാനസർക്കാർ തീരുമാനങ്ങളിൽ ഒപ്പുവയ്ക്കുക മാത്രമാണു ചെയ്യുന്നത്. ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വവും അതുതന്നെയാണ്. നിർഭാഗ്യവശാൽ ഇന്ത്യാ മഹാരാജ്യത്ത് ഭരണഘടനയിലെ ഫെഡറലിസം ഇപ്പോൾ വലിയ വെല്ലുവിളി നേരിടുകയാണ്. അതിന്റെ ഭാഗമായി തന്നെയാണ് ഗവർണർമാർ ഇപ്പോൾ സംസ്ഥാന സർക്കാരുകളെ വെല്ലുവിളിക്കാൻ തുടങ്ങിയിരിക്കുന്നത്. ഗവർണർമാരുടെ ഫെഡറലിസത്തിനും ജനാധിപത്യത്തിനും കടകവിരുദ്ധമായ നടപടികൾക്ക് എതിരായി രാജ്യത്തു ശക്തമായ ജനകീയവികാരം ആളിക്കത്തുകയാണ്. പരമോന്നത കോടതിക്ക് ഈ ജനകീയവികാരം മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് നമുക്ക് കരുതാം.
ഗവർണർമാർ സംസ്ഥാനങ്ങൾ പാസാക്കിയ ബില്ലുകൾക്കു പുറത്ത് അടയിരിക്കുകയാണെന്നും ബില്ലുകൾ പാസാക്കാൻ ബോധപൂർവം താമസിപ്പിക്കുന്നത് ഗവർണർമാരുടെ തീ കൊണ്ടുള്ള കളിയാണെന്നും നിരീക്ഷിച്ച പരമോന്നത കോടതി സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും വികാരം മാനിക്കുകയാണ്. അതുകൊണ്ടുതന്നെ ഫെഡറലിസത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് പര്യാപ്തമായ ഒരു തീരുമാനം തന്നെ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
അഡ്വ. ജി. സുഗുണൻ