അവസാന അങ്കത്തിന് കമൽനാഥ്, ചൗഹാന് നിലനില്പ് പോരാട്ടം
Thursday, November 16, 2023 2:01 AM IST
ഭോപ്പാലിൽനിന്ന് സെബിൻ ജോസഫ്
മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഉരകല്ലുകളാണ്. നിശബ്ദപ്രചാരണത്തിലേക്കു കടന്ന ഇരു സംസ്ഥാനത്തും ഹിന്ദുത്വ-വികസന ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണു നടക്കുന്നത്. തീവ്ര വർഗീയ കാർഡ് ഇറക്കി ബിജെപി കളിക്കുന്പോൾ, വികസനവും ന്യൂനപക്ഷ ക്ഷേമവും ഉയർത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാരിനെതിരേ ഭരണവിരുദ്ധ വികാരമില്ലെങ്കിൽ മധ്യപ്രദേശിൽ നേരേ തിരിച്ചാണ്. കോൺഗ്രസിന്റെ കമൽനാഥ് സർക്കാരിനെ പതിനഞ്ചാം മാസം താഴെയിറക്കി നാലാംവട്ടം മുഖ്യമന്ത്രിയായ ബിജെപിയുടെ ശിവ്രാജ് സിംഗ് ചൗഹാനെതിരേ ഭരണവിരുദ്ധ വികാരം ശക്തമാണ്. കേട്ടു തഴന്പിച്ച വ്യാപം അഴിമതി മുതൽ കരാർ നഴ്സിംഗ് നിയമന അഴിമതി വരെ പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
മാമ എന്നു ജനങ്ങൾ വിളിക്കുന്ന മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ അമിതാഭ് ബച്ചനേക്കാളും നല്ല നടനാണെന്നും 50 ശതമാനം കമ്മീഷൻ സർക്കാരാണ് സംസ്ഥാനത്തു ഭരണം നടത്തുന്നതെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി കമൽനാഥ് പരിഹസിച്ചു. ദാതിയിൽ തെരഞ്ഞെടുപ്പു യോഗത്തിനെത്തിയ പ്രിയങ്ക ഗാന്ധിയും ചൗഹാനെതിരേ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയെയും പ്രിയങ്ക കണക്കിന് പരിഹസിച്ചു. നുഴഞ്ഞുകയറ്റക്കാരൻ എന്നുവരെ പറഞ്ഞ പ്രിയങ്ക, മഹാരാജാവ് കള്ളനാണെന്നും പറഞ്ഞു. ഗ്വാളിയോർ രാജകുടുംബാംഗമായ സിന്ധ്യക്ക് ആ മേഖലയിൽ മേൽക്കൈയുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തിനായി 2018ൽ വാശിപിടിച്ച സിന്ധ്യയെയും സംഘത്തെയും അടർത്തിയെടുത്താണ് ബിജെപി നാലാംവട്ടവും ശിവ്രാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയാക്കിയത്.
കമൽ നഹി, കമൽനാഥ്
“കമൽ നഹി, ഇസ് ബാർ കമൽനാഥ്, ഡണ്‍ കമൽനാഥ് വിൻ കമൽനാഥ്’’ എന്നീ മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 77കാരനായ കമൽനാഥിന്റെ അവസാനത്തെ തെരഞ്ഞെടുപ്പു പോരാട്ടമായിരിക്കും ഇത്. മൂന്നു കേന്ദ്രമന്ത്രിമാരുൾപ്പെടെ ഏഴ് എംപിമാരെയാണ് ബിജെപി ഇക്കുറി പരീക്ഷിക്കുന്നത്. ചൗഹാൻ സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം നേരിടാനാണ് മോദി കേന്ദ്രത്തിൽനിന്ന് നേതാക്കളെ ഇറക്കിയിരിക്കുന്നത്.
എല്ലാവരെയും ചേർത്തുനിർത്തിയുള്ള ഭരണമാണു മധ്യപ്രദേശിൽ ഉണ്ടാകുകയെന്ന് കമൽനാഥ് തെരഞ്ഞെടുപ്പു യോഗങ്ങളിൽ പറയുന്നു. ഗോതന്പ് കൃഷിയിൽനിന്നു മാറി ബസുമതി അരി കൃഷിയിലേക്കു തിരിഞ്ഞ കർഷകരുടെ പ്രശ്നവും സോയാബീൻ കർഷകരുടെ വിളനാശവും താങ്ങുവിലയുമാണ് ഗ്രാമങ്ങളിൽ ചർച്ചാവിഷയം. ചുരുങ്ങിയത് 30 ഏക്കറിൽ കൂടുതൽ പാടശേഖരമുള്ളവരാണ് മധ്യപ്രദേശിലെ കൃഷിക്കാർ. കേരളത്തിലേതുപോലെ ഒന്നും രണ്ടും ഏക്കർ സ്ഥലമുള്ള കൃഷിക്കാർ ഇവിടെ കുറവാണ്. പെണ്മക്കളുടെ വിവാഹത്തിനും മറ്റുമായി ചെറുകിട കൃഷിക്കാർ ഭൂമി വിൽക്കുകയാണു പതിവ്.
വനിതാ വോട്ടർമാർ നിർണായകം
പ്രായപൂർത്തിയായ പെണ്‍കുട്ടികൾക്ക് മാസം 1,000 രൂപ നൽകുന്ന ലാഡ്ലി ബെഹനാ പദ്ധതി ശിവ്രാജ് സിംഗ് ചൗഹാൻ സർക്കാരിന് വൻ നേട്ടമാണുണ്ടാക്കിയത്. അധികാരത്തിലെത്തിയാൽ 1,500 രൂപ നൽകുമെന്ന് കമൽനാഥ് പ്രഖ്യാപിച്ചതോടെ ബിജെപി സർക്കാരും ഈ തുക ഉയർത്തി. അധികാരം ലഭിച്ചാൽ 3,000 രൂപയാക്കുമെന്നാണ് ബിജെപിയുടെ പുതിയ വാഗ്ദാനം. സർക്കാർ പദ്ധതികൾ മുഴുവൻ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 18 വർഷത്തെ ശിവ്രാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ കീഴിൽ നടന്ന 250 അഴിമതിയുടെ കണക്കുകൾ നിരത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം.
വനിതാ വോട്ടർമാർ മധ്യപ്രദേശിൽ നിർണായകമാണ്. 57 മണ്ഡലങ്ങളിൽ വനിതാ വോട്ടർമാരാണ് കൂടുതൽ. അതിനാൽ, അവരെ സ്വാധീനിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ ഇരു പാർട്ടികളും മത്സരിക്കുന്നു. കാർഷികകടം എഴുതിത്തള്ളും, താങ്ങുവില പ്രഖ്യാപിക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ കോണ്‍ഗ്രസ് തങ്ങളുടെ പ്രകടനപത്രികയിലൂടെ നൽകുന്നു. ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും സർക്കാർ, സ്വയംതൊഴിൽ ആണ് കോണ്‍ഗ്രസിന്റെ മറ്റൊരു വാഗ്ദാനം.
23 ലക്ഷം വരുന്ന പുതിയ വോട്ടർമാർ എന്തു ചിന്തിക്കുമെന്നത് നിർണായകമാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് പ്രവീണ്‍ ധോൽപുരെ ദീപികയോട് പറഞ്ഞു. കോണ്‍ഗ്രസ് 150നു മുകളിൽ സീറ്റിൽ ജയിക്കുമെന്നും സംസ്ഥാനത്തെ ബിജെപി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കുള്ളിൽ ഉൾപാർട്ടി പ്രശ്നമുണ്ട്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് കമൽനാഥിന്റെ കീഴിൽ സംസ്ഥാനത്ത് വൻ പ്രചാരണമാണു നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.