ഛത്തീസ്ഗഡും മധ്യപ്രദേശും ഇന്നു ബൂത്തിലേക്ക്; ഗ്രാമങ്ങളിൽ വിശ്വാസമർപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും
Friday, November 17, 2023 1:02 AM IST
സെബിൻ ജോസഫ്
ഛത്തീസ്ഗഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലും ഇന്ന് പോളിംഗ് നടക്കും. കാടിളക്കി കേന്ദ്ര നേതാക്കളെയെല്ലാം അണിനിരത്തി വൻ പ്രചാരണമാണ് ഇരു സംസ്ഥാനത്തും ബിജെപിയും കോണ്‍ഗ്രസും നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും താരപ്രചാരകരായി ഇരുസംസ്ഥാനത്തും ബിജെപിക്കുവേണ്ടി വോട്ട് തേടി. മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരെയും കളത്തിലിറക്കി. തീവ്രഹിന്ദുത്വവും മോദിയുടെ കീഴിൽ പ്രത്യേകിച്ച് ആദിവാസി മേഖലകളിലുണ്ടായ വികസനവുമായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണായുധം.
ഗാന്ധി കുടുംബത്തിന്റെ ചിറകിലേറി പ്രചാരണം നടത്തിയ കോണ്‍ഗ്രസിനൊപ്പം ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും കെ.സി. വേണുഗോപാലും രണ്‍ദീപ് സിംഗ് സുർജെവാലയും ഉണ്ടായിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാർഥി കമൽനാഥും മുന്നിൽ നിന്ന് പ്രചാരണം നയിച്ചു.
മധ്യപ്രദേശിൽ ബിജെപി 634 തെരഞ്ഞെടുപ്പു റാലികളാണു നടത്തിയത്. കോണ്‍ഗ്രസ് 350 റാലികൾ നടത്തി. പ്രധാനമന്ത്രി മധ്യപ്രദേശിലെ രത്ലം, സിയോണി, ഖന്ദ്വ, സിന്ധി, ധമോഹ്, ഗുണ, സത്ന, ഛതാർപുർ, ബേതുൽ, ഇൻഡോർ എന്നിവിടങ്ങളിലായി 15 റാലികൾ നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 21 റാലികളിലും ദേശീയ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ 14 റാലികളിലും പങ്കെടുത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും തെരഞ്ഞെടുപ്പ് യോഗത്തിൽ എത്തി. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും മത്സരരംഗത്തുള്ള മൂന്നു കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എംപിമാരും മണ്ഡലങ്ങളിലും സമീപ മണ്ഡലങ്ങളിലും സജീവമായിരുന്നു. ചൗഹാൻ 165 തെരഞ്ഞെടുപ്പു റാലികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചത്.
18 വർഷം ഭരണത്തിലുള്ള ബിജെപി സർക്കാരിനെതിരേ ഭരണവിരുദ്ധ വികാരമുണ്ട്. അതിനെ കേന്ദ്ര-സംസ്ഥാന നേതാക്കളുടെ വൻ പ്രചാരണത്തിലൂടെ മറികടക്കാൻ സാധിക്കുമോയെന്നാണു ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വിട്ടു ബിജെപി പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ ഗ്വാളിയോറിൽ പ്രചാരണം നയിച്ചു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് 11 തെരഞ്ഞെടുപ്പ് റാലികൾക്കെത്തി. ധാതിയയിൽ റാലിക്കിടെ പ്രിയങ്ക, സിന്ധ്യയെ വഞ്ചകൻ എന്നു വിളിച്ചു. കോണ്‍ഗ്രസിനൊപ്പം നിന്ന് ആനുകൂല്യങ്ങൾ നേടിയിട്ട് പാർട്ടിയെ വഞ്ചിച്ചാണ് അദ്ദേഹം ബിജെപിക്കൊപ്പം ചേർന്നതെന്ന് പ്രിയങ്ക പറഞ്ഞു.
2018ൽ 114 സീറ്റുമായി അധികാരത്തിലെത്തിയ കോണ്‍ഗ്രസിനെ, ഉൾപാർട്ടി പ്രശ്നം മൂലം സിന്ധ്യയുടെ നേതൃത്വത്തിൽ 22 എംഎൽഎമാർ ബിജെപിക്കൊപ്പം പോയതോടെയാണ് കമൽനാഥ് സർക്കാർ താഴെ വീണത്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥി കമൽനാഥ് 114 തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തു. രാജ്യസഭാംഗവും സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് 50 യോഗങ്ങൾക്കെത്തി. കോണ്‍ഗ്രസ് സീറ്റുവിഭജനത്തിൽ ദിഗ്വിജയ് സിംഗ് പക്ഷക്കാർക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചിരിക്കുന്നത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 150നു മുകളിൽ സീറ്റോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കോണ്‍ഗ്രസ് ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചാൽ 2020 ആവർത്തിക്കാൻ സാധ്യതയുണ്ട്.
മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമോ?
മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരേ ഭരണവിരുദ്ധ വികാരമുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും അതു പ്രകടമാണ്. എന്നാൽ, ഇതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിസാൻ സമ്മാൻ പദ്ധതിയും സംസ്ഥാന സർക്കാരിന്റെ ലാഡ്ലി ബെഹൻ പദ്ധതിയും വഴി മറികടക്കാനാകുമെന്നാണ് ബിജെപിയുടെ വിശ്വാസം. കഴിഞ്ഞദിവസം കിസാൻ സമ്മാൻ പദ്ധതിയുടെ ഗഡു കർഷകർക്കു ലഭിച്ചു. പത്തു മാസം മുന്‍പ് സർക്കാർ പ്രഖ്യാപിച്ച ലാഡ്ലി ബെഹൻ പദ്ധതിയിൽ പ്രായപൂർത്തിയായ പെണ്‍കുട്ടികൾക്ക് മാസം 1250 രൂപയാണ് നൽകിവരുന്നത്. 1000 രൂപ നൽകി വന്നിരുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 1250 ആക്കി. 1500 രൂപയാക്കി മാറ്റുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. എന്നാൽ, അധികാരം ലഭിച്ചാൽ 3000 രൂപയാക്കി ഉയർത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
നിരവധി മെഡിക്കൽ കോളജുകൾ നിർമിക്കുമെന്നും പെണ്‍കുട്ടികൾക്കുവേണ്ടി സീറ്റുകൾ സംവരണം ചെയ്യുമെന്നും ബിജെപി പ്രകടന പത്രികയിൽ പറയുന്നു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ടശേഷം ബിജെപി പുറത്തിറക്കിയ പത്രികയിൽ തങ്ങളുടെ പ്രഖ്യാപനങ്ങൾ അടിച്ചുമാറ്റിയതായി കമൽനാഥ് ആരോപണം ഉന്നയിച്ചു. കാർഷിക കടം എഴുതിത്തള്ളലും സബ്സിഡി നിരക്കിൽ വൈദ്യുതിയും ഗ്യാസ് സിലിണ്ടറുമാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങൾ.
നഗരങ്ങളിൽ ശക്തമായ സ്വാധീനമുള്ള ബിജെപിക്ക് ഗ്രാമങ്ങളിൽ വേണ്ടത്ര പിന്തുണയില്ല. രാമക്ഷേത്ര നിർമാണവും തീവ്ര വർഗീയ ധ്രുവീകരണവുമായിരുന്നു ബിജെപിയുടെ പ്രചാരണതന്ത്രം. എന്നാൽ, കോണ്‍ഗ്രസും വർഗീയ കാർഡ് ഇറക്കിയാണ് മധ്യപ്രദേശിൽ പ്രവർത്തിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പു റാലികളിലും ജാതി സെൻസസ് നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ മുസ്ലിംകൾ സുരക്ഷിതരായിരിക്കുമെന്നും കമൽനാഥ് ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പ് യോഗത്തിൽ പറയുന്നു.
ഛത്തീസ്ഗഡിൽ ഭരണവിരുദ്ധ വികാരമില്ല
ബിജെപി എന്തു രാഷ്ട്രീയമാണ് ഉത്തരേന്ത്യൻ ഭൂമിയിൽ പയറ്റിയത്്? അതിന് ഒരു മുഴം മുന്‍പേ എറിഞ്ഞാണ് ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേൽ പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങൾ പണിയുന്നതിന് സർക്കാർ ഫണ്ട് നൽകിയും ഉത്സവങ്ങൾ നടത്തിയും ഹിന്ദുത്വ രീതിയിലാണ് ബാഗേൽ പ്രവർത്തിക്കുന്നത്. കാക്ക എന്നു വിളിക്കുന്ന ബാഗേലിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങൾ ചോദ്യോത്തരം പോലെയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ അവരിൽനിന്ന് നേരിട്ടറിഞ്ഞ് അതിനുള്ള പരിഹാരം കണ്ടെത്തുന്നു. ചാണകവും ഗോമൂത്രവും ശേഖരിച്ച് നൽകുന്നവർക്ക് പണം നൽകിയ ബാഗേൽ ബിജെപിയുടെ പശുരാഷ്ട്രീയത്തിനും തടയിട്ടു.
നെല്ല് ക്വിന്റലിന് ഉയർന്ന താങ്ങുവിലയും വൈദ്യുതി സബ്സിഡിയും നൽകി ഗ്രാമങ്ങളെ ബാഗേലിനൊപ്പം കൂട്ടി. പതിനഞ്ചു വർഷത്തെ ബിജെപി ഭരണത്തിനുശേഷം 2108ൽ അധികാരത്തിലെത്തിയ ബാഗേൽ, കോവിഡ് മഹാമാരിക്കുശേഷം ജനക്ഷേമ പദ്ധതികളിലൂടെ ജനകീയനായി. രാമക്ഷേത്ര രാഷ്ട്രീയവുമായി കളത്തിലെത്തിയ ബിജെപിക്കു മുന്നിൽ ജാതി സെൻസസ് എന്ന തുറുപ്പുചീട്ട് ഇറക്കിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. അട്ടിമറികൾ ഇല്ലെങ്കിൽ ബാഗേൽ വീണ്ടും ഭരണത്തിലെത്തും.
ചെറുപാർട്ടികൾ നിർണായകം
ചെറുപാർട്ടികൾ പിടിക്കുന്ന വോട്ടുകൾ ഇരു സംസ്ഥാനത്തും നിർണായകമാണ്. എസ്പി, ബിഎസ്പി, ആംആദ്മി പാർട്ടികളാണ് ഇരു സംസ്ഥാനത്തും പൊതുവേ മത്സരിക്കുന്ന ചെറുപാർട്ടികൾ. ഇടതു പാർട്ടികൾ തകർന്നടിഞ്ഞെങ്കിലും ഛത്തീസ്ഗഡിൽ അജിത് യോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ്- ജെ പാർട്ടി സജീവമാണ്. ബിഎസ്പി സഖ്യത്തിനൊപ്പം മത്സരിക്കുന്ന പാർട്ടിക്ക് രണ്ടു സീറ്റുകൾ ഉണ്ട്. ഹമാർ രാജ് പാർട്ടി, ആസാദ് സമാജ് പാർട്ടി, ഗോണ്ട്വാന ഗണതന്ത്ര പാർട്ടി, ആർഎൽപി, എഐഎംഐഎ എന്നിവയും മത്സരരംഗത്തുണ്ട്.
സംവരണ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ചെറുപാർട്ടികൾ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഇരുസംസ്ഥാനങ്ങളിലും കാണുന്നത്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഇന്ന് പോളിംഗ് പൂർത്തിയാകുമെങ്കിലും അടുത്ത പൊതു തെരഞ്ഞെടുപ്പിന്റെ ഉരകല്ലായ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിനായി ഡിസംബർ മൂന്ന് വരെ കാത്തിരിക്കണം.