കൈകോർത്തു മുന്നേറാം
Tuesday, November 21, 2023 11:33 PM IST
രാജ്യമെന്പാടും സംരംഭങ്ങളെയും സംരംഭകരെയും കുറിച്ചുള്ള ചർച്ചകൾ സജീവമായ കാലമാണിത്. കോളജുകളും യൂണിവേഴ്സിറ്റികളും പോലും സംരംഭക പദ്ധതികളിലേക്കും സ്റ്റാർട്ടപ്പുകളിലേക്കുമൊക്കെ ശ്രദ്ധയൂന്നിയിരിക്കുന്നു. ഇന്ത്യ പോലെ അതിവേഗം വളരുന്ന ഒരു രാജ്യത്ത് ഏറെ സാധ്യതകളുള്ള മേഖലയായി സംരംഭകത്വം മാറിയിട്ടുമുണ്ട്. ലഭ്യമായ സാഹചര്യങ്ങൾ പരിചയപ്പെടുത്തി സാധ്യതകൾ പരമാവധി ഉപയോഗിച്ച്, പ്രയോജനകരമായ പുതു സംരംഭങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരാൾ സ്വയം സംരംഭകനായി വിജയം നേടുന്പോൾ ഒരു വ്യക്തിയോ കുടുംബമോ മാത്രമല്ല, അതിനോടു ചേർന്നുനിൽക്കുന്ന അനേകരാണ് അഭിവൃദ്ധിയിലേക്കു ചുവടുവയ്ക്കുന്നത്.
സംരംഭക രംഗത്തു പുതിയ കാൽവയ്പു നടത്തുന്ന നെസ്റ്റ് (Nurturing entrepreneurs with startup technologies) വലിയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. നെസ്റ്റിന്റെ അണിയറ പ്രവർത്തകരുമായി ദീപിക നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.
നെസ്റ്റ് 23 സംഘടിപ്പിക്കാൻ കാരണം? പിന്നിലെ ചാലകശക്തി?
ഭാരതത്തിലെ ക്രൈസ്തവ സമൂഹം ആദിമ നൂറ്റാണ്ടു മുതൽ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗമനത്തിൽ നിസ്തുല സംഭാവന നൽകിയിട്ടുണ്ട്. സാമൂഹിക അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ഭാരതീയ മനഃസാക്ഷി ഉണർത്താൻ ക്രൈസ്തവ വിദ്യാഭ്യാസ ദർശനങ്ങൾ നൽകിയിട്ടുള്ള സംഭാവനകൾ വലുതാണ്. ജാതിമതഭേദമന്യേ എല്ലാവരെയും ചേർത്തുപിടിച്ചുള്ള മുന്നേറ്റത്തിനാണ് എക്കാലവും ക്രൈസ്തവ മിഷനറിമാർ നേതൃത്വം കൊടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഊന്നൽ നൽകിയിരുന്നത്. കാർഷിക മേഖലയുടെ ഉത്പാദനപരവും വാണിജ്യപരവുമായ മുന്നേറ്റത്തിന് ക്രൈസ്തവർ നേതൃത്വം കൊടുത്തിരുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സ്വയം പര്യാപ്തതയ് ക്കും ക്രൈസ്തവ കാർഷിക മുന്നേറ്റം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. അതുപോലെതന്നെ ആതുരശുശ്രൂഷാ രംഗത്തെ ആധുനികീകരണത്തിനും അത് എല്ലാവർക്കും പ്രാപ്യമാക്കുന്നതിനും ക്രൈസ്തവ സഭ നൽകിയ സംഭാവനകൾ അതുല്യമാണ്.
സംരംഭകത്വത്തിലും അവർ മുൻനിരയിൽ നിന്നു. എന്നാൽ കാലക്രമത്തിൽ, സാമൂഹിക നീതിയും സമാധാനവും ആരോഗ്യവും വിദ്യാഭ്യാസവും കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ക്രൈസ്തവർ സംരംഭകത്വത്തിൽ പിന്നോട്ടു പോയി. കാർഷിക മേഖലയുടെ തകർച്ച കുടുംബങ്ങളെ ബാധിച്ചു. കാർഷികരംഗത്ത് ക്രൈസ്തവർ എന്നും തൊഴിൽദാതാക്കൾ ആയിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസ പുരോഗതി നേടിയ യുവതലമുറ തൊഴിൽ അന്വേഷകരായിത്തീർന്നു. തൊഴിൽ ദാതാക്കൾ ആകുന്ന, മികച്ച സംസ്കാരം തുടരാൻ ഉതകുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞില്ല എന്നതു യാഥാർഥ്യമാണ്. തനതായ സംസ്കൃതി വീണ്ടെടുക്കാൻ പുതിയ ശ്രമങ്ങൾ അനിവാര്യമാണ്.
ഇതിനു പരിഹാരം കാണാൻ ഒരു വർഷം നീണ്ട പഠനങ്ങളുടെ വെളിച്ചത്തിൽ, നല്ലതണ്ണി കേന്ദ്രീകരിച്ചുള്ള നസ്രാണിമാർഗം ഒരുക്കിയ പദ്ധതിയാണ് നെസ്റ്റ് 23. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഇതിന്റെ സാധ്യതകൾ മനസിലാക്കുകയും ചങ്ങനാശേരി അതിരൂപത പ്രൊവിൻസിൽ ഇതു നടപ്പാക്കാൻ മുൻകൈയെടുക്കുകയുമായിരുന്നു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവർ പൂർണപിന്തുണ നൽകി. നസ്രാണിമാർഗം കൂട്ടായ്മയുടെ ആത്മീയ പിതാവായ മാർ ജേക്കബ് മുരിക്കനും ഈ മുന്നേറ്റത്തിന് ആത്മീയ പിന്തുണയുമായി ഒപ്പമുണ്ട്.
നെസ്റ്റ് 23 നടത്തിപ്പിലെ പുതിയ രീതികൾ എന്തായിരുന്നു?
ലാളിത്യവും പരിസ്ഥിതി സൗഹൃദ രീതികളും പാലിച്ചു പ്രചാരണങ്ങൾ ഒഴിവാക്കി. സർക്കുലറിലൂടെയും കൂട്ടായ്മകളിലൂടെയും പദ്ധതിയുടെ പ്രാധാന്യം സാധാരണക്കാരിലേക്ക് എത്തിച്ചു. കൊട്ടിഘോഷങ്ങളും അനാവശ്യ പണച്ചെലവുകളും ഒഴിവാക്കി. പങ്കെടുക്കുന്നവർക്കു മികച്ച സൗകര്യങ്ങളൊരുക്കി. രജിസ്റ്റർ ചെയ്ത ഓരോ വ്യക്തിയോടും അംഗങ്ങൾ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയും പ്രോഗ്രാമിനായി ഒരുക്കുകയും ചെയ്തു.
പ്രഫഷണൽ ടീം
ലോകത്തെ മികച്ച ശാസ്ത്രജ്ഞരും രാജ്യത്തെ മികച്ച സംരംഭകരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും യുഎൻ പ്രതിനിധികളും കർഷകരും അടക്കം പ്രഫഷണലുകൾ വിവിധ സെഷനുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. അപേക്ഷകൾ സമർപ്പിച്ച എല്ലാവരെയും നെസ്റ്റിൽ പങ്കെടുപ്പിച്ചു. നേതൃത്വം കൊടുത്ത നസ്രാണിമാർഗം കൂട്ടായ്മയിലെ അംഗങ്ങൾ 41 പേരും മാസങ്ങൾ ഇതിനായി തയാറെടുത്തു.
നെസ്റ്റ് 23 എത്രത്തോളം സംതൃപ്തി നൽകി? ഇനിയും തുടരുമോ?
ക്രൈസ്തവസമൂഹത്തെ എങ്ങനെ രാജ്യപുരോഗതിയെ മുന്നോട്ടു നയിക്കാൻ പ്രാപ്തരാക്കണമെന്ന് ചിന്തിക്കാനും നടപടികൾ കൈക്കൊള്ളാനും സാധ്യതകൾ സൃഷ്ടിച്ച ഒരു തുടക്കം മാത്രമാണ് നെസ്റ്റ് 23. തുടർനടപടികൾക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. നെസ്റ്റ് 23ൽ പങ്കെടുത്തവർക്കു വിവിധ വിഷയങ്ങളിൽ തുടർസെമിനാറുകൾ നൽകുന്നു. വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐഐടികൾ എന്നിവ സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കാനും ക്രമീകരണം ചെയ്തു.
മുൻകാലങ്ങളിൽ കോൺഫറൻസുകൾ ഗവേഷണ ബിസിനസ് സാധ്യതകൾ സൃഷ്ടിച്ചിരുന്നുവെങ്കിൽ ഇന്ന് ഇതുപോലുള്ള വലിയ വർക്ക്ഷോപ്പുകളാണ് ഇതിന് സാധ്യതകൾ ഒരുക്കുക. മികച്ച സംരംഭകരെയും ശാസ്ത്രജ്ഞരെയും അനുഭവസമ്പത്തുള്ള കർഷകരെയും കോർത്തിണക്കി ഒരു നെറ്റ്വർക്കും സൃഷ്ടിച്ചു. ഇതു വരും തലമുറയ്ക്കും പൊതുസമൂഹത്തിനും പ്രയോജനകരമാകുംവിധം ഒരു കോർ ടീമായി പ്രവർത്തിക്കും. താഴെത്തട്ടിലുള്ളവരിലേക്ക് ഈ ആശയങ്ങൾ എത്തിക്കാനുള്ള ചർച്ചകളും ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
പരസ്പരം വളർത്താൻ ഇതു സഹായിക്കുമോ?
പരസ്പരം വളർത്തുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. നമ്മുടെ സംരംഭകർക്ക് കൂടുതൽ മികച്ചതലങ്ങളിലേക്കു വളരാനുള്ള സാഹചര്യങ്ങൾ പരസ്പരം പങ്കുവയ്ക്കണം. മികച്ച സ്ഥാപനങ്ങളുമായി ബന്ധം സൃഷ്ടിക്കണം. നാടിന്റെ പൈതൃകത്തിൽ അഭിമാനിക്കുന്ന തലമുറയെ വളർത്തിയെടുക്കണം.
കാമ്പസുകളും കർഷകരും ഇൻഡസ്ട്രികളും ഒത്തുചേർന്നപ്പോൾ?
കൂട്ടായ പ്രവർത്തനം ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കു വലിയ മാതൃക സൃഷ്ടിക്കാനാവും. റബർ കൃഷിക്ക് ശോഭനമായ ഭാവിയില്ലാതാകുമ്പോൾ വിവിധതരം ഫലവൃക്ഷങ്ങളുടെ ഉത്പാദനത്തിന് ഊന്നൽ കൊടുത്ത്, പോഷകസമൃദ്ധമായ ഫലവർഗങ്ങൾ ഉത്പാദിപ്പിച്ച് മൂല്യവർധനവിലൂടെ ലോകം മുഴുവൻ എത്തിക്കാനുള്ള ചർച്ചകൾക്കു തുടക്കമായി.
റബറിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ നമ്മുടെ നാട്ടിൽ സൃഷ്ടിക്കാനാവും. നെല്ല്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ സംഭരിക്കാനും വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും കൂട്ടായ്മയ്ക്കു സാധിക്കും. ഇതിനായി ഇൻഡസ്ട്രിയൽ പാർക്ക്, സ്പൈസസ് പാർക്ക്, മെഗാ ഫുഡ്പാർക്ക് തുടങ്ങിയവ ചർച്ചകളായി. കർഷകരും ഗവേഷകരും കാമ്പസും ഇൻഡസ്ട്രിയും ഇതിനായി കൈകോർക്കണം. സർക്കാർ-അർധസർക്കാർ പദ്ധതികളിൽ, കൂട്ടായിനിന്നുകൊണ്ട് അപേക്ഷകൾ സമർപ്പിക്കാനും ഇതിലൂടെ സാധ്യത ഒരുക്കി.
വിവേകത്തോടുകൂടി കേന്ദ്ര സംസ്ഥാന സർക്കാർ സ്കീമുകൾ എങ്ങനെ സമൂഹത്തിൽ പ്രയോജനകരമായി നടപ്പിലാക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, എന്നിവ പഠിച്ച്, സമൂഹത്തിനു മനസിലാക്കി കൊടുക്കാൻ തുടർനടപടികൾ സ്വീകരിക്കണം.
കോളജുകളിലെ ഇൻകുബേഷൻ ഫെസിലിറ്റികൾ യുവജനങ്ങൾക്കു പ്രയോജനകരമാകുംവിധം പരിചയപ്പെടുത്താനും ഇതിനു സൗകര്യം ഒരുക്കാനും നടപടി കൈക്കൊള്ളണം.
വിദേശത്തേക്കു ചേക്കേറുന്ന കുട്ടികൾക്ക് നെസ്റ്റ് 23ലൂടെ നൽകാനുള്ള സന്ദേശം?
ചേക്കേറുന്നത് തെറ്റല്ല. എന്നാൽ, നമ്മുടെ നാടിന്റെ സാധ്യതകൾ അനന്തമാണ്. ജനിച്ച നാടും മണ്ണും വിട്ട്, രണ്ടാംകിട പൗരന്മാരായി മറ്റൊരു രാജ്യത്ത് അഭയം പ്രാപിക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ നാട്ടിലെ സാധ്യതകളെ പ്രയോജനപ്പെടുത്തുക എന്നതാണ്. എന്നാൽ നല്ല സ്കോളർഷിപ്പുകൾ നേടി, ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്നത് ഏറെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
ഒരിക്കൽ പോകുന്നവർ എന്നെന്നേക്കുമായി നാടുവിട്ടു പോകുമ്പോൾ, പിന്നീട് ഒരിക്കൽ തിരിച്ചു വരാൻ ആഗ്രഹിച്ചാലും അതു സാധ്യമാകാത്ത സ്ഥിതിവിശേഷവും പ്രത്യേകിച്ച് നഷ്ടപ്പെടുത്തിയ ഇടം തിരിച്ചു പിടിക്കുന്നത് അപ്രാപ്യമാകുന്നതും ഏറെ ഗൗരവപൂർവം മനസിലാക്കേണ്ടതുണ്ട്. നമ്മുടെ നാടിന്റെ സാധ്യതകൾ, വിദേശരാജ്യങ്ങളിലെ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരിസ്ഥിതിക്കും സമൂഹത്തിനും രാജ്യത്തിന്റെ വളർച്ചയ്ക്കുമായി പ്രയോജനപ്പെടുത്താനും ചേക്കേറുന്നവർ സ്വപ്നം കാണണം.
താഴെത്തട്ടിലേക്ക് എങ്ങനെയാണ് ഇറങ്ങിച്ചെല്ലുക?
ഒരു ഗ്രാമത്തിന് ഒരു സംരംഭം എന്ന നിലയിൽ പ്രാദേശിക പദ്ധതികളാണ് നെസ്റ്റ് മുന്നോട്ടു വച്ചത്. നാട്ടിലെ ഭക്ഷ്യ സംസ്കാരം മെച്ചപ്പെടുത്താൻ നടപടിയെടുക്കുക, ആധുനിക സ്റ്റോറേജ് റൂമുകൾ സംഘടനകളുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ കൊണ്ടുവരാൻ ശ്രമിക്കുക എന്നിവ വഴി കർഷകരെ സഹായിക്കാനാകും.
കാർഷിക ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ക്രമീകരണം ചെയ്യുക, ഞായറാഴ്ച ചന്തകൾ സജീവമാക്കുക. മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യത അനന്തമാണ്. ഇതിനു നേതൃത്വം നൽകാൻ കഴിയുന്നവരെ പ്രാദേശിക തലത്തിൽ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. യുവജനങ്ങളും മുതിർന്നവരും ഒത്തുചേർന്നുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ സാധ്യതയും അനന്തമാണ്.
സ്ത്രീ സംരംഭങ്ങൾക്കും സാധ്യതകൾ ഏറെ. വിവിധ ടെക്നോളജികൾ സ്ത്രീ സംരംഭകർക്ക് ഇന്നു ലഭ്യമാണ്. ഇതോടൊപ്പം, കുറഞ്ഞ പലിശ നിരക്കിൽ, സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ബാങ്കുകൾ വഴി അനേകം പദ്ധതികളും നിലവിലുണ്ട്.
കേരളത്തിന്റെ പച്ചപ്പും ഹരിതഭംഗിയും ഇക്കോ ടൂറിസത്തിനു സാധ്യതകൾ സൃഷ്ടിക്കുന്നു. മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതും പരിസ്ഥിതി സൗഹൃദ നിർമാണവും മികച്ച സംസ്കാരവും ടൂറിസത്തിന്റെ സാധ്യതകൾ കൂട്ടുന്നു. പ്രാദേശിക തലത്തിൽ ഒരു ഗ്രൂപ്പായി, നമുക്കു ചുറ്റുമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇൻഡസ്ട്രികൾ, വിവിധ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ മുതലായവ സന്ദർശിക്കുകയും സാധ്യതകൾ പഠിക്കുകയും ചെയ്യാൻ അവസരമൊരുക്കണം.
ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പുകൾ താഴേത്തട്ടിൽ സംഘടിപ്പിക്കാം. അറിവും അനുഭവസമ്പത്തും ആത്മാർഥതയുമുള്ളവരെ പ്രയോജനപ്പെടുത്തി, നെസ്റ്റിന്റെ ചെറിയ പതിപ്പുകൾ തലത്തിൽ പുനരാവിഷ്കരിക്കണം. സംഘടനാ പ്രവർത്തനങ്ങൾ ഇതിന്റെ വെളിച്ചത്തിൽ മാറ്റങ്ങൾക്കു വിധേയമാകണം.