ഉറക്കം വിട്ടുണരുമോ കേരളം?
Thursday, November 23, 2023 11:49 PM IST
വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ-02/ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ഉന്നതവിദ്യാഭ്യാസമേഖലയിലെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ദീര്‍ഘവീക്ഷണത്തോടെ പ്രായോഗികതലത്തില്‍ ചിന്തിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരും തയാറാകുന്നില്ലെന്നുള്ളത് ദുഃഖകരം. കേരളത്തിലെ പ്രധാന യൂണിവേഴ്സിറ്റികളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ കണ്ടിട്ടും കണ്ണുതുറക്കാത്തവര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് കൊട്ടിഘോഷിക്കുന്നത് തമാശ മാത്രമായേ കാണാനാവൂ. ഈ മാസം എട്ടുവരെയുള്ള കണക്കുപ്രകാരം കേരള യൂണിവേഴ്സിറ്റിയിലെ 144 സ്ഥാപനങ്ങളിലായി 14,864 സീറ്റുകള്‍ ഡിഗ്രി തലത്തില്‍ ഒഴിഞ്ഞുകിടക്കുന്നു. 14 ഗവണ്മെന്റ് കോളജുകളില്‍ മാത്രം 312 സീറ്റുകള്‍ ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന 29 കേന്ദ്രങ്ങളില്‍ 1940, ഐഎച്ച്ആര്‍ഡി നടത്തുന്ന എട്ടു കോളജുകളില്‍ 944, 93 എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലായി 11,668 സീറ്റുകളാണ് ഒഴിവുള്ളത്.
കഴിഞ്ഞമാസം 30ന് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സെനറ്റ് സമ്മേളനത്തില്‍ നല്കിയ, ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന വിവിധ കോളജുകളിലായി 2023 അധ്യയനവര്‍ഷം 29,887 സീറ്റുകള്‍ കാലിയാണ്. ഗവണ്മെന്റ്, എയ്ഡഡ് കോളജുകളില്‍ മാത്രമായി 8,493 സീറ്റുകളില്‍ ആളില്ല; ബാക്കിയുള്ളവ സ്വാശ്രയ കോളജുകളിലും. എയ്ഡഡ് കോളജുകളിലെ എയ്ഡഡ് കോഴ്സുകളില്‍ 16,358 സീറ്റുകളാണുള്ളത്. ഇവയില്‍ 5,706 സീറ്റുകളിലും പഠിക്കാന്‍ കുട്ടികളില്ല. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പിജി കോഴ്സുകളുടെ സ്ഥിതിയും ദയനീയമാണ്; 5209 സീറ്റുകള്‍ കാലി. അഡ്മിഷന് ലഭിച്ചതിനുശേഷം അധ്യയനവര്‍ഷത്തില്‍ കോഴ്സ് ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണവും കൂടുന്നു. മേല്‍പ്പറഞ്ഞ കണക്കുകളില്‍ സ്വയംഭരണ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശന വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നില്ല. സ്വന്തമായ അഡ്മിഷനും പരീക്ഷയും നടത്തുന്ന സ്വയംഭരണ കോളജുകളില്‍ നിലവില്‍ അല്പം പ്രതീക്ഷകളുണ്ടെങ്കിലും ഭാവി ആശങ്കപ്പെടുത്തുന്നതാണ്.
സ്വയംഭരണ കോളജുകള്‍
2023 അധ്യയനവര്‍ഷം ആരംഭം വരെ കേരളത്തില്‍ 19 സ്വയംഭരണ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളാണുണ്ടായിരുന്നത്. ഇപ്പോഴത് 21 ആയി ഉയര്‍ന്നു. ഈ അധ്യയനവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍നിന്നുള്ള ഒരു ഡസനിലേറെ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകള്‍ സ്വയംഭരണമാകും. യുജിസി 2023ലിറക്കിയ റെഗുലേഷന്‍സ് അനുസരിച്ചാണ് പുതിയ കോളജുകള്‍ക്ക് സ്വയംഭരണം ലഭ്യമാകുന്നത്. യുജിസിയുടെ നേരിട്ടുള്ള ഇടപെടലുകളാണ് കേരളത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വയംഭരണ പദവിയിലെത്തിച്ചിരിക്കുന്നത്. പദവി ലഭിച്ച 21 കോളജുകളില്‍ സർക്കാർ-ഒന്ന്, ക്രൈസ്തവ മാനേജ്മെന്റ്-18, മുസ്ലിം മാനേജ്മെന്റ് -രണ്ട് എന്നിങ്ങനെയാണ്. നിലവിലുള്ള യൂണിവേഴ്സിറ്റികളുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെയുള്ള സ്വയംഭരണപദവി ഭാവിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.
രാഷ്ട്രീയ, ഭരണ കൂച്ചുവിലങ്ങില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലിന്നു വേണ്ടത്. സ്വതന്ത്ര യൂണിവേഴ്സിറ്റികളായി രാജ്യാന്തര നിലവാരത്തിലേക്കുയരാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിലെ പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. അത് ഫലപ്രദമായും സ്വാതന്ത്ര്യത്തോടെയും ഉപയോഗിക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്റേതുള്‍പ്പെടെ പകുതിയോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂട്ടിപ്പോകുമെന്നുറപ്പ്.
എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവില്‍ എട്ടു സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ സ്വയംഭരണപദവി ലഭിച്ചിട്ടുണ്ട്. ആറു സ്വാശ്രയ കോളജുകളും, രണ്ട് എയ്ഡഡ് എൻജിനിയറിംഗ് കോളജുകളുമാണ്. അഞ്ചു ക്രിസ്ത്യന്‍ സ്ഥാപനങളും രണ്ട് ട്രസ്റ്റുകളും ഒരു മുസ്ലിം എയ്ഡഡ് സ്ഥാപനവും ഇക്കൂട്ടത്തില്‍പ്പെടുന്നു.
പുതിയ കോഴ്സുകളും സിലബസുകളും രൂപകല്പന ചെയ്യാനും രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിവിധയിനം പ്രോഗ്രാമുകളും അധ്യാപക-വിദ്യാര്‍ഥി എക്സ്ചേഞ്ചുകളും ഉള്‍പ്പെടെയുള്ള സാധ്യതകളും ഏറെയാണ്. സര്‍ക്കാര്‍, യൂണിവേഴ്സിറ്റി കൈകടത്തലുകളും ഉത്തരവുകളിലെ അനിശ്ചിതത്വവും ഭാവിയില്‍ സ്വയംഭരണ കോളജുകളുടെപോലും സുഗമപ്രവര്ത്തനങ്ങള്ക്കായി കോടതിയെ സമീപിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. കേരള സര്‍ക്കാരിന്റെ വികല വിദ്യാഭ്യാസ നയങ്ങളും നിയമതടസങ്ങളും മെല്ലെപ്പോക്കുംമൂലം ഇതര സംസ്ഥാനങ്ങളില്‍നിന്നു വിദ്യാര്‍ഥികള്‍ കേരളത്തിലെത്താന്‍ മടിക്കുന്നു.
അധ്യാപകരും പ്രതിസന്ധിയിലേക്ക്
കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുമ്പോള്‍ ഏറ്റവും പ്രതിസന്ധിയിലാകുന്നത് നിലവിലുള്ള അധ്യാപകരാണ്. ഒട്ടേറെ കോളജുകളില്‍ നിലവിലുള്ള അധിക അധ്യാപകരുടെ ജോലി സ്വാഭാവികമായി നഷ്ടപ്പെടും. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഫീസിനത്തിലെ വരവു കുറഞ്ഞാല്‍ ശമ്പളം നല്‍കാനും നിവൃത്തിയില്ലാതെ വരും. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഫീസ് ഘടനയാണ് സ്വാശ്രയ മേഖലയില്‍ നിലനില്‍ക്കുന്നത്. 2011ല്‍ നടപ്പിലാക്കിയ എൻജിനീയറിംഗ് സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് ഘടന 12 വര്‍ഷമായിട്ടും ഉയര്‍ത്തിയിട്ടില്ല. അധ്യാപക, അനധ്യാപക ശമ്പളമുള്‍പ്പെടെ ചെലവുകള്‍ പതിന്മടങ്ങ് വര്‍ധിച്ചു. ഇവയുടെയെല്ലാം അനന്തരഫലമോ കേരളത്തിലെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും.
എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരും സുരക്ഷിതരല്ല. കടക്കെണിയില്‍ ശമ്പളത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാരിനായില്ലെങ്കില്‍ ആദ്യം കൈവയ്ക്കുന്നത് എയ്ഡഡ് അധ്യാപകരുടെ ശമ്പളത്തിന്മേലായിരിക്കും. വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തിലെ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലെ അനുവദനീയ അധ്യാപക തസ്തികകളുടെയും ഒഴിവാക്കേണ്ട അധിക തസ്തികകളുടെയും വിവരശേഖരണം വി. വിഗ്നേശ്വരി കോളജ് വിദ്യാഭ്യാസ ഡയറക്ടറായിരുന്നപ്പോള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഇതനുസരിച്ച് വിവിധ യൂണിവേഴ്സിറ്റികള്‍ ഉള്‍ക്കൊള്ളുന്ന കോഴിക്കോട്, കോട്ടയം, തൃശൂര്‍, എറണാകുളം, കൊല്ലം തുടങ്ങി അഞ്ചു ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലുള്ള 162 എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളുടെ അധ്യാപക ജോലിഭാര പട്ടികയുടെ സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അനുവദനീയ അധ്യാപക തസ്തികകള്‍ 9,084. അതേസമയം 1,599 അധ്യാപക തസ്തികകള്‍ 162 കോളജുകളിലായി നിലവില്‍ അധികമാണ്. വിദ്യാര്‍ഥികളുടെ എണ്ണവും കുറയുന്ന സാഹചര്യത്തില്‍ നിലവിലുള്ള അധ്യാപകജോലി പ്രതിസന്ധിയാകുന്നതിനോടൊപ്പം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യും.
പഠനമുണ്ട്; തൊഴിലില്ല
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ നിലവിലുള്ള കോഴ്സുകളും സിലബസുകളും പുതുതലമുറ ഉപേക്ഷിച്ചു തള്ളാനുള്ള കാരണമെന്ത്? പഴകിത്തുരുമ്പിച്ചതും കാലഹരണപ്പെട്ടതുമായ പഠന, പരീക്ഷാ സമ്പ്രദായമാണ് സംസ്ഥാനമിന്നും തുടരുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന വിവിധ ഉന്നതവിദ്യാഭ്യാസ സമിതികളും കൗണ്‍സിലുകളും ചിലരുടെ റിട്ടയര്‍മെന്റ് ജീവിതത്തിലെ ആശ്രയവും ആശ്വാസവും തമാശയുമെന്നതിലുപരി ഫലപ്രദമാകുന്നുണ്ടോ? എല്ലാറ്റിനെയും രാഷ്ട്രീയ ആഭിമുഖ്യത്തോടെ മാത്രം കാണുന്ന സ്തുതിപാഠക സമിതികളായി ഇവ അധഃപതിച്ചിരിക്കുന്നു.
രാജ്യാന്തര സാധ്യതകളുള്ള ആധുനിക കോഴ്സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ചുവപ്പുനാടയില്‍ കുടുങ്ങി കടമ്പകളേറെ. കാലഹരണപ്പെട്ട അധ്യാപന ശൈലികളും പരീക്ഷാ സമ്പ്രദായങ്ങളും ആധുനിക മാറ്റങ്ങള്‍ക്കനുസരിച്ച് അധ്യാപക അപ്ഡേഷന് ഇല്ലായ്മയും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയുടെ പ്രതിസന്ധികളാണ്. സംസ്ഥാനത്തെ പല യൂണിവേഴ്സിറ്റികളുടെയും ബിരുദ-ബിരുദാനന്തര വിശ്വാസ്യതയും നടത്തിപ്പും നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. വിദ്യാഭ്യാസ വിദഗ്ധരുണ്ടാക്കുന്ന പഠന-സിലബസുകള്‍ ഭാവിയില്‍ ജോലിസാധ്യതയുണ്ടോയെന്ന പുനര്ചിന്തപോലും നടത്താനാളില്ല. ഈ ദുര്‍വിധിയാണ് യുവത്വം നാടുവിട്ടോടുന്ന ആഘാതത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ വെല്ലുവിളിക്കുന്നത്.
സര്‍വകലാശാലകളും വ്യവസായ മേഖലകളും പരസ്പരം സഹകരിച്ചുള്ള രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ പഠന സിലബസ് രൂപീകരണം അടിയന്തരമാണ്. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലനം നല്കി ബിരുദങ്ങള്‍ നല്കി പുറത്തിറക്കുന്നവര്‍ ആധുനിക, വ്യവസായ, സാങ്കേതിക, തൊഴില്‍മേഖലയ്ക്ക് പറ്റിയവരും ആഗോളതലത്തില്‍ മത്സരക്ഷമത നേടുന്നവരുമായിരിക്കണം. ഓരോ കാലഘട്ടത്തിലെയും ഭാവിയിലെയും ആവശ്യങ്ങളനുസരിച്ചു വേണം പഠന സിലബസുകള്‍ ക്രമീകരിക്കാന്‍. ചുരുക്കത്തില്‍, പഠനവും തൊഴിലും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. പഠനത്തോടൊപ്പം തൊഴിലും പരിശീലനവും ചെറു സമ്പാദ്യരൂപീകരണവും സൃഷ്ടിക്കുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാകുന്നില്ലെങ്കില് കേരളയുവത്വം നാടുവിട്ടോടുന്ന പ്രക്രിയ കൂടുതല്‍ ശക്തമായി തുടരും.
മത്സരിച്ചില്ലെങ്കില്‍ അടച്ചുപൂട്ടും
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ പൊളിച്ചടുക്കലുകള്‍ക്ക് വിദേശ സര്‍വകലാശാലകളുടെ പ്രവേശനം ഇടനല്കാനുള്ള സാധ്യതകളേറെയുണ്ട്. ആധുനിക വിദ്യാഭ്യാസമേഖല സംസ്ഥാന രാജ്യ അതിര്‍ത്തികളില്‍നിന്ന് രാജ്യാന്തര തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത് കാണാതെ പോകരുത്. സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ ലോകം ഒറ്റ വിപണിയായി മാറുന്നതുപോലെ വിദ്യാഭ്യാസമേഖലയും ഇത്തരം കുതിപ്പിലാണ്. മത്സരരംഗത്തിറങ്ങി മുന്നേറാന്‍ സാധിച്ചില്ലെങ്കില്‍, അതിനായി പുതുതലമുറയെ സജ്ജമാക്കി ഒരുക്കിയില്ലെങ്കില്‍, നമ്മള് പുറകോട്ടടിച്ച് പരാജയപ്പെടും. അതുതൊണ്ട് ഉന്നതവിദ്യാഭ്യാസമേഖലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്താനുള്ള ആരോഗ്യകരമായ മത്സരമുണ്ടാകുന്നത് വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനനിരതമാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സര്‍ക്കാരുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും പിടിവാശിയിലും നിയന്ത്രണത്തിലും ചട്ടക്കൂട്ടിലും ഞെരിഞ്ഞമരുന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സര്‍വകലാശാലകളാണ്. ഇവ ഒന്നുകില്‍ അടച്ചുപൂട്ടും അല്ലെങ്കില്‍ രാജ്യാന്തര നിലവാരത്തില്‍ മുന്നേറാന്‍ മാറ്റങ്ങള്‍ക്ക് തയാറാകണം.
കേരളത്തിനുള്ള മുന്നറിയിപ്പ്
നിയന്ത്രണങ്ങളും നിരോധനങ്ങളുമേര്പ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പുനാടയില്‍ കുരുക്കി കൂച്ചുവിലങ്ങിടാതെ തുറന്ന വിദ്യാഭ്യാസ സമീപനം സ്വീകരിക്കാന്‍ വൈകിക്കൂടാ. നാട്ടില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അവസരങ്ങള്‍ തേടി പറന്നുപോകാന്‍ പുതുതലമുറയ്ക്കു മടിയില്ലെന്നു തെളിയിക്കപ്പെട്ടിരിക്കുമ്പോള്‍ ആഗോള അവസരങ്ങളുടെ ആകര്ഷണകേന്ദ്രമാകാനും രാജ്യാന്തര സര്‍വകലാശാലകളുമായി കൈകോര്‍ത്ത് സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കാനുമുള്ള ചടുലനീക്കങ്ങള്‍ക്ക് സംസ്ഥാന ഭരണ നേതൃത്വം ആര്‍ജവം കാണിക്കണം.
പരമ്പരാഗത ശൈലികളില്‍നിന്നു മാറി അടുമുടി പൊളിച്ചെഴുത്തിന് വിധേയമാക്കിയും, കലാലയ അന്തരീക്ഷത്തെ കലുഷിതമാക്കുന്ന കക്ഷിരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയും, അധ്യാപകരുടെയും അക്കാദമിക് തലങ്ങളുടെയും നിലവാരമുയര്‍ത്തിയും, വ്യവസായമേഖലകളുമായി കൈകോര്‍ത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റങ്ങളും മത്സരക്ഷമതയും കൈവരിക്കാനാകുന്നില്ലെങ്കില്‍ കേരളം കാണാനിരിക്കുന്നത് വലിയ ബൗദ്ധികതകര്ച്ചയും തിരിച്ചുവരാത്ത യുവതയുടെ നിലയ്ക്കാത്ത ഒഴുക്കുമായിരിക്കും.
(അവസാനിച്ചു)