വനനിയമ ഭേദഗതി: സംസ്ഥാനം ഉണർന്നു പ്രവർത്തിക്കണം
Friday, December 1, 2023 12:13 AM IST
അഡ്വ. ജോണി കെ. ജോര്‍ജ്
1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ ഭേദഗതി കഴിഞ്ഞ ഓഗസ്റ്റ് നാലിന് രാഷ്ട്രപതി ഒപ്പുവച്ചതോടെ പ്രാബല്യത്തിലായി. ഭേദഗതി നിയമം കേരളത്തിനു നല്‍കുന്നത് തലമുറകളായി കൈവശം വച്ചുവരുന്ന ഭൂമികള്‍ക്ക് ഉടമസ്ഥരേഖയില്ലാതെ ശ്വാസംമുട്ടുന്ന സാധാരണ ജനങ്ങളുടെ ചിരകാല അഭിലാഷം സാധ്യമാക്കുന്നതിനുള്ള സാഹചര്യമാണ്. ഈ ഭേദഗതി നിയമം വഴി യഥാര്‍ഥ വനമല്ലാത്ത രേഖപ്രകാരമായ വനം ഇല്ലാതാകുന്നു.
യഥാര്‍ഥ വനം മാത്രം വനമായി നിലനില്ക്കും. ആളുകളുടെ കൈവശത്തിലുള്ള ഭൂമിക്ക് ഉടമസ്ഥരേഖ ലഭിക്കുന്നതിന് തടസമായി നിന്നിരുന്ന "രേഖപ്രകാരമുള്ള വനം' എന്ന മരണക്കുരുക്ക് മാറ്റപ്പെടുകയും ചെയ്യുകയാണ്. രേഖ പ്രകാരം വനം എന്നതില്‍ ഉള്‍പ്പെട്ടുപോയ കൈവശഭൂമിയുടെ മേലുള്ള വനംവകുപ്പിന്റെ അന്യായ അവകാശവാദങ്ങളും ഇല്ലാതാകുകയാണ്.
കേരളത്തിലെ കര്‍ഷകരുടെ കൈവശം കൃഷിക്കും മറ്റ് ഇതര ആവശ്യങ്ങള്‍ക്കുമായി വിട്ടുനല്‍കിയിട്ടുള്ള ഭൂമി 1977 ജനുവരി ഒന്നിനു മുന്‍പ് കൈവശം ലഭിച്ചിട്ടുള്ളതാണെങ്കില് അത് കൈവശക്കാരന് പതിച്ചു നല്‍കുന്നതിന് സംസ്ഥാന സർക്കാർ എടുത്ത തീരുമാനം ചുവപ്പുനാടയില്‍ കുടുങ്ങി നടപ്പാക്കാതെ അനന്തമായി നീളുന്നതിനിടയിലാണ് 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പാസാക്കപ്പെട്ടത്. ആക്ടിന്റെ രണ്ടാം വകുപ്പു പ്രകാരം വനഭൂമി പതിച്ചു നല്‍കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. കൂടാതെ, ഈ ആക്ട് യഥാര്‍ഥ വനത്തെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന വ്യാഖ്യാനങ്ങളുടെ എല്ലാ സാധ്യതയും ഇല്ലാതാക്കിക്കൊണ്ടാണ് പിന്നീട് ഗോദവര്‍മന്‍ തിരുമുല്‍പ്പാടിന്റെ കേസില്‍ വിധിയുണ്ടായത്.
സംസ്ഥാന സര്‍ക്കാര്‍ മനസുവച്ചാൽ...
പുതിയ ഭേദഗതിയോടുകൂടി 1980ലെ യഥാര്‍ഥ നിയമത്തില്‍ വ്യക്തമായി നിര്‍വചിക്കാതെ പോയിട്ടുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്ന "വനഭൂമി' ഏതാണ് എന്ന് നിര്‍വചിച്ചു എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസില്‍ വനം നിഘണ്ടുവിലുള്ള അര്ഥത്തിലെ വനമാണ് എന്നു വ്യാഖ്യാനിക്കാന്‍ സുപ്രീംകോടതിക്കു കഴിഞ്ഞത്, യഥാര്‍ഥ വനം എന്നതിന് വ്യാഖ്യാനം ഇല്ലാതിരുന്നതിനാലാണ്.
പുതിയ ഭേദഗതി നിയമത്തില്‍ 1927ലെ ഇന്ത്യന്‍ വന നിയമപ്രകാരം വനമായി നിര്‍വചിക്കപ്പെട്ടു പ്രഖ്യാപിച്ച സ്ഥലങ്ങളും 1980 ഒക്ടോബർ 25ന് മുന്‍പോ അതിനു ശേഷമോ സര്‍ക്കാര്‍ രേഖപ്രകാരം വനമായി രേഖപ്പെടുത്തിയതോ ആയ ഭൂമി എന്നു പറയുമ്പോഴും 1996 ഡിസംബര്‍ 12നു മുന്‍പ് യഥാര്‍ഥ വനം, വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് വനം എന്ന വ്യാഖ്യാനത്തില്‍ ഉള്പ്പെട്ടുവരികയില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു തെളിവായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രേഖപ്പെടുത്തല്‍ പോലും മതിയാകും എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതായത്, പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയില്‍ നല്‍കിയിട്ടുള്ള കൈവശ രേഖകള്‍, നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കെട്ടിടനമ്പറുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പുതിയ വനനിയമ ഭേദഗതി നല്കുന്ന ഏറ്റവും വലിയ ആശ്വാസം. കേരളത്തില്‍ ഉടമസ്ഥാവകാശ രേഖ നല്‍കാതെ കൈവശം ലഭിച്ചിട്ടുള്ള ഭൂമികളില്‍ നിയമാനുസരണം വീടുകള്‍ നിര്‍മിച്ചും കൃഷി ചെയ്തും മറ്റ് ഇതര ജീവനോപാധിയായി ഉപയോഗിച്ചും വരുന്ന ലക്ഷക്കണക്കായ മനുഷ്യര്‍ക്ക് ഇനി സംസ്ഥാന സര്‍ക്കാര്‍ മനസുവച്ചാല്‍ പൂര്‍ണ ഉടമസ്ഥാവകാശ രേഖ നൽകാൻ കഴിയും.
ഭേദഗതി നിയമത്തിന്റെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങളില്‍ വനസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യന്റെ ശാസ്ത്രീയമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. വനത്തെയും വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നത് മനുഷ്യരാണ്. മനുഷ്യര്‍ നിര്‍മിക്കുന്ന നിയമങ്ങളാലാണ്. അതിനാല്‍ത്തന്നെ മനുഷ്യന്റെ നിലനില്‍പ്പിനെയും ശാസ്ത്രീയമായ സാമൂഹ്യ പുരോഗതിയെയും തുരങ്കം വയ്ക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ നിലനിന്നുവരുന്ന അതിതീവ്ര വന-പരിസ്ഥിതി നിയമങ്ങള്‍ക്കു പകരം പ്രായോഗികമായ ഇടപെടലുകളിലൂടെയും മാറിവരുന്ന ജീവിതസാഹചര്യങ്ങള്‍ കണക്കിലെടുത്തും വനസംരക്ഷണവും പ്രകൃതി സംരക്ഷണവും മുന്നോട്ടു കൊണ്ടുപോകുവാന്‍ പുതിയ ഭേദഗതി പ്രത്യാശ നല്കുന്നു.
നിയമങ്ങളാല്‍ സംരക്ഷിച്ചുവരുന്ന വന്യമൃഗങ്ങളാല്‍ മനുഷ്യന് കൊല്ലപ്പെടുമ്പോഴും, മനുഷ്യന്റെ അതിജീവനത്തിന് തടസമായി വരുമ്പോഴും പോലും അന്താരാഷ്ട്ര തലത്തില്‍ പിന്തുടര്ന്നുവരുന്ന, അനിയന്ത്രിതമായി പെരുകുന്ന വന്യജീവികളെ ശാസ്ത്രീയമായി നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നടപ്പില്‍ വരുത്തുന്നവന് 1980ലെ നിയമം വലിയ തോതില്‍ തടസം നിന്നിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
നൂറ്റാണ്ടിനു മുന്‍പ് മുതല്‍ ഉപയോഗിച്ചുവന്നിരുന്ന റോഡുകളുടെ പുനരുദ്ധാരണവും വികസനവുംപോലും അതിതീവ്ര വനനിയമങ്ങളുടെ സങ്കീര്‍ണമായ കുരുക്കുകളില്‍പ്പെട്ട് നിലച്ചുപോയിട്ടുണ്ട്. ഭേദഗതി നിയമത്തിന്റെ (2) (a) വകുപ്പ് സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുവഴിയില്‍നിന്ന് ജനവാസ കേന്ദ്രത്തിലേക്കും റെയില്‍ ഗതാഗത സംവിധാനങ്ങളിലേക്കുമുള്ള സ്ഥലങ്ങളെ നിയമത്തിന്റെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി ജനോപകാരപ്രദമായ അടിസ്ഥാന വികസനം തടസപ്പെടുത്താന്‍ ഇടയുള്ള സങ്കീര്‍ണതകൾ അവസാനിപ്പിച്ചിരിക്കുന്നു.
ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാനമാണ്, റവന്യൂ വകുപ്പാണ്. പുതിയ നിയമഭേദഗതിയുടെ സാഹചര്യം ഉപയോഗപ്രദമാക്കി കൈവശ ഭൂമികള്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കിയും അനിവാര്യമായ അടിസ്ഥാന സാഹചര്യങ്ങള്‍ സൃഷ്ടിച്ചും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രതിസന്ധി ഇനിയെങ്കിലും പരിഹരിക്കപ്പെടുന്നില്ല എങ്കില്‍ നിയമങ്ങളുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്താതെ പുസ്തകങ്ങളില്‍ തന്നെ ഉറങ്ങും.
വനം എന്ന ആലങ്കാരിക പദവി
"വനം' എന്നതിനെ യഥാര്‍ഥ വനം എന്ന അര്‍ഥത്തിലല്ല, പകരം നിഘണ്ടുവിലെ അര്‍ഥത്തില്‍ കാണണമെന്നും അങ്ങനെ നിഘണ്ടുവിലെ അര്‍ഥത്തില്‍ സര്‍ക്കാര്‍ രേഖകളില്‍ ഏതൊക്കെ ഭൂമി വനം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ ആ ഭൂമിയെല്ലാംതന്നെ യഥാര്‍ഥ വനമാണെന്നും സുപ്രീംകോടതി വിധിച്ചു. ആ വിധിയോടുകൂടി കര്‍ഷകര്‍ക്ക് പതിച്ചുനല്കാന് നിശ്ചയിച്ചിരുന്ന റവന്യൂ ഭൂമി പിടിച്ചെടുത്ത് വനം എന്ന ആലങ്കാരിക പദവി നല്കി താത്കാലിക സംരക്ഷണത്തിന് വനംവകുപ്പിനെ ഏൽപ്പിച്ചു. പിന്നീട് ഈ ഭൂമിയെല്ലാം യഥാര്‍ഥ വനമാണ് എന്ന ദുര്‍വ്യാഖ്യാനം നല്കി വനംവകുപ്പ് അധീനതയിലാക്കി.
1971ലെ കേരള സ്വകാര്യ വനം (നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും) നിയമത്തിന്റെ ആമുഖത്തിൽ പറഞ്ഞിരുന്ന കര്ഷകന് പതിച്ചു നല്കുന്നതിനു വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന നിയമനിര്‍മാണ ഉദ്ദേശ്യംപോലും അട്ടിമറിക്കപ്പെട്ടു.
1980ലെ വനസംരക്ഷണ നിയമം പാസാക്കപ്പെടുന്നതിനും മുന്‍പേ സംസ്ഥാന സർക്കാരിന്റെ കൈവശ ഭൂമി പതിച്ചുകൊടുക്കാന്‍ എടുത്ത തീരുമാനം പിന്നീട് വന്ന നിയമനിര്‍മാണം മൂലം അസാധു ആകുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ് -സ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. എന്നാൽ അതനുസരിച്ച് കേരളത്തിലെ കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം നല്കാൻ ഒരു ശ്രമവും ഉണ്ടായില്ല. 1980ലെ കേന്ദ്ര നിയമം രണ്ടാം വകുപ്പിന്റെ തടസം പറഞ്ഞാണ് കേരളത്തിലെ കൈവശഭൂമി ഉടമസ്ഥര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാതിരുന്നത്.