ആത്മഹത്യയും കാർഷികമേഖലയുടെ തകർച്ചയും
Sunday, December 3, 2023 12:08 AM IST
സിജുമോൻ ഫ്രാൻസിസ്
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട രേഖകളനുസരിച്ച് 1995-2014 കാലയളവിൽ കാർഷിക മേഖലയെ ആശ്രയിച്ച് നിൽക്കുന്ന 2,96,438 പേർ ആത്മഹത്യ ചെയ്തു. ഇന്ത്യയിൽ 70 ശതമാനം ആളുകൾ നേരിട്ടോ പരോക്ഷമായോ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. 42 ശതമാനം തൊഴിലും ഈ മേഖലയെ ആശ്രയിച്ചാണ്.
രാജ്യത്താകെയുണ്ടാകുന്ന ആത്മഹത്യകളിൽ 11 ശതമാനം കർഷകരുടേതാണ്. ഏതാണ്ട് അത്രയുംതന്നെ കർഷക തൊഴിലാളികളും ജീവനൊടുക്കുന്നു. കർഷക വിരുദ്ധ നിയമങ്ങളും ഉത്പാദനംകൊണ്ട് നികത്താൻ കഴിയാത്ത കടബാധ്യതകളും അശാസ്ത്രീയമായ സർക്കാർ നയങ്ങളും സബ്സിഡി തലത്തിലുള്ള അഴിമതികളും വന്യമൃഗങ്ങളാൽ ഉണ്ടാകുന്ന വർധിച്ച കൃഷിനാശവുമൊക്കെയാണ് കർഷക ആത്മഹത്യകൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.
കർഷക ആത്മഹത്യകൾക്ക് പരിഹാരം കാണാൻ നാഷണൽ ഫാർമർ കമ്മീഷൻ കൃഷക് ആയോഗ് 2006ൽ ആറ് ശിപാർശകൾ സമർപ്പിച്ചിരുന്നു. എന്നാൽ അതൊന്നും വെളിച്ചം കാണാതെ പോയി. തുടർന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്ന മഹാരാഷ്ട്രയിലെ വിദർഭ സന്ദർശിക്കുകയും 11,000 കോടി രൂപയുടെ സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് സമാശ്വാസ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊന്നും പിന്നീട് ഇന്ത്യയുടെ പൊതുനയമായി പരിഗണിക്കപ്പെടുകയോ അടിസ്ഥാന വർഗത്തെ ചേർത്തുനിറുത്തുകയോ ചെയ്തില്ല.
എൻസിആർബി 2022 ഓഗസ്റ്റിൽ പുറത്തുവിട്ട രേഖകൾ പ്രകാരം 1,64,033 ആത്മഹത്യകളാണ് ആകെ നടന്നിട്ടുള്ളത്. അത് 2021നെ അപേക്ഷിച്ച് 7.2 ശതമാനം കൂടുതലാണ്. 1967നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഇതിൽ 50.4 ശതമാനം അഞ്ച് സംസ്ഥാനങ്ങളിലാണ്. കേരളം അഞ്ചാമതും.
ആൻഡമാൻ നിക്കോബാർ ദീപുസമൂഹം ഒന്നാമതും (39.7), സിക്കിം (39.2) രണ്ടാമതും, പുതുച്ചേശേരി (31.8)മൂന്നാമതും, തെലുങ്കാനയും കേരളവും (26.9), പോയിന്റോടെ യഥാക്രമം നാലും അഞ്ചും സ്ഥാനത്തും നിൽക്കുന്നു. ദേശീയ ശരാശരി 12.0ൽ നിൽക്കുമ്പോഴാണ് കേരളം 26.9ൽ എത്തിനിൽക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ 64.2 ശതമാനവും ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരാണ്.
ഓരോ രണ്ടു മണിക്കൂറിലും ഇന്ത്യയിൽ ഒരു കർഷക തൊഴിലാളി എങ്കിലും ആത്മഹത്യ ചെയ്യുന്നു എന്നും എൻസിആർബി കണക്ക് വ്യക്തമാക്കുന്നു. വിദ്യാസമ്പന്നരായ 3.58 കോടി ജനങ്ങളുള്ള കേരളം ആത്മഹത്യാനിരക്കിൽ അഞ്ചാമത് നിൽകുമ്പോൾ 8.39 കോടി ജനങ്ങളുള്ള തമിഴ്നാട് ഏഴാമതും 7.17 കോടി ജനങ്ങളുള്ള കർണാടകം ഒൻപതാമതുമാണ്.
തകർന്നടിഞ്ഞ് കാർഷികമേഖല
കേരളത്തിൽ കാർഷിക മേഖലയുടെ തകർച്ചയും ആത്മഹത്യാ നിരക്കിലെ വർധനവും കൂട്ടിവായിക്കപ്പെടേണ്ടതാണ്. കേരളത്തിൽ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വായ്പയുടെ പലിശയും കൊടുക്കുന്നതിനു മാത്രമാണ് വിനിയോഗിക്കുന്നത്.
കാർഷിക മേഖലയ്ക്ക് അനുവദിക്കുന്ന ബജറ്റ് വിഹിതം 2020-21ൽ 10,932 കോടി ആയിരുന്നത് 2022-23ൽ 3,195 കോടി വെട്ടിക്കുറച്ച് 7,737 കോടിയാക്കി. കൂടാതെ സബ്സിഡികൾ നിറുത്തലാക്കുന്നു. മലയോര മേഖലയിൽ വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുമ്പോൾ കടലാസിൽ അല്ലാതെ ക്രിയാത്മകമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.
കൃഷി നശിക്കുമ്പോൾ നഷ്ടപരിഹാരം കൊടുക്കുന്നതല്ലാതെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണാൻ സാധിക്കാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി. തുച്ഛമായ നഷ്ടപരിഹാരംപോലും ഏറെ നാളായി കൊടുത്തിട്ടുമില്ല.
നാമമാത്ര കൃഷിയും മണ്ണിലിറങ്ങാത്ത കൃഷിവകുപ്പും
ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകന് കൈത്താങ്ങാകേണ്ട വകുപ്പാണ് കൃഷിവകുപ്പ്. എന്നാൽ കൃഷിയെന്തെന്നും കർഷകൻ എന്തെന്നും അറിയാത്ത ഒരു വകുപ്പായിപ്പോയി നമ്മുടെ കൃഷിവകുപ്പ്. ""ഞാൻ തോറ്റുപോയി'' എന്ന് ചങ്കു പൊട്ടി നിലവിളിച്ച് ആത്മഹത്യ ചെയ്ത പ്രസാദിന്റെ പ്രതിരൂപങ്ങളാണ് ഇന്ന് കേരളത്തിലെ കർഷകർ.
11 ലക്ഷം ഹെക്ടർ മാത്രം കൃഷിയുള്ള കേരളത്തിലെ കൃഷി ഉദ്യോഗസ്ഥരുടെ എണ്ണം 7900. 110 ലക്ഷം ഹെക്ടർ കൃഷിയുള്ള കർണാടകത്തിൽ കൃഷി ഉദ്യോഗസ്ഥർ 7700. 49 ലക്ഷം ഹെക്ടർ കൃഷിയുള്ള തെലുങ്കാനയിൽ കൃഷി ഉദ്യോഗസ്ഥർ 6200. ഈ 7900 പേർക്കും മാസാമാസം ഖജനാവിൽനിന്നു മുടങ്ങാതെ കൊടുക്കുന്ന ശമ്പളത്തിൽ കർഷകന്റെ കണ്ണീരുണ്ടെന്ന് എന്നു തിരിച്ചറിയുന്നോ അന്നേ കേരളം നന്നാകൂ. കർഷകർക്കു വേണ്ടി പ്രത്യേകം പദ്ധതികൾ ഉണ്ടാകണം. തമിഴ്നാട്ടിലേതുപോലെ പ്രത്യേക കൃഷി ബജറ്റ് കൊണ്ടുവരേണ്ടിയിരിക്കുന്നു.
അശാസ്ത്രീയമായ നിയമനങ്ങളും യൂണിയനിസവും
വരുമാനത്തിൽ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കുമ്പോൾ കേരളത്തെ കടക്കെണിയിലാക്കുന്ന അശാസ്ത്രീയമായ നിയമനങ്ങളും കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ കേരളം 1.8 ശതമാനം മാത്രമാണ്. ജനസംഖ്യ 2023ൽ 3.58 കോടി എന്ന് കണക്കാക്കാം. ഇവിടത്തെ സർക്കാർ ജീവനക്കാരുടെ എണ്ണം 5,21,000.
ഭൂവിസ്തൃതിയിൽ കർണാടക 5.83 ശതമാനം. ജനസംഖ്യ 7.17 കോടി. സർക്കാർ ജീവനക്കാരുടെ എണ്ണം 5,12,000. ഭൂവിസ്തൃതിയിൽ തെലുങ്കാന 3.41 ശതമാനം. ജനസംഖ്യ 3.5 കോടി. സർക്കാർ ജീവനക്കാരുടെ എണ്ണം 3,00,178 (അനുവദിച്ചിരിക്കുന്നത് 4,91,304). ഇത്തരം യൂണിയൻ നിയന്ത്രിതമായതും ജനസംഖ്യാ ആനുപാതികമല്ലാത്തതുമായ നിയമനങ്ങളാണ് കേരളത്തിന്റെ നടുവൊടിക്കുന്നത്.
റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനായി വിനിയോഗിക്കുന്ന ആറു സംസ്ഥാനങ്ങൾ എടുത്തപ്പോൾ കേരളം രണ്ടാമതാണ് (48%). പഞ്ചാബ് ഒന്നാമതും (49.3%) മഹാരാഷ്ട്ര (41.7 %), തെലുങ്കാന (38%), ആന്ധ്രാപ്രദേശ് (37.9%), തമിഴ്നാട് (36.4%) യഥാക്രമം മൂന്നും നാലും അഞ്ചും ആറും സ്ഥാനത്തുമാണ്.
സാങ്കേതികമായ മുന്നേറ്റം ഒരുഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് അശാസ്ത്രീയമായ സ്റ്റാഫ് പാറ്റേൺ വച്ചുള്ള നിയമനങ്ങളും നടക്കുകയാണ്. സർക്കാർ ജീവനക്കാരുടെ യൂണിയനുകളാണ് ഇന്ന് കേരളത്തിൽ ഭരണം നടത്തുന്നത് എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. അവരുടെ ചിന്തകളിൽ കർഷകരില്ല. അവരുടെ താളത്തിനു തുള്ളുന്ന രാഷ്ട്രീയ നേതൃത്വംകൂടിയായപ്പോൾ റവന്യു വരുമാനം അടിസ്ഥാന വർഗത്തിനോ അടിസ്ഥാന വികസനത്തിനോ പങ്കുവയ്ക്കാൻ ഇല്ലാതെപോയി.