നീ ഇനി ഓവർടേക് ചെയ്യുമോടാ?
Tuesday, December 5, 2023 12:50 AM IST
കെ.ആർ. പ്രമോദ്
വർക്കിച്ചന് ഡ്രൈവിംഗ് വളരെ ഇഷ്ടമാണ്. പതിനെട്ടാം വയസിൽ മൂപ്പർക്ക് ലൈസൻസ് കിട്ടി. ഇപ്പോൾ വയസ് അറുപത്! ഡ്രൈവ് ചെയ്യാൻ തെല്ലു ബുദ്ധിമുട്ടുണ്ട് എന്നതു നേരാണ്. ബ്രേക്ക് ചവിട്ടാനും ഗിയർ മാറാനും പഴയ വേഗവും ചടുലതയുമില്ല. വണ്ടിയോടിക്കുമ്പോൾ ഭാര്യയെക്കൂടി വിളിച്ച് സഹായിയായി മുൻസീറ്റിൽ ഇരുത്തുകയാണു പതിവ്. ഒരു മുൻകരുതൽ!
അങ്ങനെ ഒരു ദിവസം ഭാര്യയെയും കൂട്ടി വർക്കിച്ചൻ അടുത്തുള്ള ടൗണിലേക്കിറങ്ങി.
റോഡിൽ വാഹനപ്രളയം
നൂറുകണക്കിന് ബൈക്കുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ബസുകൾ, ബുൾ ഡോഗുകൾ, ബുൾഡോസറുകൾ, വഴിയാത്രക്കാർ, വഴിവാണിഭക്കാർ, സമരക്കാർ! ഇതൊന്നും പോരാഞ്ഞ് ആനയും മയിലും ഒട്ടകവും വരെ റോഡിലിറങ്ങിയിട്ടുണ്ട്. ധൃതിയും അക്ഷമയും കോപവും ബാധിച്ച് കലങ്ങിമറിഞ്ഞ ആത്മാവിൻകൂട്ടങ്ങൾ!
“ഇവറ്റകളെല്ലാം എങ്ങോട്ടാണിങ്ങനെ ലക്കില്ലാതെ പായുന്നത്? തെല്ലു സ്പീഡ് കുറച്ചു പോയാൽ പത്തു മിനിറ്റ് വൈകും! അത്രയല്ലേയുള്ളൂ?” - വർക്കിച്ചൻ സ്റ്റിയറിംഗ് കറക്കിക്കൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു.
“പലരും വെറുതെ, ആരോടൊക്കെയോ പക തീർക്കുന്ന മട്ടിൽ തിരക്കു കൂട്ടുകയാണ്” - ഭാര്യയുടെ പരിഹാസം ഭർത്താവിന്റെ ടെൻഷൻ തെല്ലു കുറച്ചു.
കാറിനു മുമ്പിൽ കാളക്കൂറ്റൻ !
മുമ്പിൽ മാർഗതടസം സൃഷ്്ടിച്ചു നീങ്ങിയിരുന്ന ഒരു അസുരൻലോറിയെ മറികടക്കാൻ വർക്കിച്ചൻ ഒന്നു ശ്രമിച്ചു. പക്ഷേ, പെട്ടെന്ന് ലോറിയുടെ വേഗം കൂടിയതിനാൽ ഓവർടേക്കിംഗ് സാധിച്ചില്ല. മാത്രമല്ല, തന്റെ കാർ വലതു സൈഡിൽനിന്ന് വീണ്ടും ഇടതുഭാഗത്തേക്ക് മാറ്റാൻ വർക്കിച്ചൻ തെല്ലു വൈകുകയും ചെയ്തു.
യുദ്ധത്തിലും ഡ്രൈവിംഗിലും സമയം വളരെ വിലപ്പെട്ടതാണ്. അപ്പോൾ വിചിത്രവും ഭയജനകവുമായ ഒരു കാര്യം യുദ്ധക്കളത്തിൽ സംഭവിച്ചു. തൊട്ടെതിരേ ഒരു കാർ സ്പീഡ് തെല്ലും കുറയ്ക്കാതെ ആഗ്നേയാസ്ത്രം പോലെ പാഞ്ഞുവന്നു!
ആ വരവു കണ്ട മാത്രയിൽ വർക്കിച്ചന്റെ ഭാര്യ നിലവിട്ടു നിലവിളിച്ചു പോയി. അപ്പോഴേക്കും വർക്കിച്ചൻ സമർഥമായി വണ്ടി ഇടത്തേക്കു കൊണ്ടുവന്ന്, സ്വന്തം സ്ഥാനം സുരക്ഷിതമാക്കിയിരുന്നു.
പക്ഷേ, എതിരേ വന്ന കാർ ഭീകരമായി ഫോൺ മുഴക്കിക്കൊണ്ട് വർക്കിച്ചന്റെ കാറിനു മുമ്പിലേക്ക് ഇരച്ചുകയറി തൊട്ടടുത്ത് നേർക്കുനേർ വന്നു നിന്നു. ഭയന്നുപോയ വർക്കിച്ചനും വണ്ടി നിർത്തി. അല്ലെങ്കിൽ ഇരുവാഹനങ്ങളും ഇടിക്കുമെന്ന് നിശ്ചയം.
മുമ്പിൽ വന്നുനിന്ന് കാളക്കൂറ്റനെപ്പോലെ മുക്രയിടുന്ന കാറിന്റെ ഡോറുകൾ തുറന്ന് ബർമുഡാധാരികളായ രണ്ടു ചെറുപ്പക്കാർ പുറത്തേക്കിറങ്ങി. അതിലൊരാൾ മുഷ്ടി ചുരുട്ടി ഉഗ്രമായി അലറിക്കൊണ്ട് വർക്കിച്ചന്റെ കാറിന്റെ ബോണറ്റിൽ ശക്തിയായി ഇടിച്ചു. മറ്റേയാൾ വർക്കിച്ചന്റെ ഭാര്യയുടെ സീറ്റിന്റെ വശത്തുള്ള ഡോറിന്റെ ചില്ലിൽ പ്രഹരിച്ചുകൊണ്ട് അസഭ്യവർഷം തുടങ്ങി.
ഇതിനിടയിൽ ആദ്യത്തെയാൾ മടങ്ങിപ്പോയി അയാളുടെ കാറിന്റെ ഡോർ തുറന്ന് ഒരു കമ്പിയുമായി തിരിച്ചു വന്നു. വർക്കിച്ചന്റെ കാറിന്റെ മുൻവശത്തെ രണ്ടു ടയറിലും അയാൾ ആഞ്ഞുകുത്തി. എന്നിട്ട് ആക്രോശിച്ചു: “നീയൊക്കെ ഇനി ബോധമില്ലാതെ ഓവർടേക്ക് ചെയ്യുന്നതൊന്നു കാണണം!’’
വർക്കിച്ചന് ഒന്നും പിടികിട്ടിയില്ല. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ തല കറങ്ങി പ്രിയതമന്റെ ദേഹത്തേക്കു വീണെന്നു പറഞ്ഞാൽ മതിയല്ലോ. അക്രമം കാട്ടിയ പിള്ളേർ അതു കണ്ട് കാറിൽ തിരിച്ചു കയറി മറ്റൊരു വഴിക്ക് ധൃതഗതിയിൽ പാഞ്ഞുപോയി.
പത്തു മുപ്പതു വർഷമായി മറ്റൊരു ഡ്രൈവറെ വയ്ക്കാതെ സ്വയം വണ്ടിയോടിച്ചിരുന്ന വർക്കിച്ചന് കാർ മുമ്പോട്ടെടുക്കാൻ പോലും ഭയം തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ വർക്കിച്ചന്റെ ഭാര്യ കണ്ണു തുറന്നു. വണ്ടിയിലുണ്ടായിരുന്ന കുപ്പിവെള്ളംകൊണ്ട് അവർ മുഖം കഴുകി. കുപ്പിയിൽ ബാക്കി വന്ന കുറച്ചു വെള്ളം കുടിച്ചപ്പോൾ അവരുടെ ശ്വാസം നേരേ വീണു.
“ദൈവമേ! ഞാനിനി എങ്ങോട്ടുമില്ല. എന്റെ നല്ലജീവൻ പോയി!” - ഭാര്യ പറഞ്ഞു. വർക്കിച്ചൻ ഒന്നും മിണ്ടിയില്ല.
“ഇവർക്കൊക്കെ തീറ്റയുടെ കുത്തലാണ്! ചോരത്തിളപ്പുള്ള തോന്ന്യാസികൾ! ചോരച്ചുവയുള്ള നല്ല ഭക്ഷണം നാലു നേരവും വിഴുങ്ങിക്കഴിഞ്ഞാൽ റോഡിലെ ആരോടെങ്കിലും പയറ്റണമെന്നു തോന്നും. അത്തരത്തിലുള്ള ഭക്ഷണ രീതിയാണല്ലോ ഇപ്പോൾ!’’- ഭാര്യ പരിതപിച്ചു.
“സത്യം പറഞ്ഞാൽ വണ്ടിയോടിക്കാൻ പേടി തോന്നുന്നു.’’- വർക്കിച്ചൻ തൂവാലയെടുത്ത് മുഖത്തെ വിയർപ്പുകണങ്ങൾ തുടച്ചശേഷം പറഞ്ഞു.
“അതെ! റോഡിൽ മാത്രമല്ല, നാട്ടിലും കാട്ടിലും മേട്ടിലും ഇപ്പോൾ കലി ബാധിച്ച കാലമാണ്’’- ഭാര്യ ഒരു ലോകസത്യം ഓർമിപ്പിച്ചു.
“റോഡുകളിലൂടെ പതുക്കെപ്പോകാനും സ്പീഡിൽ പോകാനും സാധിക്കാത്ത സ്ഥിതിയാണ്. മര്യാദയോടെ, മെല്ലെ വണ്ടിയോടിച്ചാൽ പിന്നാലെ വരുന്നവരുടെ അസഭ്യം കേൾക്കണം. സ്പീഡിൽ പോകുന്ന കാര്യം ചിന്തിക്കുകയും വേണ്ട! മുമ്പിൽ വണ്ടികളില്ലാത്ത സമയത്ത് തലയ്ക്കു മുകളിൽ കാമറയും കാണും!’’ - വർക്കിച്ചൻ നിസഹായനായി ചൊല്ലി.
എന്താണ് സംഭവിക്കുന്നത്?
വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തി പൂമുഖത്ത് ചാരുകസരയിൽ വന്നു കിടന്ന് ഒരു കിണ്ടി സംഭാരം കുടിച്ചിട്ടും നമ്മുടെ കഥാനായകന്റെ ചങ്കിടിപ്പ് കുറഞ്ഞില്ല. വീടിനു മുമ്പിലെ റോഡിലേക്കു നോക്കിയപ്പോൾ വീണ്ടും പേടി തോന്നിത്തുടങ്ങി. ഭാര്യ പറഞ്ഞതുപോലെ, ഇതു കലികാലം തന്നെ!
റോഡിൽ സ്വന്തം സൈഡിലേക്ക് ഒതുക്കിനിർത്തിയ തന്റെ കാറിനു നേരേ ഇരച്ചുവന്ന് പേടിപ്പിക്കാൻ കാറിൽ ചീറിവന്ന ചെറുപ്പക്കാർക്ക് എന്താണവകാശം? മുമ്പിലുണ്ടായിരുന്ന ഒരു ലോറിയെ താൻ ഓവർടേക് ചെയ്യാൻ ശ്രമിച്ചു എന്നത് അത്രമാത്രം ചൊറിച്ചിലുണ്ടാക്കേണ്ട കാര്യമാണോ? തന്റെ കൂടെ പ്രായമുള്ള ഒരു സ്ത്രീ ഉണ്ടെന്ന കാര്യം പോലും ആ ചെറുപ്പക്കാർ മറന്നുവോ? അറുപതു തികഞ്ഞ ഒരാളെ, അയാളുടെ പകുതി പ്രായം പോലുമില്ലാത്ത കുട്ടികൾ താൻ, നീ എന്നൊക്കെ വിളിക്കാനും അക്രമം കാട്ടാനും തുടങ്ങിയാൽ എന്തു ചെയ്യും? - ഈ വിധം പല ചിന്തകളും വർക്കിച്ചന്റെ മനസിലൂടെ കടന്നു പോയി.
മുമ്പ് പരസ്പരം കണ്ടിട്ടില്ലാത്തവർ പോലും റോഡിൽ ശത്രുക്കളായി മാറുന്ന സ്ഥിതിയാണ്.
ബൈക്കുകൾ പലതും ഇടതുവശത്തുകൂടി പാഞ്ഞു വന്നാണ് നമ്മുടെ വണ്ടിയെ മറികടക്കുന്നത്. ചില വാഹനങ്ങളാകട്ടെ, ഒരിക്കലും ഓവർടേക്കിംഗിന് അനുവദിക്കുകയുമില്ല. സിഗ്നൽ പോലും കാണിക്കാതെ ഏതു സമയത്തും ഏതു ദിക്കിലക്കും വെട്ടിത്തിരിയുന്ന ഓട്ടോറിക്ഷകളാണ് മറ്റൊരു പേടിസ്വപ്നം.
ഓവർടേക്കിംഗിനെച്ചൊല്ലി കലഹിച്ച കുറച്ചുപേർ ചേർന്ന് ഓടുന്ന ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിച്ചത് കുറച്ചുനാൾ മുമ്പായിരുന്നുവല്ലോയെന്ന് വർക്കിച്ചൻ ഓർമിച്ചു.
റോഡുകളിൽ വാഹനങ്ങളുടെ പെരുമഴ തകർത്തുപെയ്യുകയാണ്! ഓരോ ആഴ്ചയിലും പുതിയ മോഡൽ ശകടങ്ങളിറങ്ങുന്നു. ഒരു വീട്ടിൽ രണ്ടു വണ്ടികളെങ്കിലും ഉണ്ടാവും. അതും മൂന്നു മുതൽ മുപ്പതും അറുപതും ലക്ഷം രൂപ വില വരുന്ന സുവർണരഥങ്ങൾ! ഇതൊക്കെ വാങ്ങാനുള്ള പണം എവിടെനിന്നു വരുന്നു? അത്ഭുതം തന്നെ!
സോറി! ഡ്രൈവർ ഒരു പാവമായിരുന്നു !
പകലും രാത്രിയും പോകുന്നത് ആരറിഞ്ഞു! ബുധനും വ്യാഴവും മാറുന്നത് ആരറിഞ്ഞു!
കുറച്ചു നാളത്തേക്ക് വർക്കിച്ചൻ റോഡിൽ വണ്ടിയിറക്കിയില്ല. പക്ഷേ, എത്രനാൾ അങ്ങനെ കഴിയും? ഒടുവിൽ, ഭാര്യയുടെ ബന്ധുവിന്റെ കല്യാണത്തിന് പോകാനായി കക്ഷി പിന്നെയും വണ്ടിയെടുത്തു.
പക്ഷേ, കല്യാണത്തിൽ പങ്കുകൊണ്ട് മടങ്ങിവരും വഴി മറ്റൊരു സംഭവമുണ്ടായി.
നല്ല വീതിയുള്ള വഴി. അധികം വാഹനങ്ങളും റോഡിലില്ല. വർക്കിച്ചൻ കാറിന്റെ വേഗം തെല്ലു വർധിപ്പിച്ചു. അങ്ങനെ പോകുമ്പോൾ അതാ, ബൈറോഡിൽനിന്ന് രണ്ട് കിടിലൻ ബൈക്കുകൾ പെട്ടെന്ന് റോഡിന്റെ നടുവിലേക്കു പ്രവേശിക്കുന്നു! രണ്ടു കോളജ് കുമാരന്മാരാണ്.
വർക്കിച്ചൻ വണ്ടി മെല്ലെയാക്കിയതും ബൈക്കുകളുടെ മുൻ ചക്രങ്ങൾ കുമാരന്മാർ ഉയർത്തിയതും പെട്ടെന്നായിരുന്നു. മുൻ ചക്രങ്ങൾ ഉയർന്നു നിൽക്കവേ, അവർ ഇണപ്പക്ഷികളെപ്പോലെ പരസ്പരം കൈകോർത്തുകൊണ്ട് സർക്കസ് ആരംഭിച്ചു. റോഡിൽ ഒരു തുള്ളി എണ്ണ വീണിട്ടുണ്ടെങ്കിൽ ഇരുവരും താഴെ വീണ് കാറിന്റെ അടിവശത്താകും എന്നുറപ്പ്!
അവരെ മറികടന്നു പോകാനാവാതെ വർക്കിച്ചൻ കുഴയുമ്പോൾ അതു സംഭവിച്ചു. മുൻ ചക്രങ്ങൾ ഉയർത്തപ്പെട്ട നിലയിൽ നീങ്ങിയിരുന്ന ബൈക്കുകൾ കാറിന് അഭിമുഖമായി തിരിഞ്ഞു. ഉഗ്രശബ്ദത്തോടെ അവ റോഡിൽ വീണു കറങ്ങി. വർക്കിച്ചന്റെയും ഭാര്യയുടെയും രോദനം മാത്രം ഉയർന്നുകേട്ടു.
[email protected]