കേരളത്തിലെ ബിരുദ പ്രോഗ്രാമിൽ അടിമുടി അഴിച്ചുപണി
Tuesday, December 5, 2023 12:58 AM IST
സിസ്റ്റർ നോയൽ റോസ്
ഉന്നതവിദ്യാഭ്യാസമേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കും അഴിച്ചുപണികള്‍ക്കും സാക്ഷ്യം വഹിക്കുകയാണ് കേരളം. അടുത്തിടെയായി വിദേശരാജ്യങ്ങളിലേക്കുള്ള കേരളത്തിലെ ചെറുപ്പക്കാരുടെ കുടിയേറ്റം ഉന്നതവിദ്യാഭ്യാസമേഖലയെ പ്രത്യക്ഷമായും കേരളത്തിലെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ജീവിതത്തെ പരോക്ഷമായും ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തില്‍ കേരളീയമായ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന മട്ടില്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദം എന്നാല്‍ സാമ്പ്രദായിക ബിരുദത്തിന്റെ ബോധന പ്രക്രിയയില്‍ ഒരു വര്‍ഷംകൂടി വര്‍ധിക്കുന്നു എന്നു മാത്രമല്ല, അതിലൂടെ നിലവിലുള്ള ബോധന സമ്പ്രദായത്തെ അടിമുടി അഴിച്ചുപണിയലിനും കാലാനുസൃതമായ നവീകരണത്തിനും വിധേയമാക്കുന്നു എന്നുകൂടിയാണ്.
കേരളത്തിലെ യുവതയുടെ ബൗദ്ധികശേഷി വന്‍തോതില്‍ വിദേശത്തേക്ക് നാടുകടക്കുന്നു എന്നതില്‍ ആശാവഹമല്ലാത്ത നിരവധി ഘടകങ്ങളുണ്ട്. ഗ്ലോബല്‍ ഇന്‍ഡക്സില്‍ 500ല്‍ താഴെ ഇടം പിടിക്കാന്‍ ശേഷിയുള്ള കേരളത്തിലെ സര്‍വകലാശാലകള്‍ ഉപേക്ഷിച്ച് ആഗോളപട്ടികയില്‍ ഇടം പിടിക്കാന്‍ പോലും തക്ക കഴിവില്ലാത്ത വിദേശ യൂണിവേഴ്സിറ്റികളിലേക്ക് ദശലക്ഷക്കണക്കിന് വരുന്ന ഭീമമായ തുക മുടക്കി വിദ്യാര്‍ഥികള്‍ ചേക്കേറുന്ന സാഹചര്യത്തിന് മാറ്റം ഉണ്ടാക്കുക എന്നതും ഈ സിലബസ് പരിഷ്കരണം ലക്ഷ്യമിടുന്നുണ്ട്.
സവിശേഷതകൾ നിരവധി
നാലുവര്‍ഷ ബിരുദ പ്രോഗ്രാമില്‍ മൂന്നുവര്‍ഷം കഴിഞ്ഞ് ഡിഗ്രി ബിരുദത്തോടുകൂടി എക്സിറ്റ് എടുക്കാനുള്ള സ്വാതന്ത്ര്യം പഠിതാവിനുണ്ട്. പ്രധാനമായും ഗവേഷണത്തിന് ഊന്നല്‍ നല്കുന്ന നാലാം വര്‍ഷം വിദ്യാര്‍ഥിക്ക് പോസ്റ്റ് ഗ്രാജുവേഷന് ചെയ്യാതെതന്നെ ഡോക്ടറേറ്റ് ബിരുദ (പിഎച്ച്ഡി) പഠനത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. നാലാം വര്‍ഷംതന്നെ രണ്ട് സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. ഗവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 12 ക്രെഡിറ്റുള്ള പ്രബന്ധം തയാറാക്കി സമര്‍പ്പിക്കുമ്പോള്‍ ഡിഗ്രി ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം ലഭിക്കുന്നു. അതേസമയം ഗവേഷണ താത്പര്യമില്ലാത്തവര്‍ക്ക് നാല് ക്രെഡിറ്റ് വീതമുള്ള മൂന്നു കോഴ്സുകള്‍ (വിഷയാധിഷ്ഠിതമായ പേപ്പറുകളാണ് കോഴ്സുകള്‍) പൂര്‍ത്തിയാക്കി ഓണേഴ്സ് ബിരുദം നേടാവുന്നതാണ് എന്നതും പുതിയ പ്രോഗ്രാമിന്റെ മുഖ്യ സവിശേഷതയാണ്.
എംജി ബഹുദൂരം മുന്നിൽ
ആഗോളതലത്തിലുള്ള ജോലിസാധ്യതകള്‍ പത്തുവര്‍ഷത്തേക്ക് മുന്നില്‍ കണ്ടുകൊണ്ട് രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന സിലബസ് പരിഷ്കരണത്തില്‍ ബഹുദൂരം മുമ്പോട്ടു പോയിരിക്കുകയാണ് മഹാത്മാഗാന്ധി സര്‍വകലാശാല. പൂര്‍ണമായും അടുത്ത അധ്യയനവര്‍ഷംതന്നെ നടപ്പിലാക്കാന്‍ കഴിയുന്ന മട്ടിലുള്ള സിലബസ് പരിഷ്കരണ നടപടികള്‍ സര്‍വകലാശാല നടപ്പില്‍ വരുത്തുന്നു. നാല്പതിലധികം വിഷയങ്ങളിലായി ഏകദേശം 4000ത്തോളം വരുന്ന അധ്യാപകരുടെ കൂട്ടായ പരിശ്രമം ഉറപ്പുവരുത്തിക്കൊണ്ടുള്ള ശില്പശാലകള് അന്ത്യഘട്ടത്തില്‍ എത്തിക്കഴിഞ്ഞു.
കാര്യങ്ങൾ ആശാവഹം
വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം, ജീവിത വീക്ഷണം, മൂല്യബോധം, സാമൂഹിക പ്രതിബദ്ധത, രാജ്യസ്നേഹം മുതലായവ ലക്ഷ്യംവച്ചുകൊണ്ടും തൊഴില്‍ പരിശീലനം സിലബസിന്റെ ഭാഗമാക്കിക്കൊണ്ടുമുള്ള പുതിയ സിലബസ് മാറിവരുന്ന ജീവിത സാഹചര്യങ്ങളെയും വെല്ലുവിളികളെയും ധീരമായും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഓര്മ പരിശോധിക്കുന്ന തലത്തില്‍നിന്നു വ്യത്യസ്തമായി, ഓപ്പണ്‍ ബുക്ക് ടെസ്റ്റ് ഉള്‍പ്പെടുത്തിക്കൊണ്ട് വിശകലനത്തിന്റെയും വിമര്‍ശനത്തിന്റെയും സര്‍ഗാത്മകതയുടെയും തലത്തിലേക്ക് പഠിതാവിനെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന കരിക്കുലത്തില്‍ സെമസ്റ്റര്‍ അവസാനത്തിലുള്ള പരീക്ഷയുടെ മാര്‍ക്കും സമയവും ഗണ്യമായി കുറച്ചിരിക്കുന്നു എന്ന സവിശേഷതയും ആശാവഹമാണ്. പൂര്‍ണമായും വിദ്യാര്‍ഥിപക്ഷത്തു നിന്നുകൊണ്ട് തയാറാക്കുന്ന കരിക്കുലത്തില്‍ അഭിരുചിക്കൊത്ത് വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും ഒന്നാം വര്‍ഷത്തിനുശേഷം ആവശ്യമെങ്കില്‍ വിഷയങ്ങള്‍ മാത്രമല്ല കോളജ് തന്നെ മാറാനും സാധ്യത ഒരുക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
ഭാഷാവിഷയങ്ങള്‍ പഠിക്കുന്നവര്ക്കുള്പ്പെടെ അവധിക്കാലത്ത് ഏതെങ്കിലും സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാം. പഞ്ചായത്ത്, മാധ്യമസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങിയവയിൽ ഇത്തരത്തിൽ പ്രവർത്തിച്ച് സിലബസിന്റെ ഭാഗമായിത്തന്നെ ക്രെഡിറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയും എന്നതും മറ്റൊരു സവിശേഷതയാണ്. ഇനിയും നടക്കാനിരിക്കുന്ന നിരവധി ചര്‍ച്ചകളിലൂടെയും സമവായത്തിലൂടെയും അവസാന ഘട്ടത്തിലേക്ക് എത്താനുള്ള പുതിയ ബിരുദതല പ്രോഗ്രാമുകളെ ഏതായാലും കേരളത്തിലെ പൊതുസമൂഹം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.