കുട്ടനാടിനെ സംരക്ഷിക്കണം
Wednesday, December 6, 2023 12:26 AM IST
എ.എം.എ. ചമ്പക്കുളം
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഏകദേശം 870 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അതിവിശാല പ്രദേശമാണ് കുട്ടനാട്. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിലാർ എന്നിവ വന്നുപതിക്കുന്ന അതിവിശാലമായ വേമ്പനാട്ടു കായലും, സമുദ്രനിരപ്പിനേക്കാൾ ഒന്നര മുതൽ നാല് മീറ്റർ വരെ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന കൃഷിഭൂമിയും ഈ നാടിന്റെ പ്രത്യേകതയാണ്.
ആണ്ടുവട്ടത്തിൽ പലവട്ടം എത്തുന്ന വെള്ളപ്പൊക്കവും അതിനെ തുടർന്നുണ്ടാകുന്ന കൃഷിനാശങ്ങളും ഒരു വശത്തും, പ്രകൃതിക്ഷോഭത്തെ അതിജീവിച്ച് കൃഷി ചെയ്ത് നേടിയെടുക്കുന്ന വിളവ് യഥാസമയം സംഭരിക്കപ്പെടാത്തതും സംഭരിക്കുന്നതിന്റെ വില യഥാസമയം ലഭ്യമാകാത്തതുമൂലം ആത്മഹത്യ ചെയ്യേണ്ടിവരുന്ന ഗതികേടിലെത്തി നില്ക്കുന്ന കർഷകൻ മറുവശത്തും എന്നതാണ് ഇന്ന് കുട്ടനാടിന്റെ ദുരവസ്ഥ. പ്രകൃതിയുടെ വരദാനമായ കുട്ടനാടിനെ സംരക്ഷിക്കുക എന്നത് കേരളത്തിന്റെ നിലനില്പിനുതന്നെ അത്യന്താപേക്ഷിതമാണ്.
ഇണങ്ങാത്ത പദ്ധതികൾ
കുട്ടനാടിനെ അറിഞ്ഞ കുട്ടനാട്ടുകാരനായ പ്രശസ്ത കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥൻ തയാറാക്കിയ കുട്ടനാട് പാക്കേജിൽ കുട്ടനാടിന് ഇണങ്ങിയ പദ്ധതികളായിരുന്നു. ഇത് പാതിവഴിക്ക് ഉപേക്ഷിച്ച് കുട്ടനാടിനെ നടുക്കടലിലാക്കിയ അവസ്ഥയിലാണ്. എന്നാൽ, യാതൊരു പഠനവും നടത്താതെ ഏതൊക്കെയോ താത്പര്യങ്ങളുടെ പേരിൽ എസി റോഡ് പുനരുദ്ധാരണം പോലെയുള്ള പദ്ധതികൾ നടപ്പിൽ വരുത്തുക വഴി ആർക്കൊക്കെയോ സാമ്പത്തികനേട്ടം ഉണ്ടാക്കുകയും കുട്ടനാടിന് ദുരിതം വരുത്തുകയും ചെയ്യുന്നു. അശാസ്ത്രീയമായ എസി റോഡ് പുനരുദ്ധാരണം ഈ റോഡിന്റെ തെക്കുഭാഗത്തുള്ളവരുടെ ദുരിതം വർധിപ്പിക്കുന്നതായി 2023ലെ വെള്ളപ്പൊക്കം തെളിയിച്ചു.
യാതൊരു പഠനവും നടത്താതെയാണ് റോഡിന്റെ പ്ലാൻ രൂപകല്പന ചെയ്തത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പൊങ്ങ പണ്ടാരക്കുളം ഭാഗത്തെ റോഡ് നിർമാണം തടസപ്പെടാൻ കാരണമായ ഹൈടെൻഷൻ വൈദ്യുതിലൈൻ. ദശാബ്ദങ്ങളായി നിലവിലിരിക്കുന്ന ലൈനുമായി മീറ്ററുകൾ പോലും അകലമില്ലാതെ ഫ്ലൈഓവർ നിർമിച്ചവരെ എന്തു പറയണം! അതുപോലെതന്നെ കോടികൾ മുടക്കി എസി കനാലിന് കുറുകെ കിടങ്ങറയിൽ നിർമിക്കുന്ന പാലവും ധൂർത്ത് മാത്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാൽ, കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ സ്വാധീനിക്കുന്ന, അടിയന്തരമായി തുറന്നുനല്കേണ്ട എസി കനാലിന്റെ നവീകരണവും തുറക്കലും ആരുടെയും പരിഗണനയിൽ പോലും ഇല്ല. കുട്ടനാടിനെ അറിഞ്ഞ് കുട്ടനാടിനുവേണ്ടി പദ്ധതികൾ രൂപീകരിക്കപ്പെടണം.
വഴികളും റോഡുകളും
കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുട്ടനാട്ടിലെ ഇടവഴികളും റോഡുകളും നിലനില്ക്കുന്നത് വെള്ളവുമായി ബന്ധപ്പെട്ടാണ്. കുട്ടനാട്ടിലെ മിക്ക റോഡുകളും സമുദ്രനിരപ്പിനു താഴെയാകയാൽ ചെറിയ വെള്ളപ്പൊക്കം പോലും റോഡുകളെ വെള്ളത്തിൽ മുക്കും. പാടശേഖരങ്ങളിലൂടെയുള്ള റോഡുകൾ മിക്കപ്പോഴും വെള്ളത്തിനടിയിലാകും. പാടശേഖരത്തിലെ വെള്ളം ക്രമപ്പെടുത്തി റോഡ് ലെവലിന് താഴെയായി നിലനിർത്തണമെന്ന് പാടശേഖര സമിതികൾക്ക് നിർദേശം
നല്കാറുണ്ടെങ്കിലും വൈദ്യുതിച്ചെലവ്, മോട്ടോർ വാടക, തൊഴിലാളിയുടെ കൂലി തുടങ്ങിയവ പാടശേഖര സമിതികൾക്ക് വലിയ ബാധ്യത ആവുന്നതുകൊണ്ട് ഈ നിർദേശം പ്രാവർത്തികമാകാറില്ല. കൊട്ടിഘോഷിച്ച് പുനർനിർമാണം നടത്തിയ എസി റോഡ് പോലും ഈ വർഷത്തെ ചെറിയ വെള്ളപ്പൊക്കത്തിൽ വെള്ളത്തിനടിയിലായിരുന്നു. ഇതിനു മാറ്റംവരുത്തുന്ന തരത്തിലുള്ള നിർമാണരീതികളാണ് അവലംബിക്കേണ്ടത്.
തോടുകളിൽ പായലും പോളയും
കുട്ടനാട്ടിലൂടെ ഒഴുകുന്ന നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോടുകൾ ഒരുകാലത്ത് ഇവിടത്തെ ഗതാഗതത്തിനുള്ള ഏക മാർഗമായിരുന്നു. പാടശേഖരങ്ങൾ രൂപപ്പെടുത്തി എടുത്തപ്പോൾ അവയ്ക്കു ചുറ്റും വലുതും ചെറുതുമായ തോടുകൾ ഉണ്ടായി. രാജഭരണം നിലനിന്ന കാലത്ത് പ്രധാന നദികളെ തമ്മിൽ ബന്ധിപ്പിച്ച് വലിയ തോടുകൾ നിർമിച്ചു. ഈ തോടുകളിൽ മിക്കതും മൂന്ന്-നാല് പതിറ്റാണ്ട് മുൻപു വരെ ബോട്ട് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇവയിൽ പലതും ഇന്ന് ഉപയോഗശൂന്യമായിരിക്കുന്നു.
ബോട്ടുകളുടെ സ്ഥാനത്ത് ചെറുവള്ളങ്ങൾ പോലും പോവാനാവാത്ത വിധത്തിൽ വീതിയും ആഴവും കുറഞ്ഞു. പായലും പോളയും തിങ്ങി നീരൊഴുക്ക് തടസപ്പെട്ടു. കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നതിലും വെള്ളം വേഗം ഇറങ്ങാത്തതിനും ഇടുങ്ങിയതും പായലും പോളയും നിറഞ്ഞതുമായ തോടുകൾക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. തോടുകളുടെ നിലവിലുള്ള വലുപ്പമെങ്കിലും നിലനിർത്തി പായലും പോളയും നീക്കി ആഴം വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണം.
ഡി വാട്ടറിംഗ്
കുട്ടനാട്ടിൽ കൃഷി ചെയ്യുന്നതിന് ജലസേചനമല്ല, വെള്ളംവറ്റിക്കലാണു വേണ്ടത്. ഇങ്ങനെ വെള്ളം വറ്റിച്ച് കൃഷി ഇറക്കുന്നതിന് കൃഷിച്ചെലവ് വളരെ കൂടുന്നു. പലപ്പോഴും കൃഷി ചെയ്യുന്ന നിശ്ചിത കാലത്തേക്കാണ് മോട്ടോർ ഉപയോഗിക്കുന്നതിന് ധാരണയുണ്ടാവുക. കൃഷി ഇല്ലാത്ത അവസരത്തിൽ പാടശേഖരത്തിലെ വെള്ളം വറ്റിക്കാനാവാത്തതുകൊണ്ട് പാടശേഖരത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം വർണിക്കാനാവാത്തതാണ്. അതോടൊപ്പംതന്നെ റോഡുകളും വഴികളും തകരുകയും ചെയ്യുന്നു.
കൃഷിയുടെ സമയത്തു മാത്രമല്ലാതെ ആണ്ടുവട്ടം മുഴുവനും മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കുന്നതിനുള്ള മോട്ടോർ, വൈദ്യുതി, തൊഴിലാളികൾക്കുള്ള കൂലി എന്നിവ യഥാസമയം നല്കാൻ സർക്കാർ നടപടി ഉണ്ടായാൽ മാത്രമേ ഡി വാട്ടറിംഗ് സമ്പ്രദായം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തൂ. കൃഷി എന്നതിനു മാത്രമെന്ന രീതി മാറി അവിടെ ജീവിക്കുന്ന മനുഷ്യർക്കുകൂടി പ്രയോജനം ലഭിക്കുന്ന രീതിയിൽ ഡി വാട്ടറിംഗിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.
തനതായ സംസ്കാരം നിലനില്ക്കുന്ന പ്രത്യേക ഭൂപ്രകൃതിയുള്ള നാടാണ് കുട്ടനാട്. കുട്ടനാടിന്റെ നാശം ഒരു സ്നേഹസംസ്കാരത്തിന്റെകൂടി നാശമാകും. ഇതിനൊന്നും നാശം സംഭവിച്ചുകൂടാ. കുട്ടനാടിന്റെ സംസ്കാരം എന്നും നിലനിർത്താനാവണം.
തകരുന്ന വീടുകൾ
കുട്ടനാട്ടിലെ വീടുകൾക്ക് എല്ലാംതന്നെ ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും തകർച്ച സംഭവിക്കുന്നു. ഒന്നാകെ തകരുന്നില്ലെങ്കിലും വെള്ളപ്പൊക്കം കഴിയുമ്പോൾ എല്ലാ വീടുകൾക്കും ഭാഗികമായ നാശം സംഭവിക്കുന്നു.
കുട്ടനാടിന്റെ ഭൗതിക സാഹചര്യത്തിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കെട്ടിടങ്ങളുടെ ആയുസ് വളരെ കുറവാണ്. അതിനോടൊപ്പം ആണ്ടുവട്ടത്തിൽ എത്തുന്ന പല വെള്ളപ്പൊക്കങ്ങൾകൂടിയാകുമ്പോൾ വീടുകളുടെയും കെട്ടിടത്തിന്റെയും നാശത്തിന് വേഗം കൂടുന്നു. കുട്ടനാടൻ പ്രദേശങ്ങൾക്ക് അനുയോജ്യമായ നിർമാണ സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തി എടുക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലുള്ള ഇൻഷറൻസ് പദ്ധതികൾ പ്രാവർത്തികമാക്കുകയും വേണം.
നഷ്ടത്തിൽ കൃഷിക്കാർ
എന്നും നഷ്ടത്തിലോടാൻ മാത്രം വിധിക്കപ്പെട്ടവരാണ് കുട്ടനാടൻ കർഷകർ. മത്സ്യക്കൃഷിയും തെങ്ങുകൃഷിയും നഷ്ടത്തിലായി ഇന്ന് ഇല്ലാതായിരിക്കുന്നു. ബാക്കി നില്ക്കുന്ന നെൽകർഷകർ ആത്മഹത്യ ചെയ്തു തുടങ്ങിയിരിക്കുന്നു. കൃഷിച്ചെലവിന് ആനുപാതികമായ വില നെല്ലിനു ലഭിക്കുന്നില്ല. അതിഭീമമായ കൂലിച്ചെലവും വെള്ളപ്പൊക്കവും മഴയും മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾകൂടി കണക്കാക്കുമ്പോൾ ഓരോ കൃഷിയും കർഷകനെ കടക്കെണിയിലാക്കുന്നു.
യഥാസമയം നെല്ലുവില ലഭിക്കാതെ മാസങ്ങളോളം അതിനായി കാത്തിരിക്കേണ്ടിവരുന്ന ഹതഭാഗ്യരായ കർഷകരുടെ നാടായി ഇന്ന് കുട്ടനാട് മാറിക്കൊണ്ടിരിക്കുന്നു. കൃഷിയിൽനിന്നകലാൻ ഉത്തരവാദപ്പെട്ടവർ തങ്ങളുടെ നിരുത്തരവാദ പ്രവർത്തനങ്ങളിലൂടെ കർഷകരെ നിർബന്ധിക്കുന്നുവെന്നു കരുതേണ്ട പ്രത്യേക സ്ഥിതിവിശേഷം ഇവിടെ നിലനില്ക്കുന്നു. ഇതിനു മാറ്റം വരണം. കർഷകർക്ക് അർഹമായതെല്ലാം യഥാസമയം നല്കിയാൽ ഒരു കർഷകനും കുട്ടനാട് വിട്ടുപോവില്ല.