ഗുണനിലവാരം പിന്നാക്കം പോയിട്ടില്ല
Thursday, December 7, 2023 12:24 AM IST
വി. ശിവൻകുട്ടി
(പൊതുവിദ്യാഭ്യാസമന്ത്രി)
പൊതുവിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ശില്പശാലയിൽ നടത്തി എന്നു പറയുന്ന ശബ്ദരേഖ ഏതു സാഹചര്യത്തിൽ, എപ്പോൾ പറഞ്ഞു എന്നത് പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നിരീക്ഷണങ്ങള്‍ സര്‍ക്കാരിന്റെ അഭിപ്രായമോ നയമോ അല്ല. കുട്ടികളെ തോല്‍പ്പിച്ചുകൊണ്ട് വിദ്യാഭ്യാസ ഗുണത വര്‍ധിപ്പിക്കാമെന്ന പ്രതിലോമകരമായ നിലപാട് സര്‍ക്കാരിനില്ല.
മുഴുവന്‍ കുട്ടികളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടും ഉള്‍ക്കൊണ്ടുകൊണ്ടും അവരുടെ കഴിവിനെ കണ്ടെത്തി ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്തുക എന്നതും ഭാവിസമൂഹത്തില്‍ ആത്മവിശ്വാസത്തോടെ, ആത്മാഭിമാനത്തോടെ അതിജീവന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാവശ്യമായ അറിവും കഴിവും നൈപുണിയും മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പാക്കുക എന്നതുമാണ് സര്‍ക്കാര്‍ നയം. ബഹുഭൂരിപക്ഷത്തെ പലതരം അരിപ്പകളിലൂടെ അരിച്ചുമാറ്റി ഏതാനും പേരെ മാത്രം ഉയര്‍ത്തിക്കാട്ടുക എന്നത് ആഗോളീകരണ നിലപാടാണ്. ഇതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടു വയ്ക്കുന്നത്. ഈ നയത്തോട് ഒരു തരത്തിലും യോജിക്കാത്ത നിലപാടാണ് ഇടതുപക്ഷ, മതേതര, പുരോഗമന നിലപാടുകള്‍ക്കുള്ളത്.
കുട്ടികളെ വിലയിരുത്തുന്ന ഉപാധികളിലൊന്ന് പൊതുപരീക്ഷകള്കൂടിയാണ്. യുഡിഎഫ് ഗവൺമെന്റിന്റെ അവസാന കാലഘട്ടത്തില്‍ എസ്എസ്എല്‍സി വിജയശതമാനം 96.59 ആയിരുന്നു. 2016ല്‍ ഇടതുപക്ഷ ഗവൺമെന്റ് അധികാരത്തില്‍ വന്നശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ വൈവിധ്യമാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങളിലൂടെയാണ് എസ്എസ്എല്‍സി വിജയശതമാനം 97.84 ഉം 98.11 ഉം തുടങ്ങി ക്രമമായി വര്‍ധിച്ച് 2022ല്‍ 99.26 ഉം 2023ല്‍ 99.7 ശതമാനമായത്.
2021ല്‍ 4,21,887 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയപ്പോള്‍ 1,25,509 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. അന്നത്തെ വിജയശതമാനം 99.47 ആയിരുന്നു. കോവിഡിനെത്തുടര്‍ന്ന് നടത്തിയ പരീക്ഷാ സിലബസ് ക്രമീകരണത്തിന്റെയും അധിക ഓപ്ഷന്റെയും പശ്ചാത്തലത്തിലാണ് ഒരു ലക്ഷത്തിലധികം എ പ്ലസ് അന്നു ലഭിച്ചത്.
2022ല്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 44,363 പേര്‍ക്ക് (10.4 ശതമാനം) ആണ് ഫുള്‍ എ പ്ലസ്. വിജയശതമാനം 99.6. 2023ല്‍ 4,19,128 പേര് പരീക്ഷ എഴുതിയപ്പോള്‍ 68,604 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് (16 ശതമാനം) ലഭിച്ചത്. ഇതെല്ലാം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം പിന്നാക്കം പോയിട്ടില്ല എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ്.
പത്ത് വര്‍ഷം കഠിനമായ പഠനപ്രക്രിയയിലൂടെ കടന്നുപോകുകയും ആദ്യമായി ഒരു പൊതു പരീക്ഷയെ അഭിമുഖീകരിക്കുകയും ഉന്നതപഠനത്തിന് യോഗ്യത നേടുകയും ചെയ്യുന്നത് എന്തോ കുറ്റകൃത്യമാണ് എന്ന നിലയില്‍ ചര്‍ച്ചകളെ കൊണ്ടുപോകുന്നത് , പരീക്ഷകള്‍ പാസാകുകയും തുടര്‍പഠനം നടത്തുകയും ചെയ്യുന്ന കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികമായ ആഘാതത്തെക്കുറിച്ചും അതിന്റെ പ്രതിഫലനങ്ങളെക്കുറിച്ചും കേരളീയസമൂഹം ചിന്തിക്കേണ്ടതല്ലേ? കുട്ടികളുടെ മനസില്‍ പോറലുണ്ടാക്കുന്ന ചര്‍ച്ചകള്‍ ഏതൊരു സമൂഹത്തിനും അഭികാമ്യമല്ല.
നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. മാറി വരുന്ന ലോകക്രമം വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടേതുമാണ്. അങ്ങനെയുള്ള ഒരു വൈജ്ഞാനിക സമൂഹത്തില്‍ ജീവിക്കുന്നതിനാവശ്യമായ അറിവും കഴിവും ഓരോ കുട്ടിക്കും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ഭാഗമായി ഓരോ കുട്ടിയും അതത് ക്ലാസുകളില്‍ നേടിയെടുക്കണമെന്ന് കരിക്കുലം വിഭാവനം ചെയ്തിട്ടുള്ള കാര്യങ്ങള്‍ നേടി എന്നുറപ്പാക്കാനുള്ള സമഗ്ര ഗുണമേന്മാ പദ്ധതി ഈ അക്കാദമികവര്‍ഷം ആരംഭിക്കും. വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജന്‍സികളുടെ ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെയാണ് മൂന്നു വര്‍ഷത്തെ ഈ പദ്ധതി നടപ്പാക്കുന്നത്.
അക്കാദമിക കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം ഉയര്‍ത്തുന്നതിന് ഇംഗ്ലീഷ് അധ്യാപകര്‍ തന്നെ വേണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ ഭാഗമായി, ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് 630ല്‍പരം താത്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം പാഠ്യപദ്ധതി പരിഷ്കരണം നടക്കുകയാണ്. വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായങ്ങള്‍കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്.
വിശ്വസിക്കാന്‍ കഴിയാത്തവിധം പൊതുവിദ്യാലയങ്ങള്‍ മാറിയത് നാടിന്റെ നേരനുഭവമാണ്. സമൂഹം വിദ്യാലയ പ്രവര്‍ത്തനങ്ങളിലെല്ലാം കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റ മനസോടെ ഇപെടുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂവണിയിക്കാനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഇന്നാവശ്യം. കഴിവിനെ മാനിക്കുന്ന ഒരു ലോകക്രമത്തിലാണ് നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ജീവിക്കുന്നതും നാളെ ജീവിക്കേണ്ടതും. അത്തരം കഴിവുകള്‍ എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളിലാണ് നാം ഊന്നേണ്ടത്.
നമ്മുടെ കുട്ടികൾ മിടുക്കികളും മിടുക്കന്മാരും ആണ്. അധ്യാപകർ ഏതാണ്ട് മുഴുവൻ പേരും വളരെ ആത്മാർഥമായാണ് അധ്യാപകവൃത്തിയിൽ ഏർപ്പെടുന്നത്. കുട്ടികളുടെ ഉന്നമനം മുൻനിർത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ നാം ഏറെ മുന്നേറിക്കഴിഞ്ഞു. ഇനി അക്കാദമികമായ കൂടുതൽ മുന്നേറ്റമാണ് ലക്ഷ്യം വയ്ക്കുന്നത്. അതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കുട്ടികളുടെ മനോവീര്യവും അധ്യാപകരുടെ ആത്മവിശ്വാസവും കെടുത്തുന്ന പ്രവർത്തനമാണ് ഈ ശബ്ദരേഖ ചോർത്തലിലൂടെ ഉണ്ടായിരിക്കുന്നത്. കടുത്ത വഞ്ചനയാണ് ചോർത്തിയ വ്യക്തി ചെയ്തിരിക്കുന്നത്. നീചമായ ഈ പ്രവൃത്തി ചെയ്തത് അധ്യാപകരിൽ ഒരാൾ ആണെങ്കിൽ ആ വ്യക്തിക്ക് സർവീസിൽ തുടരാൻ അർഹതയില്ല. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണത്തിനു പുറമേ മറ്റ് തരത്തിലുള്ള അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. ഈ പ്രവൃത്തിക്ക് എന്തെങ്കിലും തരത്തിൽ പ്രതിഫലം ലഭിച്ചുവോ എന്ന കാര്യവുമൊക്കെ അന്വേഷണപരിധിയിൽ വരേണ്ടതുണ്ട്.