ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം
Friday, December 8, 2023 5:19 AM IST
സീറോ മലബാർ സഭാമക്കളെയും ദീപിക ദിനപത്രത്തെയും എന്നും ഹൃദയത്തിൽ സ്നേഹിച്ച ആത്മീയാചാര്യനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആത്മീയതയും വിശ്വാസദൃഢതയും വിനയവും ജീവിത ലാളിത്യവും എന്നും വലിയ പിതാവിന്റെ മുഖമുദ്രകളായിരുന്നു. അഗാധമായ പാണ്ഡിത്യവും നല്ല ഓർമശക്തിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മർമം അറിഞ്ഞുള്ള തമാശകളിലൂടെ ഏതു വലിയ പ്രശ്നവും അവതരിപ്പിക്കാനുള്ള കഴിവായിരുന്നു മെത്രാനായ ആദ്യകാലങ്ങളിൽ മാർ ആലഞ്ചേരി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്. മേജർ ആർച്ച്ബിഷപ്പും സീറോ മലബാർ സഭയുടെ തലവനുമെന്ന അധികാരം സ്വയം ഒഴിയുന്പോഴും ലക്ഷക്കണക്കിനു സഭാവിശ്വാസികളുടെ പ്രിയപ്പെട്ട കർദിനാളും വലിയ പിതാവുമായി അദ്ദേഹം തുടരും.
കർദിനാൾ എന്നതിലേറെ മാർ ജോർജ് ആലഞ്ചേരിയുടെ വ്യക്തിപരമായ മഹത്വമാണ് ആകർഷിച്ചത്. അദ്ദേഹത്തിന്റെ സൗമ്യതയും ലാളിത്യവുമാണ് ആദരവും സ്നേഹവും സൃഷ്ടിച്ചതെന്ന് അന്യമതസ്ഥർ അടക്കമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവരിലെ ശ്രേഷ്ഠപുരോഹിതരിലെ ശുദ്ധഹൃദയനും നല്ലവനുമാണു കർദിനാൾ മാർ ആലഞ്ചേരിയെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞതാണു ശരി.
ഫ്രാൻസിസ് മാർപാപ്പയുടെ ശൈലിയിലുള്ള എളിമയോടെയുള്ള ജീവിതരീതികളും വേഷവിധാനങ്ങളും ആലഞ്ചേരി പിതാവിനെ വിശ്വാസികളുടെ സ്നേഹപിതാവാക്കി. സഭാപരമായ ഔദ്യോഗിക ചടങ്ങുകളിലൊഴികെ ഏറ്റവും സാധാരണക്കാരനായ പുരോഹിതനെപ്പോലെയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ദൈവം ഉള്ളപ്പോൾ എന്തിനു പണം?
അമേരിക്ക, റോം, ബംഗ്ലാദേശ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ഡൽഹിയിലേക്കുള്ള നിരവധിയായ യാത്രകളിലുമാണ് മാർ ആലഞ്ചേരിയുടെ ജീവിതലാളിത്യവും നർമവും ആകർഷിച്ചത്. കേരളത്തിനുപുറത്തും വിദേശയാത്രകളിലുമാണ് പലരുടെയും വ്യക്തിജീവിതത്തിലെ ഗുണദോഷങ്ങൾ മറ്റുള്ളവർക്കു ബോധ്യപ്പെടുക. ഇത്തരം യാത്രകൾക്കിടയിലെ ചില സംഭവങ്ങൾ മാർ ആലഞ്ചേരിയുടെ എളിമയുടെയും ലാളിത്യത്തിന്റെയും നേർസാക്ഷ്യങ്ങളാകും. ഒരു ഉദാഹരണം.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിന വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നത ദേശീയസമിതിയിൽ മാർ ആലഞ്ചേരിയെയും ഉൾപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ ആദ്യയോഗത്തിൽ പങ്കെടുക്കാൻ 2018ൽ കർദിനാൾ ഡൽഹിയിലെത്തി. ഏറ്റവും ചെലവു കുറഞ്ഞ വിമാനത്തിലെ ഇക്കണോമി ക്ലാസിൽ രാവിലെ വന്ന് അന്നു വൈകുന്നേരംതന്നെ എറണാകുളത്തേക്കു മടങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന യോഗത്തിൽ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പേരുണ്ടായിരുന്നു.
യോഗം കഴിഞ്ഞ് താമസസ്ഥലത്തെത്തി. ഉടൻതന്നെ ചെറിയ ബാഗുമെടുത്ത് പുറത്തെത്തി. റൂം ബോയിക്ക് ചെറിയൊരു സമ്മാനം കൊടുക്കാൻ ആഗ്രഹിച്ച് സ്വന്തം പേഴ്സ് എടുത്തപ്പോഴാണ് ആലഞ്ചേരി പിതാവിനു കാര്യം മനസിലായത്. സ്വന്തം പേഴ്സിൽ നൂറു രൂപ പോലും തികച്ചില്ല. അദ്ദേഹം ആകെ വിഷമിച്ചതു കണ്ട് റൂംബോയിക്കുള്ള ടിപ്പ് കൊടുത്തു. ഡൽഹിയിലേക്കു വിമാനയാത്ര നടത്തുന്പോൾ പോലും പണം കൊണ്ടുനടക്കാത്തതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത് ഇന്നും പാഠമാണ്.
“ദൈവം കൂടെയുള്ളപ്പോൾ എന്തിനാണു പണം? തിരിച്ചുപോകാനുള്ള ടിക്കറ്റ് കൂടി എടുത്തിരുന്നതിനാലും അന്നുതന്നെ മടങ്ങുന്നതിനാലും മറ്റു ചെലവുകൾ ഉണ്ടാകാറില്ല. അതിനാൽ പേഴ്സിൽ അധികമായി പണം കരുതിയില്ല.’’ സീറോ മലബാർ സഭയുടെ അത്യാവശ്യ കാര്യങ്ങൾക്കുപോലും സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചെലവുചുരുക്കലിനായി കേരളത്തിനു പുറത്തേക്കുള്ള യാത്രകളിൽ തന്റെ സെക്രട്ടറിയെ പോലും കൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കുന്നയാളാണ് മാർ ആലഞ്ചേരി.
“ചെറിയൊരു പെട്ടിയെടുക്കാനുള്ള ആരോഗ്യം ദൈവം തന്നിട്ടുണ്ട്. പിന്നെന്തിനാണ് ഒരാളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത്. ഒരാളുടെ കൂടി യാത്രാച്ചെലവ് ഒഴിവാക്കുകയും ചെയ്യാം’’- ഓരോ ചെറിയ കാര്യത്തിലും വ്യക്തമായ നിലപാടുകളുള്ള വ്യക്തിയായിരുന്ന മാർ ആലഞ്ചേരി തന്നെ വ്യക്തമാക്കി.
കത്തോലിക്കാസഭയിലെ ഒട്ടുമിക്ക മേലധ്യക്ഷന്മാരും ഇതേരീതിയിൽ ലാളിത്യത്തിൽ ശ്രദ്ധിക്കാറുണ്ടെങ്കിലും വലിയ പിതാവിന്റെ രീതികൾ വേറിട്ടു നിൽക്കും. സഭയിലുണ്ടായ വിവാദങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ചോദിച്ചാൽ, ദൈവിക പദ്ധതിക്കു വഴങ്ങുകയാണ് പ്രധാനമെന്നായിരുന്നു പ്രതികരണം. ദൈവികവേലയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടയാൾ ദൈവഹിതം അനുസരിക്കുന്നതിലൂടെയാണു ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നും വലിയപിതാവ് പറഞ്ഞു.
ജ്ഞാനിയും വിവേകിയുമായ പിതാവ്
ഫ്രാൻസിസ് മാർപാപ്പയുടെ 2017ലെ ഒരാഴ്ച നീണ്ട മ്യാൻമർ, ബംഗ്ലാദേശ് യാത്രയിൽ അദ്ദേഹത്തോടൊപ്പം പ്രത്യേക പേപ്പൽ വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ബംഗ്ലാദേശിലെ ധാക്കയിലെത്തിയപ്പോൾ ഇന്ത്യയിൽനിന്നു മൂന്നു കർദിനാൾമാരും എത്തിയിരുന്നു. മുംബൈ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ച കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ എന്നിവരും കേരളത്തിൽ നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായിരുന്നു എത്തിയത്.
ധാക്കയിലെ രാംന റോഡിലെ കക്റെയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾമാർ, മെത്രാന്മാർ, മെത്രാപ്പോലീത്തമാർ, വൈദികർ, സന്യസ്തർ, വിശ്വാസികൾ അടക്കമുള്ളവർ മാർപാപ്പയെ സ്വീകരിക്കാൻ നേരത്തെ എത്തിയിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗത്തിനു മുന്പായി 2017 ഡിസംബർ ഒന്നിന് മാർ ആലഞ്ചേരി അവിടെ നടത്തിയ പ്രസംഗം എല്ലാവരെയും ഒരുപോലെ ആകർഷിച്ചു.
ശരിയായ ക്രൈസ്തവികതയും വിശ്വാസതീക്ഷ്ണതയും പരോപകാരത്തിലൂടെ ദൈവത്തെ സ്നേഹിക്കാനും ആഹ്വാനം ചെയ്ത പ്രസംഗത്തിലെ ഓരോ വരികളും ഹൃദ്യമായെന്ന് ബംഗ്ലാദേശിലെ അന്നത്തെ നുണ്ഷ്യോ ആയിരുന്ന ചങ്ങനാശേരിയുടെ സ്വന്തം ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി പറഞ്ഞത് ഓർക്കുന്നു. വിവേകിയും ജ്ഞാനവുമുള്ള പുരോഹിതന്റെ വാക്കുകളാണ് മാർ ആലഞ്ചേരിയുടെ പ്രഭാഷണമെന്നായിരുന്നു ധാക്ക ആർച്ച്ബിഷ് കർദിനാൾ പാട്രിക് ഡി റൊസാരിയോ അഭിപ്രായപ്പെട്ടത്.
നിരാലംബരോട് കരുണയോടെ
ഫ്രാൻസിസ് മാർപാപ്പ 2019 ഫെബ്രുവരിയിൽ യുഎഇയിൽ നടത്തിയ ചരിത്ര സന്ദർശനത്തോടനുബന്ധിച്ച് കേരളത്തിൽനിന്ന് കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരിയും സീറോ മലങ്കര സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും അടക്കമുള്ളവർ അബുദാബിയിൽ എത്തിയിരുന്നു.
ചടങ്ങുകൾ കഴിഞ്ഞ് മാർ ആലഞ്ചേരിയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തു ചെന്നു കണ്ടു. പലരും അത്താഴവിരുന്നിന് അടക്കം ക്ഷണിച്ചെങ്കിലും എല്ലാം അദ്ദേഹം സ്നേഹപൂർവം നിരസിച്ചു. ഏതാനും പഴങ്ങളും ലഘുഭക്ഷണവും മാത്രമാണു കഴിച്ചത്. ഭക്ഷണത്തിൽ ധാരാളിത്തം വേണ്ടെന്ന് കാണാനെത്തിയവരോട് ചിരിച്ചുകൊണ്ട് ഓർമിപ്പിക്കാനും അദ്ദേഹം മറന്നില്ല.
ന്യൂഡൽഹിയിലെ വത്തിക്കാൻ എംബസിയുടെ ക്ഷണമനുസരിച്ച് ഒരിക്കൽ ഡൽഹിയിലെത്തിയപ്പോഴും സമാന അനുഭവമുണ്ട്. എംബസിയിലെ ആഘോഷത്തിൽ കർദിനാളായിരുന്നു മുഖ്യാതിഥി. എന്നാൽ വിമാനനിരക്ക് കുറവായതിനാൽ അദ്ദേഹം പുലർച്ചെയുള്ള വിമാനത്തിലാണു യാത്രചെയ്തത്.
ഡൽഹിയിലെ ഏതെങ്കിലും അനാഥാലയത്തിൽ പോയി വിശുദ്ധ കുർബാന അർപ്പിക്കണമെന്നും അതിനു വേണ്ട സജ്ജീകരണം ചെയ്യണമെന്നും തലേന്നു പറഞ്ഞിരുന്നു. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ദക്ഷിണ ഡൽഹി വസന്ത്കുഞ്ജിലെ അനാഥാലയത്തിലെ സിസ്റ്റേഴ്സിനോടു ചോദിച്ചപ്പോൾ അവർക്കു വലിയ സന്തോഷമായി.
ഡൽഹി വിമാനത്താവളത്തിൽനിന്നു നേരെ അനാഥാലയത്തിലേക്കാണു മാർ ആലഞ്ചേരി പോയത്. അവിടെയെത്തെി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം ഏറ്റവും ലളിതമായ പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം ഒരു മണിക്കൂറിലേറെ ചെലവഴിച്ചത് അവിടുത്തെ ഓരോ അന്തേവാസികളുടെയും മനം കുളിർപ്പിച്ചു.
വൈകുന്നേരം വരെ സമയം ബാക്കിയുള്ളതിനാൽ ഡൽഹിയിലെ കുത്തബ് മിനാർ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. കർദിനാളിന്റെ ചുവന്ന അരക്കെട്ടോ തൊപ്പിയോ ഒന്നുമില്ലെങ്കിലും ഉത്തരേന്ത്യക്കാരും വിദേശികളും അടക്കമുള്ള സന്ദർശകരെല്ലാം അദ്ദേഹത്തെ പൊതിഞ്ഞു. പിതാവിന്റെ അനുഗ്രഹം തേടാനാണ് അക്രൈസ്തവരായ നൂറുകണക്കിനാളുകൾ ഓടിയെത്തിയത്. എല്ലാവരെയും അനുഗ്രഹിക്കാനും കുശലം പറയാനും അദ്ദേഹം തയാറായി.
ഉച്ചഭക്ഷണം വീട്ടിലോ വലിയ ഹോട്ടലിലോ വേണ്ടെന്നും ഏതെങ്കിലും ചെറിയ ഹോട്ടലിൽനിന്നു വെജിറ്റേറിയൻ ഊണ് മതിയെന്നും പിതാവ് പറഞ്ഞു. തമിഴ്നാട് ഹൗസിൽ പോയി തനി സസ്യഭക്ഷണമാണു കഴിച്ചത്. നോണ് വെജിറ്റേറിയൻ വിഭവങ്ങൾ അവർ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പിതാവ് വിലക്കി. വൈകുന്നേരം കർണാടക ഭവനിൽ സാധാരണക്കാരനെപ്പോലെ പോയി ഒരു ദോശ മാത്രം കഴിച്ചാണു കേരളത്തിലേക്കു മടങ്ങിയത്. ഒരു നേരത്തെ അന്നത്തിനായി വിശക്കുന്നവരുള്ള രാജ്യത്ത് ഭക്ഷണം പാഴാക്കരുതെന്നതിലും മാർ ആലഞ്ചേരിക്കു നിർബന്ധമുണ്ടായി.
അമേരിക്കൻ യാത്രയ്ക്കിടെ ഒരിക്കൽ ഹൂസ്റ്റണിൽ വച്ച് കർദിനാൾ ആലഞ്ചേരിയെ കാണാനിടയായിരുന്നു. തക്കല ബിഷപ്പായിരുന്ന കാലത്ത് ഉറപ്പു നൽകിയതനുസരിച്ച് കോട്ടയംകാരനായ ജെയ്ബു കുളങ്ങരയുടെ മകളുടെ വിവാഹം ആശീർവദിക്കാൻ എത്തിയതായിരുന്നു. കർദിനാളിനായി വലിയ ഹോട്ടലും ആഡംബര കാറുമെല്ലാം ഒരുക്കിയെങ്കിലും അതൊന്നും പാടില്ലെന്നായിരുന്നു നിർദേശം. പണ്ടുകൊടുത്ത വാക്കുപാലിക്കാൻ എത്തിയെന്നേയുള്ളൂവെന്നും മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് സ്നേഹത്തോടെ പലരും നൽകിയ സമ്മാനങ്ങൾ വിനയത്തോടെ നിരസിക്കാനും അദ്ദേഹം മടികാട്ടിയില്ല.
ദീപികയോടു മമതയും കരുതലും
ദീപികയുടെ കാര്യത്തിൽ കർദിനാൾ മാർ ആലഞ്ചേരിക്ക് എക്കാലവും അതീവജാഗ്രതയും ശ്രദ്ധയും താത്പര്യവുമുണ്ടായി. ദിനപത്രമെന്ന നിലയിൽ വാർത്തകളിലും ലേഖനങ്ങളിലും വിശ്വാസ്യതയും സത്യസന്ധതയും പുലർത്തണമെന്ന് അദ്ദേഹം എപ്പോഴും നിർദേശിച്ചിരുന്നു. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള പത്രം എന്നതിനേക്കാളേറെ, കർഷകരുടെയും സാധാരണക്കാരുടെയും കണ്ണീരൊപ്പാനാകണം ദീപിക ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
137 വർഷം മുന്പ് നിധീരിക്കൽ മാണിക്കത്തനാറുടെ ദർശനങ്ങളിലൂടെ തുടങ്ങി സിഎംഐ സന്യാസസഭ ഒരു നൂറ്റാണ്ടോളം നടത്തുകയും ചെയ്ത പത്രത്തിന് എന്നും ദിശാബോധവും ആത്മധൈര്യവും നൽകാൻ കർദിനാൾ ശ്രദ്ധിച്ചിരുന്നു.
വാർത്താമാധ്യമങ്ങളുടെ കുത്തൊഴുക്കിൽ ശരിയായ വാർത്തകൾ അറിയാൻ ദീപിക അനിവാര്യമാണെന്ന വലിയ പിതാവിന്റെ ഓർമപ്പെടുത്തൽ പ്രധാനമായി. പത്രനടത്തിപ്പിന് സാന്പത്തിക പ്രതിസന്ധികൾ നേരിട്ടപ്പോഴൊക്കെ അതിനെ മറികടക്കാൻ വേണ്ട പിന്തുണയും സഹായസഹകരണങ്ങളും നൽകാൻ അദ്ദേഹം നേതൃത്വം നൽകി.
പത്രവുമായി ബന്ധപ്പെട്ട ആരെ കാണുന്പോഴും ദീപികയെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കാനായിരുന്നു അദ്ദേഹത്തിനു കൂടുതൽ താത്പര്യം. കേരളത്തിന്റെ പൊതുസമൂഹത്തിനും ക്രൈസ്തവ സമുദായത്തിനും ദീപികയുടെ ശക്തമായ ഇടപെടലുകളെ പിതാവ് എക്കാലവും പ്രോത്സാഹിപ്പിച്ചു.
ജോർജ് കള്ളിവയലിൽ