ഇവിടെ എല്ലാവരും ചൂടിലാണ്!
ഔട്ട് ഓഫ് റേഞ്ച് \ ജോൺസൺ പൂവന്തുരുത്ത്
Saturday, April 6, 2024 12:21 AM IST
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കും ചൂട്. ഭൂമി കുലുങ്ങിയാലും മൻമോഹൻജിയെപ്പോലെ ഇരിക്കുന്നവരും ഒടുവിൽ ചൂടിനെക്കുറിച്ചു പരാതി പറഞ്ഞുതുടങ്ങിയിരിക്കുന്നു. ചൂടു കൊണ്ടുപിടിച്ചതോടെ എസിയും കൂളറുമെല്ലാം ചൂടപ്പം പോലെ വിറ്റുപോകുന്നതിന്റെ ചൂടിലാണ് കച്ചവടക്കാർ. ഇതു കാണുന്പോൾ അതിലേറെ സന്തോഷം നമ്മുടെ കെഎസ്ഇബിക്കാർക്കാണ്.
തൊട്ടാൽ പൊള്ളുന്ന ബിൽ ചൂടുപറ്റി നിൽപ്പുണ്ട്. കുടിവെള്ളം കിട്ടുന്നില്ലെന്നു പറഞ്ഞു നാട്ടുകാർ രാഷ്ട്രീയക്കാരെ നിർത്തിപ്പൊരിക്കുന്നതും ഈ ചൂടത്തുതന്നെ. ചൂടു കൂടുന്പോഴും ചൂടാകാത്തവർ ജ്യൂസ് കടക്കാരാണ്. നാട്ടുകാരെ വെള്ളം കുടിപ്പിക്കാൻ ഇതിലും നല്ല അവസരമില്ലല്ലോ.
സുപ്രീം കോടതിയുടെ ചൂട് ശമിപ്പിക്കാൻ സത്യവാങ്മൂലത്തിന്റെ ആയുർവേദ ക്രീമും പുരട്ടി റെഡിയായി വന്ന ബാബാ രാംദേവിനെ കോടതി ശകാരത്തിന്റെ എണ്ണയിലിട്ടു ചുട്ടെടുക്കുന്നതും നാട്ടുകാർ കണ്ടു. ഉടനെ പൊള്ളലിനുള്ള തൈലവുമായി ബാബാജി വീണ്ടും വരുമെന്നു കരുതാം.
ദിവസം രണ്ടും മൂന്നും തവണ കുളിച്ചിരുന്ന പലരുടെയും കുളി തെറ്റിയെന്നതാണ് മറ്റൊരു വിശേഷം. സർക്കാർ ഖജനാവ് പോലെയായിരിക്കുന്നു കിണറ്റിലെ അവസ്ഥ. സകല ഉറവയും ഊറ്റിയിട്ടും പാതാളക്കുഴി കാണാം. ദിവസം മുന്നും നാലും തവണ കുളിച്ചിരുന്ന മാണിസാർ ഉണ്ടായിരുന്നെങ്കിൽ ഈ ചൂടിൽ വിഷമിച്ചുപോയേനെ. വെയിലത്തു കിടക്കുന്ന കാറും ചൂളയിലിരിക്കുന്ന ചീനച്ചട്ടിയും ഒരുപോലെയാണെന്ന് അനുഭവസ്ഥർ. വെറുതെ പൊട്ടിച്ച് ഒഴിച്ചാൽ മതി ഒാം ലെറ്റ് റെഡി.
നാട്ടിലെ കൊടുംചൂട് വേനൽക്കാലത്തു മാത്രമുള്ളതാണെങ്കിൽ സകല സീസണിലും നാവിൽ ഇസ്തിരിപ്പെട്ടിയുമായി നടക്കുന്ന ചില കാരണചൂടൻമാരും ഈ നാട്ടിലുണ്ട്. വോൾട്ടേജ് ശരിയല്ലെങ്കിൽ ചിലപ്പോൾ മുന്നിൽ കിട്ടുന്നവനെ ചൂടോടെ തേച്ചു കളയും. കടക്ക് പുറത്ത്, അമ്മാതിരി കമന്റൊന്നും ഇങ്ങോട്ടു വേണ്ട... എന്നിങ്ങനെയുള്ള ചൂടൻ മുന്നറിയിപ്പുകൾക്കു മുന്നിൽപ്പെടാതെ നിന്നാൽ നേരിട്ടുള്ള സൂര്യാഘാതം ഒഴിവാക്കാം.
വേനൽച്ചൂടിനെ വെല്ലുന്ന ഇലക്ഷൻ ചൂടിൽ മൂട്ടിൽ തീപിടിച്ചതുപോലെ ഒാടുകയാണ് രാഷ്ട്രീയക്കാർ. വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുതെന്നാണ് പഴമക്കാരുടെ പ്രമാണമെങ്കിലും രാഷ്ട്രീയക്കാർക്ക് ഇഷ്ടം ആരെങ്കിലും ചൂടിയ പൂക്കളോടാണ്. അതുകൊണ്ട് ഒരു തലയിൽനിന്ന് അടുത്ത തലയിലേക്കു ചാടുന്ന തിരക്കിലാണ് സീറ്റ് കിട്ടാത്ത നേതാക്കളിൽ പലരും.
ചൂടോടെ ചെന്നില്ലെങ്കിൽ രാഷ്ട്രീയ ഭാവി ചുവടോടെ മറിയുമത്രേ. തെരഞ്ഞെടുപ്പ് കാലം പലരുടെയും നാക്കിന്റെ ചൂടറിയുന്ന കാലം കൂടിയാണ്. ചൂടുപിടിച്ച ചർച്ച നടത്തിയിട്ടും പലർക്കും സീറ്റ് കിട്ടിയില്ലെന്നതും മറ്റൊരു ചൂടൻ വാർത്ത. ചൂടായ നാക്ക് പാടായ സ്ഥിതിക്കു കടിച്ചുപിടിച്ചു നിൽക്കുകയാണ് പൂഞ്ഞാർ ആശാൻ പോലും.
ഇതിനിടയിലാണ് ഈഡിയെന്ന കടിയനു ചൂടു കയറിയത്. മുന്നിൽ കിട്ടിയ പലരെയും ആകമാനം കടിച്ചു. തെരഞ്ഞെടുപ്പ് ചൂട് കയറിയതുകൊണ്ടാണ് ഒാടി നടന്നു കടിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ചൂടൻ ആരോപണം.
ഇലക്ടറൽ ബോണ്ടയിൽ കടിച്ച പലരുടെയും പല്ലിളകിയത് അറിയാതിരിക്കാനാണത്രേ ഈ ഒാടിച്ചിട്ടുള്ള കടി. ചൂൽ ഇങ്ങനെ ചൂടായാൽ വാളാകുമെന്നു തോന്നിയപ്പോഴാണ് കേജരിവാളിനും കടി കിട്ടിയതെന്നാണ് ആപ്പിലായവരുടെ പക്ഷം. എന്നാല്‍, എത്ര ചൂടാക്കിയാലും നിങ്ങള്‍ക്കു വളയ്ക്കാനേ കഴിയൂ ഒടിക്കാനാവില്ലെന്ന് പ്രതിപക്ഷം പറയുന്നു.
ഇതിനിടെ, ആപ്പ് വിട്ട് ചാടിയില്ലെങ്കില്‍ കൈയുടെ ചൂടറിയുമെന്നു ചിലർ ഭീഷണിപ്പെടുത്തുകയാണെന്ന് നേതാക്കള്‍ ചുടുകണ്ണീരൊഴുക്കി പറഞ്ഞു. ഈ കൂട്ടപ്പൊരിച്ചിലിലാണ് കച്ചത്തീവ് ദ്വീപിനെ ബിജെപിക്കാർ ചൂടുപിടിപ്പിച്ചത്. അതിന്റെ അറ്റത്തു കയറിപ്പിടിച്ചു പ്രതിപക്ഷം കൈ പൊള്ളിക്കുമോയെന്നു കാണാനിരിക്കുന്നതേയുള്ളൂ.
ഈ ചൂടുകാലത്തു രാഷ്ട്രീയക്കാരുടെ ചൂടൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേട്ട് ചൂടു കയറി നിൽക്കുകയാണ് നാട്ടുകാർ. വോട്ടിനു മുന്‍പ് വേഗത്തിൽ ചൂടാവുന്നതും വോട്ടിനു ശേഷം അതിനേക്കാൾ വേഗത്തിൽ തണുക്കുന്നതുമായ സംഗതി ഒന്നേയുള്ളൂ, വാഗ്ദാനം! അതിനാൽ അവർ ചൂടാകട്ടെ, നമുക്കു കൂൾ ആയിരിക്കാം.
മിസ്ഡ് കോൾ
= ജർമനിയിലേക്ക് 20,000 കാട്ടാനകളെ വിടാമെന്ന് ബോട്സ്വാന
- വാർത്ത.
=കേരള വനംവകുപ്പ് അറിഞ്ഞില്ലെന്നു തോന്നുന്നു!