എക്കാലത്തും കരുണയുടെ മുഖം
ആർച്ച്ബിഷപ് കുര്യൻ മാത്യു വയലുങ്കൽ
Wednesday, April 23, 2025 2:49 AM IST
രണ്ടാം ക്രിസ്തുവെന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച് കത്തോലിക്കാ തിരുസഭയുടെ 266-ാമത്തെ മാർപാപ്പയായി 2013 മാർച്ച് 13നു തെരഞ്ഞെടുക്കപ്പെട്ട, കഴിഞ്ഞ പന്ത്രണ്ടു വർഷം കത്തോലിക്കാ സഭയെ സ്തുത്യർഹമായി നയിച്ച, വലിയ ഇടയന് പ്രണാമം.
കർത്താവിന്റെ കരുണയുടെ മുഖമായി എക്കാലത്തും വർത്തിച്ചിരുന്ന ഫ്രാൻസിസ് പാപ്പാ പാവങ്ങളുടെ പക്ഷം പിടിക്കുകയും വേദനിക്കുന്നവർക്കുവേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയും എന്നും ശബ്ദിക്കുകയും ചെയ്തിരുന്ന ആത്മീയനേതാവായിരുന്നു.
ലോകത്തിന്റെ അതിർത്തികളിലേക്കു യാത്രചെയ്ത് വിളുന്പുകളിൽ ജീവിക്കുന്ന മനുഷ്യരുടെ തോഴനായി തീരുകയും അവരെ ചേർത്തുപിടിക്കുവാൻ അനിതരസാധാരണമായ ഔത്സുക്യം കാണിക്കുകയും ചെയ്ത അദ്ദേഹം ഹൃദയം നിറയെ സ്നേഹവും അഗാധമായ കരുണയുമുള്ള വ്യക്തിയായിരുന്നു.
38 ദിവസം നീണ്ട ആശുപത്രിവാസത്തിനുശേഷം റോമിലെ ജെമെല്ലി ആശുപത്രി വിട്ടശേഷം കാസ സാന്ത മാർത്തയിലെ തന്റെ വസതിയിൽ രണ്ടു മാസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഈ ദിവസങ്ങളിലൊക്കെയും അദ്ദേഹം തനിക്കെന്നും പ്രിയപ്പെട്ട വിശ്വാസിസമൂഹത്തെ കാണുവാനായി പല പ്രാവശ്യം വത്തിക്കാൻ ബസിലിക്കയിലെത്തിയത് മനുഷ്യരോടുള്ള അഗാധമായ സ്നേഹത്തിന്റെ പ്രകടനമായിരുന്നു എന്നു തോന്നുകയാണ്.
ആഗോള കത്തോലിക്കാ സഭയുടെ ആത്മീയപിതാവായി 12 വർഷം സേവനം ചെയ്ത അദ്ദേഹം എക്കാലവും മാറ്റങ്ങളുടെ പാപ്പാ എന്നാണറിയപ്പെട്ടിരുന്നത്. ചെറുതും വലുതുമായ ഒട്ടനവധി വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്നിന്റെ ലോകത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തി എന്നതരത്തിൽ ലോകക്രമത്തിൽതന്നെ ഒത്തിരിയേറെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ ഫ്രാൻസിസ് പാപ്പാ എന്നും യുദ്ധങ്ങൾക്കെതിരായിരുന്നു. യുദ്ധമൊന്നിനും ശാശ്വതപരിഹാരമല്ല എന്നും ചർച്ചകളിലൂടെ സമാധാനത്തിന്റെ പാതയിലേക്കു നടക്കണമെന്നും അദ്ദേഹം എന്നും ഓർമിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
തന്റെ ചാക്രിക ലേഖനങ്ങളിലൂടെ ശ്രദ്ധേയമായ കാഴ്ചപ്പാടുകളിലേക്ക് ലോകത്തിന്റെ മനഃസാക്ഷിയെത്തന്നെ ഉണർത്തുവാൻ തയാറായ ഫ്രാൻസിസ് പാപ്പായുടെ "ലൗദാത്തോ സി’എന്ന ചാക്രിക ലേഖനം ലോകം മുഴുവൻ ചർച്ചയായതാണ്. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ ലോകത്തെ ഓർമിപ്പിച്ച അദ്ദേഹം എന്നും ഭൂമിയെ സ്നേഹിച്ച, പ്രകൃതിയെ സ്നേഹിച്ച വ്യക്തിയാണ്.
ഓരോ വർഷവും എന്റെ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി അദ്ദേഹത്തെ വ്യക്തിപരമായ കാണാൻ സാധിച്ചിരുന്ന അവസരങ്ങളിലൊക്കെയും ഒരു പിതാവിനോടടുത്ത സ്നേഹവും വാത്സല്യവും തന്ന് ചേർത്തുപിടിച്ചിരുന്ന പാപ്പാ തന്റെ നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്കു യാത്രയായി എന്നു വിശ്വസിക്കുവാൻ സാധിക്കുന്നില്ല.
ആ വലിയ ഇടയന്റെ ദീപ്തമായ ഓർമകൾക്കു മുന്നിൽ നമ്രശിരസ്കനായിനിന്നുകൊണ്ട് അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.