വിദ്യാഭ്യാസം വിവരക്കേടിന്റെ വകുപ്പാകരുത്
ഫാ. ജയിംസ് കൊക്കാവയലിൽ
Wednesday, April 30, 2025 12:21 AM IST
ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുകയും മതത്തിന്റെ പേരിലുള്ള വിവേചനങ്ങളെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 15, 25, 26, 27, 28 അനുച്ഛേദങ്ങളിൽ ഇതു വ്യക്തമാണ്. എന്നാൽ ഏട്ടിലെ പശു പുല്ലു തിന്നില്ല. കടലാസിൽ എഴുതിവച്ചതുകൊണ്ടുമാത്രം നിയമം നടപ്പാവില്ല. അതിന് ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും ഉദ്യോഗസ്ഥസമൂഹവും ഉണ്ടാകണം.
പ്രബുദ്ധകേരളം! മതേതര മനസ്! നിരന്തരമുള്ള ഈ തള്ളിമറിക്കലുകൾക്കപ്പുറത്ത് യാഥാർഥ്യമെന്താണ്? ക്രൈസ്തവരുടെ മതവികാരങ്ങൾ വ്രണപ്പെടുത്താനും മതസ്പർധ വളർത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ ഈ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം വിവരക്കേടിനു തടസമല്ല എന്നു തെളിയിച്ചുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുപോലും ഇതുണ്ടാകുന്നു.
മലപ്പുറം കത്ത്
മലപ്പുറം കത്തിപോലെ പ്രശസ്തമാകേണ്ട ഒന്നാണ് ഏപ്രിൽ 22ലെ മലപ്പുറം കത്ത്. മലപ്പുറം ജില്ലയിലെ അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടേതാണ് ഈ കത്ത്. സ്വീകർത്താക്കൾ പരിധിയിലുള്ള എല്ലാ ഗവൺമെന്റ്/എയ്ഡഡ്/അൺ എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകരും. കത്തിലെ ആവശ്യമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. “താങ്കളുടെ സ്കൂളിൽ സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ - ആദായ നികുതി അടവാക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് ആക്കി രണ്ടു ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.”
നികുതി അടയ്ക്കാത്തവരെ മതത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ ആവശ്യപ്പെട്ടിരിക്കുന്നു. നികുതി അടയ്ക്കാത്തതു തെറ്റാണ്. അങ്ങനെയുള്ളവരെ കണ്ടെത്തണം. അതിൽ മതത്തിന്റെ പ്രസക്തി എന്താണ്? ഒരാൾ ക്രിസ്തുമത വിശ്വാസിയാണോ എന്ന് പ്രധാനാധ്യാപകർ എങ്ങനെ കണ്ടെത്തും? പേരിന്റെ അടിസ്ഥാനത്തിലോ? മത്തായി നിരീശ്വരനാണെങ്കിൽ പ്രിൻസിപ്പൽ എന്തുചെയ്യും? ഉദ്യോഗസ്ഥരുടെ മതം തിരിച്ചുള്ള ലിസ്റ്റ് സർക്കാരിന്റെ കൈവശമുണ്ടോ? ഉണ്ടെങ്കിലെന്തിനാണ് വിവരാവകാശ പ്രകാരം ചോദിക്കുമ്പോൾ ഇല്ലെന്നുള്ള മറുപടി സർക്കാർ നൽകുന്നത്?
ഇപ്രകാരമൊരു കത്തെഴുതാൻ കാരണമെന്താണെന്നല്ലേ? മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഏപ്രിൽ 20ന് ജില്ലാ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകിയ നിർദേശമാണ് കാരണം. ഈ നിർദേശത്തിനു കാരണം ഫെബ്രുവരി 13ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം (ഡിപിഐ) പുറപ്പെടുവിച്ച ഉത്തരവും.
ഡിപിഐയുടെ കത്ത് ഗുരുതരം
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിലെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടേത് (ഡിപിഐ). അദ്ദേഹത്തിന്റെ കാര്യാലയം പുറപ്പെടുവിച്ച കത്തിലെ വാചകങ്ങൾ കീഴുദ്യോഗസ്ഥരുടെ കത്തുകളേക്കാൾ ഗുരുതരമാണ്. “സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടവാക്കാതെ നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് .... ടി പരാതിയിന്മേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുക.” ഡിപിഐയുടെ കത്ത് “ക്രിസ്തുമത ജീവനക്കാർ നിയമലംഘനം നടത്തി” എന്നു സ്ഥാപിച്ചിരിക്കുകയാണ്. യാതൊരു അന്വേഷണവും നടത്താതെ ഇതെങ്ങനെ സാധിച്ചു?
അബ്ദുൾ കലാം
ഈ പേരു കേൾക്കുമ്പോൾ ഒരു മഹദ്വ്യക്തിയുടെ ചിത്രമാണ് മനസിലേക്കുവരിക. എന്നാൽ കോഴിക്കോടു സ്വദേശിയായ മതവെറിപൂണ്ട ഒരാളാണ് അബ്ദുൾ കലാം കെ. അമ്പലങ്ങൾക്കെതിരേയും ഇയാൾ ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഇയാൾ പേരിനോടൊപ്പം ‘എം.എ. പൊതുഭരണം’ എന്നുകൂടി ചേർത്തിരിക്കുന്നു. സംസ്ഥാന പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നു പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ ഇയാൾക്ക് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ എംഎ ബിരുദമുണ്ട്. അത്രേയുള്ളൂ കാര്യം. പഴയൊരു സിനിമയിൽ ജീപ്പിനു മുമ്പിൽ പൗലോസ് എന്ന് ഇംഗ്ലീഷിൽ എഴുതിവച്ചു. നാട്ടുകാർ പോലീസെന്നു വിചാരിച്ചു തൊഴുതുനിന്നു.
അതേ ഗിമ്മിക്കു തന്നെ ഇവിടെയും. ഇയാൾ 2024 നവംബർ 23ന് ഡിപിഐക്ക് വിചിത്രങ്ങളായ ആവശ്യങ്ങളുന്നയിച്ച് ഒരു വിവരാവകാശ അപേക്ഷ നൽകി. ക്രൈസ്തവരായ ഉദ്യോഗസ്ഥർ സർക്കാർ ശമ്പളം വാങ്ങി ഇൻകം ടാക്സ് അടയ്ക്കാതെ മുങ്ങി നടക്കുന്നു. സർക്കാരിന് ഇതുമൂലം പതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. ഈ തുക സംസ്ഥാന ഖജനാവിൽ മുതൽക്കൂട്ടണം.
ക്രിസ്ത്യാനികളായ ഉദ്യോഗസ്ഥരെ മുഴുവൻ ഇക്കാരണത്താൽ പിരിച്ചുവിടണം. ക്രിസ്ത്യൻ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടണം. ഇക്കാര്യങ്ങളിൽ നടപടികൾ സ്വീകരിച്ചശേഷം അയാളെ വിവരം അറിയിക്കണം. ഇതാണ് ആ കത്തിന്റെ ചുരുക്കം.
സാമാന്യബോധമുണ്ടോ?
വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നീതിബോധമുണ്ടോ എന്നു ചോദിക്കുന്നതിനു മുമ്പ് സാമാന്യബോധമുണ്ടോ എന്നാണ് ചോദിക്കേണ്ടത്. ഇപ്രകാരം യുക്തിരഹിതമായ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നു. ആദായനികുതി സംസ്ഥാന സർക്കാരിനല്ല കേന്ദ്രസർക്കാരിനാണ് മുതൽക്കൂട്ടുക. അത് അടയ്ക്കാത്തവരെ കണ്ടെത്തേണ്ടത് ആദായനികുതി വകുപ്പാണ്. വിദ്യാഭ്യാസവകുപ്പല്ല. ഡിപിഐയുടെ അധികാരത്തിൽപ്പെടാത്ത ആശുപത്രികളിലും അന്വേഷണം നടത്താൻ അയാൾ ആവശ്യപ്പെടുന്നു. ഇപ്രകാരം ഒരു കത്തിൽ അന്വേഷണം സാധ്യമല്ലെന്നോ, ഉദ്യോഗസ്ഥരുടെ മതം തിരിച്ചുള്ള ലിസ്റ്റ് സർക്കാർ കൈവശമില്ലെന്നോ ഒരു മറുപടി കൊടുത്ത് ഒഴിവാക്കേണ്ടതിനുപകരം ഡിപിഐയിൽനിന്ന് അന്വേഷണം പ്രഖ്യാപിച്ചു. സാമാന്യബോധമില്ലാത്തതും മതതിമിരം ബാധിച്ചതുമായ ഈ വ്യക്തികൾ എങ്ങനെ സർക്കാർ വകുപ്പുകളുടെ തലപ്പത്തെത്തി?
അപമാനിച്ചത് ആരെയൊക്കെ?
കത്തെഴുതിയ അബ്ദുൾ കലാമും അതിൽ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥരും മതസ്പർധ വളർത്തുകയെന്ന ഉദ്ദേശ്യത്തോടെ ഇത് ബോധപൂർവം ചെയ്തിട്ടുള്ളതാണ്. സത്യസന്ധതയ്ക്കും നീതിബോധത്തിനും പേരുകേട്ട ധാരാളം ഉദ്യോഗസ്ഥർ ക്രൈസ്തവ സമുദായത്തിൽ നിന്നുണ്ട്. മികച്ച സേവനത്തിന് ആദരവുകൾ നേടിയവർ നിരവധിയാണ്. അവരുൾപ്പെടെയുളള ക്രൈസ്തവരായ ഉദ്യോഗസ്ഥരെ അപമാനിക്കുകയും മറ്റു വിഭാഗക്കാരിൽനിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യാനുളള ശ്രമമാണ് ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്.
വിദ്യാഭ്യാസരംഗം ക്രൈസ്തവസഭയുടെ ഒരു പ്രധാന പ്രേഷിതരംഗമാണ്. വിശുദ്ധ ചാവറയച്ചനുൾപ്പെടെയുള്ള ക്രാന്തദർശികൾ പണിതുയർത്തിയ വിദ്യാഭ്യാസ സംരംഭങ്ങളാണ് കേരളത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും നിദാനമായത്. ധാരാളം വൈദികരും സന്യസ്തരും അല്മായസഹോദരരും കാലങ്ങളായി വിദ്യാഭ്യാസമേഖലയിൽ ആത്മാർപ്പണം നടത്തിക്കൊണ്ടിരിക്കുന്നു.
ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേൻമ കണ്ടാണ് അവിടെങ്ങളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കൾ പ്രത്യേകം താൽപ്പര്യപ്പെടുന്നത്. ഇതിൽ അസൂയ പൂണ്ടവർ ബോധപൂർവം സ്ഥാപനങ്ങളെയും അവിടത്തെ അധ്യാപക-അനധ്യാപകരെയും അപമാനിക്കാനും പൊതുസമൂഹത്തിൽ തെറ്റായ ആശയപ്രചരണങ്ങൾ നടത്താനുമാണ് ഇതുവഴി ശ്രമിക്കുന്നത്.
ക്രൈസ്തവർ പൊതുവേ രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ച് പൗരബോധത്തിൽ ജീവിക്കുന്നവരാണ്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക (മത്താ 22:21) എന്നതാണ് പ്രമാണം. രാഷ്ട്രത്തോടുള്ള കടമ നിറവേറ്റാൻ അവരെ ആരും പഠിപ്പിക്കേണ്ടതില്ല.
സർക്കാർ നിലപാട്
ഏപ്രിൽ 22ലെ മലപ്പുറം അരീക്കോട് കത്ത് വിവാദമായതോടെ നടപടിയെടുക്കാൻ സർക്കാർ തയാറായി. വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഡിപിഐയിലും മലപ്പുറത്തും അരീക്കോടും ഉള്ള ബന്ധപ്പെട്ട ഓഫീസർമാരെ സസ്പെൻഡ് ചെയ്യാനുള്ള നിർദേശം നൽകി. സംഭവത്തിൽ റിപ്പോർട്ടു സമർപ്പിക്കാൻ തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സമൂഹത്തിൽ മതസ്പർധ വളർത്തുന്ന രീതിയിൽ ഒരു പരാതിയുമായി മുന്നോട്ടുവന്ന അബ്ദുൾ കലാമിനെതിരേ ഡിജിപിക്ക് പരാതി നൽകാൻ ഡിപിഐക്ക് നിർദേശവും നൽകി. മന്ത്രിയുടെ ഓഫീസിന്റെ നിലപാട് സ്വാഗതാർഹമാണ്. എന്നാൽ ഇതിനുമുമ്പ് സർക്കാർ എന്തു ചെയ്യുകയായിരുന്നു എന്നതാണ് ചോദ്യം? ഏപ്രിൽ 22ന് അല്ല ഈ വിഷയം ആദ്യമായി ഉന്നയിക്കപ്പെടുന്നത്.
അബ്ദുൾ കലാം പരാതി നൽകുന്നത് 2024 നവംബറിലാണ്. ഡിപിഐ അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നത് 2025 ഫെബ്രുവരി 13ന് ആണ്. തുടർന്ന് ജില്ലാ ഓഫീസർമാർ കത്തുകളിറക്കി.
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഫെബ്രുവരി 17ന് പുറത്തിറക്കിയ കത്തിന്റെ പകർപ്പ് ഈയുള്ളവന്റെ കൈവശമുണ്ട്. അന്ന് അതു വിവാദമാവുകയും ദീപികയിലും മറ്റും വാർത്തവരികയും ചെയ്തതാണ്. പ്രതിഷേധത്തെ തുടർന്ന് ഡിപിഐ ഫെബ്രുവരി 20ന് തുടർനടപടികൾ മരവിപ്പിച്ചുകൊണ്ട് സർക്കുലർ ഇറക്കി. അന്ന് മരവിപ്പിക്കലിൽ ഒതുക്കി നിർത്താതെ, കത്ത് പിൻവലിക്കുകയും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുകയും ചെയ്തിരുന്നെങ്കിൽ മലപ്പുറത്തുനിന്നു വീണ്ടും കത്തിറങ്ങുന്ന സാഹചര്യം ഉണ്ടാവുകയില്ലായിരുന്നു. ഡിപിഐയുടെ മരവിപ്പിക്കൽ കത്തിലും “ജീവനക്കാർ വരുമാന നികുതി അടവാക്കാതെ നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട്” എന്ന പ്രസ്താവന ആവർത്തിച്ച് കുറ്റം സ്ഥാപിച്ചിരിക്കുകയാണ്.
എല്ലായിടത്തും വിവേചനം
വിദ്യാഭ്യാസവകുപ്പിൽനിന്നു മാത്രമല്ല പല വകുപ്പുകളിൽ നിന്നും ക്രൈസ്തവർക്കെതിരേ വിവേചനപരമായ നടപടികൾ ഉണ്ടാകുന്നുണ്ട്. തൊമ്മൻകുത്ത് കൈവശഭൂമിയിലെ കുരിശു തകർത്തുകൊണ്ടും കുരിശിന്റെ വഴി തടഞ്ഞുകൊണ്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിയത് കടുത്ത ധാർഷ്ട്യമാണ്. പരുന്തുംപാറയിൽ പട്ടയവ്യവസ്ഥ ലംഘിച്ച അനേക നിർമിതികൾ ഉണ്ടായിരിക്കേ അവയിലൊന്നും തൊടാതെ കുരിശു തകർക്കാൻ മാത്രമാണ് റവന്യുവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്.
ഞായറാഴ്ചകളും ക്രൈസ്തവരുടെ വിശേഷദിവസങ്ങളും പ്രവൃത്തിദിനങ്ങളാക്കിക്കൊണ്ടുള്ള ഉത്തരവുകൾ പല വകുപ്പുകളിൽനിന്നും ഇറങ്ങുന്നത് സാധാരണമായിരിക്കുകയാണ്. ന്യൂനപക്ഷ വകുപ്പിനെക്കുറിച്ചും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനോടു സർക്കാരും ഉദ്യോഗസ്ഥരും കാണിക്കുന്ന അലംഭാവത്തെക്കുറിച്ചും ധാരാളം കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെ നിയന്ത്രിക്കുന്നതിലും ജനങ്ങളെ സമഭാവനയോടെ വീക്ഷിക്കുന്നതിലും കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വം തികഞ്ഞ പരാജയമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.
സമുദായജാഗ്രത
ക്രൈസ്തവരോടുളള നിരന്തരമായ വിവേചനങ്ങൾക്കും അവഹേളനങ്ങൾക്കും എതിരേ സമുദായജാഗ്രത ഉണരേണ്ടിയിരിക്കുന്നു. ക്രൈസ്തവരിലെ ഏതുവിഭാഗം അവഹേളിക്കപ്പെട്ടാലും എല്ലാ വിഭാഗങ്ങളിലുംനിന്ന് പ്രതിഷേധം ഉയരണം. കൂടാതെ ക്രൈസ്തവരുടെ ഇടയിലെ ഉദ്യോഗസ്ഥ പ്രാതിനിധ്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം. ഈ മേഖലയിൽ വലിയ കുറവ് സംഭവിച്ചിരിക്കുന്നു. എത്ര സമ്പാദ്യമുണ്ടാക്കിയാലും ഭരണപങ്കാളിത്തമില്ലെങ്കിൽ അവയൊക്കെ നഷ്ടപ്പെടാൻ കാര്യമായ സമയമൊന്നുംവേണ്ട. ചെയ്യുന്ന നൻമപ്രവൃത്തികളുടെ പേരിൽ അവഹേളിക്കപ്പെടാൻ ഒട്ടുംതന്നെ സമയംവേണ്ട എന്നു വിദ്യാഭ്യാസവകുപ്പ് തെളിയിച്ചു.
സമുദായത്തിലെ കുട്ടികളെ കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസുകളിലേക്ക് പ്രോത്സാഹിപ്പിക്കുകയും അവർക്കു പഠിക്കാൻ ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയുമാണ് അത്യാവശ്യമായി വേണ്ടത്. ക്രൈസ്തവർക്കും ലഭ്യമായ ഇഡബ്ല്യുഎസ് സംവരണം പോലെയുള്ള സംവരണങ്ങളും ആനുകൂല്യങ്ങളും വ്യപകമായി പ്രചരിപ്പിക്കപ്പെടണം. ഇവയെക്കുറിച്ചൊന്നും പലർക്കും ഇപ്പോഴും അറിവില്ല. നിതാന്ത ജാഗ്രതയുണ്ടെങ്കിൽ മാത്രമേ നിലനിൽപ്പുള്ളൂ.