യോസ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, April 30, 2025 12:30 AM IST
“നാം നോക്കിനിൽക്കേ ഒരു പർവതം കടലിലേക്ക് ഇറങ്ങിപ്പോകുന്നു”. ഴാക് ദരിദ കടന്നുപോയപ്പോൾ മാർക്വേസ് പറഞ്ഞ വാക്കുകളാണിത്. ദരിദ ചെന്തീച്ചിറകുകളുള്ള ചിന്തകളുടെ ഒരപ്പസ്തോലനായിരുന്നു. മാർക്വേസ് ഉന്മാദ സ്വപ്നംപോലെ നിഗൂഢമായൊരു മഞ്ഞവെയിൽ ചന്തവും. എങ്കിലും അവർക്കിടയിൽ ഒരു ചില്ലുഗ്ലാസിന്റെ സുതാര്യ ദൂരമേ ഉണ്ടായിരുന്നുള്ളൂ. ചിന്തയ്ക്കും മാന്ത്രികതയ്ക്കുമിടയിൽ വെയിലും നിലാവും എന്നപോലെ തളിർത്തുകിടന്ന ഒന്ന്.
എന്നാൽ, മരിയോ വർഗാസ് യോസയുമായി മാർക്വേസിനുണ്ടായിരുന്ന ബന്ധം സുതാര്യമായ ഒന്നായിരുന്നില്ല. അവരിരുവരും എഴുത്തിൽ രണ്ടു സരസ്വതികളായിരുന്നു. ഇടയ്ക്കിടെ ഒന്നിച്ചൊഴുകിയും അതിലേറെ പിണങ്ങിപ്പിരിഞ്ഞും തടം നിറഞ്ഞ്, ചുരമാന്തിയൊഴുകിയ സരസ്വതികൾ.
ഇണക്കത്തേക്കാൾ ഇരുവരുടെയും പിണക്കത്തിനായിരുന്നു ഏറെ സൗന്ദര്യമുണ്ടായിരുന്നത്. നീണ്ട മുപ്പത് വർഷമായിരുന്നു ഇരുവരുടെയും പിണക്കത്തിന്റെ കാലയളവ്. ഇത്രയും വർഷം നീണ്ടുനിന്ന പിണക്കം ഭൂമിയിൽ ഏതെങ്കിലും എഴുത്തുകാർക്കിടയിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. 1976ൽ മെക്സിക്കോ സിറ്റിയിലെ ഒരു തിയറ്ററിൽ ‘ആൻഡീസ് ഒഡീസി’ എന്ന വിശ്രുതമായ ഡോക്കുമെന്ററി കാണാൻ മാർക്വേസ് എത്തി.
മാർക്വേസിന്റെ ഇരിപ്പിടത്തിന്റെ അങ്ങേ അറ്റത്ത് സുഹൃത്ത് യോസ നേരത്തേ വന്നിരിപ്പുണ്ടായിരുന്നു. ഡോക്കുമെന്ററി ആരംഭിക്കുന്നതിനു മുൻപ് യോസയോട് കുശലം പറഞ്ഞുവരാം എന്നുകരുതി മാർക്വേസ് അങ്ങോട്ടു ചെന്നു. മാർക്വേസ് യോസയെ അഭിവാദ്യം ചെയ്തതും പൊടുന്നനെ മുഖത്ത് അടി കിട്ടിയതും നിലത്തു വീണതും ഒരുമിച്ചായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മാർക്വേസിനോ ചുറ്റും കൂടിനിന്നവർക്കോ മനസിലായില്ല. മുഖം നിറയെ ചോരയുമായി മാർക്വേസ് തിയറ്ററിൽനിന്ന് പുറത്തേക്കിറങ്ങി. അങ്ങനെ ഉദാത്തമായ ആ സൗഹൃദം നീണ്ട മുപ്പത് വർഷക്കാലത്തേക്ക് ശിക്ഷിക്കപ്പെട്ടു.
പിൽക്കാലത്ത് മാർക്വേസും യോസയും എഴുതിക്കൂട്ടിയ സാഹിത്യത്തേക്കാൾ തലപ്പൊക്കം ഇരുവരുടെയും പിണക്കത്തിന്റെ കഥകൾക്കായിരുന്നു. അതിൽ പലതും പാണന്മാർ പാടിനടന്ന കഥകളായിരുന്നു. ചില കഥകൾ ശുദ്ധ ഫലിതങ്ങളായിരുന്നു. ചിലത് ചീത്തക്കഥകളായിരുന്നു. ചിലത് വിശ്വസിക്കാവുന്നത്. ചിലത് മാജിക്കൽ റിയലിസത്തെ വെല്ലുന്നത്. ചിലത് രാഷ്ട്രീയച്ചുവ കലർന്നത്. ഇതിൽ പാണർ പാടിനടന്ന കഥകളിലൊന്നു പറയാം. അതു സാഹിത്യമാണ്. മാർക്വേസിന്റെ വിഖ്യാത നോവൽ ‘ഏകാന്തതയുടെ നൂറു വർഷങ്ങളി’ലെ ഒരു കഥാപാത്രമാണ് റെമെതിയോസ്. അവൾ അതിസുന്ദരിയും തീരെ ലജ്ജയില്ലാത്തവളുമാണ്.
ഒരു ദിവസം അവൾ കുളിച്ചുകൊണ്ടു നിൽക്കുമ്പോൾ കുളിപ്പുരയുടെ ഓടിളക്കി ഒരുവൻ അവളുടെ ഉടൽഭംഗി ആസ്വദിച്ചിരിക്കുകയായിരുന്നു. ഓടിളക്കുന്ന ശബ്ദംകേട്ട് അവൾ മുകളിലേക്ക് നോക്കിയെങ്കിലും അവളൊട്ടും ഭയപ്പെടുകയോ ലജ്ജിച്ച് തല താഴ്ത്തുകയോ വിളിച്ചുകൂവി ആളെക്കൂട്ടുകയോ ചെയ്തില്ല. അവൾ പറഞ്ഞു “നിങ്ങൾ കയറിയിരിക്കുന്ന ഓടുകൾ വളരെ പഴകിയതാണ്. ഇലകൾ വീണുവീണു അതേറെ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടാകണം. നിങ്ങൾ അധികം വൈകാതെ താഴേക്കു വീഴാൻ സാധ്യതയുണ്ട്”. അവളുടെ വാക്കുകൾ അവനെ ഒട്ടുമേ ഭയപ്പെടുത്തിയില്ല. അവൻ കൂടുതൽ ഉന്മേഷവാനായിക്കൊണ്ട് ചോദിച്ചു “നിന്റെ ശരീരത്തിൽ ഞാൻ സോപ്പ് തേച്ചുതരട്ട” എന്ന്.
“ക്ഷമിക്കണം. നിങ്ങളുടെ സദുദ്ദേശ്യത്തിന് വളരെ നന്ദി. എനിക്ക് രണ്ടു കൈകൾ ഉണ്ടല്ലോ. ഞാനതുകൊണ്ട് സോപ്പ് തേച്ചോളാം” അവൾ പെട്ടെന്നു മറുപടി പറഞ്ഞു. “എങ്കിൽ നിന്റെ മുതുകത്ത് ഞാൻ സോപ്പ് തേച്ചുതരാം. അവിടേക്ക് നിന്റെ കൈകൾക്ക് എത്താൻ കഴിയില്ലല്ലോ.” അവൻ വിടാൻ ഭാവമില്ലാതെ പറഞ്ഞു. “നിങ്ങളെത്ര ആർദ്രനാണ്. പക്ഷേ, കുളിക്കുമ്പോൾ ആരും മുതുകിൽ സോപ്പുതേക്കാറില്ലല്ലോ!” അവൾ പറഞ്ഞു. അവൻ മറുപടിയൊന്നും പറഞ്ഞില്ല. അവൻ അവളെത്തന്നെ കണ്ണടയ്ക്കാതെ നോക്കിയിരുന്നു. കുളികഴിഞ്ഞ് അവൾ ശരീരം തുവർത്തിത്തുടങ്ങുമ്പോൾ സന്തോഷാധിക്യത്താൽ നിറഞ്ഞ കണ്ണുകളുമായി അവൻ അപേക്ഷിച്ചു.
“എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട്, സമ്മതമല്ലേ?” അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു “കഴിക്കേണ്ട സമയത്ത് ആഹാരം കഴിക്കാതെ ഒരു സ്ത്രീ കുളിക്കുന്നതു നോക്കിയിരുന്ന് സമയം ധൂർത്തടിച്ചു കളഞ്ഞ നിങ്ങളെ വിവാഹം കഴിക്കാൻ എനിക്ക് താത്പര്യമില്ല” അവളതു പറഞ്ഞതും ബാക്കി ഓടുകൾകൂടി ഇളക്കിമാറ്റി അവൻ കുളിപ്പുരയ്ക്കുള്ളിലേക്ക് ചാടി. പരുപരുത്ത സിമന്റുതറയിൽ തലയിടിച്ചു വീണ അവൻ തത്ക്ഷണം മരണപ്പെട്ടു. നോവൽ ഇങ്ങനെ നീങ്ങുകയാണ്. എന്നാൽ ഈ രംഗത്തിലെ കാമാർത്തനായ ‘അവൻ’ യോസയെ മനസിൽ കണ്ടുകൊണ്ട് മാർക്വേസ് എഴുതിയതാണെന്ന് ഇരുവരുടെയും പൊതുസുഹൃത്തുക്കൾ അടക്കംപറഞ്ഞു. അവരിലൊരാൾ ഒരിക്കൽ മാർക്വേസിനോട് ഇക്കാര്യം ചോദിച്ചു.
മാർക്വേസ് പാതി ഫലിതമായും പാതി ഗൗരവമായും പറഞ്ഞു “ആർക്കും മനസിലാകാതിരിക്കാൻ വേണ്ടിയാണ് ഞാനിങ്ങനെയെല്ലാം എഴുതുന്നത്. പക്ഷേ, നിങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഞാൻ മറ്റൊരു ഭാഷ കണ്ടുപിടിച്ച് എഴുതേണ്ടിയിരിക്കുന്നു!” മാർക്വേസിന്റെ മറുപടി നിർദോഷമായിരുന്നെങ്കിലും ഇത് യോസയെ കൂടുതൽ ക്ഷുഭിതനാക്കിയിട്ടുണ്ടാകണം. ഒരടി കൊടുക്കാൻ തക്കംപാർത്തിരുന്നിട്ടുണ്ടാകണം. ഒടുവിലതു സംഭവിച്ചു.
ഈ നോവൽ സന്ദർഭം ഇങ്ങനെയാണെങ്കിലും ഇതിലെ ‘അവൻ’ യോസയാണെന്ന് ഒരു നിശ്ചയവുമില്ല. യോസയുടെ സ്വഭാവവുമായോ സ്വകാര്യജീവിതവുമായോ ഇതിനു പുലബന്ധംപോലും പിൽക്കാലത്ത് ഉയർന്നുകേട്ടിട്ടുമില്ല. പക്ഷേ, യോസ മാർക്വേസിനെ തല്ലി. അതിനു സാക്ഷികളുമുണ്ട്. എന്നാൽ, അടിച്ചവനും അതു കണ്ടവരും അന്നു മുതൽ അതു മറക്കാൻ തുടങ്ങി. പക്ഷേ, മാർക്വേസ് അതു മറന്നില്ല; മറന്നപ്പോഴെല്ലാം ചെകിടത്ത് ആഴത്തിൽ വരഞ്ഞ ആ നോവ് ഓർമപ്പെടുത്തിക്കൊണ്ടേയിരുന്നു. പല ഘട്ടങ്ങളിലും യോസ മാർക്വേസുമായി പഴയ സൗഹൃദത്തിലെത്താൻ ആവുന്നത്ര ശ്രമിച്ചു.
ഒന്നിലധികം തവണ ഫിദൽ കാസ്ട്രോപോലും അതിനു മുന്നിട്ടിറങ്ങി. നടന്നില്ല. മുപ്പതു വർഷം മാർക്വേസ് മിണ്ടാതെ നടന്നു. ഒരേകാലം ഒരു നദിയുടെ ഇരുകരകളിലൂടെ ബുദ്ധൻ നടക്കാറുണ്ട് എന്നൊരു സെൻ കഥയുണ്ട്. അതുപോലെ ഒരു നദിയുടെ ഇരുകരകളിലൂടെ നടന്നവരായിരുന്നു ഇവർ. ആ നടത്തത്തിനു പിന്നിൽ എഴുത്തിന്റെ ഉറച്ച ലക്ഷ്യമുണ്ടായിരുന്നു. അവരിരുവരും അപകടകരമായി എഴുതാൻ പറുദീസയിൽനിന്നു സ്വയം ബഹിഷ്കൃതരായവരായിരുന്നു. അവർ ജീവിച്ച ലോകത്തെ അതേപടി പകർത്തിവയ്ക്കാൻ അവരിരുവരും ഇഷ്ടപ്പെട്ടിരുന്നില്ല. അവരിരുവരും ഉളിയും കലപ്പയും കൊണ്ട് പുതിയ വാഗ്ദത്തഭൂമികൾ സൃഷ്ടിക്കുകയായിരുന്നു.
‘പിറക്കാനിരിക്കുന്ന വായനക്കാർക്കുവേണ്ടിയാണ്’ ഞാനെഴുതുന്നതെന്ന് ഒരിക്കൽ യോസ പറഞ്ഞു. പിറക്കാനിരിക്കുന്ന വായനക്കാർ പിറന്നുകഴിഞ്ഞിട്ട് കാലം പിന്നെയും കടന്നുപോയി. തനിക്കുമുൻപേ പോയവരിൽനിന്ന് എങ്ങനെ വഴിമാറി നടക്കണമെന്ന് യോസയ്ക്ക് അറിയാമായിരുന്നു. ആദ്യകാലങ്ങളിൽ യോസ മാർക്വേസിനെപ്പോലെ എഴുതാൻ ശ്രമിച്ചിരുന്നു. എന്നാലത് ഭാവിയിൽ മാർക്വേസിന്റെ കൈവഴികളിലൊന്നായിത്തീരുമെന്ന് യോസ കരുതി. അതൊഴിവാക്കാൻ യോസ കണ്ടെത്തിയ മാർഗം ഏറെ വിചിത്രമായിരുന്നു. ക്ലാസിക്കുകൾ വായിച്ച് അതിലെ ഇഷ്ടഭാഗങ്ങൾ സ്വന്തം ഭാവനയ്ക്കനുസൃതമായി മാറ്റിയെഴുതുക.
ഈ മാറ്റിയെഴുതലുകളും വില്യം ഫോക്നറിൽനിന്ന് സ്നാനപ്പെട്ടതിന്റെ വന്യതയും സാർത്രിൽനിന്ന് കടംകൊണ്ടതിന്റെ വേവും ചേർത്താണ് യോസ, യോസയെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ യോസ യാഥാർഥ്യങ്ങളിൽ ജീവിക്കുകയും യാഥാർഥ്യങ്ങളെ പകർത്തിവയ്ക്കുകയും ചെയ്തു. ക്ഷീണിക്കാത്ത ഒരു തീവണ്ടി എൻജിനാകണം ഒരെഴുത്തുകാരന്റെ മനസ് എന്ന് യോസ പറയാറുണ്ടായിരുന്നു.
അറുപതുകളിൽനിന്ന് യാത്ര തിരിച്ച ഒരു തീവണ്ടി എൻജിൻതന്നെയായിരുന്നു യോസ. അതിലദ്ദേഹം കഥാപാത്രങ്ങളെ കുത്തിനിറച്ചില്ല. അത് എല്ലാ സ്റ്റേഷനിലും നിർത്തുന്ന തീവണ്ടിയായിരുന്നില്ല. പരിക്കുകൾ പറ്റി പരുക്കനായിപ്പോയതാണ് തന്നിലെ എഴുത്തുകാരൻ എന്നും അതെല്ലാവരുടെയും അനുസരണയില്ലാത്തവൻ എന്ന വിളിപ്പേരിനു കാരണമാക്കിയെന്നും യോസ പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. ഇത്തരം തുറന്നുപറച്ചിലുകളുടെ ചൂര്, അദ്ദേഹത്തിന്റെ നോവലുകളിലും കാണാം. ‘ആടുവിരുന്നി’ൽ (Feast of Goat) രതിയും അധികാരവും കാലവും ചേർന്നു നടത്തുന്ന ഒരു ഗൂഢാലോചനയുണ്ട്.
ഈ ഗൂഢാലോചനയിലാണ് നോവലിന്റെ ആരൂഢം യോസ ഉറപ്പിച്ചിട്ടുള്ളത്. ഭൂതകാലത്തെ നോക്കി വിലപിക്കുന്ന നിഷ്കാസിതമായ ചരിത്രത്തെ അല്ല; ഭാവിയിലേക്ക് നോക്കി ജാഗരംകൊള്ളുന്ന ചരിത്രത്തെയാണ് ആടുവിരുന്നിൽ യോസ ക്ഷണിച്ചു കൊണ്ടുവരുന്നത്. ഈ ക്ഷണം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഏകാധിപതിയായിരുന്ന ത്രൂഹില്യോ മോളിനയുടെ കൊലപാതകത്തിൽ അവസാനിക്കുന്പോൾ ചരിത്രം ചിലമ്പുകളണിഞ്ഞ് നൃത്തംചെയ്യുന്നതു കാണാം. ചരിത്രത്തിന്റെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നത് യോസയാണെന്ന് പതിയെ നാം തിരിച്ചറിയുകയും ചെയ്യുന്നു.
യോസ മടങ്ങുകയാണ്. ആത്മസുഹൃത്തും പുസ്തകസ്നേഹിയുമായിരുന്ന കാർവെൻ ബെൽസേഴ്സ് അന്തരിച്ചപ്പോൾ യോസ എഴുതി “പ്രിയപ്പെട്ടവനേ, വൈകാതെ നമുക്ക് കാണാം” എന്ന്. ഭൂമി വിട്ടുപോകുന്ന പ്രിയപ്പെട്ടവരോടെല്ലാം ഉള്ളിലെങ്ങോ നാം പറഞ്ഞുറപ്പിക്കുന്ന ഒരു സ്തോത്രമാണിത്. ദരിദ പോയപ്പോൾ മാർക്വേസും മാർക്വേസ് പോയപ്പോൾ യോസയും യോസ പോയപ്പോൾ ആരൊക്കെയോ അതു പറഞ്ഞിട്ടുണ്ടാകണം. ഇതെഴുതിവന്നപ്പോൾ മേതിലിന്റെ ഒരു കഥ ഓർമ വരുന്നു: ‘കയറിന്റെ അറ്റം’.
ഭൂമിയിലെ ജാലവിദ്യക്കാർ അപ്രത്യക്ഷമാക്കുന്നതെല്ലാം ചെന്നെത്തുന്ന ഒരിടമുണ്ടെന്നും അത് മേഘങ്ങൾക്കും ആകാശത്തിനുമിടയിലെ അതിവിസ്തൃതമായ ഒരിടത്താണെന്നുമാണ് ആ കഥ. അതുപോലെ കാലമാകുന്ന മാന്ത്രികൻ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാക്കിയ നമ്മുടെ പൂർവികരും അവിടെയുണ്ടാകുമല്ലോ എന്നതൊരാശ്വാസമാണ്. അവിടെയെത്തിയ യോസയെ മാർക്വേസാകും സ്വീകരിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് തോന്നുന്നു. ഇതാ എന്റെ പുതിയ പുസ്തകം (I Give you My silence) എന്നുപറഞ്ഞ് യോസ അത് മാർക്വേസിന് കൊടുത്തിട്ടുണ്ടാകണം. ഇരുവരും ആ പഴയ ‘തല്ലോ’ർത്തിട്ടുണ്ടാകണം. അതിന്റെ പേരിൽ പ്രചരിച്ച കഥകളെയോർത്തു കുടുകുടെ ചിരിച്ചിട്ടുണ്ടാകണം.
‘ഏകാന്തതയുടെ നൂറ് വർഷങ്ങളി’ലെ റെമെതിയോസിന്റെ നഗ്നതയിൽ അഭിരമിച്ച് വീണു മരിക്കുന്ന ‘അവൻ’ താങ്കളല്ല എന്ന് മാർക്വേസ് ആണയിട്ടു പറഞ്ഞിട്ടുണ്ടാകണം. ഇതെല്ലാം കേട്ടുകഴിഞ്ഞ്, തല്ലുകൊണ്ട മാർക്വേസിന്റെ കവിളിൽ യോസ ചുംബിച്ചിട്ടുണ്ടാകണം. അതെ, ഒന്നമർത്തി ചുംബിച്ചാൽ ഏതു മുറിവും ഉണങ്ങുമെന്ന് ഞാനൊരിക്കലെഴുതിയത് ഇവർക്ക് അറിയാമായിരുന്നോ?