ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)
Wednesday, April 30, 2025 10:43 PM IST
“മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
2,400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1,600 കോടി പൊതുമേഖലാ ധനസ്ഥാപങ്ങളില്നിന്ന് വായ്പ എടുക്കാവുന്നതേയുള്ളൂ. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനു പകരമാണ് 6,000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തി” - അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വാക്കുകളാണിത്.
വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നടക്കുന്നവര്‍ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കണം. വിഴിഞ്ഞത്തിന് നിരവധി പ്രത്യേകതകളുണ്ട്. പ്രകൃതിദത്തമായ ആഴമുള്ളതിനാല്‍ താരതമ്യേന ചെലവ് കുറഞ്ഞ രീതിയില്‍ ഡ്രെഡ്ജിംഗ് നടത്താന്‍ സാധിക്കുന്നതും അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോടുള്ള സാമീപ്യവുമാണ് ഈ ഘടകങ്ങള്‍. ഈ അനുകൂല ഘടകങ്ങള്‍ കാരണം രാജഭരണ കാലം മുമ്പുതന്നെ വിഴിഞ്ഞത്ത് ഒരു തുറമുഖം എന്ന ആശയം നിലനിന്നിരുന്നു. എന്നാല്‍, ഈ സ്വപ്നത്തിനു ചിറക് നല്‍കിയത് 2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.
2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടന്‍ തുറമുഖ പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയി. അന്നത്തെ കേന്ദ്ര പരിസ്ഥിതി വകുപ്പുമന്ത്രി ജയറാം രമേശിനെ പദ്ധതി പ്രദേശത്ത് കൊണ്ടുവന്ന് പരിസ്ഥിതി ആഘാതപഠനത്തിനുവേണ്ടിയുള്ള ടേംസ് ഓഫ് റെഫറന്‍സ് അദ്ദേഹത്തെക്കൊണ്ട് അംഗീകരിപ്പിച്ചു.
2013 ഓഗസ്റ്റില്‍ പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടിന് അംഗീകാരം കിട്ടുകയും 2013 മേയില്‍ ഡിപിആര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തമിഴ്നാട്ടിലെ കുളച്ചലിലെ തുറമുഖത്തിന്റെ വെല്ലുവിളി അതിജീവിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞത്തിന് ജീവന് വയ്പിച്ചത്. പരിസ്ഥിതി അനുമതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ആഗോള ടെൻഡര്‍ പുറപ്പെടുവിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു സാധിച്ചു.
പദ്ധതിക്കു വേണ്ടിവരുന്ന 90 ശതമാനം ഭൂമിയും 2014ല്‍തന്നെ ഏറ്റെത്തു. ഇതിനിടെ നിരവധി കോടതികളിലായി നടന്ന നിയമയുദ്ധങ്ങളിലും വിജയിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോയത്. 2015 സെപ്റ്റംബര്‍ 17നാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം 1460 ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണം. നിങ്ങള്‍ക്ക് ആയിരം ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നാണ് ഉമ്മന്‍ ചാണ്ടി കരാര്‍ ഏറ്റെടുത്ത കമ്പനിയോട് ചോദിച്ചത്.
ആയിരം ദിവസംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് കമ്പനി അറിയിക്കുകയും തുറമുഖത്തിന്റെ സൈറ്റില്‍ 1000 എന്നൊരു ബോര്‍ഡ് വയ്ക്കുകയും ചെയ്തു. ഓരോ ദിവസവും കൗണ്ട് ഡൗണ്‍. അങ്ങനെയാണ് യുഡിഎഫ് ഭരണകാലത്ത് ഈ പദ്ധതി മുന്നോട്ട് പോയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ അനുസരിച്ച് 2019ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ സ്വാഭാവികമായും പൂര്‍ത്തിയായതാണ്. അല്ലാതെ ഈ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ ഒരു പങ്കും ഒമ്പതു വര്‍ഷത്തെ പിണറായി സര്‍ക്കാരിനില്ല.
പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും നടപ്പാക്കിയിട്ടില്ല. പുനരധിവാസത്തിനു വേണ്ടിയുള്ള 475 കോടിയുടെ പാക്കേജും യാഥാര്‍ഥ്യമായിട്ടില്ല. കരാര്‍ അനുസരിച്ചുള്ള റോഡ്, റെയില്‍ കണക്ടിവിറ്റികള്പോലും സംസ്ഥാനത്തിന് ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.