ധന്യൻ മാർ ഈവാനിയോസ് മെത്രാഭിഷേകത്തിന്റെ നൂറു വർഷങ്ങൾ
Wednesday, April 30, 2025 10:50 PM IST
ഫാ. ബോവസ് മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ, മലങ്കര സുറിയാനി കത്തോലിക്കാ സഭ)
സാമൂഹിക വികസനവും വളർച്ചയും സുവിശേഷ പ്രഘോഷണത്തിന്റെ നന്മയായി പൊതുസമൂഹം ഏറ്റുവാങ്ങേണ്ടതുണ്ടെന്നും അതിനായി വിദ്യാഭ്യാസം, സാമൂഹിക പുരോഗതി എന്നീ മേഖലകളിൽ സഭയുടെ ശ്രദ്ധ അത്യാവശ്യമായി പതിയേണ്ടതുണ്ടെന്നും നൂറു വർഷം മുമ്പ് ഉദ്ബോധിപ്പിച്ച ധന്യൻ മാർ ഈവാനിയോസിന്റെ മെത്രാഭിഷേക ശതാബ്ദിയാണിന്ന്. ഭാരതമണ്ണിൽ സുവിശേഷം പ്രഘോഷിക്കുന്നതിന് ഏറ്റവും തടസമായിട്ടുള്ളത് സഭയിലുള്ള അനൈക്യമാണെന്നും സമഗ്രമായ പങ്കാളിത്തം സഭയുടെ പ്രേഷിതശുശ്രൂഷകളെ ബലപ്പെടുത്തുമെന്നും അന്ന് ആ നവമെത്രാൻ പറഞ്ഞു. വൈദിക, സന്യാസ, അൽമായ സമൂഹങ്ങളുടെ കൂട്ടുത്തരവാദിത്വമാണ് സഭയുടെ ദർശനമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
സഭൈക്യ ആഹ്വാനം
നിരണത്ത് 100 വർഷങ്ങൾക്ക് മുന്പ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നടത്തിയത് കേവലം സഭൈക്യത്തിനുവേണ്ടിയുള്ള ആഹ്വാനം മാത്രമായിരുന്നില്ല. തന്നിലൂടെ രൂപപ്പെടാനിരിക്കുന്ന ഐക്യത്തിന്റെയും നവീകരണത്തിന്റെയും വിശ്വാസ്യതയുള്ള ക്രിസ്തീയ സാക്ഷ്യത്തിന്റെയും നവപ്രസ്ഥാനം ഈ വാക്കുകളിലൂടെ മാംസം ധരിക്കുകയായിരുന്നു.
ഇത്തരത്തിൽ സഭൈക്യം സാധ്യമാക്കിയ ധന്യൻ മാർ ഈവാനിയോസിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പും ബഥനി സന്യാസ, സന്യാസിനീ സമൂഹങ്ങളുടെ സ്ഥാപകനുമെന്ന നിലയിൽ ആഗോള സഭയിൽ അനുഗൃഹീത സ്ഥാനമാണുള്ളത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലായിരുന്നു അദ്ദേഹത്തിന്റെ മെത്രാഭിഷേകം. 1925 മേയ് ഒന്നിന് നിരണം പള്ളിയിൽ ആബോ ഗീവർഗീസ് എന്ന ബഥനി സന്യാസി, ബഥനിയുടെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. കണ്ടനാട് മാർ ഈവാനിയോസ്, വാകത്താനം മാർ ഫീലക്സീനോസ്, കുണ്ടറ മാർ ഗ്രിഗോറിയോസ് എന്നിവരായിരുന്നു അഭിഷേക കർമങ്ങളുടെ മുഖ്യകാർമികർ.
മെത്രാഭിഷേകത്തിനു ശേഷം നടന്ന അനുമോദനസമ്മേളനത്തിൽ നവമെത്രാൻ ഗീവർഗീസ് മാർ ഈവാനിയോസ്, സഭയിലുണ്ടാകേണ്ട ഐക്യത്തെക്കുറിച്ച് വളരെ വ്യക്തമായിത്തന്നെ പ്രസംഗിച്ചു. സാർവത്രിക സഭാ കൂട്ടായ്മയിലേക്ക് മലങ്കരയിലെ എല്ലാ സഭകളും എത്തിച്ചേരണം എന്നുള്ളത് മാർ ഈവാനിയോസ് തിരുമേനിയുടെ ജീവിതാഭിലാഷവും ആത്മീയദർശനവുമായിരുന്നു. യേശുക്രിസ്തുവിന്റെ പുനരാഗമനം വരെ നീണ്ടുനിൽക്കേണ്ട ഐക്യത്തിന്റെ ശുശ്രൂഷ തുടങ്ങിവയ്ക്കുകയായിരുന്നു അദ്ദേഹം. സന്യാസപ്രസ്ഥാനം മലങ്കരയിൽ വലിയ നവീകരണം കൊണ്ടുവരുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
ദീർഘവീഷണത്തോടെയുള്ള പ്രവർത്തനം
വ്യക്തിപരമായും സഭാ സമൂഹമായും നവീകരിക്കപ്പെടുന്നതിന് സന്യാസപ്രസ്ഥാനം സഹായിക്കും. വിശുദ്ധീകരണത്തിനും നവോന്മേഷ സ്വീകരണത്തിനും സന്യാസം സഹായിക്കും. 100 വർഷങ്ങൾക്കു മുന്പ് തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെ സ്ത്രീകളടക്കമുള്ള സുവിശേഷകരുടെ പരിശീലനത്തിന്റെയും അവരെ തിരുവിതാംകൂറിന് തെക്കോട്ടേക്കും മറ്റിടങ്ങളിലേക്കും സുവിശേഷപ്രേഷിതരായി അയയ്ക്കേണ്ടതിന്റെയും ആവശ്യകത അതീവ പ്രാധാന്യത്തോടെ പറഞ്ഞു. ഈ തലമുറയേക്കാൾ എത്രയോ മുന്പ് അദ്ദേഹം ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്.
നൂറു വർഷം മുന്പ് എല്ലാ തലങ്ങളിലുള്ളവരുടെയും സഭാത്മകമായ പങ്കാളിത്തത്തെക്കുറിച്ച് മാർ ഈവാനിയോസ് തിരുമേനി പ്രസംഗിച്ചു. സാർവത്രികസഭ സിനഡാത്മക സഭയെക്കുറിച്ച് ചിന്തിക്കുകയും ധീരമായ നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് മാർ ഈവാനിയോസ് തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെയും മലങ്കരയിൽ അന്നോളം കേട്ടിട്ടില്ലാത്ത തന്റെ പ്രസംഗത്തിന്റെയും ശതാബ്ദി ആഘോഷിക്കുന്നത്.
അഭിമാനകരമായ സഭാജീവിതം
കൂടുതൽ അറിയുംതോറും അതിയായ അദ്ഭുതം ഉളവാക്കുന്നതാണ് മാർ ഈവാനിയോസ് തിരുമേനിയുടെ ജീവിതം. പണ്ഡിതോചിതമായ വൈദികജീവിതം, വിശുദ്ധി നിറഞ്ഞ സന്യാസജീവിതം, കർമനിരതമായ മേൽപ്പട്ടക്കാരന്റെ ജീവിതം ഇങ്ങനെ എല്ലാ നിലകളിലും ധന്യൻ മാർ ഈവാനിയോസ് എടുത്ത തീരുമാനങ്ങൾ, അത് നടപ്പാക്കിയ രീതി, അത് നൽകിയ ദീർഘകാല സദ്ഫലങ്ങൾ, ഇവയെല്ലാം പരിശോധിക്കുന്പോൾ ദൈവത്തിന്റെ കൈയൊപ്പ് ഹൃദയത്തിലേറ്റുവാങ്ങിയ ഒരു മഹാപുരോഹിതനെയാണ് നമുക്ക് മാർ ഈവാനിയോസിൽ കാണാൻ സാധിക്കുന്നത്.
കണ്ടുനിന്നവരിൽ അദ്ദേഹത്തിന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ, താൻ എപ്പോഴും ദൈവത്തിന്റെ കരങ്ങളിലെ ഒരു ഉപകരണം മാത്രമാണെന്നുള്ള തിരിച്ചറിവും ഉത്തമബോധ്യവും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു ചുവടുപോലും പിന്നോട്ടു വയ്ക്കാൻ അനുവദിച്ചില്ല. മാർ ഈവാനിയോസ് തന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു വലിയ തലമുറയ്ക്കും പിൻഗാമികൾക്കും അഭിമാനകരമായ സഭാജീവിതമാണ് സമ്മാനിച്ചത്. സമാധാനത്തിന്റെ ദിനങ്ങൾ, കോടതി വ്യവഹാരങ്ങളില്ലാത്ത സഭാ ജീവിതം, സാർവത്രിക കൂട്ടായ്മയുടെ അഭിമാനം ഇതെല്ലാം ഈ കാലഘട്ടത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലമുറ സ്വന്തമാക്കുന്നതിന് മാർ ഈവാനിയോസിന്റെ ത്യാഗനിർഭരമായ ജീവിതമാണ് വിലയായി നൽകിയത്.
മലങ്കര പുനരൈക്യപ്രസ്ഥാനം
അപമാനത്തിന്റെയും ഒറ്റപ്പെടലിന്റെയും മുറിവുകൾ ആ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ തന്റെ മുന്നിലുള്ള ലക്ഷ്യം നിസാരമായിരുന്നില്ല. അതുകൊണ്ട് വേദനകളെല്ലാം ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അദ്ദേഹം കാര്യമായി എടുത്തില്ല. മലങ്കര പുനരൈക്യപ്രസ്ഥാനം സാർവത്രിക സഭാ ചരിത്രത്തിൽ നടന്ന നിർണായകമായ ഒരു സംഭവമാണ്. അപ്പസ്തോലികമായ മലങ്കരയിലെ സഭ കാലത്തിന്റെ ചില പ്രത്യേക സാഹചര്യങ്ങളിൽ വിഭജനത്തിന്റെ ഇരയായി മാറി. എന്നാൽ, വിഭജനത്തിന്റെ മുറിവ് വലുതാകുന്നതിനുമുന്പ് അത് പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങൾ നാലു നൂറ്റാണ്ടുകളായി നടന്നുവരികയായിരുന്നു. മുറിവുണങ്ങിയില്ല എന്നുമാത്രമല്ല, വിഭജനത്തിന്റെ ആഴം കൂടിക്കൊണ്ടിരുന്നു. പുരാതനമായ മലങ്കരയിലെ സഭ നിരന്തരം വിഭജനത്തിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും നീങ്ങിക്കൊണ്ടിരുന്നു. ഐക്യത്തിനുള്ള എല്ലാ പരിശ്രമങ്ങളും വിഫലമായി. എന്നാൽ, 1930ൽ ബഥനിയുടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നടത്തിയ പരിശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക് നീങ്ങി. അന്ത്യോഖ്യൻ ആരാധനാക്രമം പിൻതുടരുന്ന ഒരു വ്യക്തിഗത സഭയായി മലങ്കര പുനരൈക്യപ്രസ്ഥാനം വളർന്നു.
വ്യക്തിഗത സഭ
ഇന്ന് സൂനഹദോസ് സംവിധാനത്തിലൂടെ സ്വയംഭരണാവകാശമുള്ളതും പൗരസ്ത്യ കാനൻ നിയമമനുസരിച്ച് പാത്രിയാർക്ക സഭകൾക്ക് തുല്യവുമായ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി മലങ്കര സുറിയാനി കത്തോലിക്കാ സഭ ഉയർത്തപ്പെട്ടു. സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പിനെ മലങ്കര സഭയുടെ പാരന്പര്യമനുസരിച്ച് കാതോലിക്കാ ബാവായെന്ന് വിശ്വാസീസമൂഹം വിളിക്കുന്നു. അതിനെ സ്ഥിരീകരിക്കുന്ന സഭയുടെ പ്രത്യേക നിയമങ്ങൾക്ക് പരിശുദ്ധ സിംഹാസനം കാനോനികമായ അംഗീകാരം നൽകിയിട്ട് വർഷങ്ങളായിരിക്കുന്നു. ഇന്ന് സഭയുടെ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, മാർ ഈവാനിയോസ് പിതാവിന്റെ പിൻഗാമി, സാർവത്രിക സഭയുടെ പരമാധ്യക്ഷനായ റോമായിലെ പരിശുദ്ധ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾ സംഘത്തിലെ അംഗമാണ്.ഇത് ദൈവപരിപാലനയും പദ്ധതിയുമാണെന്ന് വ്യക്തമാണ്. കാരണം ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് മാർ ഈവാനിയോസ് തന്റെ കാലശേഷവും മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥത വഹിക്കുമെന്നു പറഞ്ഞത്.
വിശുദ്ധരുടെ ഗണത്തിലേക്കുള്ള നാമകരണ നടപടികളിൽ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി, കാലംചെയ്ത പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചിരുന്നു. 100 വർഷങ്ങൾക്കുമുന്പ് മാർത്തോമ്മാ ശ്ലീഹായുടെ പാദസ്പർശനത്താൽ പുണ്യമാക്കപ്പെട്ട നിരണത്തിന്റെ മണ്ണിൽവച്ച് ശ്ലൈഹിക ശുശ്രൂഷയിലേക്ക് അഭിഷേകം ചെയ്യപ്പെട്ട ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് പരിശുദ്ധ കത്തോലിക്കാ സഭയുടെ ബലിപീഠങ്ങളിൽ വണങ്ങപ്പെടുന്നതിന് അർഹനായിത്തീരും.
മാർ ഈവാനിയോസ് എന്ന സംരക്ഷകകവചം മലങ്കര കത്തോലിക്കാ സഭയ്ക്ക് പകർന്നുനൽകിക്കൊണ്ടിരിക്കുന്ന സുരക്ഷിതത്വവും അഭിമാനബോധവും അനന്യമാണ്. സ്വർഗം ഈ സഭയെയും ഈ കാലഘട്ടത്തിൽ ഈ സഭയ്ക്ക് നേതൃത്വം നൽകാൻ തെരഞ്ഞെടുത്തവരെയും കരുതുന്നതിന്റെ മിഴിവാർന്ന അടയാളങ്ങൾ മാർ ഈവാനിയോസ് തിരുമേനിയുടെ വിശുദ്ധ നാമകരണ നടപടികൾക്ക് സ്വർഗം നൽകുന്ന കൃത്യമായ കൈയൊപ്പാണ്.
2025 ജൂലൈ 15ന് നടക്കുന്ന മാർ ഈവാനിയോസ് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് മെത്രാഭിഷേകത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ നടക്കും. ശ്ലൈഹിക ശുശ്രൂഷ ഒരു സഭയെ ഭിന്നതയിൽനിന്നും പൈശാചിക പരീക്ഷണങ്ങളിൽനിന്നും കാത്തുസൂക്ഷിക്കുന്നതിനും അതിനെ ദൈവോന്മുഖമായി പരിപാലിക്കുന്നതിനുമുള്ള നിയോഗമാണെന്ന് 100 വർഷങ്ങൾക്ക് മുന്പ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട പുണ്യപിതാവ് നമ്മെ പഠിപ്പിച്ചു. തന്റെ ജീവിതംകൊണ്ട് ഈ കാലഘട്ടത്തിലും നമ്മെ അതിനു പ്രേരിപ്പിച്ചുകൊണ്ടിരിക്കും.