നഷ്ടമായത് സ്നേഹമുള്ള അങ്കിളിനെ: മൗറോ ബെർഗോളിയോ
Thursday, May 1, 2025 1:14 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
“ലോകത്തിനു നഷ്ടമായത് ഒരു നേതാവിനെ ആയിരിക്കാം. പക്ഷേ ഞങ്ങൾക്കു നഷ്ടമായത് സ്നേഹമുള്ള അങ്കിളിനെയാണ്’’ -ഫ്രാൻസിസ് മാർപാപ്പയുടെ സഹോദരൻ ഓസ്കറിന്റെ മകനായ മൗറോ ബെർഗോളിയോയുടെ വാക്കുകളിൽ ബെർഗോളിയോ കുടുംബത്തിന്റെ ആഴവും അടുപ്പവും വ്യക്തമാണ്. മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ മൗറോയും കുടുംബവും ഇന്നലെ അർജന്റീനയിലേക്കു മടങ്ങുന്നതിനു മുമ്പ് ദീപികയോടു മനസു തുറന്നു.
അങ്കിളിന്റെ മനസിൽ കുടുംബത്തിലെ കുട്ടികളായ ഞങ്ങൾക്ക് എന്നും ഒരു സ്ഥാനമുണ്ടായിരുന്നു. അദ്ദേഹം അർജന്റീനയിൽ ആയിരുന്നപ്പോഴും എന്നും തിരക്കായിരുന്നതിനാൽ ഞാൻ ഒരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല. പക്ഷേ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും പേരുകൾ എപ്പോഴും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. ഇവിടെ വന്നപ്പോഴാണ് അദ്ദേഹത്തെ ഞങ്ങൾ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടിയായി ലോകം മുഴുവനും സ്നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്കു മനസിലായത്. ശ്വാസതടസത്തിനിടയിലും അദ്ദേഹം സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു. കുറച്ചു ദിവസം മുന്പ് ആശുപത്രി വിട്ടപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. കുഴപ്പമൊന്നുമില്ലെന്നും ആകുലപ്പെടേണ്ടെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ മരണവാർത്ത ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു -മൗറോ ബെർഗോളിയോ പറഞ്ഞു.
ഇപ്പോൾ ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നത് ഒരേസമയം സന്തോഷവും സങ്കടവുമാണ്! തീർച്ചയായും ഞങ്ങൾക്ക് ഞങ്ങളുടെ സ്നേഹനിധിയായ അങ്കിളിനെ നഷ്ടമായി, പക്ഷേ തന്റെ വീടും നാടും ആർക്കുവേണ്ടിയാണോ അദ്ദേഹം ഉപേക്ഷിച്ചത് ആ ജനം അദ്ദേഹത്തിനു നൽകിയ യാത്രയയപ്പ് ഞങ്ങളുടെ മനസ് കുളിർപ്പിക്കുന്നു. ഇതിലും വലിയൊരു യാത്രയയപ്പ് അദ്ദേഹത്തിന് നമുക്ക് നൽകാനാകില്ല. അദ്ദേഹം അത് സ്വീകരിക്കുകയുമില്ലെന്നു ഇപ്പോൾ നിങ്ങൾക്കറിയാമല്ലോ?
ചെറുപ്പം മുതലേ അദ്ദേഹം മിതത്വത്തിന്റെ ആളായിരുന്നു എന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. നല്ലതെല്ലാം സഹോദരങ്ങൾക്കു നൽകിയിട്ട് ബാക്കിയുള്ളതുകൊണ്ട് അദ്ദേഹം തൃപ്തിപ്പെടുമായിരുന്നു. നിരന്തരം ഭക്ഷണമേശയിൽ താമസിച്ചു വരുമായിരുന്ന അദ്ദേഹത്തെ മറ്റുള്ളവർ കളിയാക്കുമായിരുന്നു. എന്നാൽ, മറ്റുള്ളവരെല്ലാം അവരവരുടെ ആവശ്യത്തിന് ഭക്ഷണം എടുത്തു എന്നുറപ്പു വരുത്തിയിട്ട് മാത്രമേ അദ്ദേഹം ഭക്ഷണ മേശയിൽ വരുമായിരുന്നുള്ളു -നിറഞ്ഞ കണ്ണുകളോടെ മൗറോ ബെർഗോളിയോ പറഞ്ഞുനിർത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങു മുതലുണ്ടായിരുന്ന മൗറോയുടെയും കുടുംബത്തിന്റെയും സാന്നിധ്യം, ഫ്രാൻസിസ് മാർപാപ്പ ഒരു മകനും സഹോദരനും കുടുംബാംഗവുമാണെന്ന ബോധ്യം നൽകിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ വിലയിരുത്തി.
റജീന മരിയ സിവോറിയുടെയും മരിയ ജോസെ ഫ്രാൻജെസ്കോയുടെയും അഞ്ചു മക്കളിൽ ഒന്നാമനായാണ് ഫ്രാൻസിസ് മാർപാപ്പ എന്ന ജോർജ് മാരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് 1959ലും അമ്മ 1983ലും നിര്യാതരായി. സഹോദരങ്ങളായ ഓസ്കാർ അഡ്രിയാനും മാർത്ത റെജിനയും ആൽബർട്ടോ ഹോറാസിയോയും പിൽക്കാലങ്ങളിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അങ്ങനെ ബെർഗോളിയോ സഹോദരങ്ങളിൽ ഒരാൾ മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നത്. 77 വയസുള്ള മരിയ എലേന ബെർഗോളിയോ, വാർധക്യസഹജമായ കാരണങ്ങളാൽ തന്നെ സഹായിക്കുന്ന കന്യാസ്ത്രീകളോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
2013 മാർച്ചിൽ റോമിലേക്കു പോകുന്നതിനു മുന്പാണ് അവസാനമായി അവർ തന്റെ സഹോദരനെ കണ്ടത്. വാർധക്യ സഹജമായ അസ്വസ്ഥതകൾകൊണ്ടും അതിലുപരി ഫ്രാൻസിസ് മാർപാപ്പയുടെ മനസറിയുന്ന കൂടെപ്പിറപ്പ് എന്ന നിലയിലും റോമിലേക്കുള്ള യാത്ര എലേന ഒഴിവാക്കി. യാത്രയ്ക്കു വേണ്ട പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കാനാണ് 2013ൽ തന്റെ സ്ഥാനാരോഹണത്തിനു റോമിലേക്ക് ദീർഘദൂര യാത്രയ്ക്ക് തയാറെടുത്ത കുടുംബത്തോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്. ഇതുതന്നെയാണ് കബറടക്ക ശുശ്രുഷയ്ക്കു പോകാതിരുന്നതിനു കാരണമായി എലേനയുടെ മകൻ ഹൊസേ ബെർഗോളിയോയും പറഞ്ഞത്. “അദ്ദേഹം ആഗ്രഹിക്കുന്നത് ഞങ്ങൾ ചെലവുകൾ കുറച്ചു പാവങ്ങളെ സഹായിക്കണമെന്നാണ്. അതുകൊണ്ട് റോമിനു പോകേണ്ട എന്നാണ് എന്റെ അമ്മയുടെ തീരുമാനം. ഞങ്ങൾ ആ തീരുമാനം ബഹുമാനിക്കുന്നു.’’
എന്നാൽ, ഈ അഭിപ്രായമല്ല, മൗറോ ബെർഗോളിയോയ്ക്ക് ഉണ്ടായിരുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആ മഹനീയ കർമത്തിൽ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ അതിനുള്ള ഭാരിച്ച ചെലവുകൾ ഓർക്കുമ്പോൾ ആ ആഗ്രഹം മനസിൽതന്നെ അടക്കുകയാണ് എന്ന് ഒരു അർജന്റൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, അർജന്റീനയിൽ നഴ്സായി ജോലി ചെയ്യുന്ന മൗറോ പറഞ്ഞു.
ഈ അഭിമുഖം ശ്രദ്ധയിൽപ്പെട്ട റീത്ത മഥിയെല്ലോ എന്ന ട്രാവൽ ഏജന്റ് ഇക്കാര്യത്തിൽ ഇടപെടുകയും എത്രയും വേഗം മൗറോയ്ക്കും കുടുംബത്തിനും റോമിലെത്താനുള്ള ക്രമീകരണങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്തു. ലോകം മുഴുവനും സ്നേഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി എനിക്കു ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ കാര്യമായിരുന്നു ഇത് എന്നാണ് റീത്ത പിന്നീട് പറഞ്ഞത്.
ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത ബന്ധുക്കളായി ജീവിച്ചിരിക്കുന്ന ഏക സഹോദരിയുടെ കുടുംബത്തെ പരിഗണിച്ചതുകൊണ്ടാണ് മറ്റു സഹോദരങ്ങളുടെ കുടുംബങ്ങൾക്ക് ഔദ്യോഗിക യാത്ര ഇളവ് ലഭ്യമാകാതിരുന്നത് എന്നാണ് അർജന്റൈൻ സർക്കാർ വൃത്തങ്ങൾ ഇതേക്കുറിച്ചു പ്രതികരിച്ചത്.
സാധാരണയായി, ദിവംഗതരായ മാർപാപ്പമാരുടെ കുടുംബാംഗങ്ങൾ, കബറടക്ക ശുശ്രൂഷയുടെ നാളുകളിൽ മാർപാപ്പമാരുടെ പേപ്പൽ പാലസിലാണ് താമസിച്ചിരുന്നത്. എന്നാൽ, ഫ്രാൻസിസ് മാർപാപ്പ വത്തിക്കാന്റെ ഗസ്റ്റ് ഹൗസായ സാന്താ മാർത്തയിൽ താമസിച്ചിരുന്നതുകൊണ്ടും, ലോകം മുഴുവനിലുംനിന്ന് കർദിനാൾസംഘം സാന്താ മാർത്തയിൽ എത്തിയതുകൊണ്ടും മുറികൾ ഒഴിവില്ലാതിരുന്നതിനാൽ, ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സ്ഥിതി ചെയ്യുന്ന മേരി മേജർ ബസിലിക്കയുടെ സമീപത്തുള്ള റിഡെംപ്റ്ററിസ്റ്റ് സന്യാസികളുടെ ജനറലേറ്റു ഭവനത്തിലായിരുന്നു മൗറോയ്ക്കും കുടുംബത്തിനും താമസം ഒരുക്കിയിരുന്നത്. സ്നേഹനിധിയായ തങ്ങളുടെ അങ്കിളിനെ ലോകം സ്നേഹംകൊണ്ടു മൂടുന്നതു കണ്ടു മനം നിറഞ്ഞു മൗറോയും കുടുംബവും അർജന്റീനയിലേക്കു മടങ്ങി.
വിങ്ങിക്കരയുന്ന ആ ചെറുപ്പക്കാരൻ ഇതാണ്

വത്തിക്കാന്റെ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടര ലക്ഷം ആളുകളാണ് ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കശുശ്രൂഷയിൽ പങ്കെടുത്തത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉൾപ്പെടെ 130 രാജ്യങ്ങളുടെ പ്രതിനിധികളും നാല്പതോളം രാജ്യങ്ങളിലെ കിരീടാവകാശികളും സംബന്ധിച്ച ആ വിശിഷ്ടമായ തിരുക്കർമങ്ങളുടെ ചിത്രങ്ങൾ വത്തിക്കാനിലെ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോഴെല്ലാം ജനലക്ഷങ്ങളുടെ കണ്ണുകൾ വിങ്ങിക്കരയുന്ന ഒരു ചെറുപ്പക്കാരനിലുടക്കി.
ഏറ്റവും പ്രിയപ്പെട്ടവരിലാരോ നഷ്ടമായ ഹൃദയവേദനയോടെ വിങ്ങിപ്പൊട്ടിയ അയാൾക്കു ചുറ്റും ഒരു കൊച്ചുകുടുംബം ദുഃഖാർത്തരായി നിലയുറപ്പിച്ചിരുന്നു. സ്വദേശമായ അർജന്റീനയിൽനിന്നെത്തി തങ്ങളുടെ അമ്മാവനെ ഒരു നോക്കു കണ്ട് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ മൗറോ ബെർഗോളിയോയും കുടുംബവുമായിരുന്നു അത്.