മാർപാപ്പയെ കാത്തിരിക്കുന്ന പ്രതീക്ഷകളും വെല്ലുവിളികളും
ഡോ. ജോസ് പാലക്കീൽ എംഎസ്ടി
Friday, May 9, 2025 1:21 AM IST
പുതിയ മാർപാപ്പയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചു. ആധ്യാത്മിക നേതൃത്വത്തിനു പുറമേ നയതന്ത്ര, ധാർമിക ചുമതലകൾ നിർവഹിക്കാൻ സാധിക്കുന്ന ഒരു മാർപാപ്പയെ 1.4 ബില്യണ് വരുന്ന ആഗോള കത്തോലിക്കർക്കു ലഭിച്ചുകഴിഞ്ഞു. വിശ്വാസം, സമാധാനം, മനുഷ്യാവകാശങ്ങൾ, സാമൂഹ്യനീതി, മതസൗഹാർദം എന്നിവയെ സംബന്ധിക്കുന്ന ആഗോള സംവാദങ്ങളെ സ്വാധീനിക്കാനും അതുവഴി ലോകം മുഴുവൻ ബഹുമാനിക്കുന്ന വ്യക്തിയായി മാറാനും പുതിയ മാർപാപ്പയ്ക്ക് വിവിധ മേലങ്കികൾ അണിയേണ്ടതുണ്ട്.
എല്ലാക്കാലത്തും മാർപാപ്പമാർ അനേകം വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും മനുഷ്യചരിത്രം ആഗോളവത്കരണത്തിന്റെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഇക്കാലത്തെ വെല്ലുവിളികൾക്ക് വേറിട്ട സങ്കീർണതലങ്ങളുണ്ട്. സഭയുടെ ആന്തരിക നവീകരണം മുതൽ ആഗോള വിഷയങ്ങൾ വരെ ഒന്നിച്ചു കൊണ്ടുപോകേണ്ടതുണ്ട്. ക്രൈസ്തവമൂല്യങ്ങൾക്കുണ്ടായിരുന്ന പരന്പരാഗത മേൽക്കൈ കൈമോശം വന്ന ഉത്തരാധുനികകാലം എന്നു വിശേഷിക്കപ്പെടുന്ന ഘട്ടത്തിലാണ് ലോകം എത്തിനിൽക്കുന്നത്. ഇക്കാലത്തെ ജനതയ്ക്ക് സവിശേഷമായ ആധ്യാത്മികവും ധാർമികവുമായ ദിശാസൂചിക നൽകാൻ മാർപാപ്പയ്ക്ക് കഴിയുമോയെന്ന് ഏവരും പരസ്പരം ചോദിക്കുന്നു.
പല തലത്തിലും ആന്തരികമായി വിഘടിച്ചു നിൽക്കുന്ന സഭയെ ഒന്നിച്ചു കൊണ്ടുപോകുകയെന്നത് ഭാരിച്ച ദൗത്യമാണ്. പാപ്പാമാരായ ജോണ് പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും തങ്ങളുടെ അജണ്ടകൾ ലക്ഷ്യസ്ഥാനത്തെത്തിച്ചിട്ടാണ് മടങ്ങിയതെങ്കിൽ ഫ്രാൻസിസ് മാർപാപ്പ പലതും പൂർത്തിയാക്കാതെയാണു പോയത്. അദ്ദേഹത്തിന്റെ പരിഷ്കരണ നിർദേശങ്ങൾ ആദരവും കനത്ത പ്രതിഷേധവും തുല്യയളവിൽ വിളിച്ചുവരുത്തിയവയാണ്. ഇക്കാര്യങ്ങളിൽ തുടർനടപടികളെടുക്കുകയെന്നത് നിസാരമല്ല.
കത്തോലിക്കാ ഉപദേശങ്ങളുടെ തീക്ഷ്ണതയും അജഗണകേന്ദ്രീകൃതമായ ശുശ്രൂഷാരീതിയും സമന്വയിപ്പിക്കുന്ന വ്യക്തിയെയാണു തേടുന്നതെന്ന് കോണ്ക്ലേവ് ആരംഭിക്കുന്നതിനു മുൻപ് നിരവധി കർദിനാൾമാർ സൂചിപ്പിച്ചിരുന്നു. സിനഡാലിറ്റിയെ സംബന്ധിക്കുന്ന സംവാദമാണ് ഏറെ പ്രധാനം. വിശ്വാസികളുമായി കൂടിയാലോചിച്ചു മുന്നോട്ടു പോകുന്ന രീതി ഫ്രാൻസിസ് മാർപാപ്പയുടെ ആശയമായിരുന്നു.
ഇടവകപ്പള്ളികൾക്കും അജഗണങ്ങൾക്കും പ്രാമുഖ്യമുള്ള ഇത്തരം സമീപനങ്ങൾ നടപ്പാകണമെന്ന് പുരോഗമന പക്ഷക്കാർ ആഗ്രഹിക്കുന്പോൾ, സഭയുടെ അധികാരശ്രേണിയും അതുനൽകുന്ന ഉപദേശങ്ങളിലെ വ്യക്തതയും അലിഞ്ഞില്ലാതാകുമെന്ന് പാരന്പര്യങ്ങളെ അനുകൂലിക്കുന്നവർ താക്കീത് നൽകുന്നു. ഇത്തരം അഭിപ്രായതുരുത്തുകളെ യോജിപ്പിക്കുന്ന പാലമാകാൻ പുതിയ മാർപാപ്പയ്ക്കു കഴിയണം.
മതവിശ്വാസത്തിൽനിന്നകലുന്ന യുവാക്കളാണ് മറ്റൊരു ആശങ്ക. മതവിശ്വാസമാണോ ആധ്യാത്മികതയാണോ വേണ്ടത് തുടങ്ങിയ നവകാല ചർച്ചകൾ വെല്ലുവിളിയാണ്. ഒരു മതവുമായും തങ്ങൾക്കു ബന്ധമില്ലെന്ന് പറയാൻ ആഗ്രഹിക്കുന്ന യുവാക്കൾ മറ്റൊരു വശത്തുമുണ്ട്. ഇത്തരം വേറിട്ട സ്വരങ്ങളെ ഉൾക്കൊള്ളാനും അവയെയും സഭയുടെ ശബ്ദമാക്കി മാറ്റാനും മാർപാപ്പയ്ക്ക് ഏറെ പരിശ്രമം വേണ്ടിവരും.
കൂടാതെ, ഫ്രാൻസിസ് മാർപാപ്പ തുടങ്ങിവച്ച ചർച്ചകൾ മറ്റു പലതിലേക്കും നീളുന്നു. എൽജിബിറ്റി വിഷയങ്ങൾ, സഭയിൽ സ്ത്രീകളുടെ സ്ഥാനം, സ്വവർഗ ദന്പതികളെ ആശീർവദിക്കൽ എന്നിവയിലെല്ലാം വിശ്വാസത്തിന്റെ കാതൽ കൈവിടാത്ത നയപരമായ സമീപനങ്ങൾ വേണ്ടിവരും. വൈദികർ ഉൾപ്പെട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തപരമായ സമീപനവും വേണം.
സാന്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ തിളച്ചുമറിയുന്ന ബഹുമുഖ കലഹങ്ങളിൽ അകപ്പെട്ട ഇന്നത്തെ ലോകവും പ്രതീക്ഷയുടെ തിരിനാളമായി അംഗീകരിക്കുന്നത് കത്തോലിക്കാ സഭയെയാണ്. ആധ്യാത്മികവും ധാർമികവും ആഗോളതലത്തിൽ ആശ്രയിക്കാവുന്നതുമായ ശക്തി സഭയാണെന്ന് ഏവർക്കും നിശ്ചയമുണ്ട്. അതിനാൽ, അധികം പരിചിതമല്ലാത്ത വഴികളിലേക്കിറങ്ങി നയിക്കേണ്ടിവരും, പുതിയ മാർപാപ്പയ്ക്ക്. ജോണ് പോൾ രണ്ടാമനും ഫ്രാൻസിസ് പാപ്പായും മാത്രമാണ് ഇക്കാര്യത്തിൽ മുൻപേ നടന്നവർ.
ആഗോള ഇടയൻ എന്ന ആശയം കത്തോലിക്കാ സഭയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. പുതിയ പാപ്പാ ഏലിയായുടെ അടയാളവും മോശയുടെ ധീരതയും ഉൾക്കൊള്ളണം. അതോടൊപ്പം, ജോണ് പോൾ രണ്ടാമന്റെ പ്രവാചകശബ്ദവും ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്ര പാണ്ഡിത്യവും ഫ്രാൻസിസിന്റെ ആർദ്രഹൃദയത്വവും സമന്വയിപ്പിച്ചു വേണം സഭയുടെ ജൈത്രയാത്രയ്ക്ക് ഇനിയുള്ളകാലം ഇന്ധനം പകരാൻ.