മാർപാപ്പയുടെ സ്ഥാനാരോഹണം
Friday, May 9, 2025 1:24 AM IST
പുതിയ പാപ്പായുടെ സ്ഥാനാരോഹണം എന്നായിരിക്കും? അറിയാൻ കാത്തിരിക്കണം. തെരഞ്ഞെടുപ്പിനുശേഷം സാധാരണ ഗതിയിൽ ഏറ്റവുമടുത്ത ഞായറാഴ്ചയാണ് മാർപാപ്പയുടെ സ്ഥാനാരോഹണം നടക്കുക.
ഇതിനൊരു അപവാദമായി ഫ്രാൻസിസ് പാപ്പാ സ്ഥാനമേറ്റത് 2013 മാർച്ച് 19നാണ്. 13നു ബുധനാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. 19 ഒരു ചൊവ്വാഴ്ചയും. വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിലുള്ള സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് സ്ഥാനാരോഹണച്ചടങ്ങുകൾ പരന്പരാഗതമായി നടക്കുന്നത്.
സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കുന്നതിനു മുന്പ് ഫ്രാൻസിസ് പാപ്പായും, പൗരസ്ത്യ സഭകളിലെ പാത്രിയർക്കീസുമാരോടും മേജർ ആർച്ച്ബിഷപ്പുമാരോടും കാർദിനാൾമാരോടുമൊപ്പം പുതിയ പാപ്പാ പ്രദക്ഷിണമായി വിശുദ്ധ കുർബാന നടക്കുന്ന ചത്വരത്തിലെ ബലിവേദിയിലേക്കുവന്നു. കബറിടത്തിനരികെ സൂക്ഷിച്ചിരുന്ന പാലിയവും വലിയമുക്കുവന്റെ മോതിരവും രണ്ടു ഡീക്കന്മാർ സംവഹിച്ചിരുന്നു.
പ്രദക്ഷിണം ബലിവേദിയിൽ എത്തിയപ്പോൾ പ്രോട്ടോ ഡീക്കൻ കർദിനാൾ ജീൻ ലൂയി തോറാൻ പുതിയ പാപ്പായെ പാലിയം ധരിപ്പിച്ചു. ഏറ്റവും പ്രായമേറിയ കർദിനാൾ ഡാനീൽസ് പ്രാർഥന ചൊല്ലി. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ആഞ്ചലോ സൊദാനോ വലിയ മുക്കുവന്റെ മോതിരവും അണിയിച്ചു. തുടർന്ന് കർദിനാൾമാരുടെ പ്രതിനിധികൾ പുതിയ പാപ്പായ്ക്ക് വിധേയത്വം പ്രഖ്യാപിച്ചു. തുടർന്നായിരുന്നു വിശുദ്ധ കുർബാന.
സ്ഥാനാരോഹണച്ചടങ്ങുകൾക്കു ശേഷം ഏതാനും ദിവസങ്ങൾക്കകമാണ് പുതിയ മാർപാപ്പ റോമാ രൂപതയുടെ കത്തീഡ്രൽ പള്ളിയിലെത്തി രൂപതയുടെ മെത്രാനടുത്ത അധികാരം ഏറ്റെടുക്കുന്നത്. തുടർന്ന് രണ്ടോ മൂന്നോ ആഴ്ചകൾക്കകം അദ്ദേഹം മറ്റു രണ്ടു പാട്രിയാർക്കൽ ബസിലിക്കകളിലും (പരിശുദ്ധ കന്യകമറിയത്തിന്റെ വലിയപള്ളി, നഗരത്തിനു വെളിയിലുള്ള വിശുദ്ധ പൗലോസിന്റെ ബസിലിക്ക) എത്തിച്ചേരും.
എഡി 1143 മുതൽ 1963 വരെ മാർപാപ്പമാരുടെ സ്ഥാനാരോഹണത്തിന്റെ ഒരു പ്രധാന ചടങ്ങായിരുന്നു കിരീടധാരണം. രണ്ടാം നിക്കോളാസ് പാപ്പയാണ് (1059-1061) സ്ഥാനാരോഹണത്തിൽ ഈ ചടങ്ങ് ഉൾപ്പെടുത്തിയത്. മൂന്നു നിലകളുള്ള പേപ്പൽ കിരീടത്തിന് ടിയാര എന്നാണു പേര്. ഈ ചടങ്ങ് സ്ഥാനാരോഹണച്ചടങ്ങുകളിൽനിന്ന് ഒഴിവാക്കി നിയമനിർമാണം നടത്തിയ ആറാം പോൾ മാർപാപ്പയാണ് 1963ൽ ഇത് അവസാനമായി ഉപയോഗിച്ചതും. ഈ സ്വർണ കിരീടം വിറ്റ് ആ തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കുകയായിരുന്നു. അമേരിക്കൻ കത്തോലിക്കർ വാങ്ങിയ ഈ പേപ്പൽ കിരീടം വാഷിംഗ്ടൺ ഡിസിയിലുള്ള അമലോത്ഭവ മാതാവിന്റെ ബസിലിക്കയിലാണുള്ളത്. പോൾ ആറാമനുശേഷം വന്ന മാർപാപ്പമാരൊന്നും കിരീടം ധരിച്ചിട്ടില്ല.
ഇപ്പോൾ സ്ഥാനാരോഹണം നടക്കുന്നത് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ 1996ൽ പ്രസിദ്ധീകരിച്ച ‘ഊണിവേഴ്സി ദൊമിനിച്ചി ഗ്രേഗിസ്’ എന്ന പ്രമാണരേഖ അനുസരിച്ചാണ്. വിശുദ്ധ കുർബാനയും പാലിയം, മോതിരം ധരിക്കലും മാത്രമാണ് ഇപ്പോൾ ചടങ്ങിന്റെ ഭാഗമായി നടക്കുന്നത്. മറ്റു വിശദാംശങ്ങൾ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പാപ്പായ്ക്ക് നിശ്ചയിക്കാവുന്നതാണ്.