അമേരിക്കയിൽനിന്ന് ആദ്യ മാർപാപ്പ
Friday, May 9, 2025 3:27 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ഇനി തിരുസഭയെ നയിക്കും. 1878 മുതൽ 1903 വരെ മാർപാപ്പയായിരുന്ന ലെയോ പതിമൂന്നാമന്റെ പേര് സ്വീകരിച്ച അദ്ദേഹം ലെയോ പതിനാലാമൻ എന്ന് അറിയപ്പെടും. കോൺക്ലേവിന്റെ രണ്ടാം ദിവസമായ ഇന്നലെ വൈകുന്നേരം 4.30ന് (ഇന്ത്യന് സമയം രാത്രി എട്ട്) നടന്ന ഇന്നലത്തെ മൂന്നാമത്തെയും കോൺക്ലേവിലെ നാലാമത്തെയും റൗണ്ട് വോട്ടെടുപ്പിലാണ് സാർവത്രികസഭയുടെ 267-ാമത്തെ മാർപാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
അഗസ്റ്റീനിയൻ സന്യാസസഭാംഗമാണ് അറുപത്തൊമ്പതുകാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. നിലവിൽ ബിഷപ്പുമാർക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവനും ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റുമാണ്. 2023ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തിയത്.
വത്തിക്കാൻ സമയം ഇന്നലെ വൈകുന്നേരം 6.09നാണ് (ഇന്ത്യൻ സമയം രാത്രി 9.39)നാണ് സന്തോഷവാർത്ത ലോകത്തെ അറിയിച്ച് സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്നു വെളുത്ത പുക ഉയർന്നത്. ഇതോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മണികൾ മുഴങ്ങുകയും സ്വിസ് ഗാർഡുകളും ഇറ്റാലിയൻ സൈനികവിഭാഗങ്ങളും സെന്റ് പീറ്റേഴ്സ് ചത്വരം വലംവച്ച് ബാൻഡ് വാദ്യത്തിന്റെ അകന്പടിയോടെ പരേഡ് നടത്തുകയും ചെയ്തു.
തുടർന്ന് പ്രാദേശികസമയം രാത്രി ഏഴിന് (ഇന്ത്യൻ സമയം രാത്രി 10) കർദിനാൾ സംഘത്തിലെ മുതിർന്നയാളും പ്രോട്ടോഡീക്കനുമായ കർദിനാൾ ഡൊമിനിക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി ‘ഹാബേമുസ് പാപ്പാം’ (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്നറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. ഇതോടെ വത്തിക്കാൻ ചത്വരത്തിൽ തിങ്ങിനിറഞ്ഞ ജനലക്ഷങ്ങൾ ആഹ്ലാദാരവം മുഴക്കി.
പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കു മുന്നിൽ പ്രത്യക്ഷനായി. ആദ്യസന്ദേശത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ലോകസമാധാനത്തിനായി അഭ്യർഥിക്കുകയും ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
2013ൽ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടത് കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ്.
അതേസമയം, അദ്ദേഹത്തിന്റെ മുൻഗാമി ബനഡിക്ട് പതിനാറാമൻ 2005 ഏപ്രിലിൽ നടന്ന കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ മൂന്നാം റൗണ്ട് വോട്ടെടുപ്പിലും തെരഞ്ഞെടുക്കപ്പെട്ടു. 1978ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടത് കോൺക്ലേവിന്റെ മൂന്നാംദിനം നടന്ന എട്ടാം റൗണ്ട് വോട്ടെടുപ്പിലാണ്.
1955 സെപ്റ്റംബർ 14ന് ഷിക്കാഗോയിൽ ജനിച്ച കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 1977ൽ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേർന്നു. 1982ലായിരുന്നു പൗരോഹിത്യം. തുടർന്ന് വില്ലനോവ യൂണിവേഴ്സിറ്റിയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഡിവിനിറ്റിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനിക നിയമത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ അഗസ്റ്റീനിയൻ സഭയുടെ മിഷനറി പ്രവർത്തനങ്ങളിൽ ഏറെക്കാലം സേവനമനുഷ്ഠിച്ച അദ്ദേഹം സഭയുടെ മിഡ്വെസ്റ്റ് പ്രോവിൻസിന്റെ പ്രൊവിൻഷ്യലായും പിന്നീട് സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചു. 2014ൽ പെറുവിലെ സഭാർ രൂപതയുടെ മെത്രാനായും ചിക്ലായോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും നിയമിതനായി.
ആകാംക്ഷ ആഹ്ലാദാരവമായി
കോൺക്ലേവിന്റെ രണ്ടാം ദിനത്തിലെ ആദ്യ വോട്ടെടുപ്പിൽത്തന്നെ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിൽ ഒരുലക്ഷത്തിലേറെ വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയത്.
എന്നാൽ, ഉച്ചയ്ക്കുമുന്പു നടന്ന രണ്ട് റൗണ്ട് വോട്ടെടുപ്പുകളിലും ആർക്കും ഭൂരിപക്ഷമില്ലെന്നു വ്യക്തമാക്കി വത്തിക്കാന് സമയം ഇന്നലെ ഉച്ചയ്ക്ക് 11.51ന് (ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് 3.21) ചിമ്മിനിയിൽനിന്നു കറുത്ത പുക ഉയർന്നതോടെ വീണ്ടും ആകാംക്ഷയായി.
പിന്നീട് ഉച്ചകഴിഞ്ഞു നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിലാണ് ലോകം കാത്തിരുന്ന തീരുമാനമുണ്ടായത്. ചിമ്മിനിയിൽനിന്നു വെള്ളപ്പുക ഉയർന്നതോടെ നിമിഷനേരംകൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരവും സമീപത്തെ പ്രധാന വീഥിയും ജനനിബിഡമായി.
250ലധികം അംഗങ്ങളുള്ള കർദിനാൾസംഘത്തിലെ 80 വയസിൽ താഴെയുള്ള 135 പേർക്കു വോട്ടവകാശം ഉണ്ടെങ്കിലും സ്പെയിനിൽനിന്നുള്ള കർദിനാൾ അന്റോണിയോ കനിസരസും കെനിയയിൽനിന്നുള്ള കർദിനാൾ ജോൺ ഞ്ഞുയെയും ആരോഗ്യകാരണങ്ങളാൽ പിന്മാറിയതിനാൽ 133 പേരാണ് കോൺക്ലേവിൽ പങ്കെടുത്തത്.