ഭീകരതയുടെ അടിവേരറക്കണം
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, May 10, 2025 12:00 AM IST
മിസൈലുകളും ഡ്രോണുകളും പായുന്നു. ഡൽഹി, ശ്രീനഗർ, ജലന്ധർ, അമൃത്സർ തുടങ്ങി ദേശീയ തലസ്ഥാനമായ ഡൽഹിയിലടക്കം മുന്നറിയിപ്പു സൈറണുകൾ മുഴങ്ങി. നഗരങ്ങളെ കൂരിരുട്ടിലാക്കുന്ന ബ്ലാക്ക്ഔട്ടുകൾ അതിർത്തി ജില്ലകളിൽ പതിവായി. എവിടെയും തലങ്ങും വിലങ്ങും പായുന്ന സൈനിക വാഹനങ്ങളും ചെക്ക് പോസ്റ്റുകളും. സുരക്ഷ ശക്തമാക്കിയതോടെ പലയിടത്തും ഗതാഗത നിയന്ത്രണം ഉൾപ്പെടെയുണ്ട്. ഇരുപത്തഞ്ചോളം വിമാനത്താവളങ്ങൾ അടച്ചിട്ടു. അതിർത്തി ജില്ലകളിലെ സ്കൂളുകളും കോളജുകളും അടച്ചു. ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളും ഉപേക്ഷിച്ചു. പാക്ക് അതിർത്തിപ്രദേശങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്. ആക്രമണമുണ്ടായാൽ എന്തു ചെയ്യണമെന്നു നിർദേശിക്കുന്ന മോക് ഡ്രില്ലുകൾ കൊച്ചുകേരളത്തിൽ വരെ നടന്നു.
ഇനിയെന്തെന്നു തറപ്പിച്ചുപറയാൻ സൈനിക, നയതന്ത്ര വിദഗ്ധർക്കു പോലും കഴിയാത്ത നില. പാക്കിസ്ഥാനിൽനിന്നു പ്രകോപനം തുടരുന്നതിനിടെ ശക്തമായി തിരിച്ചടിക്കുകയാണ് ഇന്ത്യ. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈനിക വിഭാഗങ്ങൾ തയാറെടുക്കുന്പോഴും രാജ്യവും ലോകവും ആശങ്കയിലാണ്. വ്യാജവാർത്തകൾക്കും കുപ്രചാരണങ്ങൾക്കും വഴിപ്പെടരുതെന്നും ജനങ്ങൾ ആശങ്കപ്പെടരുതെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. എങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ മുതൽ ചില ദേശീയ, പ്രാദേശിക വാർത്താചാനലുകളിൽ വരെ അർധസത്യങ്ങളും ഊഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിക്കുകകൂടി ചെയ്തതോടെ സാധാരണക്കാർ ഭയവിഹ്വലരാണ്.
• യുദ്ധസാധ്യതയുടെ കാർമേഘങ്ങളിൽ
മറ്റൊരു ഇന്ത്യ-പാക് യുദ്ധത്തിനുള്ള സാധ്യതകൾ ആരും തള്ളിക്കളയുന്നില്ല. മറ്റൊരു യുദ്ധത്തിലേക്കു വഴുതിവീഴാവുന്ന നിലയിൽ വ്യോമാക്രമണം ശക്തമാണ്. എങ്കിലും സന്പൂർണ യുദ്ധം ഒഴിവാകുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണു ജനങ്ങൾ. എന്തായാലും രാജ്യസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിലെ 140 കോടി ജനങ്ങളും ഒറ്റക്കെട്ടാണ്. ജനങ്ങളും പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാരിനും പ്രതിരോധ സേനകൾക്കും സന്പൂർണ പിന്തുണയാണു നൽകുന്നത്.
സൈന്യവും ഐഎസ്ഐയും തീവ്രവാദി നേതാക്കളും വിദേശശക്തികളും നിയന്ത്രിക്കുകയും സാന്പത്തികമായി തളരുകയും ചെയ്ത പാക് ഭരണകൂടത്തിനു സമനില തെറ്റിയതിൽ അതിശയിക്കാനില്ല. 2007 ജനുവരി എട്ടിന് അന്നത്തെ പാക് പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും അദ്ദേഹത്തിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫുമായും ഒരുമിച്ച് ലാഹോറിൽ അത്താഴവിരുന്നിനിടെ ദീപിക ലേഖകൻ നടത്തിയ ചർച്ചയിൽ ബോധ്യപ്പെട്ട പാക് ഭരണകൂടത്തിന്റെ ദുരവസ്ഥയിൽ ഇപ്പോഴും മാറ്റമില്ല.
പാക്കിസ്ഥാനിലും പാക് അധിനിവേശ കാഷ്മീരിലും പ്രവർത്തിക്കുന്ന നാല്പതിലേറെ ഭീകരസംഘടനകളെ ഉന്മൂലനം ചെയ്യാതെ ഇന്ത്യക്കാർക്കു സ്വസ്ഥമായി കിടന്നുറങ്ങാനാകില്ല. പാക് സൈന്യവും ഐഎസ്ഐയും അവരെ ഭയക്കുന്ന സർക്കാരും, ആളും അർഥവും നൽകിയാണു ഭീകരഗ്രൂപ്പുകളെ പാലൂട്ടി വളർത്തുന്നതെന്നതിനു നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റേറ്റ് സ്പോണ്സേർഡ് ടെററിസം. പാക് ഭീകരെ അമേരിക്ക സഹായിച്ചിരുന്നുവെന്ന് അടുത്തിടെ പാക് പ്രതിരോധമന്ത്രി കവാജ അസിഫ് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ വളർത്തിയ ഭീകരർ അവർക്കും ലോകത്തിനാകെയും ഭീഷണിയാണ്.
• തീക്കൊള്ളികൊണ്ടു തലചൊറിയൽ
പതിവുപോലെ മറ്റൊരു യുദ്ധമാകില്ല ഇത്തവണത്തേത്. പാക്കിസ്ഥാൻ ഊട്ടിവളർത്തുന്ന തീവ്രവാദ, ഭീകര ഗ്രൂപ്പുകളുടെ അടിവേരറക്കാനുള്ള ഇന്ത്യയുടെ പോരാട്ടമാണ്. ഇന്ത്യയുടെയും ലോകത്തിന്റെയും സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള നിർണായക പോരാട്ടം. തീവ്രവാദവും ഭീകരാക്രമണങ്ങളും തടയാതെ സമാധാനവും സുരക്ഷയും കൈവരില്ല. ഭീകരാക്രമണങ്ങൾ ഇനിയും സഹിക്കാനാകാത്ത നിലയെത്തിയപ്പോഴാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. കൃത്യമായ മുന്നൊരുക്കങ്ങളോടെയും ആസൂത്രണത്തോടെയുമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കുന്നത്. സിന്ധു നദീജല കരാർ റദ്ദാക്കിയതു മുതൽ പല തലങ്ങളിലാണു സമചിത്തതതോടെയുള്ള ഇന്ത്യയുടെ പ്രതികരണം.
ജമ്മുകാഷ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാനി ഭീകരർ ഏപ്രിൽ 22ന് 26 നിരപരാധികളുടെ ജീവനെടുത്ത അതിക്രൂര ഭീകരാക്രമണമാണു പുതിയ സംഘർഷത്തിനു വഴിതെളിച്ചത്. പത്താൻകോട്ട്, ഉറി, പുൽവാമ തുടങ്ങിയ ഭീകരാക്രമണങ്ങളുടെ തുടർച്ചയാണു പഹൽഗാം.
• ഭീകരതയെ പാലൂട്ടി വളർത്തുന്നവർ
ലഷ്കർ- ഇ- തൊയ്ബ, ജയ്ഷ്-ഇ- മുഹമ്മദ്, ഹർക്കത്തുൾ മുജാഹിദീൻ, ജമാ അത്ത് ഉദ് ദാവ, അൽ ബാദർ മുജാഹിദീൻ എന്നിവ മുതൽ ഇസലാമിക് സ്റ്റേറ്റും താലിബാനും അൽ ഖയ്ദയും വരെയുള്ള ആഗോള ഭീകരഗ്രൂപ്പുകൾക്കു പാക്കിസ്ഥാനിൽ താവളമുണ്ട്. 2018ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ലഷ്കർ- ഇ- തൊയ്ബയ്ക്കു പാക് സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നു. പാക്കിസ്ഥാന്റെ മണ്ണിൽ 30,000 മുതൽ 40,000 വരെ സായുധ ഭീകരരുണ്ടെന്ന് 2019 ജൂലൈയിൽ അമേരിക്ക സന്ദർശിക്കവേ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയതു മറക്കരുതല്ലോ. 2001ലെ പാർലമെന്റ് ആക്രമണവും 2019ലെ പുൽവാമ ഭീകരാക്രമണവും മറക്കാനാകില്ല. എണ്ണിയാൽ തീരാത്ത നിരപരാധികളുടെ ജീവനുകളാണു പാക് ഭീകരർ കവർന്നത്.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു നേതൃത്വം നൽകിയ അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ പാക്കിസ്ഥാനിലെത്തി വധിക്കേണ്ടി വന്നതിനു ശേഷമാണു അമേരിക്കയ്ക്കു വീണ്ടുവിചാരം ഉണ്ടായത്. അമേരിക്ക ഇടഞ്ഞതോടെ, ചൈനയുടെ സഹായത്തിലാണു പാക്കിസ്ഥാന്റെ പുതിയ പല നീക്കങ്ങളുമെന്നതു രഹസ്യമല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവയുദ്ധത്തിലുണ്ടായ ക്ഷീണം മറികടക്കാനും വ്യാപാര, വാണിജ്യ താത്പര്യങ്ങളും മൂലമാണു പരസ്യമായ ഇന്ത്യാവിരുദ്ധ നടപടികളിലേക്കു ചൈന തത്കാലം നീങ്ങാത്തതെന്നു വേണം കരുതാൻ. പക്ഷേ പാക്കിസ്ഥാന് ഒളിഞ്ഞും തെളിഞ്ഞും ചൈനയുടെ പിന്തുണയുണ്ട്.
• അതീവ ഗുരുതരമായ സംഘർഷം
2001ലെ പാർലമെന്റ് ആക്രമണത്തിനും 2002ലെ കലുചക്ക് കൂട്ടക്കൊലയ്ക്കും ശേഷം പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ സൈനികനീക്കം ചരിത്രപരമായിരുന്നു. 2002നു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ശക്തമായ സൈനികനീക്കമാണ് ഇപ്പോഴത്തേത്. 1947ലെ വിഭജനത്തിനു പിന്നാലെ 1965ലുണ്ടായ ഇന്ത്യ- പാക് യുദ്ധത്തിൽ 5,000ലേറെ സൈനികരെയാണ് ഇരുരാജ്യങ്ങൾക്കും ബലി നൽകേണ്ടി വന്നത്. ബംഗ്ലാദേശിന്റെ വിമോചനം നടപ്പാക്കിയ 1971ലെ യുദ്ധത്തിൽ ജയിച്ചെങ്കിലും മൂന്നു ലക്ഷത്തിലേറെ പേരാണു കൊല്ലപ്പെട്ടത്. ഇന്ത്യ ജയിച്ച 1999ലെ കാർഗിൽ യുദ്ധവും വിസ്മരിക്കാനാകില്ല. മൂവായിരത്തിലേറെ പാക്കിസ്ഥാനികൾ കൊല്ലപ്പെട്ട യുദ്ധത്തിൽ 527 ഇന്ത്യക്കാരും വീരമൃത്യു വരിച്ചു.
പാക് അതിർത്തി പ്രദേശങ്ങളിൽ 2002ലേതിനു സമാനമായ കാര്യങ്ങളാണ് ഇപ്പോഴുള്ളത്. പാക് മിസൈലുകളും ഡ്രോണുകളും തകർക്കാൻ ഇന്ത്യക്കു കഴിയുന്നതാണ് ആശ്വാസം. പൂഞ്ച്, നൗഷാര, ഉറി അടക്കമുള്ള അതിർത്തി ഗ്രാമങ്ങളിൽ പാക് ഷെല്ലാക്രമണം ശക്തമാണ്. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. എങ്കിലും കരുതൽ നടപടികൾ സജീവമാണ്. ഗ്രാമീണരെ സുരക്ഷിത ക്യാന്പുകളിലേക്കു മാറ്റിക്കൊണ്ടിരിക്കുന്നു. പൂഞ്ചിൽ 13 പേരുടെ മരണത്തിനിടയാക്കിയ പാക് ഷെല്ലാക്രമണം ഗ്രാമീണരെ ആശങ്കയിലാക്കി. ഡ്രോണ്, മിസൈൽ ആക്രമണം രൂക്ഷമായതോടെ ജമ്മു കാഷ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലെല്ലാം ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
• അതിർത്തി മേഖലയിൽ പടയൊരുക്കം
ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലെ ആർഎസ് പുര സെക്ടറിൽ വച്ച് 2002ൽ ഷെല്ലാക്രമണത്തിൽനിന്നു ഭാഗ്യംകൊണ്ടു രക്ഷപ്പെട്ട ഓർമകൾ ലേഖകന്റെ മനസിൽ ഇപ്പോഴും തെളിമയോടെയുണ്ട്. പാക് ഷെല്ലാക്രമണത്തിൽ അഞ്ചു ഗ്രാമീണർ കൊല്ലപ്പെട്ട ദിവസമാണു ഡൽഹിയിൽനിന്നുള്ള മറ്റു രണ്ടു പത്രപ്രവർത്തകരോടൊപ്പം ജമ്മുവിലെ ആർഎസ് പുര ഗ്രാമത്തിലെത്തിയത്. സൈനിക മേധാവിയുടെ സഹായത്തോടെ യുദ്ധത്തിനുള്ള അതിർത്തിയിലെ പടയൊരുക്കങ്ങൾ കണ്ടു. പക്ഷേ ഫോട്ടോകളോ വീഡിയോ ദൃശ്യങ്ങളോ പകർത്താൻ അനുവാദമുണ്ടായിരുന്നില്ല. അതിനാൽ വൈകുന്നേരം വീണ്ടും അതേ മേഖലകളിലെത്തി.
അതിർത്തിഗ്രാമങ്ങളിലെ ഗോതന്പുപാടങ്ങളിൽ പീരങ്കികൾ മുതൽ വെടിക്കോപ്പുകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും മുതൽ മൈനുകൾ വിതറിയ പ്രദേശങ്ങൾ വരെയുണ്ടായിരുന്നു. ഒരു പീരങ്കിയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നു തലയ്ക്കു പിന്നിൽ തോക്കിന്റെ കുഴലമർന്നു. പിന്നീട് ഇന്ത്യ സർക്കാരിന്റെ അക്രഡിറ്റേഷൻ കാർഡ് കണ്ടു ബോധ്യപ്പെട്ട ശേഷമാണു സൈനികർ വിട്ടയച്ചത്.
യുദ്ധസാഹചര്യം മുറുകിയപ്പോൾ അമേരിക്കയുടെ ഇടപെടലിനെത്തുടർന്നാണ് 2002ലെ യുദ്ധത്തിൽനിന്ന് ഇന്ത്യ പിന്മാറിയത്.
• പുലരട്ടെ, സമാധാന വെള്ളിവെളിച്ചം
പരിഹാരത്തേക്കാളേറെ പ്രശ്നങ്ങൾ വഷളാകാനും സാധ്യതയേറെ. വിവരിക്കാനാകാത്ത ദുരന്തങ്ങളും വിലപ്പെട്ട മനുഷ്യജീവനുകളുടെ നഷ്ടവും ആകും മിച്ചം. എന്നാൽ ഭീകരതയ്ക്കെതിരായ നടപടികൾ ഉണ്ടായേ മതിയാകൂ. നിലവിൽ ഇന്ത്യ സ്വീകരിച്ച എല്ലാ നടപടികളും അനിവാര്യമാണ്. ഭീകരതയുടെ അടിവേരറക്കാനുള്ള ഏതൊരു നടപടിയും ജനം സ്വാഗതം ചെയ്യും.
പാക്കിസ്ഥാൻ ഉയർത്തുന്ന ഭീഷണികളെ നേരിടാതെ മറ്റൊരു പോംവഴിയുമില്ല. ഒരിക്കലും ഇന്ത്യ യുദ്ധക്കൊതി കാട്ടിയിട്ടില്ല. രാജ്യത്തെ 140 കോടി ജനങ്ങളും പ്രതിപക്ഷ പാർട്ടികളും, സർക്കാരിനും സൈന്യത്തിനും നൽകുന്ന സന്പൂർണ പിന്തുണയാണ് ഇന്ത്യയുടെ കരുത്ത്. എത്രയും വേഗം സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ നമുക്കൊന്നിക്കാം. ഇന്ത്യ ജയിക്കട്ടെ.