ബലൂചിസ്ഥാൻ ബംഗ്ലാദേശിന്റെ വഴിയിലോ?
നിരേന്ദ്രദേവ്
Saturday, May 10, 2025 12:11 AM IST
ഏണസ്റ്റ് ഹെമിംഗ്വേ എഴുതിയ ‘ദി സൺ ആൾസോ റൈസസ്’ എന്ന നോവലിലെ’ “നിങ്ങൾ എങ്ങനെ പാപ്പരായി?” എന്ന ചോദ്യത്തിനുള്ള പ്രശസ്തമായ പ്രതികരണമാണ് “രണ്ട് വഴികൾ. ക്രമേണ, പിന്നെ പെട്ടെന്ന്” എന്ന ചൊല്ല്.
പാപ്പരത്തത്തിലേക്കോ നാശത്തിലേക്കോ ഉള്ള ഒരു പൊതുപാതയെ ഇത് സൂചിപ്പിക്കുന്നു. ഈ പ്രസ്താവന 2025 ലെ പാക്കിസ്ഥാന് എളുപ്പത്തിൽ ഇണങ്ങും. മോദി സർക്കാരും അതിന്റെ ‘ഓപ്പറേഷൻ സിന്ദൂരും’ കാരണം പാക്കിസ്ഥാൻ മുറിവുകൾ ചോർന്നൊലിച്ച് ഒറ്റപ്പെട്ട നിലയിലാണ്.
എല്ലാം ക്രമേണയും പെട്ടെന്നും സംഭവിച്ചതാണ്. ആന്തരികമായി, പാക്കിസ്ഥാൻ വലിയ വെല്ലുവിളികളെ നേരിടാൻ പോകുന്നു. അനിയന്ത്രിതമായ ഒരു കൂട്ടം മൃഗങ്ങളുടെ കീഴിലാണിപ്പോൾ പാക്കിസ്ഥാൻ. ഒന്നിലധികംശക്തികേന്ദ്രങ്ങൾ - നേതാക്കൾ, ഫൗജികൾ (സൈന്യം), തീവ്രവാദികൾ - ആരാണ് നിയന്ത്രണം ഏറ്റെടുക്കുക?
പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എളുപ്പത്തിൽ ഒരു ബലിയാടായി മാറിയേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ ഭീരുത്വത്തിന്റെയും മനുഷ്യത്വരഹിതമായ അക്രമസംസ്കാരത്തിന്റെയും ആസ്ഥാനമായ ലഷ്കർ ഇ തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ് ആസ്ഥാനങ്ങൾ തകർത്തു. എന്നാൽ, വിശകലന വിദഗ്ധർ പറയുന്നതുപോലെ കൂടുതൽ പ്രധാനപ്പെട്ട ചോദ്യം ബലൂചിസ്ഥാന് എന്തു സംഭവിക്കും എന്നതാണ്. ബലൂചിസ്ഥാൻ ബംഗ്ലാദേശിന്റെ വഴിയിലാണോ?
മേയ് ആറിന്, പാക്കിസ്ഥാൻ പുതിയ നൂറ്റാണ്ടിലെ ഏറ്റവും ഒഴിവാക്കാവുന്ന മണിക്കൂറിനെ നേരിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബലൂചിസ്ഥാൻ നാഷണൽ പാർട്ടി നേതാവ് സർദാർ അക്തർ മെംഗൽ പാക്കിസ്ഥാൻ ജനറൽമാരെ ഒരു കാര്യം ഓർമിപ്പിച്ചിരുന്നു. “1971 ലെ ലജ്ജാകരമായ പരാജയവും 90,000 സൈനികരുടെ കീഴടങ്ങലും പാക്കിസ്ഥാൻ സൈന്യം ഒരിക്കലും മറക്കരുത്. അവരുടെ ആയുധങ്ങൾ മാത്രമല്ല, ട്രൗസറുകൾ പോലും ഇപ്പോഴും അവിടെ തൂങ്ങിക്കിടക്കുന്നു”.
ഒരുപക്ഷേ കളി അതിനുമുന്പേ തുടങ്ങിയിരിക്കാം. 2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു: “ലോകം ഉറ്റുനോക്കുകയാണ്. ബലൂചിസ്ഥാൻ, ഗിൽജിത്, ബാൾട്ടിസ്ഥാൻ, അധിനിവേശ കാഷ്മീർ എന്നിവിടങ്ങളിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് വളരെയധികം നന്ദി പറഞ്ഞു. ഞാൻ അവരോട് നന്ദിയുള്ളവനാണ്”.
പാക് അധീന കാഷ്മീരിലും ബലൂചിസ്ഥാനിലും ജനങ്ങൾക്കെതിരേ നടത്തുന്ന അതിക്രമങ്ങൾ ഇസ്ലാമാബാദ് ലോകത്തിന് മുന്നിൽ വിശദീകരിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞിരുന്നു.
മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ്, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പൊതുവായ മനോഭാവം രാഷ്്ട്രീയം, സാമ്പത്തികം, സൈനികം എന്നീ മൂന്ന് മേഖലകളിലും നമുക്ക് ഉചിതമായ ശേഷിയില്ലെങ്കിൽ ബലൂചിസ്ഥാൻ പോലുള്ള പ്രശ്നങ്ങളിൽ ഇന്ത്യ നിസംഗത പാലിക്കുന്നതാണ് കൂടുതൽ വിവേകപൂർണം എന്നതായിരുന്നു.
മോദി ഇതിനെ എതിർത്തിരുന്നു. ഏതൊരു രാജ്യത്തിന്റെയും അന്താരാഷ്ട്ര നയങ്ങളെ രൂപപ്പെടുത്തുന്ന മൂന്ന് അടിസ്ഥാന ഘടകങ്ങളാണ് ദർശനം, അഭിലാഷം, ആവശ്യകത എന്നതു സത്യമാണ്. മോദി തീർച്ചയായും ഒരു കർക്കശക്കാരനാണ്. ബലൂചിസ്ഥാന്റെ കാര്യത്തിൽ അദ്ദേഹം ഒരു പടികൂടി മുന്നോട്ട് പോകുമോ? ഇസ്ലാമാബാദിനെ സംബന്ധിച്ച് അത് വളരെ ദുർബലമായ മേഖലയാണ്.
ഒന്ന് ആലോചിച്ചു നോക്കൂ- ബലൂചിസ്ഥാൻ പാക്കിസ്ഥാന് ഒരു പ്രധാന പ്രശ്നമേഖലയായി തുടരും.
ബലൂചിസ്ഥാൻ പ്രസ്ഥാനത്തെ നയിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ചരിത്രപരമായ വസ്തുതകൾ. രണ്ടാമതായി, പഞ്ചാബി ആധിപത്യമുള്ള പാക്കിസ്ഥാൻ ഈ പ്രദേശത്തെയും ജനങ്ങളെയും ചൂഷണം ചെയ്യുന്നു.
വാരാണസിയിലെ ഒരു മുതിർന്ന വിശകലന വിദഗ്ധനായ തുഷാർ ഭദ്ര പറഞ്ഞു: “പാക്കിസ്ഥാന്റെ യഥാർഥ സംയോജനം ഒരിക്കലും സംഭവിച്ചിട്ടില്ല. സമീപഭാവിയിൽ അത് സാധ്യവുമല്ല. ഒരു രാജ്യമെന്ന നിലയിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോരായ്മ പഞ്ചാബ് കേന്ദ്രീകൃത സമീപനമാണ്. കൂടാതെ, രാഷ്ട്രീയവും സൈനികവുമായ അഴിമതിയുണ്ട്. ഇത് ബലൂച് സമൂഹത്തെ കൂടുതൽ ചൂഷണം ചെയ്യുന്നതിനു കാരണമാകുന്നു”.
ഇറാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സായുധസംഘത്തിലെ അംഗങ്ങൾ സൈനികവാഹനത്തെ ലക്ഷ്യമിട്ടതായി പാക്കിസ്ഥാൻ സൈന്യം മേയ് ആറിന് പറഞ്ഞു. മേയ് ആറിന് 14 പാക്കിസ്ഥാൻ സൈനികരുടെ മരണത്തിനു കാരണമായ രണ്ടു വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. അത്തരം കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ബലൂച് വിമതർ പല്ലിറുമ്മുകയും, ഇന്ത്യ കരുത്തു കാട്ടുകയും, യുഎസ്എയുടെ പിന്തുണയില്ലായ്മയും കാരണം ഇപ്പോൾ പാക്കിസ്ഥാന് ആശ്രയിക്കാൻ വളരെ കുറച്ച് മാർഗങ്ങളേയുള്ളൂ. വ്യക്തമായി നോക്കുകയാണെങ്കിൽ, പാക്കിസ്ഥാന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും. ബലൂചിസ്ഥാൻ അതിനെ കൂടുതൽ വഷളാക്കും. എന്നാൽ, സൈന്യത്തിനു പ്രധാന ശക്തികേന്ദ്രമാണെന്ന് തെളിയിക്കേണ്ടതുണ്ട്. അതിനാൽ എത്രയും വേഗം അവർ നിയന്ത്രണം ഏറ്റെടുക്കും.
സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചതിനുശേഷം, ജല മാനേജ്മെന്റിന്റെ കാര്യത്തിൽ പാക്കിസ്ഥാന് തർബേല, മംഗ്ള, ചഷ്മ എന്നിവിടങ്ങളിൽ മൂന്ന് പ്രധാന ജലസംഭരണികൾ മാത്രമേ ഉള്ളൂ, അവയുടെ സംഭരണശേഷി ആവശ്യകതയുടെ 9.7 ശതമാനം മാത്രമാണ്. ജലവിതരണത്തിലെ തടസം ഭക്ഷ്യസുരക്ഷ വഷളാക്കും.
സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ പാക്കിസ്ഥാൻ 2024ൽ ഐഎംഎഫിന്റെ സഹായം തേടുകയും ഏഴു ബില്യൺ ഡോളർ നേടുകയും ചെയ്തു. ഇപ്പോൾ സൈനിക നടപടികളുടെ ഭാരവും അവരുടെ മുതുകിലാവും.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാൻ, വടക്കുകിഴക്ക് ഖൈബർ പഖ്തൂൺഖ്വ, കിഴക്ക് പഞ്ചാബ്, തെക്ക് കിഴക്ക് സിന്ധ് എന്നീ പാക്കിസ്ഥാൻ പ്രവിശ്യകളുമായി അതിർത്തി പങ്കിടുന്നു. പടിഞ്ഞാറ് ഇറാനുമായും വടക്ക് അഫ്ഗാനിസ്ഥാനുമായും രാജ്യാന്തര അതിർത്തികളുണ്ട്. തെക്ക് അറബിക്കടലാണ്.
പാക്കിസ്ഥാന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 44% വരുന്ന പ്രദേശമാണെങ്കിലും, അതിന്റെ അഞ്ചു ശതമാനം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളൂ. മരുഭൂമി പോലെ വളരെ വരണ്ട കാലാവസ്ഥയ്ക്ക് പേരുകേട്ടതുമാണ് ബലൂചിസ്ഥാൻ.
പാക്കിസ്ഥാൻ സർക്കാരിനെതിരായ ചെറുത്തുനിൽപ്പിന്റെ നീണ്ട ചരിത്രമുണ്ട് ബലൂച് ജനതയ്ക്ക്. സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടുന്ന തീവ്രവാദഗ്രൂപ്പുകളുടെ കലാപം 1948ൽ ആരംഭിച്ചു. പിന്നീട് 1950കളിലും 1960കളിലും 1970കളിലും വീണ്ടും ശക്തമാവുകയും ചെയ്തു.
സുന്നി വിഘടനവാദ ഗ്രൂപ്പായ ജയ്ഷ് -അൽ-അദ്ൽ (ആർമി ഓഫ് ജസ്റ്റീസ്) തീവ്രവാദികളെ ബലൂചിസ്ഥാനിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനും ഇറാനിയൻ അധികാരികൾക്ക് നേരേ ആക്രമണം നടത്താനും പാക്കിസ്ഥാൻ അനുവദിച്ചതായി ഇറാൻ ആരോപിക്കുന്നുണ്ട്.
2023 ഡിസംബറിൽ, ഇറാനിലെ സിസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷൻ ബലൂചികളായ ജെയ്ഷ്- അൽ-അദ്ൽ തീവ്രവാദികൾ ആക്രമിച്ചപ്പോൾ 11 ഇറേനിയൻ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
(ലേഖകൻ ന്യൂഡൽഹി കേന്ദ്രീകരിച്ച് യുദ്ധതന്ത്രവും രാഷ്്ട്രീയവും എഴുതുന്ന പത്രപ്രവർത്തകനാണ്.)