വിശുദ്ധ അഗസ്റ്റിനെ പിന്തുടരാൻ ആഗ്രഹിക്കുന്ന പാപ്പാ
Saturday, May 10, 2025 2:30 AM IST
റവ. ഡോ. അലോഷ്യസ് കൊച്ചീക്കാരൻവീട്ടിൽ ഒഎസ്എ
ലാറ്റിനമേരിക്കയിലെ അതിദരിദ്രരുടെ ജീവിതാനുഭവങ്ങളിൽനിന്നു രൂപപ്പെട്ടതാണ് പുതിയ പാപ്പായുടെ ജീവിതബോധ്യങ്ങൾ. അതുകൊണ്ടുതന്നെ കാലംചെയ്ത ഫ്രാൻസിസ് പാപ്പാ തെളിച്ചെടുത്ത മാനവികതയുടെയും ചേർത്തുപിടിക്കലിന്റെയും പാതയിലൂടെതന്നെയായിരിക്കും ലെയോ മാർപാപ്പയും സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടുക.
പതിനൊന്നുവർഷം പെറുവിലെ രണ്ടു രൂപതകളിൽ ബിഷപ്പായും ഏതാണ്ട് അത്രയും ഒരു സാധാരണ സന്യാസമിഷണറിയായും പ്രവർത്തിച്ചതിന്റെ അനുഭവം ലോകത്തോടുള്ള തന്റെ ആദ്യസന്ദേശത്തിൽതന്നെ പാപ്പ വെളിപ്പെടുത്തുകയുണ്ടായി. തീരുമാനങ്ങളിലും നിലപാടുകളിലും പാവപ്പെട്ടവരോടൊപ്പം ശങ്കയില്ലാതെ നിൽക്കാൻ പുതിയ പാപ്പയെ പ്രേരിപ്പിക്കും.
ജനനംകൊണ്ടു മാത്രമേ മാർപാപ്പ അമേരിക്കക്കാരൻ ആകുന്നുള്ളൂ. കർമംകൊണ്ട് ലോകത്തിലെ ഏതു ദേശത്തോടും മനുഷ്യരോടും അനുരൂപപ്പെടാനുള്ള ഹൃദയവിശാലതയുടെ പേരാകും ലെയോ പതിനാലാമൻ എന്നത്.
മനുഷ്യന്റെ അധ്വാനത്തിനുമേലുള്ള എല്ലാ പ്രത്യയശാസ്ത്ര കടന്നുകയറ്റങ്ങളെയും ചോദ്യംചെയ്യുകയും അധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാന്യതയെക്കുറിച്ചും ലോകത്തോടു സംസാരിക്കുകയും ചെയ്ത ലെയോ പതിമൂന്നാമൻ പാപ്പയുടെ പിൻഗാമിയാകാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണു പുതിയ നാമസ്വീകരണത്തിലൂടെ ലെയോ പതിനാലാമൻ ലോകത്തോടു പറയാൻ ആഗ്രഹിക്കുന്നത്.
മനുഷ്യന്റെ അധ്വാനവും വ്യക്തിസ്വാതന്ത്ര്യവുമൊക്കെ പുതിയ മാനങ്ങൾ തേടുന്ന ആധുനിക കാലഘട്ടത്തിൽ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ രൂപപ്പെടുത്തുന്നതിൽ പുതിയ പാപ്പായുടെ സ്വരത്തിനായി ലോകം വരും ദിവസങ്ങളിൽ ശ്രദ്ധയോടെ കാതോർക്കും.
ലോകത്തിനായുള്ള തന്റെ ആദ്യസന്ദേശത്തിൽ താൻ വിശുദ്ധ അഗസ്റ്റിന്റെ മകനാണെന്നു പറഞ്ഞതിലൂടെ സഭയുടെ വിശ്വാസപരവും പ്രബോധനപരവുമായ കാര്യങ്ങളിൽ താൻ വിശുദ്ധ അഗസ്റ്റിനെയാണ് പിന്തുടരാൻ ആഗ്രഹിക്കുന്നതെന്നു സൂചന നൽകിക്കഴിഞ്ഞു. വീഴുന്നവന് എഴുന്നേൽക്കാനും നിവർന്നുനിൽക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സാധിക്കും എന്നതാണ് വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തിന്റെ സാരാംശം.
വഴിതെറ്റിപ്പോയവരോടും അവഗണിക്കപ്പെട്ടുപോയവരോടും ഒപ്പം നടക്കാനായിരിക്കും പുതിയ പാപ്പായും ഇഷ്ടപ്പെടുക. മുപ്പതിലേറെ രാജ്യങ്ങളിലായി 2500നടുത്തുവരുന്ന അതിപ്രാചീനമായ ഒരു സഭാസമൂഹത്തെ 12 വർഷം നയിച്ച ഭരണപാടവം പുതിയ പാപ്പായ്ക്ക് കൈമുതലായുണ്ട്.
സഹജമായ സൗമനസ്യവും മനുഷ്യരെ മനസിലാക്കാനും ചേർത്തുപിടിക്കാനുമുള്ള ഹൃദയവിശാലതയും പുതിയ പാപ്പായെ ക്രിസ്തുവിന്റെ നിഴലാക്കി മാറ്റും. ലോകത്തിനുള്ള ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമായി പുതിയ പാപ്പാ മാറാൻ പ്രാർഥനയിൽ പാപ്പയെ നമുക്ക് അനുഗമിക്കാം.
(കൊല്ലം സെന്റ് ജോൺസ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടറാണ് ലേഖകൻ)