അഗാധ പാണ്ഡിത്യത്തിന്റെ ശാന്തസ്വരൂപം
കർദിനാൾ ജോർജ് ആലഞ്ചേരി
Saturday, May 10, 2025 2:32 AM IST
യുഗപ്രഭാവനായ വി. ജോൺപോൾ രണ്ടാമൻ പാപ്പായ്ക്കു ശേഷം ശാന്തഗംഭീരനായ ബനഡിക്ട് 16-ാമന് പാപ്പാ വന്നു. അപ്രതീക്ഷിതങ്ങളും അതിശയങ്ങളും സൃഷ്ടിച്ച് ലോകജനതയെ മുഴുവൻ ആകർഷിച്ച ഫ്രാൻസിസ് പാപ്പായ്ക്കുശേഷം ഇതാ ശാന്തഗംഭീരനായ മറ്റൊരു പാപ്പാ-ലെയോ 14-ാമൻ. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നായിരുന്നു ആദ്യത്തെ പേര്. അമേരിക്കയിൽ ജനനവും വളർച്ചയും. അഗസ്റ്റീനിയൻ സന്യാസസമൂഹത്തിൽ ആധ്യാത്മിക ശിക്ഷണം. ലാറ്റിനമേരിക്കയിലെ പെറുവിൽ മിഷൻ പ്രവർത്തനം.
അവിടെ ചിക്ലായോ രൂപതയുടെ മെത്രാനായി അജപാലനം. ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പരിഗണനയോടെ വത്തിക്കാൻ കൂരിയയിൽ മെത്രാന്മാർക്കുവേണ്ടിയുള്ള കാര്യാലയത്തിൽ പ്രീഫെക്ടായി നിയമനം. താമസിയാതെ കർദിനാൾ സ്ഥാനത്തേക്കുള്ള കയറ്റം. ഇപ്പോൾ കർദിനാൾമാരുടെ കോൺക്ലേവിൽ പരിശുദ്ധാത്മ നിയോഗപ്രകാരം പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർട്ടുഗീസ് എന്നീ ഭാഷകളിൽ സംസാരിക്കാനുള്ള കഴിവ് പുതിയ പാപ്പായുടെ പ്രത്യേകതയാണ്. അതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്നവരോട് ഏറെക്കുറെ അവരവരുടെ ഭാഷകളിൽ സംസാരിക്കാൻ പുതിയ പാപ്പായ്ക്ക് കഴിയും. എല്ലാ കർദിനാൾമാരും സഭയുടെ വിവിധ ഭാഗങ്ങളിലുള്ള മെത്രാന്മാരും ജനങ്ങളും പുതിയ പാപ്പായെ സന്തോഷത്തോടെ സ്വീകരിച്ചുകഴിഞ്ഞു.
യുഎസിൽനിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് ലെയോ 14-ാമൻ. ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പയായിരുന്നു ഫ്രാൻസിസ് പാപ്പ. സഭ സാർവത്രികമാണെന്നതിനു സാധാരണ മനുഷ്യർക്കുള്ള സൂചനകളാണ് ഈ തെരഞ്ഞെടുപ്പുകൾ. സഭയുടെയും ലോകത്തിന്റെയും ഐക്യത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും ആദ്യത്തെ പ്രഭാഷണത്തിൽത്തന്നെ ലെയോ 14-ാമൻ വ്യക്തമാക്കി.
താൻ പ്രേഷിതനാണെന്നും ദൈവജനത്തോട് ഒപ്പമായിരിക്കുമെന്നും എല്ലാവരുമായി ഡയലോഗിലൂടെ സഭാശുശ്രൂഷ ചെയ്യാനാഗ്രഹിക്കുന്നെന്നും പാപ്പ പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ സിനഡാലിറ്റിപോലുള്ള പുതിയ സമീപനങ്ങളും സഭയുടെ പരന്പരാഗതമായ വിശ്വാസജീവിതരീതികളും സംയോജിപ്പിക്കുന്നതായിരിക്കും പുതിയ പാപ്പായുടെ ശുശ്രൂഷയുടെ പ്രത്യേകത എന്നു മനസിലാക്കാവുന്നതാണ്.
പെറുവിലെ ചിക്ലായോ രൂപതയിലെ മെത്രാനായിരുന്നപ്പോൾ ജനങ്ങളുടെ ക്ലേശങ്ങളിൽ അവരോടൊപ്പം ഇറങ്ങിച്ചെന്ന് അവരുടെ ജീവിതത്തിൽ പങ്കുചേരാൻ മെത്രാനെന്ന നിലയിൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവിടെ അദ്ദേഹത്തിന്റെ ജീവിതം ജനങ്ങളോടൊപ്പമായിരുന്നു.
പഠിച്ച് വിഷയങ്ങൾ അവതരിപ്പിക്കുന്ന ശൈലിയാണ് പുതിയ പാപ്പായ്ക്കുള്ളത്. ദൈവശാസ്ത്രത്തിലും കാനൻ ലോയിലും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യമുണ്ട്. അതിനാൽ സഭയുടെ പ്രബോധനങ്ങളും അജപാലന സാക്ഷ്യങ്ങളും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രവർത്തനങ്ങളും ശരിയായി നടത്താനുള്ള നേതൃത്വം പരിശുദ്ധ പിതാവ് ലെയോ 14-ാമനിൽനിന്നു പ്രതീക്ഷിക്കാം.
സഭയെയും ലോകത്തെയും മുന്പിൽ കണ്ടുകൊണ്ടായിരിക്കും താൻ ശുശ്രൂഷ ചെയ്യുകയെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കിയിട്ടുമുണ്ട്. വത്തിക്കാനിൽ മെത്രാന്മാരുടെ കാര്യാലയത്തിൽ പ്രവർത്തിച്ചുതുടങ്ങിയതു മുതൽ കർദിനാൾ പ്രെവോസ്റ്റിനെ നേരിട്ടു കാണാനും സംസാരിക്കാനും എനിക്ക് അവസരങ്ങളുണ്ടായിട്ടുണ്ട്. അന്നുതന്നെ അദ്ദേഹത്തിന്റെ ശാന്തപ്രകൃതിയും കാരുണ്യത്തോടെയുള്ള സമീപനങ്ങളും അഗാധപാണ്ഡിത്യവും എനിക്കു മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.