ശാന്തനും വിനീതനുമായ പാപ്പാ
ബിഷപ് തോമസ് പാടിയത്ത്
Saturday, May 10, 2025 2:35 AM IST
കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് കത്തോലിക്കാ സഭയുടെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യം മനസിൽ വന്ന പ്രതികരണം ഇതായിരുന്നു; ശാന്തനും വിനീതനുമായ പാപ്പാ.
ലെയോ പതിനാലാമൻ പാപ്പായെ 2023ലാണ് ഞാൻ പരിചയപ്പെടുന്നത്. 2023 സെപ്റ്റംബറിൽ പുതിയ മെത്രാന്മാർക്കുള്ള കോഴ്സ് റോമിൽ സംഘടിപ്പിച്ചപ്പോൾ അതിന്റെ ഉത്തരവാദിത്വം മെത്രാന്മാരുടെ ചുമതല വഹിക്കുന്ന റോമൻ കാര്യാലയത്തിന്റെ പ്രീഫെക്ട് എന്ന നിലയിൽ കർദിനാൾ പ്രെവോസ്റ്റിനായിരുന്നു. ഒരാഴ്ച നീണ്ട കോഴ്സിൽ പിതാവ് പൂർണസമയവും സന്നിഹിതനായിരുന്നു. ആ ഒരാഴ്ചത്തെ പരിചയമാണ് പിതാവിനെ അടുത്തറിയാനും സൗഹൃദം സ്ഥാപിക്കാനും ലഭിച്ച അവസരം.
കർത്താവായ ഈശോമിശിഹാ തന്നെക്കുറിച്ചുതന്നെ പറഞ്ഞ കാര്യം ഇതാണ്! ശാന്തശീലനും വിനീതഹൃദയനും. പാപ്പായായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ റോമിലെ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ട ലെയോ പതിനാലാമൻ പാപ്പായെക്കുറിച്ചും ഇതാണു പറയാൻ സാധിക്കുന്നത്; ശാന്തശീലനും വിനീതഹൃദയനും.
പിതാവിന്റെ ജീവിതരേഖ നാം പഠിക്കുന്പോൾ, അദ്ദേഹത്തിന്റെ ജീവിതശൈലി അടുത്തറിയുന്പോൾ നമുക്കു കൂട്ടിച്ചേർക്കാൻ സാധിക്കുന്ന കാര്യമിതാണ്. അറിവിന്റെ ബലവും ജീവിതത്തിന്റെ ആധികാരികതയുമാണ് പിതാവിനെ നയിക്കുന്നത്. പിതാവിന്റെ സഭാശുശ്രൂഷയിലെ വളർച്ച പെട്ടെന്നായിരുന്നെന്ന് നമുക്കു കാണാൻ സാധിക്കും. 2015ൽ മെത്രാനായി, 2023ൽ കർദിനാളായി, 2025ൽ മാർപാപ്പയായി. കർദിനാൾ സംഘത്തിലേക്കു വന്നിട്ട് ഒന്നരവർഷത്തോളം! ഇത്ര പെട്ടെന്ന് 133 കർദിനാൾമാരുടെ ഇടയിൽ വലിയ സ്വാധീനമാകാൻ സാധിച്ചത് ആ ജീവിതത്തിന്റെ ‘സൗന്ദര്യം’ എത്രമാത്രമായിരുന്നെന്ന് നമ്മോടു പറയുന്നു.
വിലയിരുത്തലുകൾ പലതും ഫ്രാൻസിസ് പാപ്പായുടെ മനസറിഞ്ഞ പിൻഗാമി ആണെന്നു പറയുന്നു. അതൊടൊപ്പം, പാപ്പാ തനിക്കായി തെരഞ്ഞെടുത്ത പേര്-ലെയോ-എന്നുള്ളത് ചില ഓർമപ്പെടുത്തലുകൾകൂടി നൽകുന്നതാണ്. ഫ്രാൻസിസ് എന്ന പേര് സ്വന്തം പേരിന്റെ ഭാഗമായിരുന്നു എന്നതും ശ്രദ്ധേയംതന്നെ.
ഒരു നൂറ്റാണ്ടു മുന്പേ, കാൽ നൂറ്റാണ്ടുകാലം സഭയെ നയിച്ച, ലോകത്തിൽ സ്വാധീനമായ, തൊഴിലാളികളുടെ സുഹൃത്തായ, സഭയെയും ആധുനിക ചിന്തകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴും സഭയുടെ തനിമയും പാരന്പര്യങ്ങളും മുറുകെപ്പിടിച്ച, ലെയോ പതിമൂന്നാമന്റെ പേര് സ്വീകരിച്ചുകൊണ്ട് പാപ്പാ തന്റെ ആഭിമുഖ്യം വ്യക്തമാക്കി! ആദ്യസന്ദേശത്തിൽതന്നെ ലോകത്തിന് പാപ്പാ ആശംസിച്ചത് ഉത്ഥിതനായ കർത്താവിന്റെ സമാധാനമാണ്! അതു വ്യക്തികളുടെ ജീവിതത്തിനും സഭയുടെ ജീവിതത്തിനും ലോകത്തിന്റെ ജീവിതത്തിനും ഉണ്ടാകണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർഥിക്കുന്നു.
സീറോ മലബാർ സഭയ്ക്കും കേരളസഭയ്ക്കും മറക്കാൻ സാധിക്കാത്ത വ്യക്തിയാണ് ലെയോ പാപ്പാ. കാരണം, സീറോമലബാർ സഭയ്ക്ക് സ്വാതന്ത്ര്യം നൽകി രണ്ടു വികാരിയാത്തുകൾ- കോട്ടയവും തൃശൂരും- സ്ഥാപിച്ചതും (1887) 1896ൽ നാട്ടുമെത്രാന്മാരെ നൽകിയതും 1894ൽ പൗരസ്ത്യസഭകളുടെ മഹത്വം എന്നപേരിൽ ഒരു ശ്ലൈഹിക പ്രബോധനം നൽകി പൗരസ്ത്യ സഭകളുടെ തനിമയും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ലോകത്തോടു പറഞ്ഞതും ലെയോ പതിമൂന്നാമൻ പാപ്പായാണ്. ആ പാപ്പായുടെ പേര് സ്വീകരിച്ച് പാപ്പായുടെ ശൈലി സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ലോകത്തോടു പാപ്പാ പറയുകയുമാകാം.
ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിലെ മെത്രാനായിരുന്ന പാപ്പായ്ക്ക് അവഗണന അനുഭവിക്കുന്ന ജനവിഭാഗത്തോടുള്ള താത്പര്യവും അധ്വാനവർഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ആഭിമുഖ്യവും നമുക്ക് ഇവിടെ വായിക്കാനാകും. അതോടൊപ്പംതന്നെ, ആദ്യസന്ദേശത്തിൽ, “നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയും നിങ്ങൾക്കുവേണ്ടി ഞാൻ ഒരു മെത്രാനുമാണെന്നു’’പറഞ്ഞ വിശുദ്ധ ആഗസ്തീനോസിന്റെ പുത്രനാണ് ഞാനെന്നു പറഞ്ഞതിലൂടെ പാപ്പായുടെ അജപാലനാഭിമുഖ്യവും സഭാശുശ്രൂഷയുടെ ശൈലിയും വ്യക്തമാക്കാനും ആഗ്രഹിച്ചിരിക്കും.
ഫ്രാൻസിസ് പാപ്പായുടെ ശൈലി പിന്തുടർന്ന് പ്രത്യാശയുടെ മിഷനറിമാരാകാമെന്നും നാം ഭയപ്പെടേണ്ടതില്ലെന്നും ഇല്ലാത്തവനെ ചേർത്തുപിടിക്കാനുമാണ് പാപ്പാ ആഹ്വാനം ചെയ്തത്.
“എന്റെ ഹൃദയത്തിനു ചേർന്ന ഇടയന്മാരെ ഞാൻ നിങ്ങൾക്കു നൽകുമെന്ന’’കർത്താവിന്റെ വചനത്തിൽ ഉറച്ചുവിശ്വസിച്ചുകൊണ്ട്, പ്രത്യാശയോടെ പാപ്പായുടെ ശ്ലൈഹിക ശുശ്രൂഷയിലേക്കു നമുക്ക് ഉറ്റുനോക്കാം. പ്രത്യാശയോടെ പാപ്പായ്ക്കുവേണ്ടി പ്രാർഥിക്കാം. പാപ്പാ നീണാൾവാഴട്ടെ! Ad multos annos.