ഫ്രാൻസിസ് പാപ്പാ ഒരുക്കിയതുപോലെ...
കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട്
Saturday, May 10, 2025 2:38 AM IST
വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് തെരഞ്ഞെടുക്കപ്പെടുകയും പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ എന്ന നാമം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
ലോകത്തിന്റെ ദൃഷ്ടികൾ വത്തിക്കാന്റെ ചിമ്മിനിക്കുഴലിലേക്ക് ഒതുങ്ങിയ രണ്ടു ദിനങ്ങളുടെ കാത്തിരിപ്പിന്റെ അവസാനം പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തിൽ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് വിശ്വാസികളുടെ കരഘോഷങ്ങളുടെ മധ്യത്തിലേക്കാണ് സമാധാനത്തിന്റെ വാക്കുകളുമായി അദ്ദേഹം കടന്നുവന്നത്. ഉയിർപ്പുതിരുനാളിനു ശേഷമുള്ള തിങ്കളാഴ്ച (ഏപ്രിൽ 21) പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ സ്വർഗപ്രാപ്തനായ നിമിഷം മുതലുള്ള തിരുസഭയുടെയും ലോകം മുഴുവന്റെയും പ്രാർഥനകൾക്ക് ദൈവം നൽകുന്ന ഉത്തരമാണ് ഈ തെരഞ്ഞെടുപ്പ്.
പിന്നീട് അജപാലകൻ, സെമിനാരിയിൽ അധ്യാപകൻ, രൂപതയിലെ വിവിധ ശുശ്രൂഷകൾ, പ്രൊവിൻഷ്യൽ പ്രിയോർ, പ്രിയോർ ജനറൽ, മെത്രാൻ എന്നിങ്ങനെ വിവിധ നിലകളിൽ ശുശ്രൂഷ ചെയ്ത അദേഹം 2023ലാണ് കർദിനാളായി തെരഞ്ഞെടുക്കപ്പെട്ടതും മെത്രാന്മാർക്കായുള്ള കാര്യാലയത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ ആരംഭിച്ചതും. ഈ വർഷമാദ്യം അദ്ദേഹം കർദിനാൾ ഡീക്കനിൽനിന്നു കർദിനാൾ മെത്രാനായി ഉയർത്തപ്പെടുകയും അൽബാനോ രൂപതയുടെ സ്ഥാനികമെത്രാനാവുകയും ചെയ്തു.
സഭയെ എങ്ങനെയാണ് പരിശുദ്ധാത്മാവ് നയിക്കുന്നത് എന്നത് വ്യക്തിപരമായി അനുഭവിക്കാൻ സാധിച്ച ഒരു അവസരമായിരുന്നു കോൺക്ലേവ് ദിവസങ്ങൾ. സഭയുടെ ബാഹ്യമായ സംവിധാനങ്ങൾ മാത്രം കാണുകയും അതിനെ കുറ്റപ്പെടുത്തുകയും ചെയ്യുകയെന്നത് സ്വാഭാവികമാണ്. അങ്ങനെ ചെയ്യുന്ന പലരെയും നമുക്ക് ചുറ്റും കാണാനുമാകും. എന്നാൽ സഭയുടെ യഥാർഥ ശക്തി പരിശുദ്ധാത്മാവാണ് എന്ന ആഴമായ അനുഭവം വ്യക്തമായി പകരുന്ന ഒരവസരമായിരുന്നു കോൺക്ലേവ് ദിനങ്ങൾ. സഭയുടെ ആവശ്യങ്ങളെയും കാലഘട്ടത്തിന്റെ പ്രത്യേകതകളെയും കണക്കിലെടുത്ത് അവയോട് പ്രതികരിക്കാൻ സഭയെ സഹായിക്കുന്ന വലിയ ഇടയനെ ദൈവം അത്ഭുതകരമായി നൽകി.
അധികം ബുദ്ധിമുട്ടുകളില്ലാതെ ദൈവാനുഗ്രഹത്തിന്റെ ചിറകേറിയാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. ഈ കോൺക്ലേവിൽ പങ്കെടുത്ത കർദിനാൾമാരിൽ 108 പേർ ഫ്രാൻസിസ് പാപ്പാ തെരഞ്ഞെടുത്തവരായിരുന്നു. അവർ തമ്മിൽ വലിയ പരിചയവും ഇല്ലായിരുന്നു. എന്നിരിക്കിലും ഭിന്നതകളോ അഭിപ്രായവ്യത്യാസങ്ങളോ കാലതാമസമോ കൂടാതെ പുതിയ പിതാവിനെ തെരഞ്ഞെടുക്കാൻ കർദിനാൾ സംഘത്തിന് സാധിച്ചുവെന്നത് ദൈവിക ഇടപെടലിന്റെ തെളിവാണ്.
ലെയോ പതിനാലാമൻ പാപ്പായെ അദ്ദേഹം കർദിനാളായിരുന്ന കാലം മുതൽതന്നെ എനിക്കു പരിചയമുണ്ട്. പ്രത്യേകിച്ച്, കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കുന്ന സംഘത്തോടൊപ്പം പിതാവിന്റെ പ്രത്യേക താത്പര്യത്താൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു.
സാധാരണഗതിയിൽ മെത്രാന്മാർക്കായുള്ള കാര്യാലയത്തിന്റെ തലവൻ മാർപാപ്പയുടെ യാത്രകളിൽ പങ്കെടുക്കാറുള്ളതല്ല. പക്ഷേ, ഓരോ അവസരത്തിലും മാർപാപ്പതന്നെ മുൻകൈയെടുത്ത് അദ്ദേഹത്തെ ഉൾപ്പെടുത്തുമായിരുന്നു. ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ പത്രോസിന്റെ പിൻഗാമിയുടെ ശ്ലൈഹിക യാത്രകൾ എങ്ങനെയാണെന്നത് കണ്ടുപഠിക്കാൻ അദ്ദേഹത്തെ കൂടെ കൂട്ടിയിരുന്നതുപോലെ എനിക്കു തോന്നുന്നു.
ആ യാത്രകളുടെ പ്രത്യേകതകൾ മനസിലാക്കി അതിനായി തയാറെടുക്കാൻ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ ഒരുക്കിയതുപോലെയാണ് എനിക്കു തോന്നുന്നത്. വളരെ സൗമ്യവും ശാന്തവുമായ പ്രകൃതത്തിന്റെ ഉടമയായ അദ്ദേഹം തന്റെ ഉത്തരവാദിത്വങ്ങളും തീരുമാനങ്ങളും വിവേകത്തോടും സൗമനസ്യത്തടും കൂടെ എടുക്കുന്ന ഒരാളാണ്.
ഞാൻ കർദിനാളായ അവസരത്തിൽ അദ്ദേഹത്തോട് എങ്ങനെയാണ് ഒരു കർദിനാൾ ജീവിക്കേണ്ടത് എന്നതിനെക്കുറിച്ച ചോദിച്ചപ്പോൾ “ഞാനും കർദിനാളായിട്ട് അധികമായിട്ടില്ല. പ്രത്യേകമായ രീതിയിൽ സഭയ്ക്കായി സംലഭ്യനാകാനും സഭയ്ക്കുവേണ്ടി ജീവിക്കാനും പ്രാർഥിക്കാനും സഭയ്ക്കായി മുഴുവനായി തന്നെത്തന്നെ നൽകാനുമുള്ള ജീവിതമാണ്’’ എന്ന മറുപടി ലഭിച്ചത് ഞാൻ ഓർക്കുന്നു.
ഫ്രാൻസിസ് മാർപാപ്പ ഉത്ഥാനത്തിന്റെ ആശംസകളും ആശീർവാദവും നൽകി കടന്നുപോയി. ലെയോ പതിനാലാമൻ പാപ്പാ ഉത്ഥിതനായ ഈശോയുടെ വാക്കുകൾ ഉദ്ധരിച്ചാണ് തന്റെ ആദ്യ പ്രഭാഷണം ആരംഭിച്ചത്. എല്ലാവർക്കും കുടുംബങ്ങൾക്കും വേദനയനുഭവിക്കുന്നവർക്കുമെല്ലാം സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശമാണ് അദ്ദേഹം പകർന്നത്.
നെപ്പോളിയൻ ചക്രവർത്തിയുടെ കാലത്ത് ഏഴാം പീയൂസ് പാപ്പായോടെ സഭയുടെ അവസാനമുണ്ടാകുമെന്നു കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പിന്നീട് പല കാലഘട്ടത്തിലും സമാനമായ പ്രവചനങ്ങൾ ലോകത്തിന്റെ അവസാനത്തെപ്പറ്റിയും സഭയുടെ അവസാനത്തെപ്പറ്റിയും ഉണ്ടായിട്ടുണ്ട്.
എന്നാൽ, സഭയെ പരിശുദ്ധാത്മാവ് എങ്ങനെ നയിക്കുന്നു എന്നതിന്റെ വലിയ ആത്മീയാനുഭവമായിരുന്നു ഈ കോൺക്ലേവ്. സിസ്റ്റൈൻ ചാപ്പലിൽ അന്ത്യവിധിയുടെ ചിത്രമാണ് പ്രധാന അൾത്താരയിൽ ആലേഖനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ മുൻപിൽ അവസാന കണക്ക് നൽകേണ്ടവരാണ് എന്ന ബോധ്യത്തിലാണ് ഓരോ കർദിനാളും കോൺക്ലേവിൽ പങ്കെടുക്കുന്നത്. അവിടെയുള്ള ഒരു പ്രധാന ചിത്രം ജറൂസലെം ദൈവാലയത്തിനു മുന്നിൽ നിൽക്കുന്ന ഈശോയുടെയും പത്രോസിന്റെയും ചിത്രമാണ്.
ഈശോ പത്രോസിനു രണ്ടു താക്കോലുകൾ സമ്മാനിക്കുന്നു. സുവർണനിറത്തിൽ സ്വർഗീയ അധികാരം ഉൾക്കൊള്ളുന്ന താക്കോലും വെള്ളിനിറത്തിൽ ഭൗമിക അധികാരം ഉൾക്കൊള്ളുന്ന താക്കോലും പത്രോസിന് നൽകപ്പെട്ടു. സുവർണ താക്കോൽ ഈശോയുടെ ഹൃദയത്തിലേക്ക് തിരിഞ്ഞാണ് ഇരിക്കുന്നത്. ഈശോയുടെ ഹൃദയത്തിൽനിന്നു കൃപ സ്വീകരിച്ചു മിശിഹായുടെ സന്തോഷവും സമാധാനവും അനേകർക്ക് പകരുന്ന ശുശ്രൂഷയാണ് പത്രോസിന്റെ പിൻഗാമിയുടെ ശുശ്രൂഷ.
ലെയോ പതിനാലാമൻ എന്ന പേര് പുതിയ പാപ്പാ സ്വീകരിക്കുമ്പോൾ പതിമൂന്നാം ലെയോ പാപ്പായുടെ ശുശ്രൂഷാ മേഖലകളുടെ പ്രത്യേകതകളും നാം ഓർത്തിരിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ പാപ്പാ എന്നറിയപ്പെടുന്ന അദ്ദേഹം ‘റേരും നോവാരും’ എന്ന ചാക്രികലേഖനം വഴി സഭയുടെ സാമൂഹിക നീതിയുടെയും തൊഴിലിനോടുള്ള ആഭിമുഖ്യത്തിന്റെയും വ്യക്തമായ പഠനം നൽകിയ പാപ്പയാണ്. ബൗദ്ധികമായ പഠനങ്ങൾക്ക് വ്യക്തമായ പ്രാധാന്യം നൽകുകയും സഭയെ ശാസ്ത്രത്തോടും സമൂഹത്തോടും കൂടുതൽ സംവാദങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും തോമിസ്റ്റിക് ദൈവശാസ്ത്രത്തിനു പുത്തനുണർവ് നൽകുകയും ചെയ്തത് അദ്ദേഹമാണ്.
അന്താരാഷ്ട്ര തലത്തിൽ വത്തിക്കാന്റെ നയതന്ത്ര ബന്ധങ്ങളെ വിപുലപ്പെടുത്താനും അദ്ദേഹം പരിശ്രമിച്ചു. 25 വർഷത്തോളം നീണ്ട തന്റെ ശ്ലൈഹിക ശുശ്രൂഷയിൽ ലെയോ പതിമൂന്നാമൻ ചെയ്തതുപോലെ കത്തോലിക്കാ സഭയുടെ പഠനങ്ങളോട് പൂർണ വിശ്വസ്തത പുലർത്തി; ആധുനിക കാലഘട്ടത്തിന്റെ ബൗദ്ധികവും സാമൂഹികവും അജപാലനപരവുമായ പ്രശ്നങ്ങളോട് പ്രതികരിക്കാൻ ഈ വലിയ ഇടയൻ നമ്മെ നയിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം.
ലെയോ പതിനാലാമൻ പാപ്പാ ശ്ലൈഹിക ശുശ്രൂഷ ആരംഭിക്കുമ്പോൾ, യുദ്ധങ്ങളും വേദനകളും നിറയുന്ന ഈ കാലഘട്ടത്തിൽ പിതാവിന്റെ സന്ദേശവും തുടർന്നുള്ള ജീവിതവും അനേകർക്ക് ആശ്വാസവും പ്രത്യാശയും നൽകട്ടെയെന്ന് നമുക്ക് പ്രാർഥിക്കാം.