കൗതുകം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Thursday, July 3, 2025 11:00 PM IST
എത്ര കണ്ടാലും മതിവരാത്ത ചില കൗതുകങ്ങളുണ്ട്. കുട്ടിക്കാലം മുതലേ അത്തരം ചിലത് നീണ്ട കാൽവയ്പോടെ കടന്നുവന്ന് ഉള്ളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. അതു വീഞ്ഞുപോലെയാണ്. ഇരിക്കുംതോറും വീര്യമേറുന്ന ഒന്ന്. അതെനിക്ക് ‘പരമാർഥ സ്നേഹത്തിൻ മന്ദഹാസം’ പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ എന്നെയേറെ കൗതുകപ്പെടുത്തിയ ഒന്ന് ആനയായിരുന്നു. കൗതുകമാണോ അത്ഭുതമാണോ ഒരിഷ്ടമാണോ എന്നൊന്നും അന്നേപ്പോലെ ഇന്നുമറിയില്ല. എത്ര കണ്ടാലും കൊതി തീരാത്ത ഒന്ന്. ഇന്നും അതിനൊരു മാറ്റമില്ല.
എന്റെ പ്രൈമറി സ്കൂൾ ഒരു ക്ഷേത്രത്തിനടുത്തായതിനാൽ ഉത്സവനാളിലും അല്ലാതെയും എഴുന്നള്ളത്തിനു കൊണ്ടുവരുന്ന ആനകളെ തളയ്ക്കുന്നത് സ്കൂൾ മൈതാനത്തായിരുന്നു. ക്ലാസിലിരിക്കുമ്പോഴെല്ലാം ഒരു കണ്ണ് പുറത്തു നിൽക്കുന്ന ആനയിലായിരിക്കും. ഒരിക്കൽ എന്റെ ‘ഏകലോചനാഭിനയം’ കണ്ടുവന്ന മീനാക്ഷിയമ്മ സാർ പറഞ്ഞു. “മുഞ്ഞിനാട്ടിലെ ഗോപീടെ മകന്റെ ഒരു കണ്ണ് പോക്കാ. അവന്റെ ഒരു കണ്ണ് ക്ലാസിലും ഒരു കണ്ണ് പറമ്പിലും!” എനിക്കന്നു നല്ല വഴക്കു കിട്ടി. എങ്കിലും എന്റെ കൊതി അടങ്ങിയിരുന്നില്ല. സ്കൂൾവിട്ട് വീട്ടിൽ പോകാതെ ദൂരെ മാറി ആനയെ നോക്കി കുന്തിച്ചിരിക്കും. എഴുന്നള്ളിപ്പു കഴിഞ്ഞ് ആനകൾ ഒരു ക്ഷേത്രത്തിൽനിന്ന് അടുത്ത ക്ഷേത്രത്തിലേക്കു പോകുമ്പോൾ ഒത്തിരി ദൂരം കൂടെപ്പോകും. ആനവാലിൽനിന്നൊരു രോമമൊക്കെ പാപ്പാന്മാരോടു ചോദിക്കും. പക്ഷേ, അവർ തരില്ല എന്നു മാത്രമല്ല; ഞങ്ങൾ കുട്ടികളെ ആട്ടിയോടിക്കുകയും ചെയ്യും. പിൽക്കാലത്ത് വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകൻ’ കോളജ് ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കി. പക്ഷേ, സഹ്യന്റെ മകനെ കണ്ടില്ല. പകരം ആകാശത്ത് മദമിളകി കൊമ്പുകുത്തി കളിക്കുന്ന മേഘഗജങ്ങളെ കണ്ടു. അനന്തസങ്കീർണമായേക്കാവുന്ന എന്റെ ചിത്തവിഭ്രാന്തികളെ ഒരു പരിധിവരെ ശമിപ്പിച്ചത് ഇത്തരം കാഴ്ചകൾകൂടിയായിരുന്നുവെന്ന് ഇപ്പോൾ ഓർമിക്കുന്നു.
ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കൗതുകം കടലിനോടായിരുന്നു. എന്റെ സ്കൂൾ കടലിനോടു ചേർന്ന ഒരു ദേശത്തായിരുന്നു. ക്ലാസിലിരുന്നാൽ കടലിന്റെ ഇരമ്പം കേൾക്കാമായിരുന്നു. ആയിരം നാവുനീട്ടി അതു കരയിലേക്കു കയറിവരുമോ എന്ന് ഒരുപാടുനാൾ ഭയന്നിരുന്നു. എന്റെ കൂട്ടുകാരിൽ അധികം പേരും കടൽതീരത്തുനിന്നു വരുന്നവരായിരുന്നു. അവർ പറയുന്ന കടൽക്കഥകളിൽ ഞാൻ വല്ലാതെ ആവേശംകൊണ്ടിരുന്നു. അവരെനിക്കു ജീവനുള്ള കടൽഞണ്ടുകളെയും മത്സ്യക്കുഞ്ഞുങ്ങളെയും കൊണ്ടുതരുമായിരുന്നു. അങ്ങനെ അങ്ങനെ കടൽ കൊതിയടങ്ങാത്ത ഒന്നായി മാറി.
മനുഷ്യർ കണ്ടുകണ്ടാണു കടലിത്ര വലുതായതെന്നും നിത്യദുഃഖത്തിന്റെ പ്രതീകമാണു കടലെന്നുമൊക്കെ വായിക്കുന്നതു പിന്നീടു നാളുകൾ കഴിഞ്ഞാണ്. എന്റെ ഏകാന്തതകളെ കടുംനീല നിറത്തിൽ തുവർത്തിയതു കടലാണ്. ഉള്ളിലെത്ര ദുഃഖമുണ്ടെങ്കിലും ഞാനിപ്പോഴും അതെല്ലാം കഴുകിക്കളയുന്നതു കടലിലാണ്. കടൽത്തിരയെണ്ണുന്ന ഒരു കുട്ടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ഞാനാദ്യമായി കോരിത്തരിച്ചത് കടൽ വന്നെന്നെ തഴുകിയപ്പോഴാണ്. ആ തഴുകൽ കടൽത്തീരത്തിരിക്കുമ്പോൾ ഇപ്പോഴും ഞാൻ അനുഭവിക്കാറുണ്ട്.
പിന്നീടെപ്പോഴൊക്കെയോ കൗതുകങ്ങളുടെ എണ്ണം ഏറിയും കുറഞ്ഞും വന്നു. ഗുരു നിത്യചൈതന്യയതി എന്റെ കൗതുകങ്ങളിൽ ഏറെ പ്രിയപ്പെട്ടതായിരുന്നു. യതിഗുരുവിനെ കാണാൻ വർക്കല നാരായണഗുരുകുലത്തിലേക്ക് ഒത്തിരി തവണ പോയിട്ടുണ്ട്. ഓരോ തവണ പോകുമ്പോഴും ഞാനോരോ യതിഗുരുവിനെ കണ്ടാണു മടങ്ങിവരുന്നത്. ആ മടക്കം ഏറെ സങ്കടകരമായിരുന്നു. ഇലച്ചാർത്തുകൾക്കിടയിലൂടെ മണ്ണിലേക്കു വീഴുന്ന ഒരു മഴത്തുള്ളിയുടെ സങ്കടം. യതിഗുരുവിനൊപ്പമിരിക്കുമ്പോൾ വെളിച്ചത്തിനൊപ്പം നൃത്തം ചെയ്യാൻ അറിയാതെ തോന്നിപ്പോകും.
യതിഗുരുവിനെ കേട്ടിരിക്കുമ്പോൾ ജ്ഞാനസാഗരത്തിൽ ഒറ്റയ്ക്ക് ഒരു തോണിയിൽ ഒഴുകിപ്പോകുന്നതുപോലെ തോന്നും. അനുഭവാത്മകമായിരുന്നു ആ മിണ്ടിപ്പറയൽ. ശ്രദ്ധയും നോട്ടവും ചിരിയും എല്ലാം അങ്ങനെതന്നെയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു വിഗ്രഹഭഞ്ജകനുണ്ടെന്നും ഒരു നിഷേധിയുണ്ടെന്നും എനിക്കു തോന്നിയിട്ടുണ്ട്. ഭഞ്ജനവും നിഷേധവും അദ്ദേഹത്തിന്റെ സൗന്ദര്യദാഹത്തിന്റെ ഭാഗമായിരുന്നുവെന്നു പിൽകാലത്ത് യതിഗുരുവിനെ വായിച്ചപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്.
പിന്നെയുമുണ്ടേറെ എന്റെ കൗതുകങ്ങൾ. ഹരിപ്രസാദ് ചൗരസ്യയുടെ മായാമുരളി കേൾക്കുമ്പോൾ, ബോംബെ ജയശ്രീ ‘ഭജരേ മാനസ’ പാടുമ്പോൾ, കലാമണ്ഡലം ഗോപിയാശാൻ പച്ചയിൽ പൂത്ത നളനായ് എത്തുമ്പോൾ, ഹൈദരലി ‘എന്തിഹ എൻമാനസേ സന്ദേഹം വളരുന്നു’ എന്നു പതിഞ്ഞ മട്ടിൽ പാടുമ്പോൾ, വിപ്രലംഭശൃംഗാര നൃത്തമാടുന്ന അലർമേൽവള്ളി അരങ്ങിലെത്തി അനുഭവമാകുമ്പോൾ, ചാരുമജുംദാറിന്റെ വിപ്ലവവഴികളിലൂടെ നടക്കുമ്പോൾ, ഗന്ധർവവിരലുകളാൽ പാടാത്ത വീണകളെ പാടിക്കുന്നവരെ കാണുമ്പോൾ... കാറ്റു ചിക്കിയ തെളിമണൽപോലെ മനസിൽനിന്ന് ആ കൗതുകങ്ങൾ എണ്ണിയെടുക്കാനാകാതെ വരുന്നു. ചൈത്രം ചായംചാലിച്ചു വരച്ചിട്ട മുഖങ്ങൾ ഓരോന്നായി മനസിൽവന്നു നിറയുകയാണ്. കൂരിരുളിന്റെ വിരിമാറു പിളർത്തിവരുന്ന മിന്നലിനെയും മണ്ണാകുവോളം കലമ്പുന്ന കരിയിലയെയും എനിക്കൊരുപാട് ഇഷ്ടമാണ്. ആ ഇഷ്ടങ്ങൾക്കിടയിൽ, കൗതുകങ്ങൾക്കിടയിൽ ഇപ്പോഴും തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു കരിവീരനുണ്ട്; മനുഷ്യന്റെ കണ്ണീരു വീണു വീണു നിറഞ്ഞു വിസ്തൃതമായ ഒരു കടലുണ്ട്.