അപ്രതീക്ഷിത തിരിച്ചടികളും നേട്ടങ്ങളും
Friday, October 25, 2019 12:05 AM IST
ഉദ്ധവ് താക്കറെ സന്തോഷിക്കുന്നു. ബിജെപി ഇനി മെരുങ്ങും എന്നതിൽ. മഹാരാഷ്ട്രയിൽ ശിവസേനയോടു സഹകരിച്ചു നീങ്ങാതെ ബിജെപിക്കു മാർഗമില്ല. ഒരുപക്ഷേ മകൻ ആദിത്യയെ ഉപ മുഖ്യമന്ത്രിയാക്കാനും പറ്റും.
ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാല ആഗ്രഹിച്ചതു മുഖ്യമന്ത്രി പദമാണ്. ഒരവസരത്തിൽ 15 സീറ്റ് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിക്കു (ജെജെപി) കിട്ടുമെന്നു തോന്നി. പക്ഷേ വൈകുന്നേരത്തോടെ ആ നില മാറി. ബിജെപിയെ പിന്തുണയ്ക്കുകയല്ലാതെ ഭരണ പങ്കാളിത്തത്തിനു വേറേ വഴിയൊന്നും ദേവീലാലിന്റെ പുത്രൻ ഓംപ്രകാശ് ചൗട്ടാലയുടെ പൗത്രൻ ദുഷ്യന്തിനു മുന്നിലില്ല.
പവാറും ഹൂഡയും
മഹാരാഷ്ട്രയിൽ 79-ാം വയസിൽ ശരദ് പവാർ തന്റെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിച്ചു. തന്നെ കേസിൽ കുടുക്കും എന്നു ഭീഷണിപ്പെടുത്തിയ ബിജെപിക്കു ചുട്ട മറുപടി നല്കാനായി. നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും എൻസിപിക്കു നേടിക്കൊടുക്കാനും പവാറിനു കഴിഞ്ഞു.
കോൺഗ്രസിലെ പഴയ പടക്കുതിരകളായ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയ്ക്കും മുൻ കേന്ദ്രമന്ത്രി കുമാരി സെൽജയ്ക്കും ഹരിയാനയിലെ മികച്ച പ്രകടനം നേട്ടമായി. അവരുടെ രക്ഷാകർതൃത്വം അവകാശപ്പെടുന്ന അഹമ്മദ് പട്ടേലിനും ഗുലാം നബി ആസാദിനും ഈ നല്ല പ്രകടനത്തിന്റെ പേരിൽ അഭിമാനിക്കാം. ഹരിയാന മുൻ പിസിസി പ്രസിഡന്റ് അശോക് തൻവർ ദുർബലമാക്കിയ പാർട്ടിയെ ആറാഴ്ചകൊണ്ട് വിജയത്തിന്റെ പടിവാതിൽക്കൽ എത്തിച്ചത് ഹൂഡയും പുതിയ പിസിസി പ്രസിഡന്റ് സെൽജയും ചേർന്നാണ്.
അതേസമയം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനു ബിജെപിയിലെ സ്ഥാനത്തിന് ഇളക്കം തട്ടി. പാർട്ടിക്കു ഭൂരിപക്ഷം കിട്ടാത്തതിനു ഖട്ടർ വേണം മറുപടി നല്കാൻ.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഇതുതന്നെ നില. നാഗ്പുരിൽ നിന്നുള്ള ആ ബ്രാഹ്മണ നേതാവിനു പാർട്ടിക്കു തനിയേ ഭൂരിപക്ഷം നേടിക്കൊടുക്കാനായില്ല.
ദേശീയത വിലപ്പോയില്ല
ഹരിയാനയിൽ നിന്നു ബിജെപിക്കു പല പാഠങ്ങൾ പഠിക്കാനുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലാകോട്ട് ആക്രമണവും ഹിന്ദുത്വ-ദേശീയത പ്രചാരണവും വലിയ നേട്ടം നല്കി. ഹരിയാനയിൽ 58 ശതമാനം വോട്ടും 10-ൽ 10 സീറ്റും ലഭിച്ചു. അഞ്ചു മാസം കഴിഞ്ഞപ്പോൾ ബാലാകോട്ടും ഹിന്ദുത്വവും വിലപ്പോയില്ല. പാർട്ടിയുടെ വോട്ട് നില 2014-ലെ 35 ശതമാനത്തിനടുത്തേക്കു താണു. മേയിൽ 79 അസംബ്ലി മണ്ഡലങ്ങളിൽ ലീഡ് ചെയ്തവർ നാല്പതിനടുത്തേക്കു ചുരുങ്ങി.
മഹാരാഷ്ട്രയിലും കഥ ഇതു തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ 50.69 ശതമാനം വോട്ടോടെയാണു 48-ൽ 41 സീറ്റ് ബിജെപി-സേന സഖ്യം നേടിയത്. ഇന്നലെ സഖ്യത്തിന്റെ വോട്ട് 42 ശതമാനത്തിലേക്കു താണു. ഇതു 2014-ലെ 48 ശതമാനത്തിലും താഴെയായി.
370 ന്റെ പേരിൽ
കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാൻ ഭരണഘടനയുടെ 370-ാം വകുപ്പ് ഭേദഗതി ചെയ്തതിനെപ്പറ്റിയാണ് ഇത്തവണ നരേന്ദ്ര മോദിയും അമിത് ഷായും പ്രസംഗിച്ചത്. 370-നെപ്പറ്റി പറയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അവർ വെല്ലുവിളിക്കുകയും ചെയ്തു.
രണ്ടു സംസ്ഥാനങ്ങളിലും നാലിൽ മൂന്നു ഭൂരിപക്ഷത്തിലേക്കു ബിജെപി എത്തുമെന്ന അവകാശവാദവും ഉയർന്നു കേട്ടിരുന്നു. ഹരിയാനയിൽ 75 ലേറെ സീറ്റ്, മഹാരാഷ്ട്രയിൽ 220-ലേറെ സീറ്റ് എന്നൊക്കെ പാർട്ടി നേതാക്കൾ വീന്പിളക്കി. മോദിയും ഷായും നിശ്ചയിക്കുന്നതുപോലെ കാര്യങ്ങൾ നിർബാധം മുന്നോട്ടു പോകുമെന്ന വിശ്വാസമായിരുന്നു അതിനു പിന്നിൽ.
ജീവിത പ്രശ്നങ്ങൾ
പക്ഷേ, ജനങ്ങൾ തങ്ങളുടെ ജീവിതപ്രശ്നങ്ങൾ വിസ്മരിച്ചില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ ജീവിതപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ ഒരിക്കൽക്കൂടി മോദിക്ക് അവസരം നല്കുകയായിരുന്നു. അതിനുശേഷമുള്ള ഭരണം പക്ഷേ പ്രതീക്ഷകൾ സഫലമാക്കിയില്ല.
ഹരിയാനയിലെ നെൽകർഷകർക്ക് സർക്കാർ പ്രഖ്യാപിക്കുന്ന സംഭരണ വില കിട്ടാറില്ല. ക്വിന്റലിന് 1835 രൂപ സർക്കാർ പറയുമെങ്കിലും അവർക്കു കിട്ടുന്നത് 1600 രൂപയ്ക്കടുത്തു മാത്രം.
തൊഴിലില്ലായ്മ ഹരിയാനയിൽ 29 ശതമാനമാണ്. പട്ടണമേഖലകളിലെ ചെറുകിട വ്യവസായങ്ങളുടെ തകർച്ച തൊഴിലില്ലായ്മയ്ക്ക് ആക്കം കൂട്ടി. കാർഷികമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ചിട്ടു വർഷങ്ങളായി. ബിജെപി സർക്കാർ പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടിയല്ല പണക്കാർക്കു വേണ്ടിയാണെന്ന കോൺഗ്രസ് പ്രചാരണം ഗ്രാമീണ ഹരിയാനയിൽ വിശ്വസിക്കപ്പെട്ടു.
തിരിച്ചടിച്ച തന്ത്രം
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലാണ് ശരദ് പവാറിനും മറ്റ് എൻസിപി നേതാക്കൾക്കുമെതിരേ കേസുകൾക്കു നീക്കമുണ്ടായത്. ഇതു മറാത്തകൾക്കെതിരായ ബ്രാഹ്മണ വിഭാഗത്തിന്റെ നീക്കമായി ചിത്രീകരിക്കാൻ പവാറിനും കൂട്ടർക്കും സാധിച്ചു.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പ്രതിപക്ഷ വിജയവും വിജയിച്ച എൻസിപിക്കാരുടെ വലിയ ഭൂരിപക്ഷവും അതാണു കാണിക്കുന്നത്. എൻസിപിയിൽനിന്നു കൂറുമാറി ബിജെപി പക്ഷത്തു ചേർന്നു മത്സരിച്ച വന്പന്മാർ തോറ്റതും ചെറിയ കാര്യമല്ല.
എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ വിജയങ്ങൾ ഏറെയും ഗ്രാമീണ മേഖലയിലാണ് എന്നതു ശ്രദ്ധേയമാണ്. കാർഷിക പ്രശ്നങ്ങളും ചെറുകിട വ്യവസായങ്ങളുടെ തകർച്ചയും അവിടെയാണല്ലോ കൂടുതൽ വിഷയമായത്.
നേതാക്കൾക്കു പാഠങ്ങൾ
കോൺഗ്രസിന് പാർട്ടി നേതൃത്വം പോലും പ്രതീക്ഷിക്കാത്ത വിജയമുണ്ടായി. രാഷ്ട്രീയ പ്രചാരണങ്ങൾ എങ്ങനെ പോയാലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ വിശ്വസിക്കുന്ന വലിയ ഒരു വിഭാഗമുണ്ടെന്നാണ് ഇതു കാണിക്കുന്നത്.
2014 മുതൽ ആ പിന്തുണ വലിയ മാറ്റമില്ലാതെ തുടരുന്നുമുണ്ട്. തിരിച്ചുവരവിനു വലിയ സാധ്യത കോൺഗ്രസിനും മറ്റും ഉണ്ട് എന്നു തന്നെയാണ് ഇതിലെ സൂചന. അതിനു നേതൃത്വം കൊടുക്കുന്നത് ആരെന്നതു മാത്രമാണു ചോദ്യം.
ബിജെപിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനങ്ങളിലെ ഭരണപോരായ്മകൾ നികത്താൻ മോദിയുടെ പ്രഭാവമോ ഹിന്ദുത്വ-ദേശീയതാ പ്രചാരണമോ പോരെന്നു ജനവിധി തെളിയിക്കുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താതെ ബിസിനസ് സൗഹൃദ സൂചികയിൽ മുന്നേറിയിട്ടു കാര്യമില്ലെന്നു ചുരുക്കം.
റ്റി.സി. മാത്യു