നാമകരണം
Tuesday, February 25, 2020 11:52 PM IST
നിദ്രയിൽനിന്നുണർന്ന ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും, കുഞ്ഞിനു “യേശു''എന്നു പേരിടുകയും ചെയ്തു. അങ്ങനെ, ദൈവപുത്രനും പാരിൽ ഒരു വിളിപ്പേര് സ്വന്തമായി. പഴമക്കാർ പേരു ചൊല്ലി വിളിക്കാൻ ഭയന്ന ദൈവം പുതുമക്കാർക്ക് ഒന്നടങ്കം വിശ്വാസപൂർവം വിളിക്കാൻ തന്റെ ഏകജാതന് ഒരു പേര് കൊടുത്തു. ""എമ്മാനുവേൽ'' ആയി മർത്ത്യരോടൊത്തു വസിക്കാൻ അവൻ തിരുവുള്ളമായി. ദൈവപൈതലിനു വളർത്തുപിതാവ് പതിവുപ്രകാരം പേരിട്ടെങ്കിലും അതിൽ ചില പതിവുകേടുകളുണ്ടായിരുന്നു. ഒന്നാമതായി, നാകമാണ് അവന്റെ നാമം തെരഞ്ഞെടുത്തത്. മനുഷ്യരായ ആ മാതാപിതാക്കളോട് ആരും അക്കാര്യത്തിൽ അഭിപ്രായം ആരാഞ്ഞില്ല. രണ്ടാമതായി, പിറവിക്കു മുന്പുതന്നെ അവന്റെ പേര് നിശ്ചയിക്കപ്പെട്ടു. മണ്ണിലെ തന്റെ വാസകാലം മുഴുവൻ ""രക്ഷകൻ'' എന്ന തന്റെ പേരിലെ നിയോഗത്തോട് അവൻ പൂർണമായും നീതി പുലർത്തി. ഒരു പേരിലെന്തിരിക്കുന്നു എന്നുചോദിച്ച് അതിനെ നിസാരമാക്കരുത്. പേരിലൊരു വേരും നേരും നിയോഗമുണ്ട്. അത് വെറുമൊരു വാക്കല്ല, ഒരു വ്യക്തിയുടെ അസ്തിത്വത്തിന്റെ ആകെത്തുകയുടെ ഒരു ഭാഗമാണ്.
നമുക്കുമില്ലേ ആരോ ഇട്ട ഒരു പേര്? പേരിനാലല്ലേ നാം വിളിക്കപ്പെടുന്നതും അറിയപ്പെടുന്നതും? ""ക്രിസ്ത്യാനി''എന്ന അടിസ്ഥാനപേരിൽ നമുക്കുള്ള ജീവിതദൗത്യങ്ങളും വ്യക്തിത്വവുമൊക്കെ ഒളിഞ്ഞും തെളിഞ്ഞുമുണ്ട്. നമ്മുടെ വിശ്വാസജീവിതത്തിലെ വ്യക്തിത്വത്തിന്റെ ആധാർ കാർഡാണത്. അതിൽ വിശുദ്ധനായവന്റെ വിരലടയാളമാണുള്ളത്. നമ്മുടെ ആയുസിന്റെമേലുള്ള ദൈവത്തിന്റെ മുദ്രണം. ആകയാൽ ദൈവഹിതമനുസരിച്ച് നമ്മുടെ ദിനങ്ങളെയും ദിനചര്യകളെയും ക്രമപ്പെടുത്താനുള്ള കടമ നമുക്കുണ്ട്. നമ്മുടെ നാമത്തെ ഒരു നിമിഷം മനനം ചെയ്യാം. അത് നമ്മോട് പലതും മന്ത്രിക്കുന്നതായി കേൾക്കാം. നാമായിട്ട് വാരിക്കൂട്ടിയതൊക്കെ ഒരു നാളിൽ നമുക്കു നഷ്ടമാകും. എന്നാൽ, ആരോ തന്ന പേര് മരണശേഷവും അവശേഷിക്കും.
ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നമ്മുടെ പേര് നാം നമ്മുടേതാക്കുന്നതുപോലെ, പ്രതിദിന ജീവിതത്തിൽ ദൈവം തന്നതെല്ലാം സ്വന്തമാക്കാൻ നമുക്കു സാധിക്കണം. നമ്മുടെ തീരുമാനങ്ങളിലും തെരഞ്ഞെടുപ്പുകളിലും ദൈവികപദ്ധതികൾക്കും ഇച്ഛകൾക്കും പ്രാധാന്യം കൊടുക്കണം. കാരണം, സ്വർഗീയമായവ സദാ മഹനീയമാണ്, നമ്മുടെ മേന്മയ്ക്കുവേണ്ടിയുള്ളവയാണ്. പേരിന്റെ പാതിയായി യേശു ഉണ്ടായാൽ മാത്രം പോരാ, ജീവിതത്തിന്റെ ഭാഗമായി അവനുണ്ടോ എന്നതാണ് ചോദ്യം. പ്രശസ്തിക്കും പാരിതോഷികങ്ങൾക്കും അവസരങ്ങൾക്കും ആനുകൂല്യങ്ങൾക്കുമൊക്കെവേണ്ടി അവനെ തഴഞ്ഞുകളയാതിരിക്കാം. കുടുംബങ്ങളിൽ കുഞ്ഞുങ്ങൾക്ക് ക്രൈസ്തവവും അർഥവത്തുമായ പേരുകൾ നല്കാം. പേരിടൽ കേവലമൊരു ചടങ്ങല്ല, കടമയേല്പിക്കലാണ്. ഒപ്പം, മറ്റുള്ളവരുടെ പേരിനെ ഒരിക്കലും കരിവാരിത്തേക്കാതിരിക്കാം.
താപസവഴിയേ -2 / ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്