രാഷ്ട്രീയനാടകം കളിക്കാനുള്ള കാലമല്ലിത്!
Saturday, May 16, 2020 11:01 PM IST
അനന്തപുരി / ദ്വിജൻ
ചൈനയിൽനിന്നു വന്ന കോറോണ വൈറസ് അടുത്തകാലത്തൊന്നും മനുഷ്യനു കീഴടങ്ങില്ലെന്നു ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞുകഴിഞ്ഞു. വല്ലാത്ത കാലമാണ് ലോകത്തിനു മുന്നിൽ. ഒരു കൊറോണ ജീവിതക്രമം അനിവാര്യമാവുന്ന കാലം. കൊറോണയ്ക്കൊപ്പമുള്ള ജീവിതത്തിനു ലോകം സജ്ജമാകേണ്ടിവരുന്നു. അതായത്, ജീവിതത്തിന്റെ മിക്കവാറും മേഖലകളിലും പുത്തൻ സമീപനം വേണ്ടിവരുന്നു. എങ്ങനെയും ജീവിക്കണം എന്നുള്ളവർക്ക് ഒരു സമീപനം. കിട്ടുന്ന കാലം അടിച്ചുപൊളിച്ചു ജീവിക്കണം എന്നുള്ളവർക്കു വേറൊരു സമീപനം.
കൊറോണയെ ഭയന്ന് അടച്ചിട്ടിരുന്ന മേഖലകൾ ഒക്കെ എല്ലായിടത്തും തുറന്നുവരികയാണ്. അതോടെ രോഗബാധ പെരുകുന്നു. നേരത്തേ കൊടുത്തിരുന്ന പരിരക്ഷയൊന്നും രോഗികൾക്കു കൊടുക്കാനാവുന്നില്ല. ആശുപത്രികൾ നിറയുന്നതോടെ പൂർണസൗഖ്യം കിട്ടുന്നതുവരെ രോഗികളെ ആശുപത്രിയിൽ സൂക്ഷിക്കാനാവാതെ വരും. സ്ഥിതി അത്ര ഗുരുതരമല്ലാത്തവരെ വീട്ടിലേക്കു മടക്കണം. ഡൽഹിയിലൊക്കെ അതാണവസ്ഥ.
അവസാനം അമേരിക്കയിൽ ഡോണൾഡ് ട്രംപും ഇംഗ്ലണ്ടിൽ ബോറിസ് ജോണ്സണും ഒക്കെ കൈക്കൊള്ളുന്ന നിലപാടിലേക്കു കാര്യങ്ങൾ എത്തുമോ എന്നാണു ഭയം. കോവിഡ് പിടിക്കുക എന്നത് അനിവാര്യതയാണ് എന്ന മട്ടിലാണല്ലോ അവിടെ ജീവിതം. കോവിഡ് പിടിച്ച് ചിലപ്പോൾ മരിക്കും. രോഗം ഭേദമായാൽ ജീവിക്കാം. ഇല്ലാത്തവർ മരിക്കും. ഒളിച്ചിരുന്ന് എത്രകാലം ജീവിക്കാനാവും എന്നാണ് അവർ ചോദിക്കുന്നത്. ഭാരതവും കേരളവും ഒക്കെ ഈ ദിശയിലാകുന്നുണ്ട്.
ഇന്ത്യയിലാകെയും കൊറോണയ്ക്കെതിരെ വലിയ പ്രതിരോധം തീർത്ത കേരളത്തിലും രോഗികളുടെ എണ്ണം കൂടുകയാണ്. സർക്കാർ ഒൗദ്യോഗികമായി സമ്മതിക്കാത്തപ്പോഴും സാമൂഹിക വ്യാപനത്തിലേക്കാണോ കാര്യങ്ങൾ നിങ്ങുന്നത് എന്നു ഭയപ്പെടുന്നവർ ഏറെയായി. അതിനു പുറമെയാണു കേരളത്തിൽ ഓഗസ്റ്റോടെ മഴ കനക്കുമെന്നും പ്രളയത്തിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായേക്കും എന്ന ഭീഷണിയും. അക്കൂട്ടത്തിൽ മുല്ലപ്പെരിയാറിനെക്കുറിച്ചും പതിവുപോലെ ഭീതിപ്പെടുത്തുന്ന പ്രചാരണങ്ങളുണ്ട്. മുല്ലപ്പെരിയാറിന് ഒരു അപകടവും ഉണ്ടാവില്ലെന്ന് ജസ്റ്റീസ് കെ.ടി. തോമസും, മുഖ്യമന്ത്രിയായതോടെ പിണറായി വിജയനും പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പേടിക്കുന്നവർ ഉണ്ട്!
ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിലെ കോണ്ഗ്രസ് നേതാക്കളോട് ഇതു രാഷ്ട്രീയനാടകം കളിക്കാനുള്ള കാലമല്ല എന്ന് ഉപദേശിച്ചത്. ഏറെ അർഥപൂർണമായ ആ വാക്കുകൾ ഒപ്പം ഒത്തിരി അപകടസാധ്യതകൾ നിറഞ്ഞതുമാണ്. ഇതും കോറോണ പോരാട്ട മുദ്രാവാക്യമായി മറ്റുന്നതാണ് ആപത്ത്.
രാഷ്ട്രീയനാടകമോ?
കോവിഡ്-19 ന്റെ പേരിൽ ജനം ലോക്കൗട്ടിലായിരിക്കുന്ന സാഹചര്യം മറയാക്കി, മിക്കവാറും അധികൃതർ പറയുന്ന കാര്യങ്ങൾ അപ്പാടെ അനുസരിച്ച് ജനം അടച്ചിട്ട വീടിനുള്ളിൽ കഴിയുന്ന കാലത്ത് അധികാരമുള്ളവർ ചെയ്യരുതാത്തവ ചെയ്യാൻ ശ്രമിക്കുന്നതിനെ എതിർക്കുന്നത്
രാഷ്ട്രീയ നാടകമാകുമോ?
കോണ്ഗ്രസ് നേതാക്കൾ പാലക്കാട്ടെത്തി, കേരളത്തിലേക്കു കടക്കാൻ പൊരിവെയിലത്ത് പട്ടിണിയായി കാത്തുനിന്ന അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന മലയാളികൾക്ക് ഇത്തരി ഏത്തപ്പഴം എത്തിച്ചുകൊടുത്തതാണു രാഷ്ട്രീയക്കളി! പഴയകാലത്തു സ്കൂളിൽ പഠിച്ച ഒരു കഥയുണ്ട്. ഒരു രാജാവ് വലിയ ഒരു അന്പലം പണിയിച്ചു. ആരും അതിന്റെ പണിക്കു സഹായിച്ചുകൂടെന്നായിരുന്നു കല്പന. രാജാവ് അന്പലം പണിതു. അതിന്റെ മുന്പിൽ സ്വന്തം പേരും എഴുതിവച്ചു. രാത്രി ദൈവദൂതൻ ഇറങ്ങി വന്ന് രാജാവിന്റെ പേരു മായിച്ചു കളഞ്ഞിട്ട് ഒരു പാവം വൃദ്ധയുടെ പേരെഴുതി. രാജാവിനു കോപം കലശലായി. എന്തേ അങ്ങനെ ചെയ്തു എന്ന് ദൈവദൂതനോടു ചോദിക്കാനൊന്നും അയാൾക്കായില്ല. പകരം ആ പേരിന്റെ ഉടമയെ കണ്ടുപിടിച്ചു. രാജകല്പനയ്ക്കെതിരേ ഏതു വിധത്തിലാണ് അന്പലനിർമാണത്തെ സഹായിച്ചത് എന്നു ചോദിച്ചു. പേടിച്ചുവിറച്ചെത്തിയ വൃദ്ധയ്ക്ക് താനങ്ങനെ ഒരു അബദ്ധം ചെയ്തതതിന്റെ ഒരു ഓർമയും ഇല്ല. അതിനുള്ള വരുമാനവും ഇല്ല. വൃദ്ധയുടെ പങ്കാളിത്തത്തെ കുറിച്ച് രാജാവ് കൂടുതലായി അന്വേഷിച്ചു. അവർ സാന്പത്തികമായോ സംഭാവനയായോ ഒന്നും ചെയ്തിട്ടില്ല. അവസാനം ദൈവദൂതൻ തന്നെ പറഞ്ഞുകൊടുത്തു അവർ ചെയ്തത് എന്തെന്ന്. ക്ഷേത്രത്തിനുള്ള കൂറ്റൻ കല്ലും കയറ്റിവന്ന വണ്ടി വലിച്ചിരുന്ന കാളകൾക്ക് ഇത്തിരി വെള്ളവും കച്ചിയും കൊടുത്തു. ദൈവത്തിന് അത് ഏറെ പ്രീതികരമായി. ഇതുപോലെ പൊരിവെയിലിൽ പൊരിഞ്ഞുനിന്ന യാത്രക്കാർക്ക് പാലക്കാട്ടെ ജനപ്രതിനിധികൾ ചെയ്തതും ജനമനസിൽ കുടിയേറും.
അതേസമയം, മന്ത്രി കടകംപള്ളി ഒരു വിദ്യാലയത്തിലെത്തി അവിടത്തെ അധ്യാപകനെ കുട്ടികളുടെ സാന്നിധ്യത്തിൽ ചീത്ത വിളിച്ചതും വിദേശത്തുനിന്നെത്തിയ പ്രവാസികളെ സ്വീകരിക്കാൻ മന്ത്രി മൊയ്തീൻ വിമാനത്താവളത്തിൽ പോയതുമെല്ലാം മുഖ്യമന്ത്രിയുടെ കണ്ണിൽ ശരിയുമായി. അതു കളിയല്ലെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും സംശയമില്ല.
ഇങ്ങനെ ഇരട്ടത്താപ്പെന്നു ചിത്രീകരിക്കാവുന്ന സംഭവങ്ങൾ നിരവധിയുണ്ട്. പ്രളയ സഹായം പാർട്ടി സഖാവിന്റെ അക്കൗണ്ടിൽനിന്നു പിടിച്ചെടുത്തതുപോലുള്ളവ വേറെയും വരും. അവയെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയ നാടകം !
ബാർ ഇടപാട്
കേരളത്തിലെ ബാറുടമകൾക്കു റീട്ടെയിൽ ഒൗട്ലെറ്റുകൾക്കു കൊടുക്കുന്ന സൗകര്യം തന്നെ വല്ലാത്ത നടപടിയല്ലേ.ആയിരത്തോളം മദ്യഷാപ്പുകൾക്കാണ് പത്തു പൈസപോലും സർക്കാരിനു പ്രയോജനമില്ലാതെ അനുമതി കൊടുത്തിരിക്കുന്നത്. എല്ലാം ഒൗദാര്യമായി കൊടുത്തു എന്നു പറഞ്ഞാൽ ആരാണ് വിശ്വസിക്കുക! ഒരു പുതിയ കടയ്ക്ക് നാലു ലക്ഷം രൂപ വച്ചു സർക്കാരിനു കിട്ടേണ്ട സ്ഥാനത്താണ് പത്തു പൈസ പോലും ഇല്ലാതെ എല്ലാ ബാറിലും റീട്ടെയ്ൽ ഒൗട്ലെറ്റ് അനുവദിക്കുന്നത്. എല്ലാം കോവിഡിന്റെ മറവിൽ. പ്രതിപക്ഷ നേതാവ് അക്കാര്യം ചൂണ്ടിക്കാണിക്കുന്പോൾ രാഷ്ട്രീയക്കളിക്കുള്ള കാലമല്ല പോലും! ഈ അനുമതിക്കു പിന്നിൽ ഒഴുകിയത് എത്ര കോടികളാവും എന്നു ചരിത്രം അറിയുന്നവർക്കെല്ലാം സംശയമുണ്ട്.
കൊറോണയുടെ മറയിൽ സർക്കാർ തോന്ന്യാസങ്ങൾ തുടർന്നാൽ ലോക്കൗട്ട് തടസങ്ങൾ ലംഘിച്ചുള്ള സമരമുണ്ടാകും എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് പലരുടെയും മനസിലിരിപ്പാണ്. ജനം സഹകരിക്കുന്നതുകൊണ്ടുകൂടിയാണ് കാര്യങ്ങൾ മനോഹരമായി പോകുന്നത്. അതിഥിത്തൊഴിലാളികൾ ഇളകിയ സംഭവം മാത്രം മതി മുന്നറിയിപ്പായി. അവരെ നിയന്ത്രിക്കാൻ സർക്കാരിനോ പോലീസിനോ ഒന്നും ചെയ്യാനായില്ല എന്നു നാം കണ്ടതാണ്.
സംഘാത്മക മുന്നേറ്റം
അതിജീവനത്തിനായി കോണ്ഗ്രസിലെ യുവാക്കൾ ഒന്നിച്ചു നടത്തുന്ന സംഘാത്മക മുന്നേറ്റം നല്ല നീക്കമാണ്. പ്രവാസികളിൽ ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റിനുള്ള പണം കൊടുക്കുന്ന നീക്കം പ്രശംസനീയമാണ്. സർക്കാരിനു മാത്രം നടത്താവുന്ന മേഖലകളിൽ കടന്നുകയറാൻ ശ്രമിച്ചു നാണംകെടാതെ ഇത്തരം മേഖലകൾ കണ്ടെത്തി സൂക്ഷിച്ച് സഹായം കൊടുക്കുക. അത് തട്ടിക്കൊണ്ടു പോകാനും തന്ത്രപരമായ നീക്കം സൈബർ സഖാക്കൾ നടത്താതിരിക്കില്ല.
നല്ല മാതൃക
നല്ല മാതൃകയുമായി ഇസ്രയേൽ എത്തുകയാണ്. അവിടെ ഒരു വർഷത്തിനുള്ളിൽ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ പരസ്പരം ഏറ്റുമുട്ടി ഭൂരിപക്ഷം നേടാനാവാതിരുന്ന ബഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ പ്രധാന എതിരാളി ബെന്നി ഗാന്റ്തസും അധികാരം പങ്കുവയ്ക്കുന്നു. ആദ്യത്തെ 18 മാസം ഇപ്പോഴത്തെ പ്രധാനമന്ത്രി നെതന്യാഹുവും തുടർന്നുള്ള 18 മാസം ഗാന്തസും പ്രധാനമന്ത്രിമാരാകും എന്നാണ് ധാരണ. രണ്ടു പാർട്ടിക്കും ഒരു പോലെ മന്ത്രിമാർ. സർക്കാർ തീരുമാനങ്ങൾ വീറ്റോ ചെയ്യാൻ രണ്ടു പാർട്ടിക്കും അധികാരം.
എത്ര കാലം ഈ പരീക്ഷണം മുന്നോട്ടു പോകും, ഗാന്റ്സിനു പ്രധാനമന്ത്രിക്കസേര കിട്ടാതെ അടുത്ത തെരഞ്ഞെടുപ്പിനു പോകേണ്ടിവരുമോ, അഴിമതിക്കാരനായ നെതന്യാഹുവിനെതിരേ പറഞ്ഞതെല്ലാം വിഴുങ്ങി അധികാരം പങ്കു വയ്ക്കുന്ന ഗാന്റ്സിനെ പിന്താങ്ങിയിരുന്ന ജനം പിന്താങ്ങുമോ എന്ന് തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാണെങ്കിലും.
ദേവാലയം തുറക്കുമോ?
വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുന്ന ബാറുകൾ വരെ ക്രമീകരണങ്ങളോടെ തുറന്നിട്ടും ദേവാലയങ്ങൾ തുറക്കുന്നില്ല. നിരീശ്വരവാദികൾ ഭരിക്കുന്നതുകൊണ്ടോ ദൈവവിശ്വാസികൾ ആഗ്രഹിക്കാത്തതുകൊണ്ടോ?