കാഷ്മീരിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ്
Wednesday, July 22, 2020 12:57 AM IST
എപ്പോൾവേണമെങ്കിലും രാജ്യദ്രോഹക്കുറ്റത്തിനടക്കം ജയിലിലടയ്ക്കപ്പെടാമെന്ന ഭീതിയിലാണ് ഇപ്പോൾ ജമ്മു-കാഷ്മീരിലെ മാധ്യമപ്രവർത്തകർ. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ പോലീസ് ഉദ്യോഗസ്ഥനോ ഹിതകരമല്ലാത്ത വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടാൽ റിപ്പോർട്ടറും എഡിറ്ററും മാത്രമല്ല മാധ്യമസ്ഥാപനത്തിന്റെ ഉടമയും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. കേന്ദ്രഭരണ പ്രദേശമായി മാറിയിട്ട് ഒരുവർഷം തികയാറാകുമ്പോഴേക്കുമാണ് ജമ്മു-കാഷ്മീരിൽ ഇത്തരത്തിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ് ഏർപ്പെടുത്തിയിരിക്കുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കാഷ്മീരിനെ വിഭജിക്കുകയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തത്. പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. ശക്തമായ സൈനിക പിൻബലത്തിലാണ് ഭരണം മുന്നോട്ടുപോകുന്നത്. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും പുറംലോകം കണ്ടിട്ടില്ല.
നിലയ്ക്കാത്ത തീവ്രവാദി ആക്രമണങ്ങളും അതിർത്തി സംഘർഷങ്ങളും മൂലം സ്വതന്ത്രമാധ്യമപ്രവർത്തനം കടുത്ത വെല്ലുവിളി നേരിടുന്ന ജമ്മു-കാഷ്മീരിൽ ഇപ്പോൾ ഭരണകൂടം കർക്കശനിലപാടുകളുമായി എത്തിയിരിക്കുന്നു. ഇതോടെ മാധ്യമപ്രവർത്തകർ വലിയപ്രതിസന്ധിയാണ് നേരിടുന്നത്.
മീഡിയ പോളിസി 2020
കഴിഞ്ഞമാസം രണ്ടിനാണ് 53 പേജുള്ള മാധ്യമ നയരേഖയായ മീഡിയ പോളിസി 2020 പ്രസിദ്ധീകരിച്ചത്. കേന്ദ്രഭരണപ്രദേശമായ ജമ്മു-കാഷ്മീരിലെ മാധ്യമ മേഖലയുടെ സംശുദ്ധിക്കും ഉന്നതിക്കുംവേണ്ടിയാണ് പുതിയ മാധ്യമ നയം എന്നാണ് വിശദീകരണം. ഏപ്രിൽ 29ന് ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ ഉത്തരവിറക്കിയത്. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഓൺലൈൻ വാർത്താ പോർട്ടലുകളും എഫ്എം റേഡിയോകളും സാറ്റലൈറ്റ്, കേബിൾ ടിവി ചാനലുകളടക്കം എല്ലാ മാധ്യമങ്ങളെയും മീഡിയ പോളിസിയുടെ പരിധിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മാധ്യമങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യവും ഐകരൂപ്യവും ഉണ്ടാക്കുവാനും ദേശവിരുദ്ധ വാർത്തകളും അടിസ്ഥാനരഹിതമായ വാർത്തകളും വാർത്താമോഷണവും തടയുവാനുമാണ് മാധ്യമനയം ലക്ഷ്യമിടുന്നത് എന്നാണ് സർക്കാരിന്റെ വിശദീകരണം. കൂടാതെ മികച്ച നിലവാരത്തിലുള്ള മാധ്യമപ്രവർത്തനം സംജാതമാക്കുക എന്നതും ലക്ഷ്യമിടുന്നു. സർക്കാർ പരസ്യങ്ങൾ നൽകുന്നതിലും സൂക്ഷ്മത പുലർത്തും. മാധ്യമനയം നിഷ്കർഷിക്കുന്ന നിബന്ധനകൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ വിലക്കുമെന്നും മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുമ്പോഴും ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും നയം വ്യക്തമാക്കുന്നു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനാണ് മാധ്യമനയം നടപ്പിലാക്കേണ്ട ചുമതല. പുതിയ നയം നടപ്പിലാക്കുന്നതിനു മുന്നോടിയായി പിആർഡിയിൽ കഴിഞ്ഞ അഞ്ചുവർഷമായി ജോലി ചെയ്തിരുന്ന 45 കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. റിപ്പോർട്ടർ, ഫോട്ടോഗ്രഫർ, തർജമക്കാർ തുടങ്ങിയവരാണ് പിരിച്ചുവിടപ്പെട്ടത്. കൂടുതൽപേരും കാഷ്മീരിൽനിന്നുള്ളവരുമാണ്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന തൊഴിൽവകുപ്പിന്റെ നിർദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരമൊരു പിരിച്ചുവിടൽ നടന്നത് എന്നതും ശ്രദ്ധേയമാണ്.
രാജ്യദ്രോഹമെന്ന വാൾ
പ്രത്യക്ഷത്തിൽ നിർദോഷമെന്നു തോന്നുന്ന മാധ്യമ നയം ജമ്മു-കാഷ്മീരിലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു എന്നതാണ് യാഥാർഥ്യം. മാധ്യമ നയത്തിൽ പറയുന്ന രാജ്യദ്രോഹവും അടിസ്ഥാനരഹിതമായ വാർത്തകളുമാണ് പ്രധാന വില്ലൻ. രാജ്യദ്രോഹത്തിനും തെറ്റായവാർത്തകൾക്കും യാതൊരു നിർവചനവും നൽകാതെയാണ് നയത്തിൽ പരാമർശിച്ചിരിക്കുന്നത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാഉദ്യോഗസ്ഥർക്കും ഹിതകരമല്ലാത്ത വാർത്തകളെ ദേശവിരുദ്ധമെന്നും അടിസ്ഥാനരഹിതമെന്നും വ്യാഖ്യാനിക്കാൻ യാതൊരു പ്രയാസവുമുണ്ടാകില്ല. വാർത്തകളുടെ സത്യാവസ്ഥ ഉറപ്പുവരുത്താൻ സർക്കാർ സംവിധാനങ്ങളുടെ സർട്ടിഫിക്കറ്റ് വേണമെന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അന്ത്യംകുറിക്കലാകും.
ജമ്മു-കാഷ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തകർത്തുതരിപ്പണമാക്കുന്നതാകും പുതിയ മാധ്യമനയമെന്നാണ് കാഷ്മീർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് മൗസും മുഹമ്മദ് ദീപികയോടു പ്രതികരിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിനുശേഷം ഇന്റർനെറ്റ് അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങൾ വിലക്കിയതോടെ മാധ്യമപ്രവർത്തനം കടുത്തവെല്ലുവിളി നിറഞ്ഞതായിരുന്നു. മാധ്യമപ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാതെയായി. ഇപ്പോഴിതാ മൊത്തത്തിൽ കൂച്ചുവിലങ്ങിടുന്ന നിയമവും. ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായപ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യമാണ് ഇതോടെ ഇല്ലാതായിരിക്കുന്നതെന്നും മൗസും മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
പ്രാദേശിക മാധ്യമങ്ങളെയടക്കം വരുതിയിലാക്കാനും മാധ്യമപ്രവർത്തകരെ സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ദയാദാക്ഷിണ്യത്തിന് വിധേയരാക്കാനുമാണ് ഇത്തരമൊരു കരിനിയമം ഏർപ്പെടുത്തുന്നത് എന്നാണ് മാധ്യമപ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത്. ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ജമ്മു-കാഷ്മീർ മീഡിയ ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ ലാൽ ചൗക്കിലെ പ്രസ് കോളനിയിൽ പ്രതിഷേധ ധർണ നടത്തി. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കരുതെന്നും സർക്കാരിന്റെ കുഴലൂത്തുകാരായി പ്രവർത്തിക്കാൻ തങ്ങൾ തയാറല്ലെന്നും മാധ്യമപ്രവർത്തകർ പ്രഖ്യാപിക്കുകയും ചെയ്തു.
പീഡനം തുടർക്കഥ
ജമ്മു-കാഷ്മീരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിനെതിരേ എഡിറ്റേഴ്സ് ഗിൽഡും ആംനസ്റ്റി ഇന്റർനാഷണലും അടക്കം നിരവധി സംഘടനകൾ നേരത്തേതന്നെ രംഗത്തുവന്നിരുന്നു. ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റ് മസ്രത് സാറയും മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗൗവർ ഗീലാനിയും യുഎപിഎ ചുമത്തപ്പെട്ട ജയിലിലടയ്ക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 20നാണ് സാറ അറസ്റ്റ് ചെയ്യപ്പെട്ടത്. പിറ്റേന്ന് ഗീലാനിയും യുഎപിഎ പ്രകാരം അറസ്റ്റിലായി. ദ ഹിന്ദു ദിനപത്രത്തിന്റെ റിപ്പോർട്ടർ പീർസാദ ആഷിക്കിനെതിരേയും കേസെടുത്തിട്ടുണ്ട്. പുതിയ മാധ്യമ നയം നടപ്പാക്കിയതിനു പിന്നാലെ ഈ മാസം ഒമ്പതിന് “കാഷ്മിർ വല്ല’’ എന്ന മാസികയുടെ ചീഫ് എഡിറ്റർ ഫഹദ് ഷായെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ശ്രീനഗറിലുണ്ടായ പോലീസ് വെടിവയ്പിനെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ പേരിലാണ് ഫഹദ് ഷായെ ചോദ്യംചെയ്തത്.
ഗൗവർ വാനി എന്ന ഇരുപത്തിരണ്ടുകാരനായ മാധ്യമപ്രവർത്തകനെ 22 ദിവസമാണ് ജയിലിലടച്ചത്. ഏപ്രിൽ 15ന് അറസ്റ്റ് ചെയ്യപ്പെട്ട ഇദ്ദേഹത്തിന് ജാമ്യംകിട്ടിയത് മേയ് ആറിനാണ്. ഗൗവർ വാനിയുടെ പിതാവിനെ പത്തുദിവസവും ജയിലിലിട്ടു. അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ചു എന്നതടക്കമാണ് ഗൗവർ വാനിക്കെതിരേ ചുമത്തിയ കുറ്റം. ഇത്തരത്തിലുള്ള പീഡനങ്ങൾ വ്യാപകമാക്കുന്നതും നിയമസാധുത നൽകുന്നതാണ് പുതിയ നയമെന്നതുമാണ് ആശങ്ക.
മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ഉടമകളുടെയും പിൻകാല ചരിത്രം കൂടി പരിശോധിക്കാനും മാധ്യമ നയത്തിൽ നിർദേശമുണ്ട്. സർക്കാർ പരസ്യങ്ങൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾക്കാണ് ഇത്തരമൊരു പരിശോധന. കൂടാതെ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുന്നതും ഈ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും. പ്രത്യേക പദവി എടുത്തുകളഞ്ഞ് രാജ്യത്തെ പൊതു നിയമങ്ങളെല്ലാം ജമ്മു-കാഷ്മീരിനും ബാധകമാക്കിയ സർക്കാരാണ് ഇപ്പോൾ അവിടുത്തേക്കു മാത്രമായി കരിനിയമമുണ്ടാക്കി മാധ്യമസ്വാതന്ത്ര്യം വിലക്കുന്നത് എന്നതും വിരോധാഭാസമാണ്.
സി.കെ. കുര്യാച്ചൻ