ആശങ്കയുടെ 6 മാസം
Wednesday, July 29, 2020 11:55 PM IST
തിരുവനന്തപുരം: ജനുവരി 30 ന് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് രോഗബാധ തൃശൂരിൽ സ്ഥിരീകരിച്ചപ്പോൾ അതു ദേശീയതലത്തിൽ വാർത്തയായിരുന്നു. കോവിഡ് എന്ന മഹാമാരിയുടെ സംഹാരശേഷിയേക്കുറിച്ച് വലിയ ധാരണയില്ലാതിരുന്ന അക്കാലത്ത് ആ വാർത്ത ജനങ്ങൾക്ക് കൗതുകമായിരുന്നു. എന്നാൽ, പിന്നീട് കഥ മാറുകയായിരുന്നു.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 21,797 ആയി. മരണം 68. ഓരോ ദിവസവും ആയിരത്തിലേറെ പേർക്കു രോഗം പിടിപെടുന്നു. ഗ്രാമ- നഗര വ്യത്യാസമില്ലാതെ രോഗം പടർന്നു പിടിക്കുന്പോൾ ആദ്യകാലത്തു പ്രകടിപ്പിച്ച ആത്മവിശ്വാസം ഇപ്പോൾ ആർക്കുമില്ല.
രോഗവ്യാപനം അതിതീവ്രമായ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ദിനംപ്രതി രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളായ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം ഉണ്ടായതായി സർക്കാർ അംഗീകരിച്ചു. രാജ്യത്ത് ആദ്യമായാണ് സമൂഹവ്യാപനം സർക്കാർ അംഗീകരിക്കുന്നതെന്നോർക്കണം.

ആദ്യഘട്ടത്തിൽ സന്പൂർണ നിയന്ത്രണം
കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിയായ പെണ്‍കുട്ടിക്കാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ രണ്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. മികച്ച രീതിയിലുള്ള നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ തന്ത്രങ്ങളിലൂടെയും രോഗബാധ ഈ മൂന്നു പേരിൽ ഒതുക്കി നിർത്തുന്നതിൽ സർക്കാർ വിജയിച്ചു.
രണ്ടാം ഘട്ടവും നിയന്ത്രണത്തിൽ
മാർച്ച് ആദ്യം ഇറ്റലിയിൽനിന്നു കേരളത്തിലെത്തിയ കുടുംബത്തിനു രോഗം സ്ഥിരീകരിച്ചതോടെയാണ് കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവ് തുടങ്ങുന്നത്. തുടർന്ന് വിദേശത്തുനിന്നു വന്ന പലർക്കും രോഗബാധ സ്ഥിരീകരിച്ചെങ്കിലും അവരിൽനിന്നു മറ്റുള്ളവരിലേക്കു വ്യാപിക്കാതെ രോഗബാധ പിടിച്ചു നിർത്താൻ നമുക്കായി. കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായി തല ഉയർത്തി നിന്നു.
മേയ് എട്ടിന് കേരളത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിലുണ്ടായിരുന്നത് പതിനാറു പേർ മാത്രമായിരുന്നു. അതുവരെ രോഗം ബാധിച്ചത് 503 പേർക്കും.
മൂന്നാം വരവിൽ കൈവിട്ടു
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവു വരികയും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ മടങ്ങി വരാൻ തുടങ്ങുകയും ചെയ്തതോടെ കോവിഡിന്റെ മൂന്നാം വരവായി. ജൂലൈയോടെ സന്പർക്ക വ്യാപനമായി. ഇപ്പോൾ ഓരോ ദിവസവും രോഗം ബാധിക്കുന്നവരിൽ 75 ശതമാനത്തിലേറെയും സന്പർക്കത്തിലൂടെയാണ്.
ഭയപ്പെടുത്തുന്ന ജൂലൈ

ജനുവരി 30ന് ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും മേയ് 27നാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ആയിരത്തിലെത്താൻ ഏതാണ്ടു നാലു മാസത്തോളം വേണ്ടി വന്നു.
മേയ് 31ന് കേരളത്തിൽ കോവിഡ് രോഗികൾ 1,268. മരണം 10. ജൂണിൽ ആകെ രോഗികളുടെ എണ്ണം 4,443 ആയി. മരണം 24. ജൂണിൽ മാത്രം രോഗബാധ ഉണ്ടായത് 3,175 പേർക്ക്.
ജൂലൈയിൽ കഥ മാറി. 29 ദിവസം കൊണ്ട് പുതിയതായി രോഗം സ്ഥിരീകരിച്ചത് 17,356 പേർക്ക്. ഇതുവരെയുള്ള രോഗികളുടെ 79.62 ശതമാനത്തിനും രോഗം ബാധിച്ചത് ഈ മാസം.
കഴിഞ്ഞ ഏഴു ദിവസത്തെ കണക്കു നോക്കിയാൽ രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്കാം. രോഗികൾ 6765. അതിൽ 5125 പേർക്കും രോഗം ബാധിച്ചത് സന്പർക്കത്തിലൂടെ. അതായത് 75.75 ശതമാനം പേർക്കും സന്പർക്കത്തിലൂടെ രോഗം.
സന്പർക്ക വ്യാപനത്തിലൂടെ സമൂഹവ്യാപനത്തിലേക്ക്
രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ തിരുവനന്തപുരം കോർപറേഷൻ പരിധിയിലും പൊന്നാനിയിലും ഈ മാസമാദ്യം ട്രിപ്പിൾ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തി. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളായ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം നടന്നതായി സർക്കാർ അംഗീകരിച്ചത് ഈ മാസം 17ന്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്കു രോഗബാധ ഉണ്ടായത് തിരുവനന്തപുരത്താണ്. അതിൽത്തന്നെ തീരദേശ മേഖലകളിലാണ് അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്നത്.
പിടിവിട്ട് കോവിഡ്-19
* ജനുവരി 30 ആദ്യത്തെ രോഗി (തൃശൂർ ജില്ല). ചൈനയിലെ വുഹാനിൽനിന്നു വന്ന മെഡിക്കൽ വിദ്യാർഥിനി.
* ഫെബ്രുവരി 2-3 രണ്ടാമത്തെയും (ആലപ്പുഴ) മൂന്നാമത്തെയും (കാസർഗോഡ്) രോഗികൾ.
ഫെബ്രുവരി 4-8 കേരളസർക്കാർ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നു. നാലുദിവസത്തിനുശേഷം പിൻവലിക്കുന്നു.
* ഫെബ്രുവരി 20 ആദ്യത്തെ മൂന്നു രോഗികളും സുഖം പ്രാപിച്ചു. സംസ്ഥാനത്തെ 21 ആശുപത്രികളിൽ 40 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ ഒരുക്കി. 4,000 പേരെ വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റൈൻ ചെയ്തു.
* മാർച്ച് 4 215 ആരോഗ്യപ്രവർത്തകരെ കേരളത്തിലുടനീളം നിയമിച്ചു. ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് സാമൂഹ്യവും മനഃശാസ്ത്രപരവുമായ പിന്തുണ നൽകാൻ 3,646 ടെലിഫോണ്‍ കൗണ്‍സലിംഗ് സർവീസുകൾ ആരംഭിച്ചു.
* മാർച്ച് 9 ഇറ്റലിയിൽനിന്നു വന്ന കുടുംബത്തിലെ മൂന്നു പേർക്കും അവരുമായി സന്പർക്കത്തിൽപെട്ട രണ്ടു പേർക്കും കോവിഡ്-19 സ്ഥിരീകരിച്ചു.
* മാർച്ച് 10 പ്രത്യേക മന്ത്രിസഭായോഗം മുഖ്യമന്ത്രി വിളിച്ചു. കേരളത്തിൽ അതീവജാഗ്രത. എല്ലാ കോളജുകളും വിദ്യാലയങ്ങളും അടച്ചു. ജയിലുകളിൽ സ്പെഷൽ ഐസൊലേഷൻ വാർഡുകൾ ആരംഭിച്ചു. തീർഥാടനങ്ങൾ ഒഴിവാക്കാനും സിനിമാശാലകൾ അടച്ചിടാനും വലിയ ഒത്തുചേരലുകളും വിവാഹ പാർട്ടികളും വിലക്കാനും തീരുമാനിച്ചു.
* മാർച്ച് 11 ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നു.
* മാർച്ച് 12 ഗവൺമെന്റ് കോവിഡ്-19 മൊബൈൽ ആപ്പ് ഗോക്ക് ഡിറക്ട് നിലവിൽവന്നു
* മാർച്ച് 15 ബ്രേക്ക് ദ ചെയിൻ കാന്പയിൻ ആരംഭിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.
* മാർച്ച് 22 ജനത കർഫ്യൂ
* മാർച്ച് 23 കേരളത്തിൽ മാർച്ച് 31 വരെ ലോക്ക്ഡൗണ്‍ (ലോക്ക്ഡൗൺ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം)
* മാർച്ച് 24 100 രോഗികൾ സ്ഥിരീകരിച്ചു
* മാർച്ച് 25 ഇന്ത്യയിൽ സന്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
* മാർച്ച് 28 ആദ്യ കോവിഡ് മരണം
* ഏപ്രിൽ 16 ഏഴു ജില്ലകൾ കേന്ദ്രസർക്കാർ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.
* ഏപ്രിൽ 17 സംസ്ഥാന സർക്കാർ കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നിവ റെഡ് സോണായും ഇടുക്കി, കോട്ടയം ഗ്രീൻ സോണായും മറ്റു ജില്ലകൾ ഒാറഞ്ച് സോണായും പ്രഖ്യാപിച്ചു.
* ഏപ്രിൽ 27 ഗ്രീൻ സോണായിരുന്ന കോട്ടയവും ഇടുക്കിയും റെഡ് സോണായി പ്രഖ്യാപിച്ചു.
* മേയ് 2 വയനാട് ജില്ല ഓറഞ്ചു സോണായി പ്രഖ്യാപിച്ചു. തൃശൂർ, ആലപ്പുഴ, എറണാകുളം ജില്ലകൾ ഗ്രീൻ സോണായും പ്രഖ്യാപിച്ചു.
* മേയ് 5 ആകെ 500 രോഗികൾ
* മേയ് 27 രോഗികളുടെ എണ്ണം 1000 കടന്നു.
* ജൂലൈ 9 ഒറ്റ ദിവസം നൂറിലേറെ പേർക്ക് സന്പർക്കത്തിലൂടെ രോഗവ്യാപനം
* ജൂലൈ 16 രോഗികളുടെ എണ്ണം 10,000 കടന്നു.
* ജൂലൈ 17 കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയിലും സമൂഹ
വ്യാപനമെന്ന് മുഖ്യമന്ത്രി. പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
* ജൂലൈ 22 ഒറ്റ ദിവസം രോഗികളുടെ എണ്ണം 1,000 കടന്നു
* ജൂലൈ 28 രോഗികളുടെ എണ്ണം 20,000 കടന്നു. 10,000 രോഗികൾ ചികിത്സയിൽ
സാബു ജോണ്‍