കെടാൻ കൂട്ടാക്കാഞ്ഞ ഹ്യൂമനിസം
Thursday, October 15, 2020 10:39 PM IST
കവിയുടെ ഏതെങ്കിലുമൊരു ഭാഗമല്ല കവി മുഴുവനുമാണ് കവിതയെഴുതുന്നതെന്ന് ഒരു സംഭാഷണത്തിൽ എ.കെ. രാമാനുജൻ. ജീവിതം കവിയിൽ വിതച്ചതെല്ലാം. വളർത്തിയതെല്ലാം. വിളയിച്ചതെല്ലാം. പൊലിപ്പിച്ചതെല്ലാം. ആരംഭിച്ചതും അവസാനിപ്പിച്ചതുമെല്ലാം. അക്കിത്തത്തിന്റെ കാര്യത്തിൽ ഈ സാകല്യത്തിന്റെ സാഫല്യം അനവധി കവിതകളിൽ കാണാം. കേരള/ ഭാരത/ലോക ചരിത്രത്തിലെ വലിയ മാറ്റങ്ങളുടെ കാലത്താണ് അക്കിത്തം ജീവിച്ചിരുന്നത്. ഭാഷയിൽ അത് പല വിശ്വാസലോകങ്ങളുടെ ഉദയപതനങ്ങളുടെ കാലം. കാവ്യരീതികളുടെ, മാറിമാറി വന്ന പല ഭാവുകത്വങ്ങളുടെ, കാലം. പല ദേശ/വിദേശ, പഴയ/പുതിയ/ രാഷ്ട്രീയ/ അരാഷ്ട്രീയ, സംസ്കാരങ്ങളുടെയും ചെറിയ/ വലിയ പ്രതിരോധ പ്രസ്ഥാനങ്ങളുടെയും കലരലുകളുടെയും ചിതറലുകളുടെയും കാലം.
സമൂഹം ഉണർന്നെണീക്കുന്നതിനും പുതുതാകുന്നതിനും വേണ്ടി ഉയർന്ന പരിഷ്കരണ പോരാട്ടങ്ങളിൽ പലതിലും അക്കിത്തത്തിനുമുണ്ടായിരുന്നു പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കാളിത്തം. മാറ്റങ്ങളുടെ ആ കാലം കവിതയിലും മാറ്റങ്ങൾ വരുത്തി. ഭാവുകത്വത്തിലും ദർശനത്തിലും. അവയുടെയെല്ലാം ധ്വനിയും പ്രതിധ്വനിയും ഏറിയും കുറഞ്ഞും അക്കിത്തത്തിന്റെ കവിതയിലും കാണാം; അനുഭാവമോ വിശ്വാസമോ അറിവോ പുതുമയോ ആയി. എങ്കിലും നാലപ്പാടന്റെ ‘പാവങ്ങൾ‘ വിവർത്തനത്തിൽനിന്ന് പൊന്നാനിക്കളരിയിൽ പടർന്നെന്ന് കരുതാവുന്ന ഹ്യൂമനിസത്തിന്റെ തീയ് അക്കിത്തത്തിൽ ഒരിക്കലും കെട്ടുപോയില്ല.
ഇടശ്ശേരിയിൽനിന്നും വി.ടി.യിൽനിന്നും സമകാലികരായ വലിയ കവികളിൽനിന്നും അക്കിത്തം കൊളുത്തിയ മനുഷ്യകേന്ദ്രിതമായ മൂല്യബോധം. സാംസ്കാരികദേശീയതയുടെയും പുനരുത്ഥാനവാദത്തിന്റെയും തപസ്യയുടെയുമൊക്കെ പഴയ കാറ്റിൽപ്പെട്ടിട്ടും അക്കിത്തത്തിന്റെ കവിതയിൽ മനുഷ്യവെട്ടം ബാക്കി നിൽക്കാനുള്ള ഒരു കാരണം കെടാൻ കൂട്ടാക്കാഞ്ഞ ഈ ഹ്യൂമനിസം തന്നെയാവണം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലെ പല ഭാഗങ്ങളിലും കരുത്തായത് വ്യവസ്ഥാവിമർശനജാഗ്രതയുള്ള ഈ ഹ്യൂമനിസമാണ്. “ നിരത്തിൽ കാക്ക കൊത്തുന്ന ചത്ത പെണ്ണിന്റെ കണ്ണുകളും മുല ചപ്പി വലിക്കുന്ന നരവർഗ നവാതിഥി” യും പോലെ നിരവധി നിശിതദൃശ്യങ്ങൾ അക്കിത്തത്തെക്കൊണ്ടും “കണ്ണേ മടങ്ങുക” പറയിപ്പിച്ചു. “വെളിച്ചം ദുഃഖമാണെന്നതും തമസ്സാണു സുഖപ്രദ”മെന്നതും കവി ഉന്നയിക്കുന്ന കാഴ്ചാവിമർശനമാണ്.
കാലം കഴിയും തോറും ഇടശ്ശേരി അകമേ കൂടുതൽ കൂടുതൽ പുതുതായി. മറിച്ച് അക്കിത്തം അകമേ കൂടുതൽ കൂടുതൽ ലോകത്തിന്റെ പുതുവിവേകോദയങ്ങൾക്കൊപ്പമായിരുന്നെന്ന് പറയാമോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിൽ ഒരു പക്ഷേ മനുഷ്യമമതയോടൊപ്പമോ ലേശം കൂടി ആഴത്തിലോ ആയി എന്നെന്നും വാടാതെ നിന്നതൊരു ജൈവനീതിദർശനമാണ്. “നിന്നെക്കൊന്നവർ കൊന്നൂ പൂവേ തന്നുടെ തന്നുടെ ജന്മത്തെ” എന്ന് ‘ഇടിഞ്ഞു പൊളിഞ്ഞ ലോക’ത്തിൽ കേട്ടത് ഈ പ്രതിരോധ ഉണർവാണ്. ഈ ജൈവനീതിബോധം പുതിയ പാരിസ്ഥിതിക നീതിബോധവുമായി ഐക്യപ്പെട്ട് ഭാവിയിലേക്ക് സർവാശ്ലേഷ മൈത്രിയായി വളരുന്നുണ്ട്; അക്കിത്തം കവിതയിൽ അപൂർവമല്ലാത്ത നിരവധി നൈതികസൗന്ദര്യങ്ങളോടൊപ്പം. തീർച്ചയായും ഈ വലിയ കവി വിപുലമായ പുനർവായനയിലൂടെ കൂടുതൽ തിരിച്ചറിയപ്പെടും .
കെ.ജി.എസ്.