താണു പദ്മനാഭൻ വിടപറയുന്പോൾ
Friday, September 17, 2021 11:43 PM IST
ഭൗതികശാസ്ത്രത്തിലെ ക്വാണ്ടം ഗ്രാവിറ്റിയിലും കോസ്മോളജിയിലും മൗലികമായ സംഭാവനകൾ കൊണ്ട് ശാസ്ത്രലോകത്തെ സ്വാധീനിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ താണു പദ്മനാഭൻ ഒാർമയാവുന്പോൾ നമുക്ക് നഷ്ടമാവുന്നത് സർ ഐസക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റീനും ഒപ്പം പേരെഴുതിച്ചേർത്ത പ്രതിഭാശാലിയെയാണ്.
ഭൗതികശാസ്ത്രത്തിൽ അദ്ദേഹം ഒരു സൈദ്ധാന്തികൻ കൂടിയായിരുന്നു. തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പത്താംക്ളാസുവരെ പഠിച്ച താണു പദ്മനാഭൻ ഭൂഗുരുത്വം, ഘടനാരൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി തുടങ്ങി തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനത്തിലും തന്റെതായ സംഭാവന നൽകി.
അസ്ട്രോ ഫിസിക്സിൽ ലോകത്തിലെതന്നെ പ്രമുഖ ഗവേഷണ കേന്ദ്രമായ പൂനയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ പ്രഫസറായിരിക്കെയാണ് അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടു പോകുന്നത്.
ചെറുപ്പത്തിലേ ഗണിതം കൂടെക്കൂടി
1957 ൽ തിരുവനന്തപുരത്ത് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായാണ് താണു പദ്മനാഭൻ ജനിച്ചത്. പിതാവ് താണു അയ്യരുടെയും ഇഷ്ടവിഷയമായിരുന്നു ഗണിതശാസ്ത്രം. അച്ഛന്റെ കുടുംബത്തിലെ നിരവധി ആളുകൾ ഗണിതത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഒരിക്കൽ താണു പദ്മനാഭൻതന്നെ പറഞ്ഞത്.
തന്നിൽ ഗണിതത്തോട് ഇഷ്ടം രൂപപ്പെടുത്തിയെടുത്തവരിൽ നീലകണ്ഠശർമയെന്ന അച്ഛന്റെ ബന്ധുവിന്റെ സ്വാധീനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇരുവരുമാണ് താണു പദ്മനാഭനിൽ ശാസ്ത്രപഠനത്തിന്റെ അടിത്തറ പാകിയത്. പിന്നീട് ഒരിക്കൽ കുടുംബം തനിക്കു നൽകിയ പിന്തുണയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് “എന്റെ ബാല്യത്തിൽ മാത്രമല്ല, എല്ലാക്കാലത്തും കുടുംബത്തിൽ ദാരിദ്ര്യം നിലനിന്നിരുന്നു.
അത് ഒരു വസ്തുതയാണ്. എന്നിരുന്നാലും കുടുബം എന്നെ എല്ലാക്കാലത്തും ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രേരക ശക്തിയായിരുന്നു. മികവ് എന്നത് ഒരിക്കലും വിലപേശലിന് വിധേയമാക്കപ്പെടുന്ന ഒന്നല്ല എന്ന വലിയ ബോധമാണ് കുടുംബം എനിക്കു നൽകിയത് ’’ എന്നാണ്.
സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലേക്ക്
പ്രീഡിഗ്രിക്ക് ചേരുന്പോഴും ഗണിതത്തിൽ പഠനം തുടരണം എന്ന ആഗ്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീടെങ്ങനെ അദ്ദേഹം ഗണിതശാസ്ത്രം വിട്ട് ഭൗതികശാത്രത്തിലേക്കെത്തിയെന്ന ചോദ്യത്തിന് അദ്ദേഹംതന്നെ ഒരിക്കൽ ഉത്തരം തന്നു. “1973 ലാണ് ഞാൻ ഗവൺമെന്റ് ആർട്സ് കോളജിൽ പ്രീഡിഗ്രിക്ക് ചേരുന്നത്. ഇഷ്ടപ്പെട്ട വിഷയം മാത്തമാറ്റിക്സ് തന്നെയായിരുന്നു. ആ സമയത്താണ് ഞാൻ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്ന റിച്ചാർഡ് ഫിലിപ് ഫെയ്ൻമാന്റെ ലക്ചേഴ്സ് ഒാൺ ഫിസ്ക്സ് വായിക്കുന്നത്.
അത് എന്നെ വളരെ സ്വാധീനിച്ചു എന്നു പറയാം. ആ വായനയെ തുടർന്നാണ് ഗണിതശാസ്ത്രം ഉപേക്ഷിച്ച് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലേക്ക് വഴിമാറിയാലോ എന്ന ചിന്ത എന്നിൽ ജനിക്കുന്നതും വഴിമാറുന്നതും’’
.
20-ാം വയസിൽ ഇന്ത്യൻ അക്കാദമി ഒാഫ് സയൻസസിൽ പ്രബന്ധം
പ്രീഡിഗ്രി പഠനം കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഫിസ്ക്സ് ബിരുദ പഠനത്തിന് താണു പദ്മനാഭൻ ചേർന്നു. കോളജിലെ സിലബസിനു പുറമേ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ ആഴത്തിലുള്ള വായനയ്ക്കായി അദ്ദേഹം സമയം കണ്ടെത്തി. റഷ്യൻ ഭൗതികശാസ്ത്രജ്ഞരായ ലാൻഡാവുവും ലിഫ്ഷിറ്റ്സും ചേർന്നെഴുതിയ കോഴ്സ് ഒാഫ് തിയററ്റിക്കൽ ഫിസിക്സ് എന്ന 10 വാല്യം വരുന്ന ഗ്രന്ഥം ആഴത്തിൽ പഠിക്കാനാണ് ഈ കാലത്ത് അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്.
1977 ൽ, 20-ാം വയസിൽ ഇന്ത്യൻ അക്കാദമി ഒാഫ് സയൻസസിൽ (ജേണൽ ഒാഫ് ഫിസിക്സ് വിഭാഗത്തിൽ) ഗുരുത്വാകർഷണ തരംഗങ്ങളെ കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അന്ന് അദ്ദേഹം ബിഎസ്സി അവസാന വർഷ വിദ്യാർഥിയായിരുന്നു. പിന്നീട്, അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾക്കും പഠനങ്ങൾക്കും വേണ്ടി ലോകം കാത്തിരുന്നത് ചരിത്രം. 2020 ൽ സ്റ്റാൻഫോഡ് സർവകലാശാല നടത്തിയ സർവേയിൽ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ മികച്ച 25 ശാസ്ത്രജ്ഞരുടെ പട്ടികയിൽ താണുപദ്മനാഭനും ഉൾപ്പെട്ടു.
ബിഎസ്സിക്കും എംഎസ്സിക്കും സ്വർണ മെഡൽ
ഗണിതശാസ്ത്രത്തിൽ നിന്നു ഭൗതികശാസ്ത്രത്തിലേക്കു വഴിമാറി നടന്ന താണുപദ്മനാഭന് പിഴച്ചില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഒന്നാം റാങ്കോടെയാണ് അദ്ദഹം പാസായത്. പിന്നീട്, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ ഗവേഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെന്റൽ റിസർച്ചിലേക്കു പോയി.
അവിടെനിന്നു പിഎച്ച്ഡി പൂർത്തിയാക്കിയെങ്കിലും അദ്ദേഹത്തിലെ ശാസ്ത്രകുതുകിക്ക് തൃപ്തി ലഭിച്ചില്ല. പിന്നീട് അദ്ദേഹം ഗവേഷണത്തിനായി തെരഞ്ഞെടുത്തത് കേംബ്രിഡ്ജ് സർവകലാശാല. 1986 ൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചിനായി അദ്ദേഹം കേംബ്രിജിലെത്തി. അവിടെ ഗവേഷകനായിരിക്കെയാണ് ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും അദ്ദേഹത്തിന്റെതായി ഗ്രന്ഥങ്ങൾ പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് കേംബ്രിഡ്ജ് സർവകലാശാല തന്നെയാണെന്നത് താണു പദ്മനാഭന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി.
ഗ്രാവിറ്റിയോടൊപ്പം യാത്രചെയ്ത സഞ്ചാരി
അസ്ട്രോഫിസിക്സിലും പ്രപഞ്ചപഠനത്തിലും താണു പദ്മനാഭൻ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം എന്നും സഞ്ചരിച്ചത് ഗ്രാവിറ്റിയോടൊപ്പമാണ്. പ്രത്യേകിച്ച് ക്വാണ്ടം ഗ്രാവിറ്റിയിൽ. ക്വാണ്ടം ഭൗതികത്തിൽ ഗ്രാവിറ്റിയെ എങ്ങനെ അവതരിപ്പിക്കും എന്ന വിഷയത്തിലാണ് അദ്ദേഹം ഏറ്റവും അധികം ചിന്തിച്ചിട്ടുള്ളതും ഗവേഷണം ചെയ്തതും. അതിൽ അദ്ദേഹത്തിന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും മൗലികമാണെന്ന് ലോകം അംഗീകരിക്കുന്നു. ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞർ പറയുന്ന ഒരു കാര്യമുണ്ട്.
ഭാവിയിൽ ആരൊക്കെ ഗ്രാവിറ്റിയെ ഏതൊക്കെ ആംഗിളുകളിൽ വിശദീകരിക്കാൻ ശ്രമിച്ചാലും അവർക്ക് താണു പദ്മനാഭനെ പിൻപറ്റാതിരിക്കാനാവില്ല. കാരണം അദ്ദേഹം തെളിച്ചിട്ട വഴികൾ അത്രവേഗം മാഞ്ഞുപോകില്ല.
ഡോക്ടറേറ്റുകാരുടെ കുടുംബം
താണു പദ്മനാഭന്റെ കുടുംബം പിഎച്ച്ഡി കുടുംബമാണ്. ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണത്തിന് തന്നോടൊപ്പമുണ്ടായിരുന്ന വാസന്തിയെയാണ് താണു പദ്മനാഭൻ ജീവിത സഖിയാക്കിയത്. താണു പദ്മനാഭന്റെ ഗവേഷണ ജീവിതത്തിലും വാസന്തിയുടെ ഇടപെടൽ വലിയ സ്വാധീനം ചെലുത്തി.
പോപ്പുലർ സയൻസിൽ ഇരുവരും ചേർന്നെഴുതിയ ഡോൺ ഒാഫ് സയൻസ് എന്ന ഗ്രന്ഥം ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്. ഇവരുടെ ഏകമകളായ ഹംസയും മാതാപിതാക്കളുടെ വഴിതന്നെയാണു തെരഞ്ഞെടുത്തത്. ഹംസയും അസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് നേടുകയുണ്ടായി.
സന്ദീപ് സലിം