എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന ശന്പള പരിഷ്കരണ ശിപാർശകൾ
Friday, September 17, 2021 11:48 PM IST
ഫാ. ജോസ് കരിവേലിക്കൽ
കെ. മോഹൻദാസ് ചെയർമാനായുള്ള 11-ാം ശന്പള പരിഷ്കരണ കമ്മീഷന്റെ ശിപാർശകൾ ഇന്ന് ഗൗരവമായി ചർച്ച ചെയ്യപ്പെടുകയാണ്. സേവനവേതനവ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഒട്ടനേകം ശിപാർശകളോടൊപ്പം എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സി വഴി പരിഗണിക്കാവുന്നതാണ് എന്ന ശിപാർശ ഏറെ വിവാദത്തിനും ആശങ്കകൾക്കും വഴിതെളിച്ചിരിക്കുകയാണ്.
കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾസ് ആൻഡ് കോളജസ് എന്ന പേരിൽ ബോർഡ് രൂപീകരിക്കണം.
ഈ ബോർഡിൽ ചെയർമാനെ കൂടാതെ രണ്ട് അംഗങ്ങളും പാർട്ട് ടൈം അംഗമായി യൂണിവേഴ്സിറ്റി വൈസ് ചാൻസലറെയും നിയമിക്കണം. ഡയറക്ടർ ജനറൽ ഓഫ് ജനറൽ എഡ്യൂക്കേഷനും പാർട്ട് ടൈം അംഗമായിരിക്കും. 4 അംഗങ്ങൾ സ്കൂളുകളെയും കോളജുകളെയും പ്രതിനിധീകരിക്കും. മാനേജ്മെന്റ് നൽകുന്ന റിപ്പോർട്ടനുസരിച്ച് ഈ ബോർഡ് ഒഴിവുകൾ നികത്തണം. അഞ്ചംഗ ഇന്റർവ്യൂ ബോർഡ് രൂപീകരിക്കേണ്ടത് ചെയർമാന്റെ നേതൃത്വത്തിലായിരിക്കണം. ബോർഡിൽ ചെയർമാനെ കൂടാതെ ഒരു ഫുൾടൈം അംഗവും ഒരു വിദഗ്ധനും രണ്ട് സ്കൂൾ, കോളജ് പ്രതിനിധികളുമാവാം.
ബോർഡിന്റെ സാന്പത്തിക നിലനിൽപ്പിന് വിദ്യാർഥികളിൽനിന്ന് ഉയർന്ന അപേക്ഷാഫീസ് ഈടാക്കണം. ബോർഡ് രൂപീകരിക്കുവാൻ കാലതാമസം ഉണ്ടാവുകയാണെങ്കിൽ നിയമനത്തിലെ മെറിറ്റ് ഉറപ്പാക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കണം. എയ്ഡഡ് സ്ഥാപനത്തിലെ ഒഴിവുകൾ രണ്ട് പ്രധാന പത്രങ്ങളിൽ പ്രസിദ്ധീകരിക്കണം.
ഇതിൽ മാനേജ്മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സൈറ്റുകളുടെ വിലാസം ഉണ്ടായിരിക്കണം. സർക്കാരായിരിക്കണം അധ്യാപകരെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പ്രതിനിധികളെ നിശ്ചയിക്കേണ്ടത്. അഭിമുഖം ഓഡിയോ-വീഡിയോ റിക്കാർഡ് ചെയ്യണം. അഭിമുഖം കഴിഞ്ഞ് എത്രയും വേഗം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം. ഇത് നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചതിനുശേഷമേ സർക്കാർ പ്രതിനിധികൾ മടങ്ങിപ്പോകാവു. നിയമനങ്ങൾ സംബന്ധിച്ച പരാതികൾ പരിശോധിക്കുവാൻ ഒരു ഓംബുഡ്സ്മാനെ നിയമിക്കണം.
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്ക് മൂക്കുകയറിടുവാനും തകർക്കുവാനുമായി വിപുലമായ നിർദേശങ്ങളാണ് ഈ കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ ശിപാർശകൾ ഓരോന്നും പരിശോധിക്കുന്പോൾ സ്വകാര്യ വിദ്യാഭ്യാസ മേഖല വലിയ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നതിനാൽ അടിമുടി അഴിച്ചുപണിയേണ്ട അവസ്ഥയിലാണെന്ന ചിത്രമാണ് പൊതുജനത്തിന് നൽകുക.
2019 നവംബർ 6 ന് രൂപീകരിച്ച ഈ കമ്മീഷനിൽ ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറി ജി. അശോക് കുമാർ സെക്രട്ടറിയാണ്. 2005 മുതൽ 15 വർഷങ്ങളായി കേന്ദ്ര സർവീസിൽ സേവനമനുഷ്ഠിച്ച് വിരമിച്ചയാളാണ് കമ്മീഷന്റെ ചെയർമാൻ ശ്രീ. കെ. മോഹൻദാസ്.
കേരള സംസ്ഥാനം രൂപംകൊള്ളുന്നതിനുമുന്പുതന്നെ വളരെ പരിമിതമായ വിദ്യാഭ്യാസ സാഹചര്യങ്ങൾ മാത്രമുണ്ടായിരുന്ന സാഹചര്യത്തിൽ, സർക്കാരിനുപോലും ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുവാൻ പറ്റാത്ത കാലത്ത് ക്രൈസ്തവസമുദായവും മറ്റ് സമുദായങ്ങളും ആരംഭിച്ചു നടത്തിയ സ്കൂളുകളാണ് വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് വഴിതെളിച്ചത്.
പൊതുപ്പണിനടത്തിയും പിടിയരി പിരിച്ചും സ്കൂളുകൾ കെട്ടിയുണ്ടാക്കി നിർധനരായ കുട്ടികൾക്ക് സൗജന്യമായും ഉദാരമതികളായ അധ്യാപകർ വളരെ പരിമിതമായ ശന്പളത്തിലും ചിലപ്പോഴൊക്കെ സൗജന്യമായ സേവനവുമൊക്കെ നടത്തിയാണ് വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തിയത്.
അക്കാലത്തെ ഭരണാധികാരികൾ ഇത്തരം സ്കൂളുകളിലെ അധ്യാപകർക്ക് grant-in aid രീതിയിലും തുടർന്ന് കൃത്യമായ ശന്പളം കൊടുക്കുന്ന സംവിധാനവും നടപ്പിലാക്കി. സർക്കാർ ശന്പളം കൊടുക്കാനുള്ള നടപടികൾ സ്വീകരിച്ച നാളുമുതൽ അധ്യാപകരുടെ സേവനവേതന കാര്യങ്ങൾ കേരളവിദ്യാഭ്യാസ ചട്ടങ്ങളിലൂടെയും നിയമങ്ങളിലൂടെയും വ്യക്തമായി രേഖപ്പെടുത്തി, 01.06.1959ൽ പ്രാബല്യത്തിൽ വന്ന കേരള വിദ്യാഭ്യാസ ആക്ട് എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ മാഗ്നാകാർട്ടാ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
എന്നാൽ, കാലാകാലങ്ങളിൽ മാറിമാറിവരുന്ന സർക്കാരുകൾ അവരുടെ പ്രത്യയശാസ്്ത്രത്തിനും താത്പ്പര്യത്തി നുമനുസരിച്ചു നിയമഭേദഗതികൾ വരുത്തിക്കൊണ്ട് ഭരണഘടനയിലൂടെയും, കെ ഇആറിലൂടെയും ഉറപ്പാക്കിയ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.
ക്രൈസ്തവസഭയും വിദ്യാഭ്യാസ പ്രവർത്തനങ്ങളും
ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം ആധ്യാത്മിക വിശ്വാസപരിശീലന രംഗത്തെ പ്രവർത്തനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരിഗണനയും ശ്രദ്ധയും സാന്പത്തിക ബാദ്ധ്യതയും ഏറ്റെടുത്തിരിക്കുന്ന രണ്ട് മേഖലകളാണ് ആതുരശുശ്രൂഷ മേഖലയും വിദ്യാഭ്യാസ മേഖലയും. സർക്കാരിൽനിന്നോ മറ്റ് ഏജൻസികളിൽനിന്നോ എന്തെങ്കിലും സാന്പത്തിക സഹായം കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതെതന്നെയാണ് ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുവാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലുടെനീളം സ്ഥാപിച്ച് പ്രവർത്തിച്ചിരുന്നത്.
പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ നിർമിച്ചിരിക്കണമെന്നുള്ള വി. ചാവറയച്ചന്റെ കല്പന വിദ്യാഭ്യാസമേഖലയിൽ വലിയ മുന്നേറ്റത്തിന് കാരണമായിട്ടുള്ളതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷാവകാശങ്ങളും
രാജ്യത്തെ ക്രിസ്ത്യൻ സമുദായം ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂദായങ്ങളുടെ നിലനിൽപ്പിനും അതിജീവനത്തിനും നൽകിയിരിക്കുന്ന സംരക്ഷണമാണ് ഭരണഘടനയുടെ 30. 1, 2 അനുച്ഛേദത്തിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന ന്യൂനപക്ഷ അവകാശങ്ങൾ. രാഷ്ട്രവും ഇവിടുത്തെ ഭൂരിപക്ഷവും, ന്യൂനപക്ഷങ്ങളുടെ ഭദ്രതാബോധം ഉറപ്പിക്കുന്നതിനായി അവർക്ക് നല്കിയ വാഗ്ദാനം പൂർണമായും പാലിക്കപ്പെടണമെന്ന നിലപാടാണ് കോടതികൾ പിന്തുടർന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി ഏതെങ്കിലും തരത്തിലുള്ള സാന്പത്തിക സഹായം സർക്കാരിൽ നിന്നുണ്ടായിട്ടുണ്ടെങ്കിൽ അത് ഒരുതരത്തിലും ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുവാൻ അനുവദിക്കുകയില്ല എന്ന് 30 (2) ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരെ നിയമിക്കുവാനും കുട്ടികൾക്ക് പ്രവേശനം നൽകുവാനും ന്യായമായ ഫീസ് നിശ്ചയിക്കുവാനും ആവശ്യമായ അച്ചടക്ക നടപടികൾ സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കുന്നതെന്ന് രാജ്യത്തെ പരമോന്നത കോടതി തീർപ്പുകല്പിച്ചിട്ടുള്ളതാണ്.
സുപ്രസിദ്ധമായ സെന്റ് സേവ്യേഴ്സ്VSഗുജറാത്ത് സംസ്ഥാന കേസിൽ (26.11.1974) ജസ്റ്റീസ് ഖന്ന നടത്തിയിട്ടുള്ള പരാമർശം ശ്രദ്ധേയമാണ്.
ഭരണഘടന ഉറപ്പുനല്കിയിട്ടുള്ളതും കാലാകാലങ്ങളായി രാജ്യത്തെ കോടതികൾ സംരക്ഷിച്ചു വന്നിട്ടുള്ളതുമായ ന്യൂനപക്ഷാവകാശങ്ങളുടെ മേൽ തറയ്ക്കപ്പെട്ട അവസാനത്തെ ആണിയായിട്ടു മാത്രമേ ശന്പള കമ്മീഷന്റെ ഈ നിർദേശങ്ങളെ കാണുവാൻ കഴിയുകയുള്ളു.
നിർദേശങ്ങൾ ആസൂത്രിതം
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനാവകാശം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംരക്ഷിത അധ്യാപകരെ നിയമിക്കുവാനുള്ള ഉത്തരവ് 1979ൽ അന്നത്തെ സർക്കാർ പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരേ അനുകൂല-പ്രതികൂല കോടതിവിധികൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്താണ് 2010ൽ ഇടതുപക്ഷ സർക്കാർ 10/10 ഉത്തരവിലൂടെ സ്കൂളുകളിൽ ഉണ്ടാകുന്ന പുതിയ ഡിവിഷൻ ഒഴിവുകളിൽ സംരക്ഷിത അധ്യാപകരെ 1:1 അനുപാതത്തിൽ നിയമിക്കുവാനുള്ള ഉത്തരവ് ഇറക്കിയത്.
ഈ ഉത്തരവിനെതിരേ സുപ്രീംകോടതിയിലുള്ള കേസ് 2018 നവംബർ 15 ന് പരിഗണനയിൽ വന്നപ്പോൾ എത്ര സംരക്ഷിത അധ്യാപകരുണ്ട് എന്നറിയില്ല എന്ന സർക്കാർ വക്കീലിന്റെ നിലപാട് അദ്ദേഹത്തിന്റെ ഉത്തരവാദിത്വക്കുറവ് എന്നതിനേക്കാൾ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമായിരുന്നുവെന്നത് നാളിതുവരെ ഈ കേസ് തീർപ്പാക്കിയിട്ടില്ല എന്ന സാഹചര്യത്തിൽ മനസിലാക്കാവുന്നതേയുള്ളു. ഇതോടൊപ്പംതന്നെ G. O (P) 213/2015 G. Edn Dt. 06.08.2019 ലെ ഉത്തരവിൽ Clause 7 ൽ പറഞ്ഞിട്ടുള്ള വ്യവസ്ഥ- "ഈ വർഷം മുതൽ പുതിയ ഡിവിഷനുകളും തസ്തികകളും അധികമായി സൃഷ്ടിക്കുന്നതിനുമുന്പ് ധനകാര്യവകുപ്പിന്റെ അനുമതിയോടെ സർക്കാർ തലത്തിൽ മാത്രമായിരിക്കും' എന്ന് നിർദേശിച്ചിട്ടുള്ളത്.
ഈ വ്യവസ്ഥ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ബഹു. നിയമസഭാ വിഷയനിർണയ സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നുവെന്നതും ഈ ശിപാർശകളോട് ചേർത്തുവായിക്കുന്പോഴാണ് വരാനിരിക്കുന്ന അപകടത്തിന്റെ ഗൗരവം മനസിലാവുക.
പരിഹാര നടപടികൾ
വ്യത്യസ്ത ഉത്തരവുകളിലൂടെ 2016-17 മുതൽ നടത്തിയിട്ടുള്ള അധ്യാപകനിയമനങ്ങൾ വ്യാപകമായി തടസപ്പെടുത്തിയ സാഹചര്യത്തിൽ സംരക്ഷിത അദ്ധ്യാപക പ്രശ്നം പരിഹരിക്കുന്നതിനായി കെസിബിസിയുടെയും മറ്റ് മാനേജ്മെന്റുകളുടെയും നേതൃത്വത്തിൽ സർക്കാരുമായി പലതവണ ചർച്ച നടത്തുകയുണ്ടായി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകനിയമനാവകാശം മാനേജർമാർക്കാണ്.
ഗവണ്മെന്റ് അവകാശപ്പെടുന്ന സംരക്ഷിത അദ്ധ്യാപകരുടെ പുനർവിന്യാസത്തിനായി ഓരോ സ്കൂളിലും ഒരു സംരക്ഷിത അധ്യാപകനെ നിയമിക്കാമെന്ന് ഒറ്റത്തീർപ്പ് പദ്ധതിയുടെ ഭാഗമായി സമ്മതിച്ചുവെങ്കിലും ഇനിയും ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ വ്യക്തമായ ഉത്തരവ് നൽകാൻ സർക്കാർ തയാറായിട്ടില്ല. നിർദേശിക്കപ്പെട്ട കെഇആർ ഭേദഗതി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തിട്ടുള്ളത്.
ചിറ്റമ്മനയം
സംസ്ഥാനത്ത് ആകെയുള്ള 15892 സ്കൂളുകളിൽ 63 ശതമാനത്തോളം വരുന്ന 9906 സ്കൂളുകൾ സ്വകാര്യമേഖലയിലാണുള്ളത്. 2016-17 മുതൽ 2019-20 വരെ സ്ഥിരം ഒഴിവുകളിൽ നിയമിതരായിട്ടുള്ള 10785 നിയമന പ്രൊപ്പോസലുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത്. ഇത് ഈ കാലഘട്ടത്തിൽ ഹൃസ്വകാല ഒഴിവുകളിൽ നിയമിതരായ ആയിരക്കണക്കിന് അധ്യാപകരെ കൂടാതെയാണെന്നതും തിരിച്ചറിയണം.
ചെയ്യുന്ന ജോലിക്ക് അർഹമായ ശന്പളം കൊടുക്കുവാൻ ബാധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാതെയിരിക്കുന്നത് ഈ മേഖലയോട് കാണിക്കുന്ന അവഗണനയുടെ ഭാഗം മാത്രമായേ കാണാൻ സാധിക്കുകയുള്ളു.
നിർദേശങ്ങൾ പ്രായോഗികമോ?
ഗുണമേന്മയുള്ള അധ്യാപകരെ തെരെഞ്ഞെടുക്കുവാനും നിയമിക്കുവാനും നിലവിൽ പിഎസ്സി പോലുള്ള ബൃഹത്തായ ഭരണസംവിധാനങ്ങളുണ്ടായിട്ടും 5986 സർക്കാർ സ്കൂളുകളിൽ കൃത്യമായും സമയബന്ധിതമായും അധ്യാപകരെ നിയമിക്കുവാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. 1596 ഗവണ്മെന്റ് പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകർ ഇല്ലാതായിട്ട് രണ്ട് വർഷമായി. ആയിരക്കണക്കിന് ഒഴിവുകൾ സമയബന്ധിതമായി നികത്തുവാൻ സാധിച്ചിട്ടില്ല. 2019-20 വർഷം മുതലുള്ള അന്തർജില്ലാ സഹതാപ സ്ഥലംമാറ്റവും 2020-21 വർഷത്തെ ജില്ലാ സ്ഥലം മാറ്റവും ഇതുവരെയും നടത്തപ്പെട്ടിട്ടില്ല.
ഗുണനിലവാരമുള്ള വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന സ്വകാര്യ വിദ്യാഭ്യാസമേഖലയുടെ തകർച്ചയായിരിക്കും കമ്മീഷന്റെ ഈ ശിപാർശകൾ നടപ്പിലാക്കുന്നതോടുകൂടി സംഭവിക്കുക.
സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകളോ ആരോപിക്കപ്പെടുന്ന ക്രമക്കേടുകളോ ഉണ്ടെങ്കിൽ അത് നിയന്ത്രിക്കുവാനുള്ള വ്യക്തമായ നിയമവ്യവസ്ഥകൾ ഉള്ളപ്പോൾ അങ്ങനെയുള്ളവരുടെമേൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനുപകരം നല്ലരീതിയിൽ വർഷങ്ങളായി സ്തുത്യർഹമായ സേവനം നടത്തുന്ന എല്ലാ സ്കൂളുകളെയും പ്രതിപ്പട്ടികയിലാക്കി അവയുടെ വംശനാശത്തിനായി നിർദേശിക്കുന്ന നടപടികൾ ജനാധിപത്യമര്യാദകൾക്ക് നിരക്കാത്തതും ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങളുടെ നഗ്നമായ നിഷേധവുമാണ്.
അതുകൊണ്ട് ഈ ശിപാർശകൾ വിദ്യാഭ്യാസമേഖലയെ വളർത്തുകയെന്നല്ല തകർക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നതിൽ തർക്കമുണ്ടാവില്ല.
(ലേഖകൻ സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ എഡ്യുക്കേഷൻ സെക്രട്ടറിയാണ്.)